Sunday, October 22, 2017

വിരലുകൾ കഥയെഴുതുമ്പോൾ!

വിരലുകൾ കഥയെഴുതുമ്പോൾ!
...........................................
നിലാവിൽ ഒരു മരം നടണം.!
വേർപാടിന്റെ സംഗീതം പൊഴിയുന്ന
കുളിർക്കാറ്റിൽ തണുത്തു വിറയ്ക്കണം .
നിന്നെത്തേടിയെന്ന ഭാവത്തിൽ
കാടാകെയലയണം.
(ഇപ്പോൾ കാടുകളില്ല നമുക്കത് ഗൂഗിളിൽ കാണാമെന്നവൾ ഗൂഢം)
ഓക്ക് മരങ്ങൾക്കിടയിലൂടെ
യുഗ്മഗാനത്തിനു ചുവടുവയ്ക്കണം.
( റബ്ബർ കാടു മാത്രം കണ്ടു വളർന്നവന്റെ അഹങ്കാരം !)
കരിയിലകൾ മൂടിയ പാത്തിലൂടെ
കടൽ തേടി പോകണം നമുക്ക് .
ഒറ്റയ്ക്കിരിക്കാൻ ഭയന്ന്
തോളിൽ തൂങ്ങി
ഒപ്പം നടക്കുന്ന നിന്നെ
ബഹുരാഷ്ട്രകമ്പനിയുടെ ദാഹനീർ നല്കി
പൊരിവെയിലിൽ നടത്തണം.
ആനവണ്ടിയുടെ സീറ്റിൽ നെഞ്ചോട് ചേർത്തു പിടിച്ചു
ഓടി മറയുന്ന കാഴ്ചകളിലേക്ക് പറത്തിവിടണം.
ചായക്കോപ്പകൾക്ക് ഇരുപുറം
സെൽഫിയെടുത്താനന്ദിക്കുമ്പോൾ
ചുറ്റും നീണ്ടുവരുന്ന
കാകനോട്ടങ്ങളിൽ ഉൾപ്പുളകമേൽക്കണം.
രാത്രിയിൽ കുളിക്കാതെ
നിന്നെ മണത്തുകൊണ്ടുറങ്ങാതെ കിടക്കണം
(വേനലിന്റെ പറുദീസയിൽ ചാവുമണം മാറാത്ത കിടക്കയിൽ നീയുറങ്ങുന്നുണ്ടാകണം )
ആത്മനിന്ദയുടെ ചാരം പുരണ്ടത്
മറ്റേതോ മണം നിന്റെയുള്ളിൽ ഗർഭം ധരിച്ചിട്ടും
സ്നേഹദാനം നല്കിയ മനസ്സു കണ്ടാകണം .
( കോപ്പി പേസ്റ്റുകളുടെ കാലമെന്നു കാകമൊഴി)
നദിയിൽ വെള്ളം വറ്റിക്കഴിഞ്ഞുവെന്നും
അരഞ്ഞാണമണികൾ നിശബ്ദമെന്നും പറയാനിനി
മറ്റൊരു മഴക്കാലം വേണ്ടി വരുമോ ?
......... ബിജു.ജി.നാഥ് വർക്കല

1 comment:

  1. മായയല്ലോയെങ്ങും!!
    ആശംസകള്‍

    ReplyDelete