Tuesday, October 10, 2017

അടയാളങ്ങള്‍ .............സേതു

അടയാളങ്ങള്‍ (നോവല്‍)
സേതു
ഡി സി ബുക്സ്
വില :160 രൂപ

"വിഗ്രഹങ്ങള്‍ വിഗ്രഹങ്ങളായിത്തന്നെ അകലം കാത്താലെ നമുക്ക് ആരാധിക്കാനാവൂ സര്‍. അവയ്ക്ക് മനുഷ്യരൂപം കൈവരുമ്പോള്‍ , അല്ലെങ്കില്‍ മനുഷ്യരെപ്പോലെ പെരുമാറാന്‍ തുടങ്ങുമ്പോള്‍ താനേ വിഗ്രഹങ്ങളല്ലാതായി തീരുന്നു " ...(പ്രിയംവദ ... അടയാളങ്ങള്‍ )

              പാണ്ഡവപുരം എന്നൊരു നോവല്‍ മലയാളത്തില്‍ സംഭവിച്ച വലിയൊരത്ഭുതമായി വായനയില്‍ അനുഭവപ്പെട്ടിട്ടുണ്ട് . അതുകൊണ്ട് തന്നെ സേതു എന്ന എഴുത്തുകാരന്റെ കൃതികളെ സമീപിക്കുമ്പോള്‍ ആ ഒരു ആദരവും പ്രതീക്ഷയും വായനക്കാരനില്‍ ഉണ്ടാകുക സ്വാഭാവികമാണ് . ബിംബവത്കരണം കൊണ്ട് മാജിക്കല്‍ റിയലിസം കൊണ്ടും മലയാളത്തിലെ അക്ഷര സംഭാവനകളില്‍ മുന്നില്‍ നില്‍ക്കാന്‍ സേതു എന്ന എഴുത്തുകാരന് കഴിയുന്നത്‌ തന്റെ രചനകളിലെ വൈവിധ്യങ്ങള്‍ കൊണ്ടുതന്നെയാണ് . കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ചുറ്റുപാടുകള്‍ തിരഞ്ഞെടുക്കുമ്പോഴും സേതു എപ്പോഴും ശ്രദ്ധിക്കുന്നത് അതിന്റെ മാനങ്ങള്‍ വേറിട്ടത് ആയിരിക്കണം എന്നത് തന്നെയാകണം . സാധാരണ എഴുത്തുകാര്‍ക്ക് അപരിചിതമായ ഒരു മേഖലയാണ് പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ക്കും വളരെ പരിചയക്കുറവുള്ള രംഗം ആണ് വ്യവസായിക മേഖല . കേരളം വ്യവസായമേഖലയില്‍ വളരെ ശുഷ്ക്കമായ ഒരു നിലയിലാണ് എന്നതിനാലും മലയാളിക്ക് പ്രത്യേകിച്ച് കേരളത്തില്‍ താമസമാക്കിയവര്‍ക്കും വന്‍ നഗരങ്ങളില്‍ ബിസിനസ് ക്ലാസ്സില്‍ ജീവിച്ചവര്‍ക്കും ഓഫീസ് വര്‍ക്കുകള്‍ മാത്രം ചെയ്തു വന്നിട്ടുള്ളവര്‍ക്കും പൊതുവേ അപ്രാപ്യമായ ഒരു മേഖലയാണ് നിര്‍മ്മാണ ഫാക്ടറികളും അതിന്റെ പരിസരങ്ങളും . കുറച്ചൊക്കെ അതിനോട് അടുത്ത ഒരു ചുറ്റുപാട് ആണ് പാണ്ഡവപുരം കൈകാര്യം ചെയ്ത ഇടങ്ങള്‍ എങ്കിലും "അടയാളങ്ങള്‍" എന്ന ഈ നോവലില്‍ "സേതു" പൂര്‍ണ്ണമായും അത്തരം വ്യവസായരംഗവും ഫാക്ടറി ചുറ്റുപാടുകളും ജീവിതവും ആണ് ഇതിവൃത്തമാക്കിയത് എന്ന് കാണാം .
              ജീവിതത്തിന്റെ സങ്കീര്‍ണ്ണമായ വശങ്ങള്‍ മാനുഷികമായ ചിന്തകളും വികാരങ്ങളും അവയുടെ ജയപരാജയങ്ങളും അടയാളപ്പെടുത്തുന്ന ഒരു നല്ല നോവല്‍ ആയി അടയാളങ്ങള്‍ അടയാളപ്പെടുത്താം . പ്രിയംവദ എന്ന എച്ച് ആര്‍ മേധാവിയും നീതു എന്ന മകളും കേന്ദ്ര കഥാപാത്രമായ ഈ നോവല്‍ പറയുന്നത് ഒരു അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെയും അവരുടെ ജീവിതത്തിലെ കുറെ സംഘര്‍ഷഭരിതമായ നിമിഷങ്ങളേയും  കുറിച്ചാണ് . ചെറുപ്പത്തില്‍ തന്നെ ഭര്‍ത്താവില്‍ നിന്നും അകന്നു വിധവയെ പോലെ ജീവിക്കുന്ന പ്രിയംവദയുടെ ഏക പ്രതീക്ഷ മകള്‍ നീതുവാണ് . ഇവര്‍ തമ്മിലുള്ള ആത്മ ബന്ധത്തിന്റെ ഇഴകളെ വളരെ നന്നായിത്തന്നെ സേതു ഇതില്‍ വരച്ചിടുന്നുണ്ട് . ഒറ്റപ്പെട്ടുപോകുന്ന സ്ത്രീ  മനസ്സുകളുടെ ആകുലതകളും മാനസികവിചാരങ്ങളും ഒക്കെ സേതു സത്യസന്ധമായി ഇതില്‍ രേഖപ്പെടുത്തുന്നു . ഒപ്പം ഒരു കമ്പനിയുടെ പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ കമ്പനികളുടെ ഉള്ളുകള്ളികളിലേക്കും കിടമത്സരങ്ങളിലെക്കും ഒക്കെ വളരെ ഗഹനമായ ഒരു യാത്ര ഈ നോവലില്‍ കാണാന്‍ കഴിയുന്നുണ്ട് . കൌമാരത്തിന്റെ ചുറ്റുപാടുകളെ, സ്വതന്ത്രവും വിശാലവുമായ കാഴ്ചപ്പാടുകളെ എത്ര ഉള്‍ക്കാഴ്ചയോടെ ആണ് കഥാകൃത്ത്‌ ഇതില്‍ വരച്ചിടുന്നത് എന്നത് വായനക്കാരെ സന്തോഷിപ്പിക്കും . നീതുവും ഹരിനാരായണന്‍ എന്ന യുവാവുമായുള്ള ബന്ധത്തെക്കുറിച്ച് അവളുടെ വളരെ അടുത്ത കൂട്ടുകാരിയായ ആലീസ് പറയുന്ന വാക്കുകള്‍ ഇതിനുദാഹരണം ആണ് .
"അവള്‍ക്കൊരു കൂട്ട് വേണമായിരുന്നു . ഒരു ആണ്‍ തുണ
പക്ഷെ, നമ്മളൊക്കെ കരുതുന്ന പോലത്തെ ശരീരം കൊണ്ടുള്ള കൂട്ടല്ല കേട്ടോ."
ആണ്‍ തുണ എന്നാല്‍ ശരീരം പങ്കുവയ്ക്കാന്‍ ഉള്ള ഒരു ഇടം തേടല്‍ മാത്രമല്ല എന്ന ധാരണ പുതിയ കാലത്തിന്റെ ശബ്ദമാണ് . ലിംഗഭേദമില്ലാതെ ഇടപെടാന്‍ കഴിയുന്ന ഒരു ലോകം . തികച്ചും സേതു എന്ന എഴുത്തുകാരന്‍ മുന്നില്‍ വയ്ക്കുന്ന ആ ആശയം ഇന്നത്തെ ചുറ്റുപാടില്‍ വളരെ കാലികപ്രസക്തിയുള്ള ഒരു ചിന്തയാണ് . സേതുവിന്‍റെ കഥാപാത്രങ്ങള്‍ ഒന്നും തന്നെ ചാപല്യം കൊണ്ട് കിടക്കയിലേക്ക് ചരിഞ്ഞു വീഴുന്നവയല്ല ഇതില്‍ . സ്വത്വബോധം കൊണ്ട് ഔന്നത്യം നേടുന്നവയാണ് ഓരോരുത്തരും.
           കഥയ്ക്കുള്ളിലെ കഥ പറച്ചില്‍ രസാവഹമായ ഒരു സമ്പ്രദായമാണ് . പാണ്ഡവപുരം പോലെ ഇതില്‍ ഒരു ദേശം ഉണ്ട് . മീനാക്ഷിപുരം എന്ന പാര്‍വ്വതിപുരം . അധിനിവേശത്തിന്റെ അടയാളംപോലെ ആണ് ആ പേര് മാറ്റം എന്ന് കാണാം . ഒപ്പം തന്നെ ഇവിടെ വളരെ വലിയൊരു സമസ്യക്ക് ഉത്തരം തേടാന്‍ കൂടി ശ്രമിക്കുകയാണ് എഴുത്തുകാരന്‍ പ്രിയംവദയിലൂടെ . ആ ദേശവും അവിടെ നിലവില്‍ വന്ന പഞ്ചസാരഫാക്ടറിയും ആ ഫാക്ടറിയിലെ തൊഴിലാളികള്‍ക്കിടയില്‍ സംഭവിക്കുന്ന ചില നിഗൂഡ മരണങ്ങള്‍ക്കും മാനവശേഷി വിഭാഗത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മാനുഷികമായ ഒരു പഠനവും അതിന്റെ ചുവടു പിടിച്ചു വ്യവസായ ലോകത്തിന്റെ ചിന്താഗതികളും നോവലില്‍ ഉപകഥയായി പറയുന്നുണ്ട് .
                 ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയും മകളും പരസ്പരം എല്ലാം തുറന്നു പറയുകയും നല്ല കൂട്ടുകാരായി കഴിയുകയും ചെയ്യുന്നതും ഇടയില്‍ അമ്മയ്ക്ക് മകളോട് തുറന്നു പറയാന്‍ കഴിയാത്ത വണ്ണം അല്ലെങ്കില്‍ അത് മകള്‍ കേള്‍ക്കാന്‍ കഴിയാത്ത വണ്ണം ചില സംഭവവികാസങ്ങള്‍ ഉണ്ടാകുന്നതും തുടര്‍ന്ന് മകള്‍ അമ്മയില്‍ നിന്നകലുകയും ഒറ്റപ്പെടലിന്റെ ഭ്രാന്തു രണ്ടു പേരും ശരിക്കും അനുഭവിക്കുകയും ചെയ്യുന്നതും ആശ്രയമോ പ്രതികാരമോ പോലെ മകള്‍ അച്ചനിലേക്ക് തിരികെ പോകാന്‍ ശ്രമിക്കുന്നതും പക്ഷെ അത് അവളില്‍ തന്നെ ആശങ്ക ജനിപ്പിക്കുന്ന ഒന്നാകയാല്‍ മറ്റൊരു വിശ്വസ്ത കൂട്ടുകെട്ട് ഉണ്ടാക്കുന്നതും അത് അമ്മയില്‍ നിന്നും മറച്ചു പിടിക്കുന്നതും ഒരു അവസ്ഥയില്‍ ആ കൂട്ട് അതിന്റെ ഭയാനകത പ്രകടമാക്കുമ്പോള്‍ തളര്‍ന്നുപോകുന്ന മകള്‍ അമ്മയുടെ മാറില്‍ തന്നെ തിരികെ അഭയം പ്രാപിക്കുന്നതും ഒരു ചലച്ചിത്രത്തിലെന്നപോലെ വായിച്ചു പോകുവാന്‍ കഴിയും .
            ബന്ധങ്ങള്‍ പലപ്പോഴും തെറ്റിദ്ധാരണ ജനിപ്പിക്കാറുണ്ട് അന്യരില്‍ . ചിലപ്പോഴൊക്കെ അത് ബന്ധങ്ങള്‍ക്കിടയില്‍ തന്നെയും സംഭവിക്കും . പ്രതീക്ഷിക്കാത്ത ഒരു നീക്കം മറു വശത്ത്‌ നിന്നുണ്ടാകുമ്പോള്‍ ആകും ആ ബന്ധം രണ്ടുപേരും മുന്നോട്ടു വളര്‍ത്തിയതില്‍ രണ്ടു ഉദ്ദേശ്യം ആണ് ഉണ്ടായിരുന്നത് എന്ന് തിരിച്ചറിയുക . വളരെ പക്വമായ ഒരു ഇടപെടല്‍ ഈ അവസരത്തില്‍ എഴുത്തുകാരന്‍ പ്രിയംവദയില്‍ കൂടി അവതരിപ്പിക്കുന്നുണ്ട് . പ്രിയംവദ തന്റെ ഗുരുവായി കണ്ടു ഇടപെട്ടിരുന്ന മനുഷ്യന്റെ ചപലമായ ഇടപെടലുകളും കുറിമാനങ്ങളും കാണുമ്പോള്‍ അയാളോട് പ്രതികരിക്കുന്ന വാക്കുകള്‍ ഇത്തരുണത്തില്‍ വളരെ പ്രസക്തമായ ഒരു മറുപടിയും ഇന്നിന്റെ ലോകത്തിലെ സ്ത്രീകള്‍ക്കുള്ള ഒരു വഴികാട്ടിയും ആണ് .
താന്‍ സ്ഥിരം വന്ദിക്കാറുണ്ടായിരുന്ന ഒരു ഗണപതി വിഗ്രഹം ഒരു ദിവസം പാല്‍ കുടിക്കാന്‍ തുടങ്ങി . ആ വാര്‍ത്ത കേട്ട് ആ ചുറ്റുപാടും ഉള്ള എല്ലാവരും ഗണപതിക്ക് പാല്‍ നല്‍കാന്‍ തുടങ്ങി .ഒടുവില്‍ പാല്‍ കുടിച്ചു ഗണപതിയുടെ വയര്‍ വീര്‍ത്തു . മാത്രമല്ല ചുറ്റുപാടും ഉള്ള ഗണപതികള്‍ എല്ലാം പാല്‍ കുടിക്കാനും തുടങ്ങി . പക്ഷെ അന്നത്തോടെ ഞാന്‍ ആ ഗണപതിയെ വന്ദിക്കല്‍ നിര്‍ത്തി ." എന്ന പ്രിയം വദയുടെ വാക്കുകളില്‍ വ്യക്തത തേടിയ ഗുരുവിനോട് അവള്‍ ഇങ്ങനെ പറഞ്ഞു നിര്‍ത്തി .
 "വിഗ്രഹങ്ങള്‍ വിഗ്രഹങ്ങളായിത്തന്നെ അകലം കാത്താലെ നമുക്ക് ആരാധിക്കാനാവൂ സര്‍. അവയ്ക്ക് മനുഷ്യരൂപം കൈവരുമ്പോള്‍ , അല്ലെങ്കില്‍ മനുഷ്യരെപ്പോലെ പെരുമാറാന്‍ തുടങ്ങുമ്പോള്‍ താനേ വിഗ്രഹങ്ങളല്ലാതായി തീരുന്നു ".
ഇതിലും മനോഹരമായി എങ്ങനെയാണ് മനുഷ്യബന്ധങ്ങളുടെ കാഴ്ചപ്പാടിനെ അവതരിപ്പിക്കാന്‍ കഴിയുക എന്ന് അതിശയപ്പെട്ടുപോകുക ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം വളരെ വലിയ സന്തോഷം തരുന്ന വസ്തുതയാണ് .
             ഒരു നോവല്‍ എന്ന തലത്തില്‍ നിന്നുകൊണ്ട് ഇതിനെ കാണുക എന്നതില്‍ നിന്നും മാറി മനുഷ്യരുടെ മാനസികചിന്താഗതികളെ അപഗ്രഥിക്കാനും മനസ്സിലാക്കാനും കഴിയുന്ന ഒരു അടയാളപുസ്തകമായി ഈ കൃതിയെ പരിചയപ്പെടുത്താന്‍ ആണ് കൂടുതല്‍ താത്പര്യം . സ്ത്രീ പക്ഷത്തു നിന്നുകൊണ്ട് അവരെ മനസ്സിലാക്കി അവരുടെ മാനസികതലങ്ങളെ നന്നായി അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു എഴുത്തുകാരന്‍ ആണ് സേതു എന്ന് നിസ്സംശയം പറയാന്‍ കഴിയുന്നവയാണ് അദ്ദേഹത്തിന്റെ ഓരോ കൃതികളും . പക്വമതിയായ ഒരു മനുഷ്യന്‍ തന്റെ അക്ഷരങ്ങളെ അടയാളപ്പെടുത്തുന്ന വിധങ്ങള്‍ വായനക്കാര്‍ അനുഭവിച്ചറിയട്ടെ . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

3 comments:

  1. പുസ്തകം വായിയ്ക്കുന്നതുപോലെതന്നെ അനുഭവപ്പെടുന്നു ഈ അടയാളപ്പെടുത്തല്‍.. സന്തോഷം..

    ReplyDelete
  2. 'അടയാളങ്ങള്‍'വായിച്ചതാണ്.
    പുസ്തകാസ്വാദനം നന്നായി
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി . സേതു സാറിനും ഇഷ്ടമായി എന്ന് എഴുതിയിരുന്നു . വലിയ സന്തോഷം നല്‍കി . സ്നേഹം സന്തോഷം

      Delete