Wednesday, October 11, 2017

എന്റെ പുരുഷന്‍ ..............ഹണി ഭാസ്കരന്‍

എന്റെ പുരുഷന്‍ (ലേഖന സമാഹാരം)
എഡിറ്റര്‍ ഹണി ഭാസ്കരന്‍
കൈരളി ബുക്സ്
വില :220 രൂപ

"മാനസികമായ സമനില പാലിക്കാനാവുന്ന സ്ത്രീ പുരുഷബന്ധങ്ങള്‍ കുറവാണ് എന്നതാണ് ഒരു സ്ത്രീയോടു പുരുഷനെക്കുറിച്ചെഴുതുവാന്‍ കാലം ആവശ്യപ്പെടുന്നതിന്റെ കാരണം എന്ന് തോന്നുന്നു" .... (ദേവി നായര്‍, എന്റെ പുരുഷന്‍ )

സമൂഹം പ്രധാനമായും രണ്ട് തട്ടില്‍ നില്‍ക്കുകയാണ് ഇന്ന് . ഒന്ന് പുരുഷ മേല്‍ക്കോയ്മയുടെ അധികാര ഗര്‍വ്വിന്റെ ചിന്തകള്‍ നിറയുന്ന ഒരു വിഭാഗം . മറ്റൊന്ന് സ്ത്രീ ശാക്തീകരണം സ്ത്രീ സുരക്ഷ എന്നിവയുടെ ഉറപ്പും ആവശ്യകതയും ഉറപ്പു വരുത്തുന്ന മറ്റൊരു വിഭാഗം . ഇവയുടെ ഇടയില്‍ പെട്ട് സമൂഹം സ്ത്രീ പുരുഷ സമവാക്യങ്ങള്‍ തേടുകയാണ് . ജീവിതത്തിന്റെ എല്ലാ തുറയിലും സ്ത്രീയും പുരുഷനും സമം എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്ന ആണ്‍കോയ്മയുടെ നിരന്തരമായ ചവിട്ടിത്താഴ്ത്തലുകള്‍ക്ക് വിധേയമായി കാലാകാലമായി സ്ത്രീ സ്വാതന്ത്ര്യം ഇവിടെ ഊര്‍ദ്ദം വലിക്കുകയാണ്‌ . മതവും സമൂഹവും ഒരുപോലെ ഈ ഒരു വിഷയത്തില്‍ കൈകോര്‍ത്തു നില്‍ക്കുന്നു . പുരുഷചിന്തയുടെ അടിമയായി മാറിയ സ്ത്രീ സമൂഹത്തിലെ ഭൂരിഭാഗത്തിന്റെ പിന്തുണ കൂടി ഈ പുരുഷാധിപത്യത്തിന് കൂട്ടായിട്ടുണ്ട് എന്നിടത്താണ് സ്ത്രീയുടെ അസ്ഥിത്വം എന്ത് നിലപാട് വേണം , എവിടെയാണ് തങ്ങള്‍ നില്‍ക്കുന്നത് എന്ന് മനസ്സിലാക്കുന്നതും പൊരുതുന്നതും .
ഇത്തരം ഒരു കാലഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ആണ് "എന്റെ പുരുഷന്‍" എന്ന ലേഖന സമാഹാരം വായനയെ എത്രകണ്ട് സഹായിക്കും ഈ വിഷയത്തില്‍ എന്നൊരു അന്വേഷണം നടക്കുന്നത് . പുരുഷനെക്കുറിച്ചുള്ള പെണ്‍വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന സമാഹാരം എന്ന തലക്കെട്ടില്‍ ആണ് എന്റെ പുരുഷന്‍ വായനയെ ആകര്‍ഷിച്ചത് . അവരുടെ ആകാശങ്ങളില്‍ പുരുഷനെ വരയ്ക്കുമ്പോള്‍ എന്ന തലക്കെട്ടില്‍ എഡിറ്റര്‍ കുറിച്ചിട്ട വാക്കുകളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു വേദന ഉണ്ടായിരുന്നു , കാരണം "വായനയില്‍ പലപ്പോഴും കണ്ണീര്‍ നിറഞ്ഞെന്റെ കാഴ്ച മങ്ങി . മുന്നോട്ടൊരു വരിപോലും വായിക്കാന്‍ കഴിയാതെ എത്രയോ വായനകള്‍ പാതിവഴിയിലായി..." തുടങ്ങി നീണ്ടുപോകുന്ന ആ ആമുഖ കുറിപ്പ് വായനയ്ക്ക്  മുന്നേ മനസ്സിന്റെ പാകപ്പെടല്‍ ആവശ്യം ആണെന്ന ചിന്ത ഉറച്ചു നിന്ന് . അകം പേജുകളില്‍ നിറഞ്ഞു കിടക്കുന്നത് നാല്പത്തഞ്ചു സ്ത്രീകള്‍ തങ്ങളുടെ പുരുഷനെ കുറിച്ച് പറയുന്ന വരികള്‍ ആണ് . നാലപത്തഞ്ചോ  അതോ നാല്പത്തയ്യായിരമോ പുരുഷമുഖങ്ങളെ അതില്‍ ദര്‍ശിക്കേണ്ടി വരും .
ഓരോ സ്ത്രീയും തങ്ങളുടെ പുരുഷനെക്കുറിച്ച് പറയുന്നതോ അതോ അവളുടെ പുരുഷന്‍ എങ്ങനെ ആയിരിക്കണം എന്ന് പറയുന്നതോ ആകണം അവര്‍ കുറിച്ചിടുന്നത് എന്ന ബോധ്യത്തോടെ തന്നെ വായനയിലേക്ക് കടന്നു കയറുന്നത്. പൂര്‍ണ്ണമായും പുരുഷനെ സ്ത്രീ എങ്ങനെ ആണ് കാണുന്നത് എന്നും അവനെ എങ്ങനെ ആണ് അവള്‍ മനസ്സിലാക്കുന്നത്‌ എന്നും പുരുഷന്‍ അറിയുകയും അവന്‍ അതൊരു ഗൈഡ് ആയി കൊണ്ട് നടക്കേണ്ടതിന്റെ ആവശ്യകതയും ഈ കാലഘട്ടത്തിനുണ്ട് എന്ന ചിന്തയില്‍ നില്‍ക്കുമ്പോള്‍ ഇത്തരം ഒരു പുസ്തകത്തിന്റെ ആവശ്യക്തയ്ക്ക് മറുചോദ്യം ഉണ്ടാകുന്നുമില്ല .
ഉള്‍പേജുകളില്‍ നിറയെ വിടര്‍ന്നു കിടന്നത് കുറച്ചു സ്ത്രീകളുടെ പുരുഷ സങ്കല്പങ്ങള്‍ ആയിരുന്നു . വളരെ കാല്പനികമായ ഒരു അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് തങ്ങളുടെ പ്രണയം പങ്കു വയ്ക്കാന്‍ , ശരീരം പങ്കു വയ്ക്കാന്‍ , വികാരങ്ങളും വിചാരങ്ങളും പങ്കുവയ്ക്കാന്‍ അനുഗുണനും ഉത്തമനുമായ ഒരു പുരുഷനെ തേടുന്ന കാമനകളെയാണ് വായിക്കാന്‍ കഴിഞ്ഞത് .പറഞ്ഞവരില്‍ തൊണ്ണൂറു ശതമാനം പേരും തങ്ങളുടെ പുരുഷ സങ്കല്‍പം തുടങ്ങുന്നതോ അല്ലെങ്കില്‍ ആ സങ്കല്പം തന്നെയോ സ്വന്തം പിതാവു ആണെന്ന് വളരെ വ്യക്തവും ശക്തവുമായി പറഞ്ഞു വച്ച് . ചുരുക്കം ചിലര്‍ മാത്രമാണ് യൌവ്വന തൃഷ്ണകളുടെ പൂര്‍ണ്ണത പകരാന്‍ കഴിയുന്ന ഒരാള്‍ മാത്രമാണ് തന്റെ പുരുഷന്‍ എന്ന് അവകാകാശപ്പെട്ടതു . ഒന്നിലധികം പുരുഷന്മാരിലൂടെ കടന്നുപോയ പലരും തിരഞ്ഞുപോയ പുരുഷകാമനകളെ കണ്ടെത്താന്‍ കഴിയാതെ നിരാശ പങ്കുവയ്ക്കുമ്പോള്‍ മിക്കവാറും എല്ലാവരും തന്നെ തങ്ങളുടെ പുരുഷന്‍ എന്നത് സങ്കല്‍പ്പത്തില്‍ മാത്രമാണ് ഉള്ളത് എന്ന് വേദനയോടെ പറയുന്നു . പൂര്‍ണ്ണതയോടെ ആരും ഇല്ല എന്ന കണ്ടെത്തല്‍ ചിലര്‍ പങ്കു വയ്ക്കുന്നു . ചിലരാകട്ടെ ഗ്രഹണി പിടിച്ച കുട്ടിക്ക് ചക്കപ്പുഴുക്ക് കിട്ടിയപോലെ വിഷയത്തെ സ്ത്രീ സ്വാതന്ത്ര്യവും സത്വ വാദവും ഫെമിനിസവും ഒക്കെ കൂട്ടിക്കലര്‍ത്തി നീളത്തില്‍ ലേഖനങ്ങള്‍ എഴുതി കടന്നു പോയി . എഴുത്തിന്റെ മാസ്മരികമായ ശൈലി കൈവശമുള്ള ചിലര്‍ കഥകള്‍ എഴുതി പ്രതീകവത്കരിച്ചു കൊണ്ട് മൌനം പാലിച്ചു . കവിതയിലൂടെയും കഥയിലൂടെയും തങ്ങളുടെ ജീവിതത്തിലെ പുരുഷനെ തേടുന്നവരെ കണ്ടു . രതിയുടെ അപാരതയില്‍ എവിടെയോ തന്നെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരാളെ തിരയുന്നവരും ശരീരമല്ല മനസ്സുകള്‍ ആണ് പൂര്‍ണ്ണമാകേണ്ടതും വിലയിക്കേണ്ടതും അതിനു കഴിയുന്ന ഒരു പുരുഷനാണ് യഥാര്‍ത്ഥ പുരുഷന്‍ എന്നും ഇടയില്‍ വായനയില്‍ കടന്നുപോയി . എത്രയൊക്കെ സ്നേഹം ഇല്ലാത്തവന്‍ ആണെങ്കിലും തന്റെ പോരായ്മകളെ കണ്ടറിഞ്ഞു തന്നെ സ്നേഹിക്കുന്ന പുരുഷന്‍, അവനെ വിട്ടുപോകാന്‍ കഴിയാത്ത വ്യെഥ പങ്കുവച്ചവരും , അവഗണനയുടെ പ്രണയമില്ലായ്മയുടെ നടുവിലും സ്വന്തം പുരുഷനെ കനവില്‍ കണ്ടുകൊണ്ടു നിശബ്ദം ജീവിക്കുന്നവരും അവര്‍ക്കിടയിലുണ്ടായിരുന്നു . ഏറ്റവും വ്യത്യസ്തമായ ഒരു പുരുഷനെ പരിചയപ്പെടുത്തിയ ഒരു ലേഖനം മാത്രം കൂട്ടത്തില്‍ എടുത്തു പറയേണ്ടതുണ്ട് എന്ന് തോന്നി . ട്രെയിന്‍ യാത്രയില്‍ തിരക്കില്‍ രണ്ടുകുട്ടികളുമായി കയറിയ ലേഖികയ്ക്ക് തന്റെ സീറ്റ് ഒഴിഞ്ഞു കൊടുക്കുകയും കുട്ടിക്ക് വെള്ളം വാങ്ങിക്കൊടുക്കുകയും അതിനെ പണം കൊടുത്തപ്പോള്‍ അത് സ്വീകരിക്കുകയും കൈക്കുഞ്ഞിനു മുല കൊടുത്ത് മയങ്ങിപ്പോയപ്പോള്‍ ഷാള്‍ പിടിച്ചിട്ടു മാറ് മറച്ചു കൊടുക്കുകയും എവിടേക്ക് പോകുന്നു എന്ന് മാത്രം ചോദിക്കുകയും യാത്രയ്ക്കിടയില്‍ ഇറങ്ങിപ്പോകുകയും ചെയ്ത ഒരു പുരുഷനെ ഇന്നും പുരുഷ സങ്കല്‍പ്പത്തിന്റെ ഉന്നതിയില്‍ കണ്ടു നില്‍ക്കുന്ന ഒരു ലേഖനം .
സമൂഹത്തില്‍ എല്ലാ തരത്തില്‍ ഉള്ള ആളുകളും ഉണ്ട് . നമുക്ക് വേണ്ടത് നാം തിരഞ്ഞെടുക്കുന്നു . നമ്മെ തേടി എത്തുന്നവയില്‍ നിന്നവയെ തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം നമ്മുടേത്‌ ആണ് . ഈ ലേഖനങ്ങള്‍ മുഴുവനും സമൂഹത്തിലെ എഴുത്തുകാരികളും ആതുര സേവന രംഗത്തെ പ്രവര്‍ത്തകരും ആണ് കൈയ്യടക്കിയിട്ടുള്ളത് എന്നത് ഇതിനു ഒരു പോരായ്മയായി തോന്നി . സമൂഹത്തിലെ താഴെക്കിടയില്‍ നിന്നും , മധ്യവര്‍ഗ്ഗത്തില്‍ നിന്നും ഒരു സ്ത്രീ പോലും ഇതിലേക്ക് വന്നില്ല . കുടുംബിനിയായ , തൊഴിലാളിയായ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അഹോരാത്രം പാടുപെടുന്ന ആ ജീവിതങ്ങളില്‍ അക്ഷരങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നവരോ പ്രണയത്തെക്കുറിച്ചും രതിയെക്കുറിച്ചും വാതോരാതെ പറയാന്‍ കഴിയുന്നവര്‍ ഉണ്ടാകുകയില്ല എന്നതാകില്ല കാരണം മറിച്ചു തിരഞ്ഞെടുപ്പിലെ സാധാരണത്വം ആകാം അത്തരം ഒരു വിടുതല്‍ സംഭവിക്കാന്‍ കാരണം എന്ന് കരുതുന്നു . കൂട്ടത്തില്‍ ഒരു ട്രാന്‍സ്ജെണ്ടര്‍ തന്റെ പുരുഷ അനുഭവം രേഖപ്പെടുത്തി എന്നതു ഒരു പ്രത്യേകതയായിരുന്നു .
സമ്പാദനം ഒരു കലയാണ്‌ . അവയെ എഡിറ്റ്‌ ചെയ്യുന്നത് ഒരു വലിയ ഭാരിച്ച ഉത്തരവാദിത്വവും . ആ കഴിവ് പോകെപ്പോകെ തിളക്കമാര്‍ന്നു വരും എന്ന ശുഭാപ്തി വിശ്വാസം ഉണ്ട് . കാരണം ആംഗലേയത്തിലും മലയാളത്തിലും ഒരു പിടി നോവല്‍ , കവിത , കഥകള്‍ , ലേഖനങ്ങള്‍ സംഭാവന ചെയ്ത ഹണി ഭാസ്കരന്‍ നാളെയുടെ സാഹിത്യചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട ഒരു വ്യക്തിയാണ് താനെന്നു സ്വയം സാക്ഷ്യപ്പെടുത്തുന്നുണ്ട് തന്റെ രചനകളിലൂടെയും പ്രതികരണങ്ങളിലൂടെയും . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

4 comments:

  1. ഒരുപാടൊരുപാട് എഴുതി തൂലികയിലെ മഷി തീര്‍ന്നിട്ടുംഇനിയും ഏറെ എഴുതാനുള്ള ഒരു വിഷയം.. രണ്ടു ദിവസം സൗഹൃദത്തോടെ സ്ത്രീ സംസാരിച്ചാല്‍, മൂന്നാം ദിവസം അവള്‍ വീഴുമോ എന്ന് , എറിഞ്ഞു നോക്കുന്നവനല്ലാത്തൊരു പുരുഷനെ ഞാനും സങ്കല്പിയ്ക്കുന്നു... സ്ത്രീയുടെ ചിന്തകളെ, വ്യക്തിത്വത്തെ , ആകുലതകളെ , സ്വപ്നങ്ങളെ , പ്രതീക്ഷകളെ ...എല്ലാം തൊട്ടറിയുന്നൊരു പുരുഷന്‍.. സങ്കല്പിയ്ക്കാന്‍ രസമുണ്ട്.. ഉണ്ട്..അങ്ങനെയുള്ള പുരുഷന്മാര്‍ ഉണ്ട്.. ഗ്രഹത്തില്‍ നിന്നും പൊട്ടിത്തെറിച്ചു മാറി സ്വയം പ്രകാശിച്ചു നില്‍ക്കുന്ന നക്ഷത്രച്ചില്ലുകള്‍ പോലുള്ള അപൂര്‍വ്വം ജന്മങ്ങള്‍..

    ReplyDelete
    Replies
    1. തീര്‍ച്ചയായും അതു ഓരോ ബന്ധങ്ങളിലും കാണുന്ന ഒരു പോരായ്മയാണ് . ഈസിലി അവൈലബിള്‍ ആണ് സ്ത്രീ ഫ്രീ ആയി ഇടപെടുന്നു എങ്കില്‍ എന്നൊരു കാഴ്ചപ്പാടുള്ളവര്‍ വളരെ അധികമാണ് ഈ ഇടങ്ങളില്‍ .

      Delete
  2. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാനും,എഴുതാനും ശങ്കിക്കുന്നവരായിരിക്കാം സമൂഹത്തിലെ താഴെക്കിടയിലും,മദ്ധ്യവര്‍ഗ്ഗത്തിലും ഉള്‍പ്പെട്ടവര്‍...
    പുസ്തകാവലോകനം നന്നായി.
    ആശംസകള്‍

    ReplyDelete