Sunday, October 15, 2017

ഓർമ്മമഴയിലൂടെ

(ഒരു മാപ്പിളപാട്ടിന്റെ ഈണം ചുണ്ടില്‍ വിതുമ്പിയപ്പോള്‍ )

അരികിലിത്തിരി നേരം നമ്മൾ
ഇരുന്നതോർമ്മയിൽ വന്നുപോയ്.
കുസൃതിയാമെന്റെ കൺകളാൽ
നിന്നെ കുളിരുകോരിച്ച സന്ധ്യയും!
സുറുമയിട്ടൊരാ മിഴികളാലെന്നെ
ചൂണ്ടക്കൊളുത്തിട്ട് നോക്കിയും
ഉതിർന്നു വീണൊരാ തട്ടത്താൽ നിന്റെ
തുളുമ്പും മാറിടം പുതച്ചതും
വിറയാർന്ന നിൻ കൈവിരലുകൾ
കവർന്നെടുത്തതിവേഗത്തിൽ
കാറ്റുപോലും കാണുംമുന്നതിൽ
മുത്തമിട്ടതുമോർത്തു പോയ്.
രാവു വരുന്നെന്നു ചൊല്ലി നീയന്നു
കരയും പോലെന്നെ നോക്കവേ
ഞാനില്ലേയെൻ മുത്തിനെന്നതി
മധുരമോടെ ഞാൻ മൊഴിഞ്ഞതും
വേറെയില്ലൊരു മുഖവുമെന്നുടെ
ചങ്കിതിലെന്നു ചൊല്ലി നീ
തിരിഞ്ഞു നോക്കി നടന്നകന്ന
വഴിയിൽ ഞാൻ നോക്കിനിന്നതും
ഓർത്തിരിക്കുമ്പോൾ എന്നകതാരിൽ
വിരിയുന്നൂ നറുപുഞ്ചിരി.
കാലമിത്ര കടന്നു പോയിട്ടും
മാഞ്ഞു പോകാത്തൊരോർമ്മ നീ.
...... ബി.ജി.എൻ വർക്കല ......

3 comments:

  1. ഓര്‍മ്മമധുരം നന്നായി
    ആശംസകള്‍

    ReplyDelete
  2. തട്ടത്തിന്‍ മറയത്ത് മധുരമുള്ള ഒരോര്‍മ്മ..

    ReplyDelete