Wednesday, October 4, 2017

ആകാശത്ത് ഇപ്പോള്‍ ഇരുള്‍ മാത്രം ...!


എന്റെ കവിതയില്‍ നിന്നും നീയിറങ്ങിപ്പോയി
നിന്റെ ജീവിതത്തില്‍ നിന്നും ഞാനും .
അറിയാത്ത ഭാവവും സുദീര്‍ഘ മൌനവും
അകലത്തിന്റെ കടലിന്‍ വ്യാപ്തി കൂട്ടവേ
എന്റെ കവിതയില്‍ നിന്നും നീയും നിന്റെ
ജീവിതത്തില്‍ നിന്നും ഞാനും മാഞ്ഞു പോകുന്നു .
കാണാതിരുന്നാല്‍ പിടയുന്ന മനവും
കേള്‍ക്കാതിരുന്നാല്‍ ഉലയുന്ന ചിന്തയും
നമുക്കിടയില്‍ ഇന്ന് അന്യമായിരിക്കുന്നു .
സാമീപ്യങ്ങള്‍, കൂട്ടിമുട്ടലുകള്‍ ,ശബ്ദങ്ങള്‍ ...
അലോസരതയുടെ വിത്തുകള്‍ വിതയ്ക്കുമ്പോള്‍
എന്റെ കവിതയില്‍ നിന്നും നീയും
നിന്റെ ജീവിതത്തില്‍ നിന്നും ഞാനും അകലുന്നു.

ഓര്‍മ്മകളില്‍, ഒരുമിച്ചു കണ്ട സ്വപ്നങ്ങളും
കവിതകളിലൂടെ കൈമാറിയ സന്ദേശങ്ങളും
നിഗൂഡമായ ഒളിനോട്ടങ്ങളും വേദനതരുമ്പോള്‍
ഉറക്കം നഷ്ടമായ രാവുകളില്‍ വേട്ടയാടുന്ന
കാതരമായ മിഴികളും നനവൂറും ചുണ്ടുകളും
പൊട്ടിക്കരയാന്‍ പ്രേരിപ്പിക്കുമ്പോള്‍
എന്റെ കവിതയില്‍ നിന്നും നീയും
നിന്റെ ജീവിതത്തില്‍ നിന്നും ഞാനും ഇറങ്ങിപ്പോകുന്നു.

ഒരു കുറിഞ്ഞിപ്പൂച്ചയെപ്പോല്‍ എന്നരികില്‍
ചുരുണ്ടുകൂടിയുറങ്ങാന്‍ മോഹിച്ച നീയും
നിറഞ്ഞവികാരത്തോടെ, അധികാരത്തോടെ
നിന്നിലേക്ക്‌ പടരാന്‍ കൊതിച്ച ഞാനും
വിപരീതധ്രുവങ്ങളുടെ കാന്തികചലനമാകുമ്പോള്‍
എന്റെ കവിതയില്‍ നിന്നും നീയും
നിന്റെ ജീവിതത്തില്‍ നിന്നും ഞാനും മുറിഞ്ഞു പോകുന്നു .

ഒരിക്കല്‍ കൂടി എന്റെ തൂലികയില്‍ എന്നെങ്കിലും
മഷിനിറയ്ക്കുവാന്‍ കഴിയുമെങ്കില്‍
നിന്നെക്കുറിച്ചു എഴുതുവാന്‍ മാത്രമാകും...
എന്നെ തൊട്ടുണര്‍ത്താന്‍ നിനക്കേ കഴിയൂ
നിനക്കുമാത്രമറിയുന്ന ആ വിദ്യയുമായി
നീയെത്തുംവരേയ്ക്കും ഞാനുറങ്ങട്ടെ .
കാരണം, എന്റെ കവിതയില്‍ നിന്നും നീയും
നിന്റെ ജീവിതത്തില്‍ നിന്നും ഞാനും ഇറങ്ങിപ്പോയിരിക്കുന്നു .
-------ബിജു ജി നാഥ് വര്‍ക്കല




4 comments:

  1. സ്നേഹം മൌനമായി .. മൌനം ശിലയും... മനസ്സില്‍ തിട്ടു നോവിയ്ക്കുന്ന വരികള്‍ .. ആശംസകള്‍ ബിജു..

    ReplyDelete
    Replies
    1. സ്നേഹമല്ലാതെന്തു പകരം തരാന്‍ .....

      Delete
  2. സദ്സംഗമത്തിനായി കാത്തിരിക്കുന്നു!
    ആശംസകള്‍

    ReplyDelete