Saturday, September 30, 2017

അരുന്ധതി കരയുന്നില്ല ...........പി വത്സല

അരുന്ധതി കരയുന്നില്ല (കഥാ സമാഹാരം )
പി . വത്സല
പൂർണ പബ്ളിക്കേേഷൻസ്
വില : 65 രൂപ

കഥാരചനയുടെ സങ്കേതങ്ങള്‍ തിരിച്ചറിയുന്നവര്‍ എപ്പോഴും പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുന്ന സാഹിത്യ ലോകത്തില്‍ പി വത്സലയുടെ കഥകള്‍ നല്‍കുന്നത് ഒരു അത്ഭുതപ്രപഞ്ചം ആണ് . ഞെട്ടറ്റ് വീഴുന്ന ഇലയുടെ അതേ ആലസ്യത്തോടെ , മടിയോടെ വായനയെ പിടിച്ചുലച്ചു ചിന്തയുടെ ലോകത്തില്‍ കൊണ്ടെത്തിക്കുന്ന അപൂര്‍വ്വമായ രചനാ വൈഭവം ആണ് ഈ കഥാകാരി കൈക്കൊള്ളുന്നത്‌ . ഓരോ കഥയും ഒരു പ്രത്യേക ലോകം ആണ് . ജീവിതത്തിന്റെ മുഹൂര്‍ത്തങ്ങളെ വളരെ തന്മയത്തോടെ പറഞ്ഞുകൊണ്ട് പോകുമ്പോഴും അതില്‍ അപൂര്‍ണ്ണമായ ഒരു മൗനം ബോധപൂര്‍വ്വം വായനക്കാരനില്‍ അടിച്ചേല്‍പ്പിക്കുന്നു . ഈ മൗനം അവനു മനനം ചെയ്യാനുള്ള ഒരു അവസരമാണ് . വായിച്ചുപോകുകയല്ല വേണ്ടത് വായനയില്‍ കൂടി കടന്നുപോകുന്നവര്‍ ആരുതന്നെയായാലും അല്‍പനേരം ക്ഷമയോടെ കാത്തു നിന്നതു ഒന്നുകൂടി വായിച്ചു തന്നെ പോകണം എന്ന നിര്‍ബന്ധം ഒരു പക്ഷെ കഥാകാരിയുടെ ഒരുവാശിയാകാം. ഈ വാശിയുടെ മുകളില്‍ നിന്നുകൊണ്ട് കഥകള്‍ രചിക്കുമ്പോള്‍ അവ നല്‍കുന്ന സ്വാദ് വായനക്കാരനെ ചിന്തിപ്പിക്കാനും കുറച്ചു നേരമെങ്കിലും ആ കഥയും കഥാപാത്രവും ആയി സംവദിക്കാനും ഉള്ള ഒരു അവസരവും ആണ് . "അരുന്ധതി കരയുന്നില്ല" എന്ന കഥാസമാഹാരത്തിലെ 12 കഥകളും ഈ അര്‍ദ്ധമൗനം ഗര്‍ഭം ധരിച്ചവയാണ് . അര്‍ദ്ധോക്തിയില്‍ നിര്‍ത്തി കഥാകാരി നടന്നു പോകുമ്പോള്‍ വായനക്കാരന്‍ അതിനാല്‍ തന്നെ പരിഭ്രാന്തനാകും .
ജീവിതത്തിന്റെ ഓരോ മുഹൂര്‍ത്തങ്ങളെയും കഥാകാരി വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നു . ദാരിദ്ര്യത്തിന്റെ ഏറ്റവും വലിയ ദോഷം എന്നത് അതു എപ്പോഴും എവിടെയും നമ്മെ പിന്‍നിരയില്‍ എത്തിക്കല്‍ എന്നതു തന്നെയാണ് . തിരക്കില്‍ എപ്പോഴും പിറകില്‍ ആയിരുന്നു ഒരു പറ്റുപടിക്കാരന്റെ സ്ഥാനം. "കടം വാങ്ങിക്കുന്നവന്റെ ഊഴം ഏറ്റവും ഒടുവിലായിരുന്നു." (ഭീമൻ നായരുടെ സത്കാരം ) എന്നു കഥാപാത്രം പറയുമ്പോള്‍ വായനക്കാരനു തോന്നുക ആ അവസാനക്കാരന്‍ താന്‍ തന്നെയല്ലേ എന്നാകും . പറ്റു പുസ്തകവുമായി പീടികക്കാരന്റെ ദയയ്ക്ക് കാത്തു നില്‍ക്കുന്ന ബാല്യം ഇല്ലാത്ത എത്രപേരുണ്ടാകും സമൂഹത്തില്‍ ?  അതുപോലെ പ്രതീക്ഷയുടെ വൈക്കോല്‍ തുമ്പില്‍ തൂങ്ങിക്കിടന്നു ജീവിതത്തെ മുന്നോട്ടു തുഴയുന്ന മനുഷ്യരുടെ ജീവിതവിഹ്വലതകള്‍ വളരെ നന്നായി പറഞ്ഞുപോകുന്ന കഥകള്‍ (കോൺസൺട്രേഷൻ ക്യാമ്പ് ,നാരായണൻ വരുന്നു , സൈനുദ്ധീന്റെ വീട് ), പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും കേവലമായ നിസ്സഹായത തുടങ്ങി ബോധ അബോധ തലങ്ങളില്‍ നമുക്ക് പ്രാപ്യമാകാതെ പോകുന്ന അവസ്ഥകളുടെ വ്യത്യസ്തമായ വായനകള്‍ ആണ് ഓരോ കഥാപാത്രങ്ങളും ജീവിതവുമായി മുന്നിലൂടെ കടന്നുപോകുകയും കാട്ടിത്തരികയും ചെയ്യുന്നത് .

ബാല്യത്തിന്റെ തീരാവേദനകളെ , ജന്മശാപങ്ങളെ അടയാളപ്പെടുത്തുന്ന 'അമ്മയുടെ ജോലി " ഒരു നൊമ്പരമുണർത്തുന്ന വായനയാണ്. അമ്മയെക്കുറിച്ചു പരാമർശം വരുന്ന ഇടങ്ങളിലെല്ലാം ആളുകളുടെ ചുണ്ടുകളുടെ കോണിൽ വിരിയുന്ന ചിരിയെ " ഇത്തരം ഒരു കള്ളച്ചിരി പലരുടെ ചുണ്ടിലും വിരിയുന്നത് അവൻ കണ്ടിട്ടുണ്ട്. അവന്നു വേണ്ടി മാത്രമുള്ള ചിരി. " എന്ന മനോഗതത്തിലൂടെ പറയുമ്പോഴും , "ചോക്കു കൊണ്ടു ചുവരിലോ തറയിലോ നിരപ്പലകയിലോ ഒരു വരപോലും വരയ്ക്കരുതെന്നു അവന്റമ്മ അവനു താക്കീത് നല്കിയിരുന്നു ." പിന്നെന്തൊരു വീട് " എന്നവൻ ആത്മഗതം ചെയ്യുന്നിടത്തും ഒരു ബാല്യത്തിന്റെ എല്ലാ വേദനകളും നിരാശകളും ഉരുണ്ടുകൂടുന്നു. അന്യമാകുന്ന മുലപ്പാൽ , കുട്ടികൾക്ക് അമ്മയോടും തിരികെയും നല്കുന്ന അപരിചിതത്വവും ജീവിത സംഘർഷങ്ങളും കുടുംബ ജീവിതങ്ങളിലെ അകർന്നു പോയ കണ്ണികളായി ഇണകൾ രണ്ടു ലോകങ്ങളിൽ ജീവിക്കുന്നതായി നടിക്കുന്നതും വളരെ നന്നായി പറഞ്ഞ ശീർഷക കഥയായിരുന്നു 'അരുന്ധതി കരയുന്നില്ല'. കഥകൾ എല്ലാം തന്നെ നല്ല നിലവാരം പുലർത്തി.
തീര്‍ച്ചയായും മലയാള സാഹിത്യരംഗത്ത്‌ പ്രത്യേകിച്ച് സ്ത്രീപക്ഷത്തുനിന്നുണ്ടാകുന്ന രചനകളില്‍ സാധാരണ സംഭവിക്കുന്ന ജീവിത മുഹൂര്‍ത്തങ്ങളുടെ വൈകാരിക തലങ്ങളും ക്ഷോഭവിക്ഷോഭങ്ങളും നമുക്കീ കഥകളില്‍ ദര്‍ശിക്കാന്‍ കഴിയില്ല . പകരം ഇരുത്തം വന്ന ഒരു എഴുത്തുകാരിയുടെ പക്വതയാര്‍ന്ന സമീപനങ്ങള്‍ ഒരു അധ്യാപികയുടെ ഭാവത്തില്‍ അതോ ഒരു ദാര്‍ ശനികയുടെ തലത്തിലോ നിന്ന് പകര്‍ന്നു തരുന്ന ജീവിത വീക്ഷണങ്ങള്‍ വായിക്കാന്‍ കഴിയുന്ന രചനാതന്ത്രം ആണ് പി. വത്സല നല്‍കുന്നത് . കേരള സാഹിത്യ അക്കാദമി അവാർഡ് (നിഴലുറങ്ങും വഴികൾ ) ജേതാവായ ഈ അധ്യാപികയുടെ രചനാശേഖരത്തിൽ ഒരുപിടി നോവലുകളും കഥകളും ജീവചരിത്രവും ബാലസാഹിത്യവും സഞ്ചാരസാഹിത്യവും അടങ്ങുന്നു.

തീർച്ചയായും വായനയെ ഉത്തേജിപ്പിക്കാന്‍ ഇത്തരം വായനകള്‍ മുതല്ക്കൂട്ടുകള്‍ ആണ് എന്ന ആഹ്ളാദത്തോടെ ആശംസകളോടെ ബി. ജി. എന്‍ വര്‍ക്കല .

2 comments:

  1. പുസ്തകപരിചയം നന്നായി.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സാര്‍ . ഒരുപാട് നാളുകള്‍ ആയി കണ്ടിട്ട് . സുഖം ആണെന്ന് കരുതുന്നു

      Delete