Monday, September 4, 2017

അമ്പലമണി................സുഗതകുമാരി

അമ്പലമണി (കവിതകള്‍)
സുഗതകുമാരി
നാഷണല്‍ ബുക് സ്ടാള്‍
വില : 12 രൂപ

"കവിയായിരുന്നു ഞാനെങ്കിലെന്‍ കദനങ്ങള്‍
കവനങ്ങളായ് മാറിയേനെ!
എന്റെ പ്രേമത്തിനു പകരമായ് കീര്‍ത്തിയും
സമ്പത്തുമുണ്ടാക്കിയേനെ,
സഖീ, നിന്റെ പേരിന തിളക്കം കിലുക്കവും
മതി , വേണ്ട മറ്റെനിക്കൊന്നും . (ലില്ലിക്കു, ഒരു കത്തിന് പകരം )
കവിതകള്‍ ജീവിതത്തെ പകര്‍ത്തുന്നത് വളരെ മനോഹരമായിട്ടാണ് . ഓരോ കവിതകളും അതിന്റെ സൌന്ദര്യം പ്രകടമാക്കുന്നത് വാക്കുകള്‍ കൊണ്ടുള്ള മായാജാലത്താല്‍ ജീവിതത്തെ അതിന്റെ സമസ്തമേഖലകളെയും ചുറ്റുപാടുകളെയും അതിഭാവസാന്ദ്രവും ദീപ്തവുമായി രേഖപ്പെടുത്തുമ്പോള്‍ ആണ് . പല കവികളും ആ സൌഭാഗ്യം വായനക്കാരന് വാരിക്കോരി നല്‍കിയിട്ടുണ്ട് . ഓരോ കവിത വായിക്കുമ്പോഴും അത് പരിചിതമായ് തോന്നുകയും അതില്‍ പറയുന്ന പരിസരങ്ങളെ ചുറ്റുപാടുകളില്‍ നിന്നും വായിച്ചെടുക്കുകയും പലപ്പോഴും ഉള്ളിലെ വിങ്ങലുകള്‍ ഒതുക്കിവച്ച് തന്നെയെങ്ങനെ കവി ഇത്ര നഗ്നമായി പകര്‍ത്തി വച്ച് എന്ന് ആശ്ചര്യം കൊള്ളുകയും ചെയ്യുന്ന അവസ്ഥ സംജാതമാക്കുവാന്‍ കഴിഞ്ഞു പോയ കാലത്തിന്റെ എഴുത്തുകാര്‍ക്ക് കഴിഞ്ഞിരുന്നു . ഇന്നത്തെ കവികള്‍ കവികള്‍ അല്ല എന്നല്ല ഈ പറയുന്നതിന് അര്‍ഥം . ഇന്നത്തെ കവികള്‍ ഈ കാലത്തിന്റെ സ്പന്ദനങ്ങളെ അടയാളപ്പെടുത്തുന്ന ദുര്‍ഗ്രാഹ്യമായ രീതികള്‍ അല്ല അന്നത്തെ വായനകള്‍ നല്‍കുന്നത് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം . കവിതകള്‍ വായിക്കപ്പെടുക ആ കാലത്ത് ആകുമ്പോള്‍ അതിനു മധുരവും ഓര്‍മ്മകള്‍ സുവ്യെക്തവും ആയിരിക്കുകയും അത് നാളെ വായിക്കുമ്പോള്‍ വായനക്കാരന്‍ ശ്വാസം മുട്ടുകയും ഇരുട്ടില്‍ തപ്പുകയും ചെയ്യേണ്ടി വരും എന്ന് ഇന്നത്തെ എഴുത്തുകാര്‍ക്ക് അറിയില്ല . അവര്‍ ഇന്നില്‍ മാത്രം ജീവിക്കുകയാണ് . ഈ നില്പ്പിനെ മാറ്റി എഴുതുവാന്‍ ശ്രമിക്കുന്ന കുറെ കവികള്‍ പക്ഷെ സോഷ്യല്‍ ഇടങ്ങളില്‍ സജീവമായി ഉണ്ട് എന്നത് ആശ്വാസം നല്‍കുന്നുണ്ട് .
ഓടക്കുഴല്‍ അവാര്‍ഡ് 82 ല്‍ നേടിയ സുഗതകുമാരിയുടെ കവിതാ സമാഹാരം ആണ് അമ്പലമണി. ദീര്‍ഘവും ഹൃസവും ലളിതവും ആയ 38 കവിതകള്‍ കൊണ്ട് സുന്ദരമായ ഒരു സമാഹാരം . വളരെ മനോഹരവും പ്രൌഡവുമായ അവതാരികയാണ് എം ലീലാവതി ഇതിനു കൊടുത്തിരിക്കുന്നത് . ഇതുവരെ വായിച്ച കവിതാസമാഹാരങ്ങളെ കവച്ചു വയ്ക്കുന്ന അവതാരിക . ഒരുപക്ഷെ വായനയുടെ പരിമിതിയില്‍ കാണാതെ പോയതാകാം മറ്റുള്ളവ. അതോ പുതിയകാല അവതാരിക എഴുത്തുകള്‍ ഹ്രസ്വവും പരിമിതമായ സമയ ദൂര പരിധികള്‍ പേറുന്നത് ആകയാലും ആകാം ഈ ദീര്‍ഘമായ അവതാരിക ഒരു സന്തോഷമായി വായിച്ചു പോകുന്നത് .
കവിതകള്‍ എല്ലാം തന്നെ വളരെ മനോഹരമായിരുന്നു . പ്രണയത്തിന്റെ ഉജ്ജ്വലനിമിഷങ്ങള്‍ പ്രദാനം ചെയ്യുന്ന "കൃഷ്ണാ നീയെന്നെയറിയില്ല" എന്ന പ്രശസ്തമായ കവിത ഈ സമാഹാരത്തിലുണ്ട് . ഇതില്‍ വായനയില്‍ ഏറ്റവും ആകര്‍ഷകമായ ഒരു കവിത "സ്ത്രീപര്‍വ്വം" ആണ് . വളരെ വ്യെത്യേസ്തമായ ഒരു പ്രതലത്തില്‍ ആണ് ആ കവിത എഴുതപ്പെട്ടിരിക്കുന്നത് . ശരിക്കും പറയുകയാണെങ്കില്‍ അതൊരു നാടകത്തിന്റെ തലം ആണ് നല്‍കുന്നത് . ജീവിത സായാഹ്നത്തില്‍ എത്തിനില്കുന്ന ഭാര്യയും ഭര്‍ത്താവും ഒരുമിച്ചൊരു യാത്രയുടെ അന്ത്യത്തില്‍ ഭാര്യ തന്റെ ഇതുവരെയുള്ള ജീവിതത്തിന്റെ നേരെ ഒരു തിരിഞ്ഞു നോട്ടം നോക്കുകയാണ് . തുടക്കത്തില്‍ തന്നെ ഭര്‍ത്താവ് അസഹ്യനായി പിന്തിരിഞ്ഞു പോകുന്നുവെങ്കിലും അവള്‍ തന്റെ ജന്മഗേഹം നോക്കി കുട്ടിക്കാലം കൌമാരം യൌവ്വനം തുടങ്ങി അവളുടെ ഇന്നത്തെ നില വരെ ഓര്‍ക്കുന്ന ബ്രിഹത്തായ ഒരു കവിത . അതില്‍ ഒരു സ്ത്രീ ജന്മം മുഴുവന്‍ അടങ്ങിയിരിക്കുന്നു . പ്രകൃതിയും ബന്ധങ്ങളും എന്ന് വേണ്ട ഒരു പൂര്‍ണ്ണ സ്ത്രീ ജീവിതത്തെ അടയാളപ്പെടുത്തിയ കവിതയാണ് അതെന്നു പറയാം .
"ആളൊഴിഞ്ഞപ്പോള്‍ , അടികൊണ്ടൊടിഞ്ഞു തന്‍
മാളത്തിലെത്തുന്ന പാമ്പുപോലെ
ചിറകറ്റുവെങ്കിലും മന്ദമിഴഞ്ഞുതന്‍
ചെറു കൂട്ടിലെത്തും പറവപോലെ
ചാകുവാന്‍... ഈ മണ്ണിലമ്മേ , തലചായ്ച്ചു
ചാകുവാന്‍ ... ഞാനുമൊടുവിലെത്തി.... (സ്ത്രീപര്‍വ്വം) എന്ന് പറയുന്നിടത്ത് അറിയാതെ കണ്ണുകളില്‍ നിന്നൊരു തുള്ളി കണ്ണുനീര്‍ പൊടിയും വായനക്കാരില്‍ എന്നത് ഒരു തിരിച്ചറിവാണ് .അതുപോലെ തന്നെ പ്രണയത്തിന്റെ പരമമായ അവസ്ഥയിലും തന്റെ ജീവിതവും കുടുംബവും ഉപേക്ഷിക്കാനോ കടമകള്‍ മറക്കാനോശ്രമിക്കാതെ മൌനം പ്രണയത്തെ ആത്മാവില്‍ ഒളിപ്പിചു ജീവിക്കുന്ന കൃഷ്ണന്‍ അറിയാത്ത ഒരു കാമിനിയെ അവതരിപ്പിക്കുന്ന കവിയുടെ രചനാവിലാസം എത്രമനോഹരമാണ് .തന്റെ കുടിലിനു മുന്നില്‍ എത്തുന്ന കണ്ണന്റെ രഥം ഒരുമാത്ര നില്‍ക്കുകയും തന്നിലേക്ക് ആ മിഴികള്‍ വന്നുവീഴുകയും ചെയ്യുമ്പോള്‍ പൂര്‍ണ്ണമാകുന്ന ആ പ്രണയംപോലെ മനോഹരമായ മറ്റൊരു കാഴ്ച വേറെയില്ലതന്നെ. തന്നെപ്പോലെ ചിന്തിക്കുന്ന ഒരുപാട്പേര്‍ ഈഭൂമിയില്‍ ഉണ്ടാകാം ഏറ്റവും കുറച്ചു ഒരാള്‍ എങ്കിലും ഉണ്ടാകാം എന്ന കവിയുടെ കണ്ടെത്തല്‍ ആണ്" സമാനഹൃദയാനിനക്കായ്പാടുന്നു"എന്ന കവിതയില്‍ കവി പങ്കുവയ്ക്കുന്നത്. സൂര്യന്റെ മകനായ ഫെയ്ത്തോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തന്റെ പിതൃത്വം തെളിയിക്കാന്‍ സൂര്യനരികില്‍ എത്തുകയും പിതാവില്‍നിന്നും ഒരുദിവസത്തെ തേര് തെളിയിക്കാന്‍ ഉള്ള അനുവാദം നേടിയെടുത്തു നാലു കുതിരകളെ പൂട്ടിയ ആ രഥവുമായി ആകാശഗംഗയില്‍ പായുകയും ചെയ്യുന്ന കഥയെ വളരെ നന്നായി  കഥ പറച്ചില്‍ കവിതയില്‍ എങ്ങനെ മനോഹരമാക്കാം എന്ന ഉദാഹരണം ആയി കവി വരച്ചിടുന്നു. ഇന്ദിരാഗാന്ധിയെ ഓര്‍മ്മിക്കുന്ന "പ്രിയദര്‍ശിനി ,നിന്നെ സ്നേഹിച്ചു ഞങ്ങള്‍ "പോലുള്ള കവിതകള്‍ തങ്ങളുടെ കാലത്തെ ജീവിതങ്ങളെ ഭാവിതലമുറയ്ക്ക് പരിചയപ്പെടുത്തുമ്പോള്‍ മിതത്വം നിറഞ്ഞ വാക്കുകളിലൂടെ എങ്ങനെ അത് അവതരിപ്പിക്കാം എന്നൊരു പാഠം കൂടി  പുതിയ കവികള്‍ക്ക് നല്‍കുകയാണ് എന്ന്  മനസിലാക്കാം .തന്റെകാലത്തിലെ രാഷ്ട്രീയ ,സാമൂഹിക ,പാരിസ്ഥിക വിഷയങ്ങളെ വളരെ തന്മയത്തോടെ കവി രേഖപ്പെടുത്തുന്നു .അതു വായനയില്‍ സുതാര്യവും ഗഹനവുമായ ഒരു ചരിത്രപഠനം കൂടിയാകുന്നു ഭാവിതലമുറയ്ക്ക് .ഒരു കവിയുടെ ജീവിതദൌത്യം പൂര്‍ണ്ണമാകുക ഇത്തരം ഇടപെടലുകളിലൂടെയാകണംഎന്നത് കവി ചൂണ്ടിക്കാണിക്കുന്നു .മരണത്തെ വെള്ള പുതപ്പിച്ചു ശാന്തിയും സമാധാനവും സൌന്ദര്യവും നല്‍കി അവതരിപ്പിക്കുന്നു  കവി .
ചെഞ്ചെല വാരിച്ചുറ്റി
ചെമ്പിച്ച മുടി പാറു-
മന്ധയാം, ബധിരയാം
കാലകന്യകയല്ല ( അമൃതം ഗമയ ) എന്ന വരികള്‍ വായിക്കുമ്പോള്‍ ആണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് അമംഗള ദര്‍ശിനിയായ്‌  , ബധിരയായി മൂകയായ്‌ അന്ധയായി നിരുപമപിംഗള കേശിനിയായി അവതരിപ്പിക്കുന്ന മരണം സുഗതകുമാരിയില്‍ എങ്ങനെ വേറിട്ട്‌ നില്‍ക്കുന്നു എന്ന് നാം മനസ്സിലാക്കുന്നത് . അമ്മവാത്സല്യം നിറയെ നിറഞ്ഞു നില്‍ക്കുന്ന കവിതകളും , അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി എഴുതിയ കവിതയും , ഒരു വൃക്ഷത്തെ ചുറ്റിപ്പറ്റി അതിന്റെ ജീവിതത്തെയും കടമകളെയും വിവരിക്കുന്ന "മരത്തിനു സ്തുതി " എന്ന കവിതയും ഒക്കെ കവി ഒരു പ്രത്യേക തലത്തില്‍ മാത്രമല്ല മറിച്ചു സമസ്ത മേഖലയിലും കാലുന്നി നില്‍കുന്ന ഒരു മഹാമേരുവാണ് എന്ന് വായനക്കാരന്‍ ഓര്‍മ്മിക്കുന്ന ഒരു അവസ്ഥ സംജാതമാക്കുന്ന വായന നല്‍കുന്നു .
ഓരോ കവിതയെക്കുറിച്ചും എഴുതുകയാണെങ്കില്‍ അത് ഒരു പുസ്തകമാക്കാന്‍ വേണ്ട വിധത്തില്‍ ഉണ്ട് എന്നതിനാല്‍ വായനക്കാരനെ വായിച്ചു വിധിയെഴുതുവാന്‍ വിടുന്നു . സന്തോഷപൂര്‍ണ്ണമായ ഒരു വായന നല്‍കിയ കവിക്ക്‌ അനുമോദനങ്ങളോടെ ബി. ജി. എന്‍ വര്‍ക്കല

No comments:

Post a Comment