ഒരു നിലാവിന്റെ വെണ്മ മുഴുവനും
മനസ്സിനുള്ളില്‍ നിറച്ചുവച്ചിന്നു ഞാന്‍
അരുമയാല്‍ നിന്‍ ചികുരഭാരത്തില്‍
മുഖമമര്‍ത്തി മയങ്ങട്ടെ തെല്ലൊന്നു.
മയങ്ങീടുമീയെന്നെയുണര്‍ത്താതെ
കടന്നുപോകുക മത്സഖീയിന്നു നീ
മറന്നീടരുതെൻ നെറ്റിയിലന്ത്യമായ്
തന്നിടാനൊരു ചുംബനം മാത്രമേ.
മധുരമായി നീ പാടിയ ഗീതികള്‍
മനസ്സിലാകെ നിറഞ്ഞു കിടക്കുമ്പോള്‍
മധുരിമേ നീ പോകുന്നതെന്നുടെ
മരണവും കൊണ്ടെന്നതോര്‍ത്തീടുക.
കനവുകളില്‍ നീ നൃത്തമാടുന്ന
കനകപാദസരത്തിന്‍ കിലുക്കമായ്
അകലുമീ നിന്‍ പാദചലനത്തെ ഞാൻ
അകതാരില്‍ കണ്ടിന്നുറങ്ങുമ്പോള്‍
തിരിഞ്ഞു നോക്കീടൊരുമാത്ര പോലുമേ
പ്രിയതമേ നീ എന്മുഖത്തേയ്ക്കപ്പോള്‍
അറിയാതെ ഞാനുണര്‍ന്നു പോയെന്നാകില്‍
ഹൃദയഭേദകം ആ നിമിഷമറിക നീ.
-------------------ബിജു ജി നാഥ് വര്‍ക്കല
നല്ല വരികള്‍
ReplyDeleteആശംസകള്‍