Sunday, September 17, 2017

മരുമരങ്ങള്‍ ........വി മുസഫര്‍ അഹമ്മദ്

മരുമരങ്ങള്‍ (യാത്രാവിവരണം)
വി മുസഫര്‍ അഹമ്മദ്
ഡി സി ബുക്സ്
വില : 250 രൂപ

യാത്രകളെ അടയാളപ്പെടുത്തുക ഭാരിച്ച ചുമതലയാണ് .കാരണം അടയാളപ്പെടുത്തുക എന്നത് ഒരു യാഥാര്‍ത്ഥ്യത്തെയാണ്‌ . അതിന്റെ നേര്‍ക്കാഴ്ചകള്‍ ആണ് . അവയെ അതേ വാസ്തവികതകളില്‍ കൂടിത്തന്നെ  അവതരിപ്പിക്കുക എന്നത് ഓര്‍മ്മകളോടുള്ള ഒരു വെല്ലുവിളി കൂടിയാണ് . സഞ്ചാരസാഹിത്യങ്ങള്‍ പലപ്പോഴും പരാജയപ്പെടുന്നത് ഇത്തരം ഓര്‍മ്മകളില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തു കേട്ടുകേള്‍വികളെ മാത്രം ആധാരമാക്കി യഥാര്‍ത്ഥ കാഴ്ചകളെ മായ്ച്ചു കളയുന്ന വിവരണങ്ങള്‍ ആകുമ്പോഴാണ്. കാടു കാണുമ്പോള്‍ കാടിനെ അറിയാന്‍ കഴിയുന്നതും , മരുഭൂമി കാണുമ്പോള്‍ അതിനെ വരയ്ക്കാന്‍ കഴിയുന്നതും ചരിത്ര നഗരങ്ങളില്‍ പൊടിയടിച്ചു സാക്ഷിയായി നില്‍ക്കുമ്പോഴും യാത്രാവിവരണം എന്നത് അതിന്റെ ധര്‍മ്മം പാലിക്കുന്നതിനു സാക്ഷിയാകുന്നു . "താഴ്വാരങ്ങളുടെ നാട്ടില്‍" എന്ന കെനിയന്‍ ഡയറി കുട്ടികളില്‍ പോലും ഒറ്റ ഇരുപ്പിന് വായിച്ചു പോകാന്‍ കഴിയുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് പുതു എഴുത്തുകാരില്‍ സഞ്ചാര സാഹിത്യം എത്രത്തോളം ഉത്തരവാദിത്വബോധം ഉള്ളതാണെന്ന് സര്‍ഗ്ഗ റോയിയിലൂടെ വായനാലോകം തിരിച്ചറിഞ്ഞതാണ് .  എസ് കെ പൊറ്റക്കാടിനെപ്പോലുള്ള പ്രതിഭകള്‍ തെളിച്ചിട്ട സഞ്ചാര സാഹിത്യ പാത കെ എ ബീനയിലൂടെ കടന്നു ഇങ്ങേതലയില്‍ സര്‍ഗ്ഗാ റോയിയില്‍ എത്തിനില്‍ക്കുമ്പോള്‍ സഞ്ചാര സാഹിത്യം വളരെ പുരോഗമിച്ചിരിക്കുന്നു എന്ന് കാണാം . പതിവായി വായിക്കുന്ന പുണ്യ ക്ഷേത്ര ദര്‍ശന കാഴ്ചകള്‍ അല്ല അവ എന്നത് സന്തോഷം നല്‍കുന്ന സംഗതിയാണ് .
            മികച്ച സഞ്ചാര സാഹിത്യ കൃതിക്ക് 2010 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ( മരുഭൂമിയുടെ ആത്മകഥ) ഒരു എഴുത്തുകാരന്‍ ആണ്  "വി മുസഫര്‍ അഹമ്മദ്." മലപ്പുറം ജില്ലയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായി പതിമൂന്നു കൊല്ലം സൌദി അറേബ്യയില്‍ ജീവിച്ച കാലഘട്ടത്തില്‍ നടത്തിയ മരുഭൂമിയിലൂടെയുള്ള യാത്രകളുടെ അനുഭവങ്ങള്‍ ആണ് "മരുമരങ്ങള്‍ "എന്ന പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നത് . വളരെ മനോഹരമായ ഭാഷയില്‍ ദുരൂഹതകള്‍ അവശേഷിപ്പിക്കാതെ ഒരു പത്രക്കാരന്റെ കണ്ണുകളിലൂടെ യാത്രയെ അവലോകനം ചെയ്യുന്ന ഈ കൃതി മരുഭൂമിയുടെ വന്യ സൗന്ദര്യം അതേപോലെ ഒപ്പിയെടുത്തു വായനക്കാരന് സമ്മാനിക്കുന്നു . ചരിത്രത്തിന്റെ ഇടനാഴിയില്‍ മനുഷ്യവംശത്തിന്റെ പലായനത്തിനും അതിജീവനത്തിനും സംസ്കാരത്തിനും അവശേഷിപ്പുകള്‍ അധികമൊന്നും നല്‍കാന്‍ കഴിഞ്ഞിട്ടില്ല . വളരെ തുശ്ചമായ അടയാളങ്ങള്‍ അവശേഷിപ്പിച്ചു മറ്റെല്ലാം അനുമാനങ്ങളിലൂടെ കണ്ടെത്താന്‍ അപേക്ഷിച്ച് അത് മറവിയില്‍ മറഞ്ഞു നില്‍ക്കുകയാണ് .
സൗദി അറേബ്യയില്‍ ജീവിച്ചു അവിടത്തെ കാഴ്ചകള്‍ അടയാളപ്പെടുത്തുമ്പോള്‍ സ്വാഭാവികമായും കടന്നു വരികയും ആവര്‍ത്തനം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു വസ്തുതയാണ് ഇസ്ലാം മതവും നബി ചരിതവും അതിന്റെ കഥഉപകഥ വിവരണങ്ങളും . പക്ഷെ മരുമരങ്ങള്‍ എന്തുകൊണ്ടോ അതില്‍ നിന്നും വ്യെത്യസ്തമായി ചരിത്രത്തിന്റെ അടയാളങ്ങളെ തിരഞ്ഞു പോകുകയാണ് ഉണ്ടായത് . തന്റെ ചുറ്റുപാടില്‍ കാണുന്ന ജീവിതങ്ങളും അവരുടെ സ്പന്ദനങ്ങളും ഒപ്പം മരുഭൂമിയുടെ ആത്മാവും മുസഫര്‍ അഹമ്മദ് തൊട്ടറിയാന്‍ ശ്രമിക്കുകയായിരുന്നു . അതിന്റെ ഫലമോ വളരെ നിഗൂഡമായ മരുഭൂമിയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍ക്ക് പോലും ഒന്ന് കാണാനും അനുഭവിക്കാനും അദമ്യമായ ആഗ്രഹം ജനിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു ഈ കൃതിയില്‍ .
ബദുക്കളുടെ ജീവിതവും കാഴ്ചപ്പാടുകളും എത്ര കൃത്യമായാണ് ഇതില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് . സ്ത്രീകള്‍ക്ക് സമത്വം ലഭിക്കാതെ ഇരുളില്‍ ഒളിപ്പിക്കുന്ന നഗര ജീവിതത്തില്‍ നിന്നും എത്രയോ അകലെയാണ് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ ബദുക്കള്‍ ജീവിക്കുന്നത് . ടാങ്കര്‍ പോലുള്ള വാഹനങ്ങള്‍ ഓടിക്കുന്നവരും , വര്‍ക്ക് ഷോപ്പ് നടത്തുന്നവരും തുടങ്ങി പൊതുജീവിതത്തിലെ എല്ലാ സ്വാതന്ത്ര്യങ്ങളും അനുഭവിക്കുന്ന ബദു സ്ത്രീകളെ സൗദി അറേബ്യയില്‍ തന്നെ കാണാനും പകര്‍ത്താനും കഴിയുമ്പോള്‍ ചരിത്രത്തെ വികലമാക്കുന്നവര്‍ക്ക് ഒരുപാട് തിരുത്താന്‍ ഇനിയും ബാക്കിയാണ് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് അത് . 450 വര്‍ഷം പഴക്കമുള്ള ചാഡ്‌ വംശജരുടെ പാലായനത്തിന്റെ അടയാളങ്ങള്‍ മാത്രമല്ല 3500 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചരിത്ര ശേഷിപ്പുകളും ഈ യാത്രയില്‍ വായനക്കാരെ കാത്തിരിക്കുന്നുണ്ട് . സൗദി അറേബ്യ എന്ന രാജ്യത്തിന്റെ പുറം കാഴ്ചകള്‍ അല്ല ഉള്‍ക്കാടുകളുടെ (മണല്‍) മാസ്മര സൌന്ദര്യമാണ് വായനക്കാരനെ ഭ്രമിപ്പിക്കുക . ബഹറിന്‍ , അബുദാബി തുടങ്ങിയ ഇടങ്ങളിലെ മണല്‍ക്കാടുകളും വിവരങ്ങളും കൂടി ഇവയില്‍ ഉള്‍പ്പെടുന്നുണ്ട് . റോഹങ്ക്യന്‍ അഭയാര്‍ഥികളെ ആന്തമാന്‍ ദ്വീപില്‍ വച്ച് കണ്ടു മുട്ടുന്നതും കര്‍ണ്ണാടകയില്‍ പക്ഷി സങ്കേതത്തില്‍ കണ്ട കാഴ്ചകളും കൂടി ഉള്‍പ്പെടുന്നുണ്ട് എങ്കിലും സിംഹഭാഗവും ഈ കൃതി പങ്കു വയ്ക്കുന്നത് സൗദി അറേബ്യന്‍ മണലാരണ്യ കാഴ്ചകള്‍ തന്നെയാണ് . പച്ചപ്പും  ഗാഫ് മരങ്ങളും ഒട്ടകങ്ങളും മാനുകളും ഒക്കെ ചേര്‍ന്ന് കേട്ട് കേള്‍വിയില്ലാത്ത ഒത്തിരി കാഴ്ചകള്‍ മരുമരങ്ങള്‍ നമ്മോടു പങ്കു വയ്ക്കുന്നുണ്ട്‌ . ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ മനസ്സിലെങ്കിലും അവിടേയ്ക്ക് ഒരു യാത്ര ആഗ്രഹിച്ചു പോകും എന്നതാണ് ഇതിന്റെ ഭാഷയുടെ ഭംഗി . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

1 comment:

  1. പരിചയപ്പെടുത്തിയത് നന്നായി
    ആശംസകള്‍

    ReplyDelete