Sunday, September 10, 2017

പൂക്കാതെ പോയ വസന്തം.................സഹര്‍ അഹമ്മദ്

പൂക്കാതെ പോയ വസന്തം (കവിതകള്‍ )
സഹര്‍ അഹമ്മദ്
ബുക്ക്‌ബെറി ഇന്ത്യ
വില:99രൂപ

 
"കലാകാരന്മാരെക്കുറിച്ച്
നിങ്ങള്‍ക്കു വല്ലതും
അറിയുവാനുണ്ടെങ്കില്‍
നിങ്ങള്‍ അവരുടെ ഭാര്യമാരോട്
ചോദിക്കണം .
അവഗണിക്കപ്പെട്ട
സ്നേഹത്തെക്കുറിച്ചാവും
അവര്‍ വാചാലരാകുക...."(എഴുത്തുകാരന്‍)

 
                     കവിതകളുടെ സമാഹാരം ആണ് "പൂക്കാതെ പോയ വസന്തം" . ചെറുതും വലുതുമായ 83 കവിതകള്‍ ആണ് ഈ വസന്തവാടിയില്‍ "സഹര്‍ അഹമ്മദ്" എന്ന യുവകവി ഒരുക്കി വച്ചിരിക്കുന്നത് . ഓണ്‍ ലൈന്‍ മീഡിയകളിലും സോഷ്യല്‍ മീഡിയയിലും ഒക്കെ സജീവമായി കവിതകളും കുറിപ്പുകളും ആയി സാന്നിധ്യം ഉറപ്പിക്കുന്ന ഈ കവിയുടെ രണ്ടാമത്തെ കവിതാസമാഹാരം ആണ് "പൂക്കാതെ പോയ വസന്തം" . ഇതിനു മുന്‍പ് "പ്രണയിതാവിന്റെ കവിതകള്‍" ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കണ്ണൂര്‍ സ്വദേശിയായ ഈ യുവാവ് ഇപ്പോള്‍ ഷാര്‍ജയില്‍ ജോലി ചെയ്യുന്നു .

             തന്റെ സമീപത്തു നടക്കുന്ന ഓരോ സംഭവങ്ങളെയും കൃത്യതയോടെ നോക്കിക്കാണുകയും പ്രതികരിക്കുകയും ചെയ്യുക എന്നതാണ് ഒരു കവിയുടെ ധര്‍മ്മമെന്നു ഒരുപക്ഷെ എല്ലാ എഴുത്തുകാരും സമ്മതിച്ചു തരികയില്ല . അവര്‍ക്ക് എപ്പോഴും പ്രിയം തങ്ങളുടെ ലോകത്ത് തങ്ങളുടെ ചിന്തകളും ആശയങ്ങളും മാത്രം പ്രചരിപ്പിച്ചും അവയിലൂടെ മാത്രം സഞ്ചരിച്ചും ഒരൊറ്റ വഴിയിലൂടെ നടക്കാനാകും. ഇത്തരത്തില്‍ എഴുത്തുകാരില്‍ സംഭവിക്കുന്ന ആശയസംവാദങ്ങള്‍ പലപ്പോഴും അതുകൊണ്ട് തന്നെ വിശാലമായ ഒരു അന്തരീക്ഷത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ വിശകലനം നടക്കപ്പെടുകയോ ഉണ്ടാകാറില്ല . ശ്രീ സഹര്‍ അഹമ്മദ് തന്റെ കവിതകളില്‍ ആദ്യാവസാനം പ്രണയം ആണ് വിഷയം ആക്കിയിരിക്കുന്നത് എന്ന് കാണാം . തന്റെ പ്രണയത്തിന്റെ നോവും പരിഭവങ്ങളും പിണക്കങ്ങളും സന്തോഷങ്ങളും കാമുകന്‍ പ്രകടിപ്പിക്കുന്ന കവിതാ ശകലങ്ങള്‍ ആണ് കൂടുതല്‍ പേജും അപഹരിച്ചിരിക്കുന്നത് . ചുരുക്കം ചില ഇടങ്ങളില്‍ കുടുംബ ബന്ധങ്ങളും പ്രവാസവും പിന്നെ ആഗോള വിഷയം എന്ന തലത്തില്‍ ഗാസയും മലാലയും കടന്നു വരുന്നു എന്നതിനപ്പുറം തന്റെ ലോകം പ്രണയത്തിന്റെമാത്രം പറുദീസയാണെന്ന് കവി ധരിച്ചിരിക്കുന്നു .

            മലാലയോട് കവി ചോദിക്കുന്നത് തനിക്ക് വെടി കൊണ്ടില്ല എങ്കില്‍ നീ അവര്‍ക്ക് വേണ്ടി സംസാരിക്കുക എന്നാണ് . നിന്നെ വെടി വച്ചവര്‍ ആണ് ശരി എന്നും അവരുടെ ഔദാര്യം ആണ് നിന്‍റെ ബാക്കി നില്‍ക്കുന്ന ജീവിതം അതിനാല്‍ സാമ്രാജ്യ ശക്തികള്‍ നിന്നെ വച്ചു കളിക്കുന്നത് നീ മനസ്സിലാക്കി അവര്‍ക്കെതിരെ  സംസാരിക്കൂ എന്നാണു "മലാല നീ ഉറക്കെ ശബ്ദിക്കുക" എന്ന കവിതയിലൂടെ കവിയുടെ ആഹ്വാനം . അതുപോലെ ഗാസയിലെ യുദ്ധഭൂമിയിലെ ദാരുണ ദൃശ്യങ്ങളെ തന്റെ ജീവിതത്തിലെ മുഹൂര്‍ത്തങ്ങളും ആയി കൊരുത്തുവച്ചു സംവദിക്കുന്ന ഒരു കവിതയാണ് "ഗാസ". അമ്മയുടെ സ്നേഹം കരുണ ഒക്കെ വരികളില്‍ നിറയ്ക്കുന്ന കവി ഇണയെ തിന്നുന്ന ചിലന്തിയില്‍ മക്കള്‍ക്ക് ആഹാരമാകുന്ന അമ്മയെ കാണാതെ പോകുന്നവരെ കണക്കിന് വിമര്‍ശിക്കുന്നുണ്ട് .  സാഹോദര്യങ്ങളുടെ  പങ്കുവയ്ക്കലിനെ കണക്കിന് കളിയാക്കുന്നുണ്ട് . പ്രണയത്തിന്റെ തീരാനോവിനെ തുടരെത്തുടരെ ഓര്‍ത്ത്‌ വിലപിക്കുന്നുണ്ട് .

             കൂട്ടത്തില്‍ വേറിട്ട്‌ നില്‍ക്കുന്ന ഒരു രചനയായിരുന്നു കണക്കുകള്‍ സൂക്ഷിക്കുന്ന ആരും കണക്കുകള്‍ ചോദിച്ചില്ലെങ്കിലും അവ സൂക്ഷിക്കുന്ന നിശബ്ദയായ വീട്ടമ്മമാരുടെ മുഖം വരച്ചു കാണിക്കുന്ന "കണക്കു പുസ്തകം" എന്ന കവിത .

“എങ്കിലും ആ ഡയറിയില്‍ അവള്‍
കുറിക്കാത്തതായി ഒന്നും ഉണ്ടായിരുന്നില്ല
അവളുടെ മരണം ഒഴികെ...(കണക്കു പുസ്തകം ) എന്ന വരികള്‍ ആ കവിതയുടെ തലത്തെ വളരെ വലിയൊരു നിശബ്ദതയില്‍ നിര്‍ത്തി വായനക്കാരനെ ചിന്തിപ്പിക്കുന്നു. "പേപ്പട്ടിയെ കുറിച്ച് ഒരക്ഷരം  മിണ്ടരുത്" എന്ന കവിതയിലൂടെ  സമകാലികമായ ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹികകാഴ്ചകളെ കവി വരച്ചിടുന്നു ശക്തമായി തന്നെ .

            ഈ കവിയുടെ കവിതകള്‍ ഒന്നും തന്നെ കവിതകള്‍ അല്ല. അവയൊക്കെയും കവിതകള്‍ക്കായി കുറിക്കപ്പെട്ട വാക്കുകള്‍ ആണ് എന്ന് പറയാന്‍ ആണ് തോന്നുന്നത് . കാരണം ഒരുപാട് ആശയങ്ങള്‍ മനസ്സില്‍ ഉള്ള ഒരു കവിയാണ്‌ ഈ പുസ്തകത്തില്‍ നിറയെ കാണാന്‍ കഴിയുന്നത്‌. അവയെ കവിതയില്‍ എങ്ങനെ കൊണ്ട് വരും എന്ന ആശങ്ക കവിയുടെ ഓരോ വരികളിലും നിറഞ്ഞു നില്‍ക്കുന്നു . ചുരുക്കം ചില കവിതകള്‍ ഒഴികെ മറ്റുള്ളവ എല്ലാം തന്നെ ഈ ബാലാരിഷ്ടതകള്‍ പേറുന്ന വരികള്‍ ആണ് . നല്ല പരന്ന വായനയും ക്ഷമയും ഉണ്ട് എങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരുപാട് കവിതകള്‍ക്ക് ജന്മം നല്‍കാന്‍ കഴിയുന്ന ചിന്താശക്തി ഈ കവിയില്‍ വായിക്കാന്‍ കഴിയുന്നുണ്ട്.

               സോഷ്യല്‍ മീഡിയക്ക് വേണ്ടിയുള്ള എഴുത്തുകള്‍ ആയി ഇവ പരിമിതപ്പെടുന്നതാകാം ഇത്തരം ഒരു പോരായ്മ അതില്‍ സംഭവിക്കാന്‍ കാരണമായി തോന്നുന്നത്. ഈ അടുത്തകാലത്ത് ഇറങ്ങിയ എല്ലാ പുസ്തകങ്ങളും പേറുന്ന ഒരു കഷ്ടത ആണ് അക്ഷരത്തെറ്റുകള്‍. അവ ഒരു സാര്‍വ്വലോകിക വിഷയമായി എടുക്കുകയും പല വലിയ എഴുത്തുകാരും ഇന്ന് അക്ഷരത്തെറ്റുകള്‍ വലിയ ഒരു വിഷയമല്ല എന്ന നിലപാടിലേക്ക് വരികയും ചെയ്യുന്ന ദയനീയതയും മലയാളം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട് . ഒരു നല്ല എഡിറ്റര്‍ ഇല്ലാത്ത ബുദ്ധിമുട്ട് ഓരോ പ്രസിദ്ധീകരണക്കമ്പനികളും അഭിമുഖീകരിക്കുന്നു . ഇവിടെ ഈ കവിതാ സമാഹാരവും അത്തരം ഒരു അവസ്ഥയില്‍ കൂടി കടന്നു പോകുന്നതാണ് . എന്തുകൊണ്ടോ ആരും അക്ഷരങ്ങളെ ആദരിക്കുവാനൊ അതിനെ അര്‍ഹിക്കുന്ന ഗൌരവത്തോടെ കാണാനോ ശ്രമിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഉള്ളില്‍ പേറിക്കൊണ്ടു വായന മുഴുമിപ്പിക്കുന്നു .

                 കൂടുതല്‍ പരന്ന വായനയും , ക്ഷമയോട് കൂടിയുള്ള എഴുത്തും ഭാവിയുടെ സാഹിത്യനഭസ്സില്‍ ഒരു കവിയെ അടയാളപ്പെടുത്താന്‍ സഹായിച്ചേക്കും എന്ന ശുഭ പ്രതീക്ഷയോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment