Monday, September 11, 2017

പ്രെയ്സ് ദി ലോഡ് ......... സക്കറിയ

പ്രെയിസ് ദി ലോര്‍ഡ്‌ (നോവല്‍)
സക്കറിയ
ഡി സി ബുക്സ്
വില : 20 രൂപ


              മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാര്‍ മാത്രമാണ് ധിഷണാപരമായ നിലപാടുകളിലൂടെ എപ്പോഴും സമൂഹത്തില്‍ തലയുയര്‍ത്തി നിന്നിട്ടുള്ളൂ. സക്കറിയ അതില്‍ ഒരാള്‍ ആണ് . നിലപാടുകള്‍ വ്യക്തമായ് പ്രദര്‍ശിപ്പിക്കുകയും ഒഴുക്കില്‍ പെട്ടുപോകുകയും ചെയ്യാന്‍ വിസമ്മതിക്കുന്ന ചുരുക്കം പേരില്‍ ഒരാള്‍ . സക്കറിയയെ പരിചയപ്പെടുത്തേണ്ട കാര്യമില്ല മലയാളി വായനക്കാര്‍ക്ക് എന്നതിനാല്‍ ആ ഒരു സാഹസത്തിലേക്ക് കടക്കുന്നുമില്ല. നോവല്‍ സാഹിത്യത്തില്‍ ദീര്‍ഘവും ഹൃസ്വവും ആയ അനവധി സംഭാവനകള്‍ ഇന്നേവരെ ലഭ്യമാണ് മലയാളത്തില്‍ . ആശയപരമായ , ശൈലീപരമായ , വിഷയാവതരണസംബന്ധിയായ പല കാരണങ്ങള്‍ കൊണ്ട് അവ സ്വീകരിക്കുകയും തള്ളപ്പെടുകയും ചെയ്തിട്ടുമുണ്ട് . പലപ്പോഴും പുതിയകാല എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന വിഷയമാണ് താന്‍ എന്തിനെക്കുറിച്ച് എഴുതണം എന്നത് . അവരില്‍ വായന എന്നത് വെറും കാട്ടിക്കൂട്ടലുകള്‍ ആകുന്നു. സമയമില്ലായ്മ എന്ന ഒഴിവുകഴിവുകളില്‍ അവര്‍ വായനയെ കുഴിച്ചുമൂടുകയും നിരന്തരം അവരുടെ അക്ഷരങ്ങളെ ആരും വായിക്കുന്നില്ല എന്ന് പരിഭവപ്പെടുകയും വായന മരിച്ചു എന്ന് നിലവിളിക്കുകയും ചെയ്യുന്നുണ്ട് .

          “പ്രെയിസ് ദി ലോര്‍ഡ്‌” എന്നത് “സക്കറിയ”യുടെ ഒരു കുഞ്ഞു നോവല്‍ ആണ് . ഈ നോവലിന്റെ പരിസരം റബ്ബര്‍ മണമുള്ള മധ്യകേരളത്തിന്റെ ഏതോ ഉള്‍നാടന്‍ പ്രദേശമാണ് . ഇതിലെ കഥാപാത്രങ്ങള്‍ പുറംലോകത്തിന്റെ മോഡികളോ കാപട്യങ്ങളോ ഉള്ളവര്‍ അല്ല . മനുഷ്യരുടെ പച്ചയായ വികാരവിചാരങ്ങളെ അതേപടി നോവലിസ്റ്റ് ഇവിടെ പകര്‍ത്തി വച്ചിരിക്കുന്നു . ഈ നോവല്‍ വെറും രണ്ടു ദിവസത്തെ സംഭവങ്ങള്‍ കൊണ്ട് നിറഞ്ഞവയാണ് . സംഭവബഹുലമായ രണ്ടു ദിവസങ്ങള്‍ ഒരു കുടുംബത്തില്‍ നടക്കുന്നതിനെ വളരെ സരസമായി പറയുന്ന ഈ നോവല്‍ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കാന്‍ തോന്നിക്കുന്ന അത്ര ലളിതവും മനോഹരവുമായി പറഞ്ഞിരിക്കുന്നു . വിരസതയില്ലാത്ത വായന നല്‍കുന്ന കഥയാണ് നോവലിന്റെത് . ഭാര്യയും കുട്ടികളുമായി അലസം സുഭിക്ഷം സമാധാനത്തോടെ കഴിയുന്ന നായകന്‍ തന്റെ കൂട്ടുകാരന്റെ വരവോടെ മനസ്സമാധാനം നഷ്ടപ്പെടുന്നതാണ് തുടക്കം .  കളിക്കൂട്ടുകാരനായ വക്കീല്‍ സ്നേഹിതന്‍ ഒരു ദിവസം വരുന്നത് ഒരു ആവശ്യവുമായാണ് . ഡല്‍ഹിയില്‍ നിന്നൊരു പ്രണയജോഡി വരുന്നു ഒന്ന് രണ്ടു ദിവസത്തേക്ക് അവരെ ഒളിവില്‍ താമസിപ്പിക്കണം . ഒരുപാട് സാഹസത്തിലൂടെ അവിടെ നിന്നും നാട്ടില്‍ എത്തിയ അവര്‍ ഏതെങ്കിലും ധ്യാനകേന്ദ്രത്തില്‍ വച്ചു വേണം വിവാഹം കഴിക്കാന്‍ എന്ന വാശിയില്‍ ആണ് നാട്ടില്‍ എത്തിയിരിക്കുന്നത് .അവളാകട്ടെ ഒരു പടി കൂടി മുന്നില്‍ വന്നിട്ട് ലിവിംഗ് ടുഗതര്‍ മതി എന്ന നിലപാടിലാണ്.  രണ്ടുപേരും കൃസ്ത്യാനികള്‍ ആണെങ്കിലും രണ്ടു തട്ടിലുള്ളതായതിനാല്‍ വീട്ടുകാരുടെ സമ്മതം ഇല്ല.

              ജീവിതത്തില്‍ ഇതുവരെ സിനിമയിലും കഥകളിലും മാത്രം കേട്ടും കണ്ടും പരിചയമുള്ള പ്രണയജോഡികളെ നേരില്‍ കാണാന്‍ കഴിയുന്ന ത്രില്ലില്‍ അയാള്‍ കൂട്ടുകാരനോട് സമ്മതം മൂളുന്നു താമസിപ്പിക്കാന്‍ . അവരെ തേടിനടക്കുന്ന ഗുണ്ടകളെ നേരിടാന്‍ തോക്കുപയോഗിക്കാന്‍ അറിയില്ലെങ്കിലും അതു എടുത്ത് ചൂണ്ടാം എന്ന ആത്മവിശ്വാസത്തോടെ കൂട്ടുകാരനോട് അവരെ കൊണ്ടുവരാന്‍ പറയുന്നു . അവരെത്തി. അവരുടെ പ്രണയഭാവങ്ങളും രീതികളും കൌതുകത്തോടെ നോക്കിക്കാണുന്ന അയാളും ഭാര്യയും വളരെ നിര്‍മലമായ ഒരു കാഴ്ചയാണ് വായനക്കാരില്‍ ഉണ്ടാക്കുക. അവരെ ഒന്നിച്ചുറങ്ങാന്‍ വിട്ടെങ്കിലും ആകാംഷയോടെ അയാള്‍ രാത്രിയില്‍ അവരെ പോയി നോക്കുകയും തിരിഞ്ഞു കിടന്നുറങ്ങുന്ന അവരെ കണ്ടു അയാള്‍ ആശ്വാസത്തോടെ തിരികെ വരികയും ചെയ്യുന്നുണ്ട്.. രാത്രിയില്‍ അവരെ തേടി ഗുണ്ടകളും കാമുകന്റെ രക്ഷിതാക്കളും വരുമ്പോള്‍ അയാള്‍ അവരെ രണ്ടുപേരെയും വിളിച്ചുണര്‍ത്തുന്നതും അവളുടെ ലോലവസ്ത്രങ്ങള്‍ക്കുള്ളില്‍ നഗ്നത കണ്ടു വെളിച്ചം അണച്ച് അയാള്‍ പതറുന്നതും  തട്ടിന്മുകളില്‍ കയറ്റുന്നതും ആ സമയം ആ പെണ്‍കുട്ടിയെ എടുത്തുയര്‍ത്താന്‍ കഴിയുന്ന സുഖം അയാള്‍ ആസ്വദിക്കുന്നതും വളരെ രസാവഹമായ അവസ്ഥകള്‍ ആയി വായിച്ചുപോകാന്‍ കഴിയും. ഇതിനു കാരണമായി അയാള്‍ ആത്മഗതം ചെയ്യുന്നത് തന്റെ ഭാര്യയെ ഇത്ര കാലം കഴിഞ്ഞിട്ടും പകല്‍ വെളിച്ചത്തില്‍ നഗ്നത കാണണോ ഭോഗിക്കാനോ അവള്‍ അനുവദിക്കുകയോ കഴിയുകയോ ചെയ്തിട്ടില്ല എന്നാണു .  ഗുണ്ടകളും ആയി വന്നിറങ്ങിയ അവരോടു സംസാരിച്ചു നില്‍ക്കാന്‍ പ്രതിരോധിക്കാന്‍ പാടുപെടുന്ന അയാളെ അത്ഭുതപ്പെടുത്തി അയാളുടെ ഭാര്യ അവരേ നേരിടുന്നത് ശരിക്കും ശ്രദ്ധേയമായ ഒരു സംഗതി ആണ് . ഒടുവില്‍ അവര്‍ തിരച്ചില്‍ നടത്താതെ തിരികെ പോകുന്നു . പിറ്റേന്ന് രാവിലെ അവരെ തിരികെ കൂട്ടുകാരന്‍ കൂട്ടിക്കൊണ്ടു വാഗമണില്‍ മറ്റൊരു ധ്യാനകേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു . പിന്നീട് കടുത്ത മതബോധത്തില്‍ നിന്നുകൊണ്ട് കാമുകന്‍ കാമുകിയെ വിട്ടു വീട്ടുകാരോട് ചേര്‍ന്ന് എന്ന അറിവില്‍ നോവല്‍ അവസാനിക്കുന്നു .

              ഗ്രാമീണ സംഭാക്ഷണങ്ങളും പരിസരങ്ങളും ഒക്കെ ചേര്‍ന്ന് വളരെ നല്ലൊരു നോവല്‍ ആയിരുന്നു സക്കറിയ നല്‍കിയത് . മനുഷ്യ ബന്ധങ്ങളുടെ , മതത്തിന്റെ ഒക്കെ ജീവിതത്തോടുള്ള ഇടപെടലുകളും സാമൂഹ്യ പരിസരങ്ങളും അടയാളപ്പെടുത്താന്‍ സക്കറിയക്ക് കഴിഞ്ഞിരിക്കുന്നു ഈ നോവലില്‍ . തൊണ്ണൂറു കാലഘട്ടത്തില്‍ ഇരുന്നുകൊണ്ട് ലിവിംഗ് ടുഗതര്‍ എന്ന ചിന്തയെ മുന്നിലേക്ക് കൊണ്ട് വരാന്‍ കഴിഞ്ഞ ദീര്‍ഘ വീക്ഷണവും മതം എക്കാലവും എല്ലാ പ്രായത്തിലും മനുഷ്യനെ എത്ര ദുര്‍ബ്ബലന്‍ ആക്കുന്നു ബന്ധങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും അതില്‍ നില്‍ക്കാന്‍ ശ്രമിക്കുമ്പോഴും എന്നതുമൊക്കെ വളരെ ആഴത്തില്‍ വായനക്കാരനെ എഴുത്തുകാരുടെ ചിന്ത കാലദേശങ്ങളില്‍ ഒതുങ്ങുന്നതല്ല എന്ന ധാരണയില്‍ എത്തിക്കാന്‍ സാധിക്കും.

ആശംസകളോടെ ബി. ജി. എന്‍ വര്‍ക്കല

No comments:

Post a Comment