നീലക്കുറിഞ്ഞികള്‍ ചുവക്കും നേരം (നോവല്‍)
സാറാതോമസ്
ഡി സി ബുക്സ്
വില : 28 രൂപ
കാല്പനികതയുടെ നക്ഷത്രസമൂഹങ്ങളെ യാഥാര്‍ത്ഥ്യങ്ങളുടെ വര്‍ണ്ണ നൂലില്‍ കൊരുത്തിട്ടു വായനക്കാരനെ ആലക്തികകളുടെ നിലാവെളിച്ചത്തില്‍ എത്തിക്കാന്‍ കഴിയുന്ന എഴുത്തുകാര്‍ വായനക്കാരന്റെ സൗഭാഗ്യം ആണ് . എഴുത്തും എഴുത്തുകാരനും മനസ്സിലേക്ക് നടന്നു കയറുന്നത് അപ്പോഴാണ് . സങ്കീര്‍ത്തനം പോലെ എന്നൊരു നോവലിലൂടെ പെരുമ്പടവം നടന്നുകയറിയതും ആ ഒരു സൌന്ദര്യ സങ്കല്‍പ്പത്തിന്റെ ഉദാഹരണം ആയി കാണാം . പലപ്പോഴും നമുക്ക് ചുറ്റുമുള്ള എഴുത്തുകാര്‍ എഴുതുക എന്തെങ്കിലും ആകാന്‍ വേണ്ടി മാത്രമാണ്. അവാര്‍ഡ് ലഭിക്കണം . പ്രശസ്തി ലഭിക്കണം , തുടങ്ങിയ ചിന്തകള്‍ക്ക് മേല്‍ കയറിയിരുന്നു തട്ടിക്കൂട്ടുന്ന കുറച്ചു ലേഖനങ്ങള്‍ മാത്രമാകുന്നു ഇന്നത്തെ നോവല്‍മേഖല എന്ന സംശയം തോന്നുന്നു . പലപ്പോഴും നോവലുകളെ പൈങ്കിളിവത്കരണ മേഖലകളില്‍ കൊണ്ട് പോയി എരിവും പുളിയും ചേര്‍ത്തു വിളമ്പുന്ന അവസ്ഥ കണ്ടു വരുന്നുണ്ട് . ഒരുകാലത്ത് പൈങ്കിളി വാരികകളെ അകറ്റി നിര്‍ത്തിയവരും ആക്ഷേപിച്ചവരും ഇന്നതിനെ സ്വീകരിക്കുന്നതിന്റെ തെളിവാണ് ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവിന്റെ തുടര്‍നോവല്‍ മനോരമ ആഴ്ചപ്പതിപ്പില്‍ വരുന്നത് എന്ന് കരുതാം . നോവല്‍ എന്ത് തലം ആണ് സ്വീകരിക്കുന്നതെങ്കിലും അതു വായനക്കാരില്‍ എത്തുന്ന രീതി ആണ് വിമര്‍ശിക്കപ്പെടുന്നത് എന്ന കാഴ്ചപ്പാട് ഒരുപക്ഷെ ഇനി മാറി മറിഞ്ഞേക്കാം.
“സാറാ തോമസ്|” മലയാളികള്‍ക്ക് സുപരിചിതയാണ് . “നാര്‍മടിപ്പുടവ” എന്ന നോവലിന് 1979 ലെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ച ഈ എഴുത്തുകാരിയുടെ ലഘുനോവല്‍ ആണ് “നീലക്കുറിഞ്ഞികള്‍ ചുവക്കും നേരം.” 1995ല്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവല്‍ പതിനൊന്നു അദ്ധ്യായങ്ങള്‍ ഉള്ള വായന നല്‍കുന്നു . ഭാഷയുടെ മധുരവും ഭ്രമചിന്തകളുടെ സൗന്ദര്യവും അത്ഭുതവും കൊണ്ട് നല്ല രീതിയില്‍ പറഞ്ഞു പോകുന്ന ഒരു നോവല്‍ ആണ് ഇതെന്ന് ഒറ്റ വാക്കില്‍ പറയാം .
എഴുത്തുകാരന്‍ അല്ലാത്ത ഫോട്ടോഗ്രാഫി തൊഴിലായി സ്വീകരിച്ച ദേവദത്തന്‍ എന്ന ചെറുപ്പക്കാരന്‍ . അമ്മ മരിച്ചു പോകുകയും അച്ഛന്‍ വാനപ്രസ്ഥത്തില്‍ പ്രവേശിക്കുകയും തദ്വാരാ ഏകാന്തതയില്‍ പെട്ടുപോകുകയും ചെയ്യുന്ന ഈ ചെറുപ്പക്കാരന്‍ ഒരു ഫീച്ചര്‍ ചെയ്യാന്‍ വേണ്ടി വനത്തിനുള്ളിലെ ഒരു ഗുഹാനിരകളുടെ ചരിത്രം അന്വേഷിച്ചുകൊണ്ടുള്ള ഒരു ഫോട്ടോ ഷൂട്ടിനു പോകുകയും തിരിച്ചു വരുമ്പോള്‍ ഉണ്ടാകുന്ന ഒരപകടത്തില്‍പെട്ടു അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ആകുകയും ചെയ്യുന്നു . അയാളെ ആശുപത്രിയില്‍ എത്തിക്കുന്നതും കൂടെയിരുന്നു ശുശ്രൂക്ഷിക്കുന്നതും അയാളെ പോലെ അനാഥയായ അയാള്‍ വന്ന അതെ ലക്ഷ്യത്തോടെ വന്നതുമായ ഒരു ജേര്‍ണലിസ്റ്റ് നീലിമ ആണ് . ആശുപത്രി കിടക്കയില്‍ നിന്നും ദേവദത്തന്‍ പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും അയാളുടെ ബോധതലത്തില്‍ എവിടെയോ അദൃശ്യമായ ഒരു ചങ്ങലക്കൊളുത്തു വീഴുകയും അയാള്‍ തനിക്കു തന്നെ അജ്ഞാതമായ എന്തോ പറഞ്ഞു തുടങ്ങുകയും ചെയ്യുന്നു . നീലിമ അവയെ പേപ്പറിലേക്ക് പകര്‍ത്താന്‍ ആവശ്യപ്പെടുന്നു . ഇതിനെ തുടര്‍ന്നയാള്‍ തന്റെ ചിന്തകളെ പകര്‍ത്താന്‍ തുടങ്ങുകയും അങ്ങനെ നീലക്കുറിഞ്ഞികള്‍ ചുവക്കും നേരം എന്ന പേരില്‍ ഒരു നോവല്‍ ആയി അതു പരിണമിക്കുകയും ചെയ്യുന്നു . നീലിമയാണ് അതു പബ്ലീഷ് ചെയ്യാനും മറ്റും മുന്‍കൈ എടുക്കുന്നത് . അങ്ങനെ ആ നോവല്‍ സാഹിത്യ അക്കാഡമി അവാര്‍ഡ് നേടുന്നു . അവാര്‍ഡിന് ശേഷം അയാളെ തേടി ഒരു സന്ദര്‍ശകന്‍ വരുന്നു . അയാള്‍ ഈ നോവല്‍ ഹരി ഗോവിന്ദന്‍റെതു ആണെന്ന് അവകാശപ്പെടുന്നു . താനാണു ആ നോവല്‍ എഴുതിയ ഡയറി അഗ്നിയില്‍ എരിച്ചത് എന്നും ഹരിഗോവിന്ദന്‍ ഇന്ന് ജീവിച്ചിരിക്കുന്നില്ല എന്നും പറയുന്നു . ദേവദത്തന്‍ അയാളെ പറഞ്ഞു വിടുകയും ഇത് തന്റെ മാത്രം കൃതിയാണ് എന്ന് പറയുകയും ചെയ്യുന്നു . വീണ്ടും അയാള്‍ വരുന്നു അന്ന് അയാള്‍ കാണുന്നത് നീലിമയെ ആണ് ,. അവളോടയാള്‍ ഇത് തന്നെ ആവര്‍ത്തിക്കുന്നു . ഹരിഗോവിന്ദന്‍ എന്ന വിപ്ലവകാരിയായ ബ്രാഹ്മണയുവാവിനെയും അയാളെ പരിചയപ്പെട്ടതും ഒളിവില്‍ കഴിഞ്ഞ കാലവും അയാള്‍ ഈ നോവല്‍ എഴുതുന്ന കാഴ്ചയും ഹരിയെ പോലീസ് പിടിക്കാന്‍ വരുന്ന സന്ദര്‍ഭത്തില്‍ ആ ഡയറി തീയില്‍ എരിച്ചു കളയുന്നതും വിവരിക്കുന്നു .
ഇതിനെ തുടര്‍ന്ന് ദേവദത്തനും നീലിമയും ആ ഇല്ലം തിരഞ്ഞു പോകുന്നതും അവിടെ വച്ചു ഇതൊക്കെ സത്യമാണെന്ന് അറിയുന്നതും ആ ഇല്ലത്തു വച്ചു തന്നെ നീലിമയെ അയാള്‍ ഗാന്ധര്‍വവിവാഹം കഴിക്കുകയും അവര്‍ തമ്മില്‍ ശാരീരിക ബന്ധം ഉണ്ടാവുകയും ചെയ്യുന്നു . പിറ്റേന്ന് പ്രഭാതത്തില്‍അവര്‍ തിരികെ പോകുമ്പോള്‍ ദേവദത്തന്‍ ഹരിഗോവിന്ദന്‍റെ കാമുകിയുടെ ഇല്ലത്തേക്ക് പോകണം എന്ന് വാശിപിടിക്കുകയും അവിടേക്ക് പോവുകയും ചെയ്യുന്നു . അവിടെ വച്ചു മരിച്ചു പോയ ആ കാമുകിയുടെ ഛായാചിത്രത്തിനു മുന്നില്‍ ആ നോവല്‍ കോപ്പി സമര്‍പ്പിച്ചു തിരികെ വരുന്നു . അതെ സമയത്ത് തന്നെ നീലിമയ്ക്കും സ്വപ്നത്തിലെന്ന വണ്ണം ചില സാഹചര്യങ്ങളും കാഴ്ചകളും ഉണ്ടാകുന്നു. ദൌത്യം പൂര്‍ണ്ണമായി എന്ന ബോധത്തോടെ അവര്‍ രണ്ടും തങ്ങളുടെ മധുവിധുവിനായി യാത്ര തിരിക്കുന്നു .
മരിച്ചു പോയ ഹരിഗോവിന്ദന്‍ , താന്‍ തന്‍റെ കാമുകിക്ക് നല്‍കാന്‍ വേണ്ടി എഴുതിയ ആ ഡയറി ദേവദത്തനിലൂടെ പുനര്‍ സൃഷ്ടിച്ചു അവളുടെ മുന്നില്‍ എത്തിക്കുന്നു എന്നതാണ് കഥാസാരം. എഴുത്തുകാരന്‍ എഴുത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന കാഴ്ച പെരുമ്പടവം കാണിച്ചു തന്നത് വായനക്കാര്‍ മറന്നിട്ടുണ്ടാകില്ല.കഥയും കഥാപാത്രങ്ങളും മുന്നില്‍ വന്നു നിന്ന് അവരുടെ ചിന്തകളും കാലവും ദേശവും വ്യെക്തമാക്കുന്ന ആ രീതി പക്ഷെ സാറാ തോമസിന് വശമില്ല എന്ന് മനസ്സിലാക്കാം . കാരണം പലപ്പോഴും വായനക്കാരെ പടിക്ക് പുറത്തു നിര്‍ത്തി എഴുത്തുകാരന്‍ മാത്രം കാഴ്ചകള്‍ കാണുകയും അതു വായനക്കാരന് വിശദീകരിച്ചു കൊടുക്കുകയും ചെയ്യുന്നതിനാല്‍ തന്നെ വായനക്കാരന് മുഷിവു തോന്നുക സ്വാഭാവികം. കൂടെ നടത്താന്‍ ശ്രമിക്കാത്ത എഴുത്തുകാരന്‍ പകരം തന്റെ കാഴ്ചകളെ കണ്ടു തൃപ്തിയടയാന്‍ വായനക്കാരോടു പറയുന്നു . ഫലത്തില്‍ ഒരു കൃത്രിമമായ ധൃതി എഴുത്തുകാരന്‍ സ്വീകരിച്ചിരിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു . ആ ഒരു പോരായ്മ മാറ്റി വച്ചാല്‍ നോവല്‍ നല്ല നിലവാരം പുലര്‍ത്തി എന്ന് കാണാം . കാലികമായ സ്ത്രീ മനസ്സിന്റെ സ്വാതന്ത്ര്യവാഞ്ചയും നിശ്ചയസ്ഥിരതയും കഥാപാത്രങ്ങള്‍ നിലനിര്‍ത്തുന്നു . പുരുഷകേന്ദ്രീകൃതമായ ഒരു കാലപരിധിയോ നിലപാടുകളോ അല്ല മറിച്ചു സമത്വവും സുവ്യക്തവുമായ കാഴ്ചപ്പാടുകളും ആണ് കഥാപാത്രങ്ങള്‍ പങ്കു വയ്ക്കുന്നത് .
ആശംസകളോടെ ബി.ജി. എന്‍ വര്‍ക്കല
ആശംസകള്‍
ReplyDelete