Friday, August 2, 2013

ജീവിതം കൊണ്ട് മുറിവേറ്റവര്‍


അനാഥവും അസന്തുലിതവുമായ ഒരു അവസ്ഥ !
അതിന്റെ ബഹിര്‍സ്ഫുരണമെന്നോണം നിശ്ചലമായി കിടക്കുന്ന പ്രകൃതി .
മനസ്സില്‍ വേദനയുടെ പടഹമൊരുക്കുന്ന ഓര്‍മ്മകളുടെ കിലുകിലാരവത്തില്‍ സ്വയം മുങ്ങി പൊങ്ങവേ രമേഷിന്റെ ഹൃദയാന്തര്‍ ഭാഗത്ത്‌ ഒരു ചെറിയ ചോരച്ചാല് ഉറവ എടുക്കുന്നത് അനുഭവിച്ഛറിയാനായി .
തന്റെ സ്വപ്നങ്ങളുടെ ചിതയിലൂടെ , കനലുകളെ ഞെരിച്ചു കൊണ്ട് മെല്ലെ ഒഴുകിയിറങ്ങുന്ന ആ നിണച്ചാലിലേക്ക് ഒന്ന് പാളി നോക്കാന്‍ വൃഥാ ഞാന്‍ ശ്രമിച്ചു നോക്കി .
ഉത്തരം കണ്ടെത്താന്‍ ശ്രമിക്കും തോറും ദുരൂഹമായി തീരുന്ന ഒരു സമസ്യയായി രമേശ്‌ എന്റെ മുന്നില്‍ നിന്നു .
പിടികിട്ടാത്ത ഒരു ചോദ്യമായി എന്റെ മുന്നില്‍ അവശേഷിക്കുന്ന രമേഷിനെ ഞാനേതു കാഴ്ചപ്പാടിലാണ് അവതരിപ്പിക്കേണ്ടത് .
കൌമാരത്തിന്റെ പടര്‍പ്പുകളില്‍ യൌവ്വനത്തെയും , അതിന്റെ തീക്ഷ്ണ മോഹങ്ങളെയും തള്ളിയെറിഞ്ഞു കൊണ്ട്, പകപ്പിക്കുന്ന ജീവിത യാഥാര്‍ത്ഥ്യത്തിലേക്ക് കടന്നു വന്ന ഒരാളായോ? അതോ ,സ്നേഹബന്ധങ്ങളുടെ അറിയാത്ത ഇരുള്‍പ്പാടുകളിലേക്ക് ഒരു തിരി വെളിച്ചവുമായി കടന്നു ചെന്ന് ഒടുവില്‍ കരിന്തിരി കത്തുന്ന ഭഗ്നമോഹങ്ങളുമായി പടിയിറങ്ങി വരുന്ന ഹതാശയനേയോ ?
അതുമല്ലെങ്കില്‍ ഒക്കെയും നഷ്ടപ്പെട്ട് , ഒരു ജന്മത്തിന്റെ മുഴുവന്‍ ശാപവും തലയിലെറി അലയാന്‍ വിധിക്കപ്പെട്ട ഒരു ഭ്രാന്താനായോ ?
എങ്ങനെയാണ് ഞാന്‍ രമേഷിനെ അവതരിപ്പിക്കേണ്ടത് ?
ഇല്ല കഴിയുന്നില്ല . എനിക്ക് ആ അവസ്ഥയിലേക്ക് നടന്നു ചെല്ലാന്‍ , സങ്കല്പ്പിക്കാന്‍  കൂടി കഴിയുന്നില്ലല്ലോ .
സ്കൂള്‍ കലാലയ ജീവിതത്തിന്റെ മോഹന വാഗ്ദാനങ്ങളില്‍ കുരുങ്ങി വീഴാതെ ബിരുദത്തിന്‍റെ  ഭാണ്ടവുമായി രമേഷ്  നഗരത്തിലേക്ക് ഇറങ്ങിയത്‌ അസംഖ്യം തൊഴില്‍ തെണ്ടികളുടെ പിന്തുടര്‍ച്ചക്കാരന്‍ ആയാണ് . മനുഷ്യത്വം മരവിച്ചിട്ടില്ല എന്ന് അവന്‍ വിശ്വസിച്ച ആ സമൂഹത്തിലെവിടെയോ ഒരു മൂലയ്ല്‍ തന്റെ ഭാഗ്യം തന്നെ കാത്തിരിപ്പുണ്ട്‌ എന്ന പ്രതീക്ഷയില്‍ ആണ് അവന്‍ മുന്നോട്ടു നീങ്ങിയത് .
തളര്‍ന്നുകിടക്കുന്ന പിതാവിന്റെ ചലന ശേഷിയും  , കുഞ്ഞു പെങ്ങളുടെ മംഗല്യവും കഴിഞ്ഞാല്‍ പിന്നെയൊരു മോഹവും തന്റെ ജീവിതത്തിലില്ല എന്ന് രമേഷിന്റെ മാനസികാവസ്ഥക്ക് , ഒരു ജന്മത്തോടുള്ള അടങ്ങാത്ത ക്രൌര്യവും കൂട്ടായിരുന്നെങ്കില്‍ അത് അവന്റെ കുഴപ്പം അല്ലായിരുന്നു .
അസംഖ്യം തെരുവിന്റെ മക്കളില്‍ ഒരാളായി , അഴുക്കു ചാലുകളില്‍ സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ട മിഴികളുമായി , ചതഞ്ഞ ശവംനാറിപൂവ് പോലെ ഇന്ന് രമേഷ് തിരക്കുകള്‍ക്കിടയില്‍ നിങ്ങളെ അസഹ്യപ്പെടുത്തികൊണ്ട് കടന്നു പോകുന്നുവെങ്കില്‍ , നിങ്ങള്‍ അറിയുക. നിങ്ങളെ പോലെ ,ഒരു പക്ഷെ നിങ്ങളിലും അധികം ജീവിതത്തെ സ്നേഹിച്ച ഒരു മനുഷ്യന്‍ ആണ് ആ പോകുന്നത് .
ഒരു നോട്ടം കൊണ്ട് പോലും നോവിക്കാതെ വിടുക , കാരണം ജീവിതം കൊണ്ട് മുറിവേറ്റവന്‍ ആണത് . അവന്റെ ഒരു വാക്ക് പോലും നിങ്ങളെ കീറി മുറിച്ചേക്കും .
----------------------ബി ജി എന്‍ വര്‍ക്കല ----------------

2 comments:

  1. എന്റെ യുവത്വകാലത്ത് ഇങ്ങനെ പലരെ കണ്ടിട്ടുണ്ട്
    ഇപ്പോള്‍ അത്രയധികം ഇല്ലെന്ന് മനസ്സിലാക്കുന്നു. ശരിയാണോ?

    ReplyDelete
    Replies
    1. ഞാനും ആ കാലത്തെ കാഴ്ചകള്‍ക്ക് അപ്പുറം നാട്ടില്‍ ഇല്ലായിരുന്നു ഭായ് . ഓര്‍മ്മകളില്‍ നിന്നാണ് ഈ കുറിപ് ജനിക്കുന്നത് അതും രണ്ടയിരത്ത്ല്‍ ഗുജറാത്തില്‍ ആയിരിക്കുമ്പോള്‍ . നാട്ടില്‍ നിന്നും പുറത്തായി പതിമൂന്നു വര്‍ഷത്തിനു ശേഷം

      Delete