Sunday, February 10, 2013

കരിയിലകള്‍



മഴവില്ലിന്‍ നിറമേഴും , മയില്‍പ്പീലി തണ്ടിലേറ്റി ,
നിലാവിന്റെ തണുപ്പാര്‍ന്ന പ്രണയത്തിന്‍
വരികള്‍ കുറിക്കാന്‍ ഇമ ചിമ്മും രാവേ നീ
അരികില്‍ നില്‍പ്പൂ .

നമുക്കകലങ്ങളില്‍ കൂട് കൂട്ടുന്ന
നിശാശലഭങ്ങളെ ഉമ്മവച്ചും
പകലിനെ പകയോടെ നോക്കുന്ന
ആമ്പലിനെ നെഞ്ചോടു ചേര്‍ത്തും
ഹൃദയത്തിന്റെ സ്പന്ദനം
പരസ്പരം പങ്കുവച്ചിടാമീ രാവിലിനി.

നിന്മിഴികോണിലൊരു നക്ഷത്രമായ്‌
മിന്നിമറയാന്‍ മോഹിക്കുമ്പോള്‍
നിന്നുടെ ചികുരത്തില്‍ നറുമണം ചൊരിയുമീ
കുഞ്ഞരിമുല്ലയെന്നെ കളിയാക്കുന്നു സഖീ .

കനവ് കണ്ടൊരു കവിതയല്ലെന്റെ
കരളു പിഴുതു കൊടുത്തതാണാ കയ്യില്‍
ഇരുള് ചൂഴും വഴികളില്‍ കൂടെ നീ
ഇടറിയിടറി പോയിടല്ലേ സഖേ .
----------------ബി ജി എന്‍ വര്‍ക്കല -----

2 comments: