Monday, January 7, 2013

ഉത്തമ നാരി


പരിഭവങ്ങളും പരിരംഭണങ്ങളും
നിഴല്‍ വിരിക്കും ജീവിതം മോഹനം !
ഒരു പൂച്ചകുഞ്ഞായി പാദങ്ങളില്‍,
ഒരു നായജന്മം മരിയ്ക്കുവോളം .

ഒരുമയുടെ കാലന്‍കുട നിവര്‍ത്തി
മൗനത്തുരുത്തില്‍ ചലിക്കും  യാത്രികര്‍
കടലുപോല്‍ പരന്ന മനസ്സിലടക്കുവാന്‍
കഴിയാത്ത  തിരമാലകള്‍ തന്‍ ഭാരം .

വിളറിയ ഗര്‍ഭപാത്രം കനിഞ്ഞു നല്‍കിയ
ജന്മ സാഫല്യമല്ലാതെ
പെണ്ണെന്ന ജീവിതത്തിനൊന്നും ലഭിക്കാത്ത
വെറും നാരിയായ് കടന്നു പോകേണ്ടവള്‍ .

ഒരു വാക്ക് മിണ്ടുവാന്‍,
ഒരു പുഞ്ചിരി വാങ്ങുവാന്‍,
ഒരു തലോടല്‍ ലഭിക്കുവാന്‍ ,
ഒരു ആലിംഗനത്തില്‍ അമരുവാന്‍
ഭാഗ്യമില്ലാതെ പോകുന്ന ദാമ്പത്യം !

ഇരുളില്‍ പരതി വരുന്ന ആസക്തിയുടെ -
വിരലുകളില്‍ ഒരു യന്ത്രമായ് കഴിയാനും
ഒടുവില്‍ വിയര്‍പ്പിലലിഞ്ഞു തിരിഞ്ഞു കിടക്കുമ്പോല്‍
ഇരുളിലേക്ക്  നെടുവീര്‍പ്പുകള്‍
അലിയിച്ചു കണ്ണീര്‍ പൊഴിക്കാനും ,

അടിവസ്ത്രങ്ങള്‍ തിരുമ്മി ഉണക്കിയും,
നാവിന്റെ രുചിഭേദങ്ങള്‍ക്ക്
വകഭേദങ്ങള്‍ ഒരുക്കിയും ,
വികാരങ്ങള്‍ , മോഹങ്ങള്‍
സ്വപ്‌നങ്ങള്‍, അടക്കി വച്ചു
സപത്നിയായി മരിക്കാനും ജനിച്ചവള്‍ .

സുമംഗലിയുടെ നരച്ച പട്ടും
വിധവയുടെ വെളുത്ത പരുത്തിയും
ഉടലിനൊരു ഭാരമാകുന്ന
ഭാരതീയ നാരികള്‍ നാം
ഒന്ന് കുതറുവാന്‍ കഴിയാത്തജന്മം
ഇതിന്റെ പേരോ ഉത്തമ ...?
-----------------ബി ജി എന്‍ വര്‍ക്കല ------

2 comments:

  1. ചുരുക്കം ചിലര്‍ ഉത്തമനാരികള്‍ ഉണ്ടല്ലോ

    ReplyDelete
  2. എല്ലാത്തിലും വലുത് കുടുബം ആണെന്ന് വിശ്വസിക്കുന്നഎത്രയോ സ്തീകൾ ഉണ്ട്....

    ReplyDelete