Sunday, January 6, 2013

പ്രണയ കല്ലോലിനിയില്‍ മുങ്ങി നിവരുമ്പോള്‍

ഹൃദയ ധമനിയിലാരോ കോരിയിട്ട
ഒരു പിടിചാരത്തില്‍ നീറ്റലിനിടയിലും
മധുരമായ്‌  നില്‍ക്കുന്നു നിന്നോര്‍മ്മകള്‍ , എന്‍ പ്രിയേ
മറക്കുവാനാകില്ലൊരിക്കലും നിന്നെ .

കവിതകള്‍ കോറിയിട്ടോരീ താളുകള്‍ മറഞ്ഞു പോം
കാലമാം വീഥിയെന്നാകിലും
മനസ്സാം താളിന്‍റെ മൃദുല പാളികള്‍
മറക്കില്ലോരിക്കലും നിന്‍ മായാത്ത ഓര്‍മ്മകള്‍ .

വെണ്മണല്‍ വിരിച്ചോരീ മുറ്റത്ത് കൂടെയാ
പിഞ്ചു കുഞ്ഞിന്‍ കാല്‍വിരല്‍ പതിയുന്നതും കണ്ട്
നാഥന്റെ ചാരത്തു നിര്‍വൃതി കൊണ്ടിരിക്കെ ദൂരെ
നിന്നോര്‍മ്മകള്‍ തന്‍ ലഹരിയില്‍ അമരുന്നു ഞാന്‍ .

എന്നുമിരുള്‍ മാത്രം കൂട്ടായിരുന്നോരീയെന്‍ മനസ്സിന്‍
ജാലകം  മെല്ലെ തുറക്കാമിനി ഞാന്‍
കരുണക്രിപാരസം പൂണ്ട നിന്‍ മിഴിപ്പൂക്കള്‍
കനിവോടെ അവിടെ ജ്വലിച്ചു നില്‍ക്കുമെങ്കില്‍ !

ആരോ പറഞ്ഞൊരുപഴംകഥയായി കാലം
പ്രേമ ഭംഗത്തിന്‍ മുഖത്ത് നോക്കുമ്പോഴും ,
ആരോ വരുമെന്ന ചിന്തയില്‍ ഞാനെന്റെ
മനമാകെ പൂനിലാവില്‍ കുളിര്‍പ്പിക്കുന്നു .

ഏഴുതിരിയിട്ട നിലവിളക്കും , പന്നെ പട്ട്കസവില്‍ 
തീര്‍ത്തോരുടയാടകള്‍ ചുറ്റി ,
നീ വരുമെന്ന് നിനച്ചെത്ര നാള്‍ ,
രാപകല്‍ വെറുതെ തള്ളിവിട്ടെന്‍ പ്രിയേ .

നിന്‍ സീമന്തരേഖയിലാരോ തൊടുവിച്ച കുങ്കുമം പോ -
ലെന്റെ ചിന്തകള്‍ ചുവക്കുമ്പോഴും
അറിയാത്ത കാര്യങ്ങള്‍ ഒരുപാടുണ്ടെന്നാലും
അറിയാനായ്‌  മാത്രം അലയുന്നു പിന്നെയും .

ഇമചിമ്മും മാത്രയില്‍ മാറുന്നോരീ കാലചക്രത്തിന്‍
പല്ച്ചക്ക്രം തേഞ്ഞു തീരാറായി പോല്‍ .
അലറുന്ന കടലിന്റെ രോദനം കേട്ടുകൊണ്ടിരുളില്‍
മണല്‍ത്തിട്ട നെടുവീര്‍പ്പിടുന്നുവോ ?

പുലരി വെളിച്ചത്തില്‍ കോരിത്തരിക്കുമീ ഭൂമിയിലലിയുന്നു
ഹിമബിന്ദുവിന്‍ ദുഃഖം !

മുത്തശ്ശികഥകളില്‍ , മോണകാട്ടി ചിരികളില്‍
കാലത്തിന്‍ അവഗണനതന്‍ നിഴല്‍ നല്‍കിയും,

കോണ്ക്രീറ്റ് കൂടാരങ്ങളില്‍ വിയര്‍പ്പില്‍ മുങ്ങിയ
വീര്‍പ്പുമുട്ടലുകള്‍ ചതഞ്ഞരഞ്ഞും
മുന്നോട്ടോഴുകുന്ന യുവത്വത്തിന്‍ ചിറകിലായി വടുപോലെ
സ്നേഹം  വിറകൊള്ളുന്നു തണലിനായ്‌ .!
-----------------ബി ജി എന്‍ വര്‍ക്കല -----



4 comments: