Tuesday, January 22, 2013

മഴ എന്റെ സഖി


അന്ന് നീ എന്നോട് പറഞ്ഞത്
മഴയെ കുറിച്ചൊന്നു എഴുതാന്‍ ആണ് .
മഴ എന്നില്‍ പെയ്യാതെങ്ങനെ ഞാനതെഴുതാന്‍
നീ അറിയാത്ത ഭാവം നടിച്ചു മാറിയതും അതിനാലാകണം ...!

വേനലിനെ ഉരുക്കി ഉരുക്കി ഞാനെടുത്തു
വിയര്‍പ്പിന്റെ നീരാവികള്‍ പോലും കനലായി .
വിണ്ടു കീറിയ സമതലങ്ങളില്‍ ചെതുമ്പല്‍ കൂടുകള്‍ ,
ചിലന്തിവലകള്‍ അനാഥസ്മൃതി ഉണര്‍ത്തി നിന്നു .

ഇലകള്‍ കൊഴിഞ്ഞു വീഴുമ്പോഴും ,
കുളങ്ങള്‍ വറ്റി വരളുംപോഴും
സമുദ്രം വിഷാദസ്മരണകള്‍ അമര്‍ത്തി കിടന്നു
നിതാന്തം ഒരു നിദ്ര എന്ന പോലെ .

ഇരുട്ടിന്റെ സംഗീതം കാറ്റ് കടമെടുത്ത ,
നിലാവ് നഷ്ടമായ വരള്‍ച്ച ഉറഞ്ഞു കിടന്നയീ -
രാത്രി ഭീകരം മുടിയഴിച്ച് അലറിപ്പിടയുംപോലെ .
മഴനൂലായി , പേമാരിയായി ചിതറിപരക്കുന്നു .

എന്റെ വിരലുകള്‍ സംഗീതമില്ലാത്ത സാരംഗിയാകുന്നു
ഞാന്‍ എഴുതി തുടങ്ങട്ടെ മഴയെ പറ്റി .
ഇനി എനിക്കതിനായില്ലയെങ്കില്‍ ,
അക്ഷരമേ എന്നെ ശപിക്കാതിരിക്കുക .
അക്ഷരമേ എന്നെ ശപിക്കാതിരിക്കുക.
------------------ബി ജി എന്‍ വര്‍ക്കല ----

1 comment:

  1. ഈ കവിത വായിച്ചാല്‍ അക്ഷരങ്ങള്‍ അനുഗ്രഹിക്കും

    ReplyDelete