Tuesday, January 15, 2013

പകലുകള്‍ രാവിനെ സ്നേഹിക്കുമ്പോള്‍

കൂടണയുന്ന പക്ഷിക്ക് മുന്നില്‍ ,
കടല് പോലെപരന്നു കിടക്കും മൌനം പോലെ
നിന്റെ  പുഞ്ചിരിക്കു മുന്നില്‍ ഞാനും
നിലാവ് പോല്‍ നനഞ്ഞിങ്ങനെ ..!

എരിയുന്ന ശരറാന്തല്‍ തേടി
പറന്നടുക്കുന്ന ശലഭങ്ങള്‍ പോലെയാണ്
ഏകാന്തതയില്‍ എന്റെ നിദ്രകളെ
ഓര്‍മ്മകള്‍ വന്നു മൂടുന്നത് .

നമ്മള്‍ കനവ് കണ്ടത് ജീവിതമല്ല ,
നിന്റെയും എന്റെയും ചിതയാണ് .
നമ്മുടെ  കാതുകളില്‍ മുഴങ്ങി കേട്ടത്
മരണത്തിന്റെ ചിറകടിയാണ് .

എന്നാണു നമുക്ക് നമ്മുടെ മുഖം കളവു പോയത് ?
"എന്റെ" എന്ന പ്രാണന്‍ പിടയുന്ന ചിന്തയോ ?
"നിനക്ക് വേണ്ടി "എന്ന നാട്യത്തിന്‍ ആവരണം
നിലാവ് ചീന്തിയെറിഞ്ഞപ്പോഴോ ?



ഒരു  വലിയ തിരയില്‍ പെട്ടെന്നോണം
അകലങ്ങളിലേക്ക് നമ്മള്‍ ഒഴുകി പോയപ്പോഴാണ്
ഞങ്ങള്‍ സ്നേഹിച്ചിരുന്നു എന്ന് തിരിച്ചറിവ്
ഒരു കിനാവള്ളി പോലെ കരളില്‍ പിടി മുറുക്കിയത് .



ഇന്ന്  രണ്ടു കരകളില്‍ ,
മുഖം നഷ്ടമായ സന്ധ്യകളില്‍
പരസ്പരം കിനാവുകളുടെ ചെപ്പുകള്‍
നഖമുനയാല്‍ പൊളിച്ചു നോക്കുമ്പോള്‍
കണ്ണുകള്‍ നനയാതിരിക്കാന്‍ എത്ര ശ്രമിക്കുന്നു നാം .!

പറയാതിരിക്കാന്‍ ശ്രമിക്കുന്ന വാക്കുകള്‍
മനസ്സ്‌ പറഞ്ഞു കൊണ്ടേ ഇരിക്കുമ്പോള്‍ ,
നനയാത്ത പീലികളില്‍ കാലം നല്‍കിയ
നരയുടെ ശീതരക്തം ഉറയുന്നു .

നമുക്കിനി കൂടാരങ്ങള്‍ പണിയാം .
കൊരുത്തു വയ്ക്കാന്‍ മോഹിച്ച സ്വപ്നങ്ങള്‍ കൊണ്ട് .
നമുക്കിനി ജീവിക്കാന്‍ പഠിക്കാം ,
ഇറുന്നു വീണ ദളങ്ങള്‍ ചേര്‍ത്തു വച്ച് .



ഒരു തുള്ളി മഞ്ഞു നിറുകയില്‍ വീഴും വരെ
ഒരു പുലരി വന്നു പൊതിയും വരെ
ഈ ഇരുള് നമ്മള്‍ മനസ്സില്‍ ചേര്‍ത്തു വയ്ക്കണം .

നിന്റെ ശിശിരങ്ങളില്‍ നിലാപൂവ് പോലെ ,
നിന്റെ വസന്തങ്ങളില്‍ ഇന്ദിന്ദിരമായ്‌ ,
നിന്നില്‍  കൊഴിയുന്ന ഇലകളായ് ,
ഇനി ഞാന്‍ ജീവിക്കട്ടെ .

--------------ബി ജി എന്‍ വര്‍ക്കല -----

2 comments:

  1. ആർക്കും ഇപ്പോൾ സ്വന്തം മുഖം ഇല്ലല്ലോ ഭായ് എല്ലാം പൊയ്മുഖങ്ങൾ അല്ലേ...

    ReplyDelete
  2. കൊള്ളാം, നന്നായിരിയ്ക്കുന്നു

    ReplyDelete