Sunday, January 13, 2013

നിവേദിതയുടെ പുഞ്ചിരി

നിദ്രതന്നഗാധതകളിലെങ്ങോ നിന്ന്
ചിരിക്കുന്നു നിവേദിത .
കനലെരിയുമാ കണ്ണുകളെന്തോ
മൂകമായ്‌ ചൊല്ലുന്നു .
ഊര്‍ന്നുപോമുടയാട പോലാ
ചുണ്ടുകള്‍ വിറച്ചു വീഴുന്നു .

മെല്ലെ പരക്കുമാ ചോരക്കള -
മൊരു കാകോളം പോല്‍
കരളിലൊരു തുള്ളിയായ്‌ ചോര
പൊടിയുന്നു , ചാലിടുന്നോരാ
കവിള്‍ത്തടങ്ങളിലൊരു വിരല്‍പ്പാടായ് .

നഖബിംബങ്ങള്‍ വിതുമ്പുന്നു
കണ്ണാടി കവിളുകളില്‍ .
മുറുകുന്ന മുഷ്ടിയിലൊരു ജന്മശാപം
തീറെഴുതീടുന്നു .
അപ്പോഴുമെന്‍ നിദ്രതന്നാഗധതയില്‍
നിവേദിത പുഞ്ചിരിക്കുന്നു താരകം പോല്‍ .

*       *      *     *     *    *    *   *
പടഹ കാകളം മുഴങ്ങിയൊതുങ്ങി -
യോരാ പടനിലം തന്നില്‍
പതിതയായ്‌ നില്പൂ മറ്റൊരു കണ്ണകി ..! !
കണ്ണുകളിലെരിയുന്നതഗ്നിയല്ല  ,
ചുണ്ടുകളിലൂറിയത്‌ ശാപവുമല്ല  .

ഒറ്റയ്ക്ക് പൊരുതുവാന്‍ വന്നവള്‍ , തന്നെ
പച്ചക്ക്  തിന്നവരെ മൊത്തമായി .
മൊട്ടിട്ട സ്വപ്നങ്ങള്‍ ഞെട്ടറ്റു വീഴവേ
ഇറ്റു കണ്ണീര്‍ പൊഴിക്കാനനുവദിക്കാത്തവര്‍.
അവരുടെ രോദനം കേള്‍ക്കുവാന്‍ മാത്രമാ -
യവളുടെ കാതുകള്‍ വിങ്ങി പിടയുന്നു .

ആര്‍ത്തട്ടഹസിക്കുമാ ദുഷ്ടര്‍തന്‍ താവളം ,
ആരെയോ കാത്തിതാ തുറന്ന കവാടവും
ഇനിയുമെത്താം ചിറകറ്റു വീഴാമൊ -
രായിരം നിവേദിതമാര്‍ തന്‍ സ്വപ്നം .

വാടിക്കരിയുമീ കിനാക്കളുടെ
ശവപ്പറമ്പാകുമോ നായ്ക്കളുടെ പടനിലം ?
ഇല്ലെനിക്കാവില്ലോന്നുമേ ചെയ്‌വാന്‍
ഇല്ലെനിക്കാവില്ലൊന്നുമോന്നും .

പരിഹാസ്യനായ്‌ ഞാന്‍ പിന്മാറവേ ,
കാണുന്നേന്‍ മുന്നിലായ്‌
പരിഹസിച്ചു ചിരിക്കുന്നു നിവേദിത .
അവളുടെ പിന്നിലോരായിരം
നിവേദിതമാരാര്‍ത്തട്ടഹസിക്കുന്നു .
ഞെട്ടിയുണര്‍ന്നു ഞാന്‍ കണ്ടുവെന്‍
മുന്നിലായൊട്ടുനേരം പിന്നെയും
നിവേദിത പുഞ്ചിരിക്കുന്നു .
-------------ബി ജി എന്‍ വര്‍ക്കല --02.08.94

1 comment:

  1. നിവേദിതയുടെ പുഞ്ചിരി

    ReplyDelete