Friday, June 8, 2018

നഷ്ടപ്പെട്ട നീലാംബരി ...............മാധവിക്കുട്ടി

നഷ്ടപ്പെട്ട നീലാംബരി (കഥകൾ)
മാധവിക്കുട്ടി
ഡി.സി.ബുക്സ്
വില: 95 രൂപ.

" വിധവയ്ക്കു കിട്ടുന്നത് ഒരു രണ്ടാം ജന്മമാണ്. നഷ്ടങ്ങളുടെ കണക്ക് കൂട്ടുന്ന ആ രണ്ടാം ജന്മത്തിൽ നഷ്ടപ്പെടാതെ അവശേഷിക്കുന്നത് ആദ്യ ജന്മത്തിൽ തനിക്കു കിട്ടിയ പേരു മാത്രമായിരിക്കും. ഞാൻ എന്നുമെന്നും മിസിസ് ദാസ് ആയി അവശേഷിക്കും ." (അവശിഷ്ടങ്ങൾ .)

ഒരാൾ കഥ പറയുമ്പോൾ അത് അനുഭവത്തിൽ നിന്നുമാകണം എന്നത് ആപേക്ഷികതയാണ്. അത് മാറുന്ന തലങ്ങളുടെ ആകെത്തുകയോ കാഴ്ചയുടെയോ കേൾവിയുടെയോ ശില്പവത്കരണമോ ആകാം. ഒരു സ്വപ്നത്തിൽ നിന്നോ ,ഒരു ഭ്രമകല്പനയിൽ നിന്നോ അതുമല്ലെങ്കിൽ സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നോ കല ജനിച്ചേക്കാം. വായനക്കാരന്റെ മനസ്സിനെ അത് എങ്ങനെ സ്വാധീനിക്കുമെന്നോ അവനെ അത് എന്ത് വികാരഭാവത്തിലേക്കാകാം കൊണ്ടു പോകുകയെന്നോ എഴുത്തുകാരൻ ബോധവാനാകണം എന്നില്ല. വായനക്കാർക്കു വേണ്ടി എഴുതുന്ന എഴുത്തുകാരെക്കുറിച്ചല്ല പറയുന്നത് എന്നു പ്രത്യേകം എടുത്തു പറയേണ്ടി വരുന്നുണ്ടെങ്കിലും പൊതുവെ ഒരെഴുത്തുകാരനു സമൂഹത്തോടുള്ള ബാധ്യത തന്റെ എഴുത്തു അവരെ ചിന്തിപ്പിക്കാനോ പ്രവർത്തിപ്പിക്കാനോ ഉതകുന്നതാകണം എന്നത് കലാകാരന്റെ സാമൂഹ്യധർമ്മം എന്താകണം എന്ന ചോദ്യത്തിനുള്ള ഉത്തരവുമാണ്.
പലപ്പോഴും എഴുത്തുകാർ തങ്ങളുടെ സ്വന്തം ജീവിതത്തെ പകർത്തി എഴുതുന്ന വരായി മാറാറുണ്ട്. ഒരാൾ പൊതുയിടത്തിൽ പൂർണ്ണ നഗ്നനാകുന്നതു പോലാണ് ആ പകർപ്പുകൾ വായിക്കപ്പെടുക. വായനക്കാരനു തിരഞ്ഞെടുക്കാൻ കഴിയുന്ന മാതൃകകളോ വഴികാട്ടിയാവുന്ന അനുഭവങ്ങളോ ഒക്കെയാണത്. എം കൃഷ്ണൻ നായരുടെ കുറിപ്പുകൾ ,സുകുമാർ അഴീക്കോടിന്റെ  ലേഖനങ്ങൾ തുടങ്ങിയവ വായനക്കാരും എഴുത്തുകാരും ആവർത്തിച്ചു വായിക്കുന്നതിന്റെ രഹസ്യവും ഇതു തന്നെയാണ്. അത് സാഹിത്യമല്ല വിമർശനമാണെങ്കിൽ കൂടിയും .
മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ മലയാളം മാത്രമല്ല ലോക സാഹിത്യ ലോകം മുഴുവനും പലവുരുവായിക്കുകയും വിമർശിക്കുകയും ചെയ്തതും തുടരുന്നതുമായ ഒരു വസ്തുതയാണ്. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മാധവിക്കുട്ടി, കമലാദാസ് എന്നീ പേരുകളിലെ ആമിയുടെ എഴുത്തുകൾ സമാഹരിക്കുകയും അവ പുസ്തക രൂപത്തിൽ എത്തുകയും ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഡി.സിയുടെ അത്തരത്തിലൊരു സിരീസിലെ 13 കഥകളുടെ സമാഹാരമാണ് "നഷ്ടപ്പെട്ട നീലാംബരി''.
ഒരു കാലത്ത് മാധവിക്കുട്ടിയെ വായിക്കാൻ ധൈര്യം കാട്ടാതിരുന്ന ഒരു വിഭാഗം വായനക്കാരികൾ മലയാളത്തിലുണ്ടായിരുന്നു എന്നതാണ് മാധവിക്കുട്ടിയുടെ എഴുത്തുകളുടെ ശക്തിയും തേജസ്സും എന്നു  മനസ്സിലാക്കുമ്പോഴാണ് സാഹിത്യ ലോകത്തിനാ വിയോഗം നല്കിയ വിടവു എത്ര വലുതെന്നു അറിയാനാകുക. ശീർഷകനാമം ഉൾക്കൊള്ളുന്ന പതിമൂന്നു കഥകളും ഏറെക്കൂറെ മാധവിക്കുട്ടി സ്വയം നിലക്കണ്ണാടിക്കു മുന്നിൽ നിന്നു കൊണ്ടു തന്നെ തന്നെ വരയ്ക്കുന്ന ചിത്രങ്ങളാണ് എന്ന് കാണാൻ കഴിയും. വാർദ്ധക്യത്തിലെത്തിയ അമ്മമാരുടെ , ഭാര്യമാരുടെ ,കാമുകിമാരുടെ ,വിധവകളുടെ ,എഴുത്തുകാരികളുടെ ഒക്കെ ജീവിതത്തിനെ സ്ത്രീ ഭാവത്തിന്റെ നിലാവെളിച്ചത്തിൽ പുതപ്പിച്ചു കൊണ്ട് മനോഹരമായി പറഞ്ഞു വയ്ക്കുന്നുണ്ട് ഇവയിൽ. "ഒരിക്കലും അവസാനിക്കാത്ത ഒരു ചെറുകഥ എഴുതുവാൻ മോഹിച്ചവളാണ് ഞാൻ. പക്ഷേ , എന്റെ മരണത്തോടെ ആ കഥ പൂർണ്ണമായും അവസാനിക്കും എന്ന് ഇന്ന് എനിക്കു തോന്നുന്നു " എന്നു പറയുന്ന എഴുത്തുകാരിയുടെ സത്യസന്ധതയാണ് അപൂർണ്ണമായ അർദ്ധ മൗനം കുടികൊള്ളുന്ന കഥകൾ വായിക്കുമ്പോൾ വായനക്കാരനു അനുഭവപ്പെടുക. " എന്റെ വൈകാരിക സഹകരണമില്ലാതെ .കലാ രൂപങ്ങൾ നിനക്ക് സൃഷ്ടിക്കാമോ" എന്ന വെല്ലുവിളി ഓരോ വായനക്കാരനിൽ നിന്നും എഴുത്തുകാരി പ്രതീക്ഷിക്കുന്നുണ്ട് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ അവയൊന്നും തന്റെ ചിന്തകൾക്കോ അക്ഷരങ്ങൾക്കോ ബാധകമാകാതെ അത്തരം ഒരു വെല്ലുവിളിയിലേക്കവരെ നയിക്കാതെ മാധവിക്കുട്ടി പൂർത്തീകരിക്കുന്ന കഥാപ്രപഞ്ചമാണ് വ്യത്യസ്ഥതയുടെ ഭ്രമണപഥത്തിൽ ഒറ്റയ്ക്ക് തിരിയുന്ന ചന്ദ്രബിംബമായി മാധവിക്കുട്ടിയെ വേർതിരിച്ചു നിർത്തുന്നത്. അവ കേവലം ബൗദ്ധികമായ വ്യായാമങ്ങളല്ല മറിച്ചു വൈകാരികമായ പ്രതലങ്ങളിലൂടെയുള്ള സമുദ്ര സഞ്ചാരമാണ്. ."പഥം വിട്ടു സഞ്ചരിച്ചു തുടങ്ങിയ ഒരു മനുഷ്യനിർമ്മിത ഗ്രഹമെന്ന പോലെ ഞാൻ നിന്നിൽ നിന്ന് അകന്നകന്ന് സഞ്ചരിക്കുകയാണ്. നീയെന്ന ജന്മത്തിൽ നിന്നു മറ്റൊരു ജന്മത്തിലേക്ക് " എന്നു അതു കൊണ്ടു തന്നെ മാധവിക്കുട്ടിയിലെ കഥാപാത്രം സംസാരിക്കുമ്പോൾ ആ നിലപാടുകളെ വായനക്കാരനു നിഷേധിക്കുവാനാകില്ല തന്നെ. കഥകളിലേക്ക് ആഴ്ന്നിറങ്ങുക എന്നത് എഴുത്തിനെ കീറി മുറിക്കുക എന്നുകൂടിയാണ്. മാധവിക്കുട്ടിയുടെ കഥകളിൽ അങ്ങനെയൊരു കീറിമുറിക്കലിനുള്ള സാധ്യതകൾ ഒഴിവാകുകയാണ്. കാരണം അവ ബൗദ്ധിക വിരുന്നുകൾ അല്ല എന്നാൽ വൈകാരിക ഭാവതലങ്ങളുടെ ബാലെ ആവിഷ്കാരങ്ങളുമല്ല. അവയിൽ ജീവിതം മാത്രമേയുള്ളു. നഗ്നമായ സ്ത്രീ മനസ്സിന്റെ വികാരവിചാരങ്ങൾ മാത്രം. അവയെ മനസ്സിലാക്കുക എന്നാൽ സ്ത്രീയെ അറിയുക എന്നാണ് വിവക്ഷ. അതിനാൽ തന്നെ കഥകൾക്ക് കൂടുതൽ വായനകൾ നല്കുന്ന ഒരു സംസ്കാരത്തിലേക്ക് വായനക്കാരെയെത്തിക്കാൻ മാധവിക്കുട്ടിയുടെ കഥകൾക്ക് കഴിയട്ടെ എന്ന ആശംസകളോടെ കഥകളെ ഒന്നൊന്നായി എടുത്തു പറയാതെ പൊതുവിലൊരു വായനാനുഭവം മാത്രമായി സ്നേഹപൂർവ്വം ബി.ജി.എൻ.വർക്കല

No comments:

Post a Comment