പറഞ്ഞു തീര്‍ത്തതും,
എഴുതിക്കഴിഞ്ഞതും,
മായ്ച്ചു കളഞ്ഞതും
കവിതയായിരുന്നത്രേ !
ഇളവെയില്‍ കൊണ്ടതും,
നടവഴിയില്‍ അലഞ്ഞതും,
ഉറക്കം നഷ്ടപ്പെട്ടതും,
നിലാവിനെ പ്രണയിച്ചതും
ജീവിതമായിരുന്നത്രേ.
എങ്കില്‍, എവിടെയാണ്,
ഏത് നിലവറയിലാണ്
എന്നെ നീ മറന്നു വച്ചതെന്ന്
പടിഞ്ഞാറന്‍സൂര്യന്‍ .
പൊടുന്നനെ,
ഇനിയും മരിക്കാത്ത
ഓര്‍മ്മകളുടെ ചുരുളുകള്‍ അഴിച്ചു
നീയവനെ തിരഞ്ഞു തുടങ്ങുന്നു.
എത്ര പെട്ടെന്നാണ്
ഇരുളിന്റെ ചുവപ്പ് നിന്റെ മിഴികളെ
മങ്ങലേല്‍പ്പിച്ചത് .
കണ്ണുനീര്‍ കൊണ്ടോ
ഇരുള്‍ കൊണ്ടോ
എന്തിനാലാകാം
അവനെ കാണാതെ പോയത്?
ചികുരമഴിഞ്ഞു മുഖം മറയവേ
ചന്ദ്രനും കാണാനായില്ല നിന്‍ ഭാവം.
ഇരുട്ടിന്റെ തിരമാലകള്‍ താണ്ടി
ഓര്‍മ്മസാഗരത്തില്‍ നീ മുങ്ങവേ
പവിഴപ്പുറ്റുകൾക്കിടയിലെങ്ങോ
നിനക്ക് കേള്‍ക്കാന്‍ കഴിയാത്തൊരു തേങ്ങല്‍....
നിന്നില്‍ നിന്നുമകലുന്നതും
നിന്നെയറിഞ്ഞു മരിക്കുന്നതും
നിന്നിലലിയുന്നതും
ജീവിതമെന്നവന്‍ പറയുന്നതാകാം....
പക്ഷെ , നീയത് കേള്‍ക്കാതെ പോയല്ലോ.
അതോ നീയത് ....
..... ബി.ജി.എൻ വർക്കല
No comments:
Post a Comment