Wednesday, June 13, 2018

വാട്ടർബോഡി ........ ജി. ആർ ഇന്ദുഗോപൻ

വാട്ടർബോഡി (ആത്മകഥ )
ജി.ആർ.ഇന്ദുഗോപൻ
ചിന്ത പബ്ലീഷേഴ്സ്
വില: 95 രൂപ.

ഇന്നത്തെ ലോകം ഭീതിയോടെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നത് വരുംകാലം അഭിമുഖീകരിക്കാൻ പോകുന്ന ലോകയുദ്ധങ്ങൾ ജലത്തിനു വേണ്ടിയാകും എന്നാണ്. എന്തുകൊണ്ടാണ് ജലം നമുക്ക് അന്യമാകുന്ന ഒരവസ്ഥയുണ്ടാക്കുന്നത് എന്നു നാം ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? ഉണ്ടാകില്ല. ഉണ്ടാകണം അങ്ങനെയൊരു ചിന്ത മനുഷ്യന്. അതുണ്ടാകുവാൻ ഒരു നല്ല മാർഗ്ഗമുണ്ട്. അത് "വാട്ടർബോഡി , വെള്ളം കൊണ്ടുള്ള ആത്മകഥ" എന്ന ജി. ആർ ഇന്ദുഗോപന്റെ പുസ്തകം ഒരു തവണ വായിക്കുക എന്നതാണ്. നമുക്കു ചുറ്റും എഴുത്തുകാരുടെ ഒരു കൂട്ടം തന്നെയുണ്ട്. സ്വയം എഴുത്തുകാരായി ഭാവിക്കുന്നവരും വായനക്കാർ എഴുത്തുകാരായി കണക്കാക്കുന്നവരും ഒക്കെ അതിലുണ്ട്. നാം വായിക്കുന്ന കഥകളും നോവലും കവിതയുമെല്ലാം ജീവിതത്തിന്റെ വിവിധ തലങ്ങളെ നമുക്ക് കാണിച്ചു തരുന്നുണ്ട്. നാമറിയാതെ നാം നമുക്കജ്ഞാതമായ ലോകങ്ങളിലേക്ക്, സംഭവങ്ങളിലേക്ക് ,ജീവിതങ്ങളിലേക്ക് ഒക്കെ നാം യാത്ര ചെയ്യുന്നുണ്ട്. അവയൊക്കെയും നമുക്ക് കാട്ടിത്തരുന്ന വൈവിധ്യങ്ങൾ ഒട്ടനവധിയാണെങ്കിലും അവയിൽ നമുക്ക് മനുഷ്യനെ മാത്രമേ കാണാനാകൂ. അവന്റെ വിശപ്പും ദാഹവും വികാരങ്ങളും അവയുടെ വകഭേദങ്ങളും പല രീതിയിൽ വായിക്കപ്പെടുന്നുണ്ട്. ഒറ്റപ്പെട്ട ചിലരുണ്ട്. അക്ഷരങ്ങളെ മനോഹരമായി ഹൃദയത്തിൽ പതിപ്പിക്കാൻ കഴിയുന്നവർ. അവർ താരതമ്യേന എണ്ണത്തിൽ കുറവായിരിക്കും.
നസീറിന്റെ കാടിന്റെ ഉൾത്തുടിപ്പുകൾ അറിയുന്ന കാടിനെ ചെന്നു തൊടുമ്പോൾ , മഴയുടെ  വിവിധങ്ങളായ നനുത്ത വികാരങ്ങളെ തൊട്ടുണർത്തുന്ന മഴക്കവിതകൾ , മരുഭൂമിയുടെ വന്യ സൗന്ദര്യം പകർത്തുന്ന മുസഫിർ , ഇലക്കാടുകളുടെ ഹരിത നിറം കുഞ്ഞു കണ്ണുകളിലൂടെ പകർത്തുന്ന സോണിയയുടെ ഹെർബേറിയം.... തുടങ്ങിയ കുറച്ചു മാത്രം വായനകൾ പ്രകൃതിയിൽ തൊട്ടു നില്ക്കുന്നുള്ളു. പക്ഷേ ഇതിലൊന്നും തൊടാതെ , ആരും ചിന്തിക്കാൻ ധൈര്യപ്പെടാത്ത  വഴികളിലൂടെയുള്ള ഒരു യാത്രയാണ് ഇന്ദുഗോപൻ അവലംബിച്ചത്. ജലത്തെ കേന്ദ്രകഥാപാത്രമാക്കി എഴുതിയ ഒരു വായനപോലും ഞാനിതുവരെ കണ്ടിരുന്നില്ല. രാജേഷ് ചിത്തിരയുടെ ഭയോപനിഷത്ത് ജല ഭയത്തെക്കുറിച്ചുള്ളതായിരുന്നു , സലിമിന്റെ H2O ജല ദുരുപയോഗത്തിനെതിരെയുള്ള ഒരു കുഞ്ഞിന്റെ പ്രതിരോധവും .അതിനപ്പുറം ജലം നായകനാകുന്ന ഒരു വായന ആദ്യമായാണ് കണ്ണും മനസ്സും കവർന്നത്.
ഇന്ദുഗോപൻ ഈ പുസ്തകത്തിൽ തന്റെ കുട്ടിക്കാലം ചിലവിട്ട വയലും വീടും ഓർമ്മയിലേക്കു തിരികെ കൊണ്ടുവരികയാണ്. പക്ഷേ ആ ഓർമ്മകൾ വായിക്കുന്ന 40കൾക്കപ്പുറം നിൽക്കുന്ന ആർക്കും ഈ വായനയുടെ ഉള്ളിൽ തങ്ങളെ കാണാതെ , ഓർക്കാതെ കടന്നു പോകാനാവില്ല. ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമായ എത്രയെത്ര കാഴ്ചകളാണ് നാം പിന്നിൽ ഉപേക്ഷിച്ചു പോയത് എന്ന ഓർമ്മ നമ്മെ കരയിച്ചേക്കാം. ഈ പുസ്തകവായനയിൽ പറയുന്ന പലതും എന്നെ കുട്ടിക്കാലത്തിലേക്കുമെന്റെ ചുറ്റുപാടുകളിലേക്കും കൊണ്ടു പോയി. ഞാനറിയാത്തതും കേൾക്കാത്തതും പലതും പുതുതായി ഞാൻ കൊതിയോടെ അറിഞ്ഞു.
ഓരോ കുഞ്ഞുങ്ങൾക്കും ഈ പുസ്തകം വായിക്കുവാൻ നല്കണം എന്നാണ് ഈ വായന എനിക്കു നല്കിയ സന്ദേശം. അതു തന്നെയാണ് എനിക്കും പകരാനുള്ളത്. ഇന്ദുഗോപന്റെ മനോഹരമായ ഭാഷയും ശൈലിയും, പറയുന്ന വസ്തുതകളിലെ നേരും ഈ വായന  മൂല്യമുള്ളതാക്കുന്നു. പ്രകൃതിയോടു ഇണങ്ങി ജീവിക്കുന്ന മനസ്സുകളെ അത് ആനന്ദകരമാക്കും. കാലം പ്രകൃതിയോട് ചെയ്തതും മനുഷ്യർ പ്രകൃതിയോടു ചെയ്തതും ഈ പുസ്തകത്തിലൂടെ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.  ഈ വായനയിലൂടെ ഒരച്ഛനും മകനും മനസ്സിലേക്ക് കടന്നു കയറുകയും പലതും പഠിപ്പിച്ചു തരികയും ചെയ്യുന്നു. തീർച്ചയായും വായനക്കാരുടെ മനസ്സിനെ പഴയ കാലത്തേക്ക് തിരികെ നടത്തിക്കുവാൻ മാത്രമല്ല , നാം നമ്മുടെ തലമുറയ്ക്കു എന്താണ് നഷ്ടപ്പെടുത്തിയത് എന്നു ചിന്തിക്കാൻ കൂടി ഈ വായന പ്രേരകമാകും. വായിക്കുക ,കുട്ടികൾക്കു വായിക്കാൻ നല്കുക. ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment