അഗ്നിച്ചിറകുകള്‍ (ആത്മകഥ)
എ പി ജെ അബ്ദുള്‍ കലാം
ഡി സി ബുക്സ്
വില: 80 രൂപ
"ഞാന്‍ എന്തുകൊണ്ട് ഈ അക്ഷരങ്ങള്‍ കുറിച്ച് വയ്ക്കുന്നു എന്ന ചോദ്യത്തിന് എന്റെ കൈയ്യിലുള്ള ലളിതമായ ഉത്തരം ഇത് ആര്‍ക്കെങ്കിലും ഒരാള്‍ക്ക് എങ്കിലും വഴികാട്ടിയാകും എന്ന് കരുതിത്തന്നെയാണ് . ദാരിദ്ര്യത്തിന്റെ, ഇല്ലായ്മയുടെ ഇടയില്‍ നിന്നും ഇത് വായിച്ചു ഒരാള്‍ക്കെങ്കിലും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷ". അതെ, ശരിക്കും ഇന്ത്യയുടെ മിസൈല്‍ മാന്‍ ആയ , രാഷ്ട്രപതി ആയ അന്തരിച്ച മഹനീയ വ്യക്തിത്വം തന്റെ ആത്മകഥ എഴുതുവാനായി പറഞ്ഞ കാരണം വളരെ ചിന്തോദ്ദീപകം തന്നെയാണ് . ആത്മകഥകള്‍ ഒരുപാട് ഉള്ള വായനാലോകത്ത് പലതും നല്‍കുന്നത് പലതായ അനുഭവങ്ങളും രസങ്ങളും ആണ് . പലപ്പോഴും അത് രാഷ്ട്രീയപരമായ , സാമൂഹികപരമായ ധര്‍മ്മം പാലിക്കാന്‍ ഉള്ള ശ്രമമോ അതില്‍ നിന്നും വേറിട്ട് സ്വയംവത്കൃതമായ ഒരു ബിംബം നല്‍കാന്‍ ഉള്ള ശ്രമമോ ഒക്കെ ആകുന്നതു വായിച്ചു അറിഞ്ഞിട്ടുണ്ട് . ലോകത്തെ ആകര്‍ഷിച്ച ഒരുപാട് ആത്മകഥകള്‍ ഉണ്ട് നമുക്ക് വായനയില്‍ .
കലാം തന്റെ പുസ്തകത്തില്‍ പറയുന്നത് രാമേശ്വരത്തെ ഒരു ചെറിയ കുടിലില്‍നിന്നും സ്വപ്രയത്നം കൊണ്ടും ഇച്ഛാശക്തി കൊണ്ടും ലോകത്തിന്റെ കണ്ണില്‍ അസൂയ ഉളവാക്കുന്ന വിജയങ്ങള്‍ കൊയ്തുകൊണ്ട് ഇന്ത്യ എന്ന രാജ്യത്തിന്റെ അഭിമാനമായി വളര്‍ന്ന ഒരു മനുഷ്യന്റെ കഥയാണ് . ഈ പുസ്തകത്തില്‍ നിറയെ വായിക്കാന്‍ ഉള്ളത് ഒരു രാജ്യത്തിന് വേണ്ടി , അര്‍പ്പണബോധത്തോടെ , കറകളഞ്ഞ രാഷ്ട്രീയ ചിന്തകളോടെ ഒരു സംഘം മനുഷ്യരെ ഒന്നിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ ശ്രേയസ്സിന് കാരണമായ റോക്കറ്റുകള്‍ , മിസൈലുകള്‍ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങള്‍ രൂപം കൊള്ളുന്ന സംവിധാനത്തെ നയിച്ച ഒരു എളിയ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ആണ് .
താന്‍ ജനിച്ചു വളര്‍ന്ന പ്രദേശത്തെയും , സാഹചര്യങ്ങളെയും സാമൂഹ്യ അന്തരീക്ഷങ്ങളെയും വളരെ മനോഹരവും സത്യസന്ധവുമായ ഭാഷയില്‍ കലാം പറയുന്നു . തനിക്കൊപ്പം പ്രവര്‍ത്തിച്ചവരെ ഒന്നൊഴിയാതെ സ്നേഹത്തോടെ സ്മരിക്കുന്ന ഈ വായനയില്‍ എങ്ങും തന്നെ ഒരാളെയും കുറ്റപ്പെടുത്താനോ ആരെയും അപകീര്‍ത്തിപ്പെടുത്താനോ ഒരിക്കലും ശ്രമിക്കാതെ വിജയങ്ങളെയും പരാജയങ്ങളെയും കുറിച്ച് വാചാലനാകുന്ന ഒരു ദേശസ്നേഹി ആണ് ഇതില്‍ നിറഞ്ഞു നില്‍ക്കുന്നത്. രാഷ്ട്രത്തിനു വേണ്ടി അഹോരാത്രം പണി ചെയ്യുന്ന മനുഷ്യര്‍ . സാങ്കേതികത എന്നു കേട്ടാല്‍ പൊതുവേ നമുക്ക് മനസ്സിലാകുന്ന പുകക്കുഴല്‍ കാണാന്‍ കഴിയുന്ന ഫാക്ടറികള്‍ മാത്രമല്ല രാജ്യരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പടക്കോപ്പ് നിര്‍മ്മിക്കുന്ന യന്ത്രശാലകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണെന്ന് കലാം വ്യക്തമായി പറയുന്നു . കഴിവും ആത്മാർത്ഥതയും ഉള്ളവരെ തിരഞ്ഞെടുക്കാനും വിന്യസിക്കാനും അവരിലെ ആശയങ്ങളെ ഉള്‍ക്കൊള്ളാനും ഒരു മേധാവിക്ക് എങ്ങനെ കഴിയണം എന്ന് കലാം പഠിപ്പിച്ചു തരുന്നു . വിക്രം സാരാഭായി , സതീഷ് ധവാന്‍ , തുടങ്ങി എല്ലാ പ്രതിഭകളുടെയും അര്‍പ്പണ ബോധവും ക്രാന്തദർശിത്വവും കലാം വളരെ നന്നായി അവതരിപ്പിക്കുന്നുണ്ട് . നെഹ്‌റു , ഇന്ദിരാ ഗാന്ധി , രാജീവ് ഗാന്ധി തുടങ്ങിയവര്‍ നല്‍കിയ പ്രോത്സാഹനവും പിന്തുണയും എടുത്തു പറയുന്ന കലാം മിസൈല്‍, റോക്കറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ എങ്ങനെ ഇന്ത്യയും വിദേശവും തമ്മില്‍ കിടമത്സരം നടന്നു എന്നുകൂടി ചൂണ്ടിക്കാട്ടുന്നു .
തികച്ചും തദ്ദേശീയമായ നിര്‍മ്മിതികളിലൂടെ ഇന്ത്യക്ക് വിദേശനാണ്യവും പ്രശസ്തിയും നേടിത്തന്ന വഴികളെ കലാം വിവരിക്കുന്നു വ്യക്തമായി. പരിമിതമായ സൗകര്യങ്ങളും സാഹചര്യങ്ങളും ഉപയോഗിച്ച് വികസിത രാജ്യങ്ങള്‍ക്ക് ഒപ്പം തല ഉയര്‍ത്തി നില്‍ക്കുന്ന തരത്തില്‍ രാജ്യത്തെ പ്രാപ്തനാക്കാന്‍ കലാമിനും കൂട്ടര്‍ക്കും കഴിയുക എന്നത് ചെറിയ കാര്യമല്ല .
കുട്ടിക്കാലത്തെയും, വീട്ടുകാരെയും വളരെയേറെ സ്നേഹിക്കുന്ന ഒരു ദൈവവിശ്വാസിയും മനുഷ്യസ്നേഹിയും ആയ കലാം ഓരോ ചുവടിലും അവരെ ഓര്‍ക്കുന്നുണ്ട് . കൂട്ടത്തില്‍ ആകാംഷയോടെ കാണാന്‍ കഴിഞ്ഞ ഒരു വസ്തുത ഒരു പാരഗ്രാഫ് ചാരക്കേസില്‍ വിവാദനായകനായ നമ്പി നാരായണനെ കുറിച്ചുള്ളതായിരുന്നു എന്നതാണ് . തികച്ചും നല്ലതും വളരെ അഭിമാനത്തോടെ സ്മരിക്കുകയും ചെയ്ത ഒരു മനുഷ്യനായിരുന്നു നാരായണന്‍ ഈ വരികളില്‍ . ശശികുമാറിനെ ഒരു വരിയില്‍ പേര് മാത്രം പറഞ്ഞു പോകുമ്പോള്‍ നാരായണനെ പേരെടുത്തു പറഞ്ഞു ഓര്‍ക്കുന്നുണ്ട് കലാം . നാരായണന്‍ തന്റെ പുസ്തകത്തില്‍ പറഞ്ഞ ഒരു വിഷയം ഇതില്‍ കാണാന്‍ കഴിഞ്ഞില്ല . അത്രയേറെ പ്രധാനമായ മറ്റൊരു സംഭവം പറയുമ്പോഴും ഒരപകടത്തില്‍ നിന്നും രക്ഷിച്ച നാരായണനെ ഓര്‍ക്കുമ്പോള്‍ ആ സംഭവം ഓര്‍ക്കാതെ പോയത് എന്തുകൊണ്ട് എന്ന് ചിന്തിച്ചുപോയി .
തീര്‍ച്ചയായും സാധാരണ വായനക്കാര്‍ക്ക് ഇത് വിരസത നല്‍കുന്ന വായന ആകും എന്നതുറപ്പാണ് . എന്നാല്‍ കുട്ടികള്‍ക്കും , ചെറുപ്പക്കാര്‍ക്കും ജീവിത വിജയത്തിന് ഈ പുസ്തകം വായിക്കേണ്ടത് ആവശ്യം തന്നെ എന്ന് കരുതുന്നു . എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ പഠിപ്പിക്കാന്‍ തത്രപ്പെടുന്ന സ്കൂളുകള്‍ കലാമിനെ കൂടി കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും വായിപ്പിക്കുകയും ചെയ്യണം എന്നൊരു ആഗ്രഹം പങ്കു വച്ചുകൊണ്ട് സ്നേഹപൂര്‍വ്വം ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment