കുത്തിവരകള്‍ (കവിത)
മെര്‍ലിന്‍ ജോസഫ്
ഹൊറൈസണ്‍
വില : 70 രൂപ
എഴുത്തും വായനയും സാംസ്കാരികമായ ഉന്നമനത്തിന്റെ അടയാളമായി കാലം രേഖപ്പെടുത്തിയ വസ്തുതയാണ് . കാലാനുവര്‍ത്തിയായി നിലനില്‍ക്കുന്ന രേഖകള്‍ ആണ് അവ എന്നും. ഓരോ കാലത്തിനും ഓരോ അടയാളങ്ങള്‍ ഉണ്ടാകും . അവ പലപ്പോഴും ഭേദിക്കപ്പെടുന്നവയോ , അവയെ അഴിച്ചുകൊണ്ട് മറ്റൊന്ന് വരയ്ക്കപ്പെടുകയോ ചെയ്യാറില്ല . മലയാള സാഹിത്യത്തിനു കവിത്രയങ്ങളുടെ ഒരു കാലമുണ്ടായിരുന്നു . കുഞ്ചന്‍, തുഞ്ചന്‍ ചെറുശ്ശേരി എന്ന കാലത്ത് നിന്നും ഉള്ളൂര്‍ , ആശാന്‍, വള്ളത്തോള്‍ എന്ന ആധുനികതയില്‍ എത്തിയ കാലം വരെയാണ് മലയാളം കവിതകളുടെ ഭാഷാപരവും ആശയപരവും ശൈലീപരവുമായ വ്യതിയാനങ്ങള്‍ അടയാളപ്പെടുത്തിയതു . പിന്നങ്ങോട്ട് കവിതകള്‍ അറിയപ്പെട്ടത് അസംഖ്യം കവികളുടെ നാമത്തില്‍ ആയിരുന്നു . കവിതയുടെ ആധുനികതയില്‍ അടയാളപ്പെടുത്തുവാന്‍ മൂന്നെന്ന സംഖ്യ അപര്യാപ്തമായ ഒരു തിരഞ്ഞെടുപ്പ് കാലം ആണ് ഇന്നിന്റെ മലയാള സാഹിത്യത്തിന്റെ അവസ്ഥ എന്നത് ആശയപരവും ഭാഷാപരവും സാംസ്കാരികപരവുമായ ഒരു ഉന്നമനത്തിന്റെയും പരിണാമത്തിന്റെയും പുരോഗതിയാണ് സൂചിപ്പിക്കുന്നത് .
ഭാഷയും വിദ്യയും അകത്തളങ്ങളില്‍ നിന്നിറങ്ങി തെരുവില്‍ എത്തിയപ്പോള്‍ ആണ് കവിതയുടെ സുഗന്ധം സാധാരണക്കാരന്റെ ജീവിതവുമായി ഇടകലരുകയും അതില്‍ ജീവിതം എന്ന പരികല്പന കാല്പനികതയില്ലാതെ കടന്നു വരികയും ചെയ്തത് . അയ്യപ്പനും , ചുള്ളിക്കാടും , കടമ്മനിട്ടയും ഒക്കെ തുറന്നിട്ട സാധ്യതകള്‍ ഒട്ടും പിന്നോക്കം നില്‍ക്കാന്‍ ഉള്ളവയല്ല . പ്രൊഫ:മധുസൂദനന്‍ നായര്‍ തുടങ്ങി വച്ച കവിതയുടെ ജനകീയവത്കരഞമായ കാസറ്റ് സമ്പ്രദായം ഏറ്റു പിടിച്ചു പനച്ചൂരാനും കാട്ടാക്കടയും ഒക്കെ കവിതയെ ജനങ്ങളില്‍ ആഴത്തില്‍ പുതിയൊരു കവിതാസമൂഹത്തിന്റെ ഉദയവത്കരണം തുടങ്ങി വച്ചു. കോപ്പിയടിച്ചും അനുകരിച്ചും സോഷ്യല്‍ മീഡിയകള്‍ നല്‍കിയ സാധ്യതകളെ മുതലെടുത്ത് കവികളുടെ ചാകരയാണ് പിന്നെ കണ്ടത് . ഇവര്‍ക്കിടയില്‍ അക്ഷരങ്ങളെ വ്യഭിചരിക്കാന്‍ മനസ്സില്ലാതെ മത്സരങ്ങളില്‍ ഇറങ്ങി ചെല്ലാതെ സുധീറിനെ പോലെ ചില കവികള്‍ പിന്നില്‍ മാറി നിന്നു.
പ്രണയവും കാമവും സെന്റിമെന്റല്‍ ഡ്രാമകളും സമകാലിക വിഷയങ്ങളുടെ തല്‍സമയ കാവ്യങ്ങളും ആയി ഒരു വലിയ കൂട്ടം കവികള്‍ സാഹിത്യത്തിലെ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു . ചിലരൊക്കെ നൂറുദിന കവിതാറാലികള്‍ പോലും നടത്തി തങ്ങളുടെ പാടവം അടയാളപ്പെടുത്തി കവിതാലോകത്തെ ഞെട്ടിക്കുന്നതും കാണാമായിരുന്നു . എന്തിനാണ് ഞാന്‍ എഴുതുന്നത് എന്നൊരു കവിയും ഇന്നേവരെ സ്വയം ചോദിക്കാത്ത ഒരു കാലത്തിലാണ് നാം കവിതകള്‍ വായിക്കുന്നത് എന്നൊരു സന്തോഷം ഓരോ വായനക്കാരനും തന്നോട് തന്നെ പങ്കു വയ്ക്കുന്നുണ്ട് . അറിയപ്പെടാതെ നില്‍ക്കുന്ന , അറിയപ്പെട്ടാല്‍ ഒറ്റപ്പെട്ടുപോയെക്കാവുന്ന ഒട്ടേറെ സ്ത്രീകള്‍ കവിതകള്‍ അപരനാമങ്ങളില്‍ എഴുതുന്ന ഒരു അവസ്ഥ കൂടി സോഷ്യല്‍ മീഡിയ നല്‍കിയ ഉപയോഗങ്ങളില്‍ പെടും . എഴുത്തിലെ വൈവിധ്യങ്ങള്‍ അടയാളപ്പെടുത്തുന്ന വിഷ്ണുപ്രസാദും , ആര്‍ സംഗീതയും , സോണി ദിത്തും , ഷീബ ദില്‍ഷാദും , സുധീറും , രതീഷ് കൃഷ്ണയും, കൃപയും ഒക്കെ എന്തുകൊണ്ടോ മെയിന്‍ സ്ട്രീമിലെ ബഹളങ്ങളില്‍ തങ്ങളുടെ കലഹങ്ങളെ അലയാന്‍ വിടുകയല്ലാതെ അവയെ വേണ്ടപ്പെട്ട രീതിയില്‍ അടയാളപ്പെടുത്തി വെയ്ക്കുവാന്‍ ശ്രമിക്കുക ഉണ്ടാകുന്നില്ല എന്നൊരു പോരായ്മ ഇവിടെ പറയാതിരിക്കാന്‍ കഴിയുകയുമില്ല . കോക്കസുകള്‍ നല്‍കുന്ന ദുര്‍ഗന്ധ രാഷ്ട്രീയം എന്തുകൊണ്ടോ ഓണ്‍ ലൈന്‍ എഴുത്തുകാരെ മുഴുവന്‍ ഒരേ കണ്ണില്‍ കാണുന്ന ഒരു തെറ്റായ ദിശയിലേക്ക് നയിക്കുന്നുണ്ട് . ഗ്രൂപ്പ് തിരിഞ്ഞു നടത്തുന്ന തമാശകള്‍ ആയി കുറച്ചു മത്സരങ്ങളും അവാര്‍ഡുകളും , കാശ് കൊടുത്തും , പ്രീതി നേടാനായും , സ്വയം പ്രൊജക്റ്റ് ചെയ്യാന്‍ വേണ്ടിയും എഴുത്തുകാരേക്കാള്‍ വലിയ വലിയ അവാര്‍ഡുകമ്മറ്റികളും ഇന്ന് മലയാളത്തിനു സ്വന്തമാണ് . മലയാളത്തില്‍ നിന്നും മാത്രമല്ല ഇപ്പോള്‍ ഭാഷാന്തരങ്ങള്‍ തേടിയുള്ള യാത്രയാണ് എഴുത്തുകാരുടെ പുതിയ രീതി . അറിയപ്പെടാത്ത ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന അവാര്‍ഡുകള്‍ ആണ് ഇന്നത്തെ പുതിയ ട്രെന്‍ഡ് എന്ന് കാണാം . ചോദ്യം ചെയ്യപ്പെടാത്ത ഒരു അനുചര വൃന്ദത്തെ വളര്‍ത്തി എടുക്കാനും സാഹിത്യം എന്നാല്‍ ഞങ്ങള്‍ എന്നൊരു മിഥ്യാവലയം പ്രാദേശികമായി നിര്‍മ്മിച്ച് അതില്‍ കൂടുകൂട്ടാനും, രമിക്കാനും കഴിയുന്ന സാഹിത്യ കാലത്തില്‍ നല്ല കഥകളും കവിതകളും വായിക്കുക എന്നതൊരു സാഹസമാണെന്ന് പറയാതിരിക്കുന്നതെങ്ങനെ.
മെര്‍ലിന്‍ ജോസഫ് എന്ന എഴുത്തുകാരിയുടെ "കുത്തിവരകള്‍ " എന്ന കവിതാസമാഹാരം കവിതകളുടെ ഒരു കുഞ്ഞു ശേഖരം തന്നെയാണ് . അമ്മ മനസ്സിന്റെ വേദനകളും , പ്രണയിനിയുടെ വേപഥുവും. ജീവിതവും പ്രകൃതിയും തമ്മിലുള്ള അനുരഞ്ജനങ്ങളും നിറഞ്ഞ ഒരു കവിതാസമാഹാരം . ഇതില്‍ ജീവിതം ഉണ്ട് . അവ പഞ്ഞി മെത്തയിലെ സുഖ ശീതളിമയല്ല പകരം ചകിരികള്‍ ഇളകിയ പഴയ മെത്തയിലെ കഠിന നിദ്രയാണ് . വേദനയുടെ കുത്തിവരകള്‍ ആണ് പലപ്പോഴും വായനയില്‍ പ്രതിഫലിച്ചത് . നോവുകളുടെ സൂചിമുനകള്‍ ഒളിപ്പിച്ചു വച്ച പ്രണയം , ജീവിതം... ഒക്കെയും ഒരു കുഞ്ഞു മനസ്സിന്റെ വിഹ്വലതകള്‍ പോലെ . ചിലപ്പോള്‍ വിരഹിണിയായ പ്രണയിനി . ചിലപ്പോള്‍ വികാരപരവശയായ കാമിനി മറ്റുചിലപ്പോള്‍ ആകുലചിത്തയായ മകള്‍ , മറ്റുചിലപ്പോള്‍ വെപ്രാളം കൊള്ളുന്ന അമ്മ മനസ്സ് . പ്രകൃതിയെ സാക്ഷി നിര്‍ത്തി ബിംബ വത്കരണമാര്‍ഗ്ഗത്തിലൂടെ കവിതകളെ വരച്ചിടാന്‍ മെര്‍ലിന് നല്ല കഴിവ് തന്നെയുണ്ട് . അത് തന്നെയാണ് കവിതകളുടെ അധിവായനയെ സ്വാധീനിപ്പിക്കാന്‍ കഴിയുന്നതും . തികച്ചും മനോഹരങ്ങളായ നാല്പത്തിമൂന്ന് കവിതകള്‍. ചെറുതും വലുതുമായ ആ കവിതാ ശകലങ്ങളെ വായനയില്‍ രസിപ്പിക്കുവാന്‍ മാത്രമല്ല ചിന്തിക്കുവാനും വേദനിപ്പിക്കുവാനും കഴിയുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Friday, June 8, 2018
കുത്തിവരകള്‍ ........... മെര്‍ലിന്‍ ജോസഫ്
Subscribe to:
Post Comments (Atom)
No comments:
Post a Comment