Tuesday, June 12, 2018

സ്കൂൾ കുട്ടികൾ ദയയർഹിക്കുന്നില്ല...!



വീണ്ടും സ്കൂള്‍ തുറന്നു .
കുട്ടികള്‍ക്ക് ഇത് ദുരന്തകാലം കൂടിയാണ് . വര്‍ഷാവര്‍ഷം നാം വായിക്കുന്നതും , അനുഭവിക്കുന്നതും ആയ ഒരു വസ്തുതയാണ് സ്കൂള്‍ വണ്ടികളുടെ അപകടവും കുട്ടികളുടെ ജീവനഷ്ടവും . തുടര്‍ക്കഥ പോലെ അത് ഇങ്ങനെ നടന്നുകൊണ്ടേയിരിക്കുന്നു. ഞാന്‍ മനസ്സിലാക്കിയ ഒരു വിഷയം എന്താണെന്ന് വച്ചാല്‍ നമ്മുടെ സമൂഹത്തിനു കുട്ടികളുടെ കാര്യത്തില്‍ ഒരു വേവലാതിയും ഇല്ല എന്നുള്ളതാണ് . അവര്‍ക്ക് വേണ്ടി സംസാരിക്കാനോ , അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനോ ഒരു സംഘടനയും, ഒരു വ്യക്തിയും മുന്നിട്ടിറങ്ങുന്നുമില്ല . ഒരു സംഘടനയും എന്ന് അടച്ചു ആക്ഷേപിക്കണ്ട കാര്യമില്ല എന്നൊരു മറുവാദം വന്നേക്കാം . പക്ഷെ അവയുടെ നാമമാത്രമായ പ്രകടനമോ പ്രവര്‍ത്തനമോ മൂലം അത് എല്ലാവരിലും എത്തുന്നില്ല എന്നതുകൊണ്ടാണല്ലോ അങ്ങനെ ഒന്ന് പറയേണ്ടി വരുന്നത് എന്ന് കൂടി ചിന്തിക്കുന്നത് നല്ലതാകും . നമുക്ക് അതായത് സമൂഹത്തിനു വേണ്ടത് ഇരകളെ ആണ് . മരിച്ചു പോയ കുട്ടികളെ ഓര്‍ത്ത്‌ കണ്ണീര്‍ സീരിയല്‍ പോലെ കഥകള്‍ , ഫീച്ചറുകള്‍, എഴുതാനും ഫോട്ടോസ് എടുത്തു അടിക്കുറിപ്പുകള്‍ എഴുതാനും മാത്രമാണ് നമ്മുടെ മീഡിയകള്‍ക്കും പ്രതികരണതൊഴിലാളികള്‍ക്കും താത്പര്യം . സമീപകാല സംഭവങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ശരിയാണ് എന്ന് മനസ്സിലാകും . പലപ്പോഴും പറഞ്ഞതാണ് എങ്കിലും വീണ്ടും പറഞ്ഞു പോകുകയാണ് . കുട്ടികളെ ലൈംഗികടോയ്സ് ആയി ഉപയോഗിക്കുന്ന ജനതയുടെ വാട്സപ്പ് പോലുള്ള സോഷ്യല്‍ മാധ്യമങ്ങളെ തുറന്നു കാണിച്ചിട്ടും ഒരു പുരോഗമനപ്രസ്ഥാനം പോലും അതിനെ ഏറ്റെടുത്തു ഒരു മുന്നേറ്റം നടത്തുകയുണ്ടായില്ല. പകരം അവര്‍ വൈറലുകള്‍ ആക്കുന്ന തിരക്കുകളില്‍ ആയിരുന്നു അപഥസഞ്ചാര കഥകളുടെയും രാഷ്ട്രീയ മത വിരോധങ്ങളുടെയും .
കുട്ടികളുടെ ഇടയിലെ പീഡനങ്ങള്‍ക്ക് പോലും ഇരകള്‍ ഉണ്ടാകുമ്പോള്‍ മാത്രം പോസ്റ്റുകളില്‍ വേട്ടക്കാരനെ എങ്ങനെ ഒക്കെ ശിക്ഷിക്കാം എന്ന് ചര്‍ച്ച നടത്തി കോള്‍മയിര്‍ കൊള്ളുന്ന ഒരു സമൂഹത്തെയല്ലാതെ അതിനെ എങ്ങനെ ഇല്ലായ്മ ചെയ്യാം എന്നൊരു ചര്‍ച്ച നടന്നു കണ്ടിട്ടേയില്ല .
ഇത്തരം അവസ്ഥയില്‍ എങ്ങനെ ആണ് , ആരാണ് കുട്ടികളുടെ ജീവനെടുക്കുന്ന സ്കൂള്‍ വാഹനങ്ങളുടെ വിഷയത്തെ ചര്‍ച്ച ചെയ്യുകയും സമൂഹശ്രദ്ധയില്‍ കൊണ്ട് വന്നു ഒരു പോംവഴിയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക. രാവിലെ ഏഴു മണി മുതല്‍ ഉറക്കപ്പായില്‍ ബസ്സിലേക്ക് കയറ്റി വിടുന്ന കുട്ടികള്‍. ഒരു സീറ്റില്‍ തന്നെ വലിയ ചെറിയ കുട്ടികളെ മടിയില്‍ ഇരുത്തി സര്‍ക്കസിലെന്ന പോലെ ഉള്ള യാത്ര . പരാതിപ്പെട്ടാല്‍ മറ്റു വഴികള്‍ ഇല്ല . ബസ്സിന്റെ അപര്യാപ്തത തുടങ്ങിയ മുടന്തന്‍ ന്യായം പറയുന്ന സ്കൂള്‍ അധികൃതരുടെ അനാസ്ഥ . ഒരു മുന്‍ റിക്കോര്‍ഡും ഇല്ലാത്ത ഡ്രൈവര്‍മാരുടെ തോന്നിയപടിയുള്ള ഡ്രൈവിംഗ്. അശ്രദ്ധയോടെ , ഞാനിതെത്ര ഓടിച്ചിട്ടുള്ളതാ എന്ന ഭാവത്തിലുള്ള ഡ്രൈവര്‍മാര്‍ കേരളത്തിനു മാത്രം സ്വന്തം . സമയം കവര്‍ ചെയ്യാന്‍ വേണ്ടി അവര്‍ നിരത്തിലൂടെ പരക്കം പായുകയാണ് രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെയുള്ള സമയത്ത് ഒരു ചെക്കിംഗും ഇല്ലാ എന്നത് അവര്‍ക്ക് ഒരു ആശ്വാസവും ആണ് . പ്രത്യേകിച്ച് ഇടറോഡുകള്‍ മാത്രം കവര്‍ ചെയ്യുന്നത് കൊണ്ട് ആരും ശ്രദ്ധിക്കാന്‍ പോകുന്നില്ലല്ലോ . കുട്ടികളെ ബസ്സില്‍ കയറ്റി വിടുക എന്നതില്‍ കവിഞ്ഞു (അതും സംഭവിക്കാറില്ല ചിലപ്പോള്‍ കുട്ടികള്‍ തന്നെ വണ്ടി കാത്തു നിന്ന് കയറിക്കോളും) വീട്ടുകാര്‍ക്ക് ഉത്തരവാദിത്വം ഒന്നുംതന്നെയില്ല . വഴിയില്‍ ഒരുത്തരും ചോദ്യം ചെയ്യാന്‍ ഉണ്ടാകാറുമില്ല . ചോദ്യം ചെയ്യലുകാര്‍ക്ക് മിനിമം ഒരു സദാചാരവിരുദ്ധത കാണണം വിഷയത്തില്‍ .അതല്ലാത്തത് ഒന്നും അവര്‍ക്ക് വിഷയമേയല്ല പ്രതികരണത്തിന് . പ്രൈവറ്റ് ബസ്സുകാരുടെ മത്സര ഓട്ടം . ചെറുപ്പക്കാരുടെ പ്രത്യേകിച്ചും കൌമാരക്കാരുടെ ടൂ വീലര്‍ അഭ്യാസം തുടങ്ങിയവ ഒന്നും സമൂഹത്തിനു ഒരു വിഷയമേയല്ല പ്രതികരിക്കാന്‍ . അവര്‍ വേണമെങ്കില്‍ അങ്ങനെ കാണുന്നവന്റെ കുടുംബത്തെ ഒന്ന് സ്മരിക്കും പിന്നെ തങ്ങളുടെ പണിയിലേക്ക് തിരിയും . വഴിവക്കില്‍ തല തകര്‍ന്ന്‍ കിടക്കുന്നത് കാണുമ്പോള്‍ ഞാന്‍ അപ്പോഴേ ഓര്‍ത്ത്‌ ഇങ്ങനെയേ വരൂ എന്നൊരു ആത്മഗതവുമായി തന്റെ സാമൂഹ്യധര്‍മ്മം അവന്‍ പൂര്‍ത്തിയാക്കും .
തീര്‍ച്ചയായും സമൂഹത്തിനു ഒരു സാഡിസ്റ്റ് മനോഭാവം ആണ് . ഇരകളെ സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ ബോധപൂര്‍വ്വം അവഗണിക്കുകയും ഇരകള്‍ ആയിക്കഴിയുമ്പോള്‍ ആ കാഴ്ചയില്‍ ഉന്മാദം കൊണ്ട് അവയെ ഷെയര്‍ ചെയ്തു ചര്‍ച്ചകള്‍ നടത്തി രാഷ്ട്രീയ , നിയമ വ്യവസ്ഥിതിയെ രണ്ടു തെറി പറഞ്ഞു തിരികെ തന്റെ ലോകത്തിലേക്ക് പോകുകയും ചെയ്യുന്ന സമൂഹം തങ്ങളുടെ വീടുകളില്‍ ഇവയിലേതെങ്കിലും സംഭവിക്കുമ്പോള്‍ മാത്രം കണ്ണീരോടെ നീതിക്കും കരുണയ്ക്കും വേണ്ടി കരയും . മതം തലയില്‍ കയറിയവന്‍ ദൈവത്തെ വാഴ്ത്തുകയോ , പഴിക്കുകയോ അതല്ലെങ്കില്‍ രക്ഷിക്കട്ടെ എന്നൊരു പാഴ്വാക്കെറിഞ്ഞോ തിരിഞ്ഞു നടക്കും .
എന്നാണു ഈ കാഴ്ച്ചപ്പാടുകള്‍ക്ക് ഒരു മാറ്റം സംഭവിക്കുക?
ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment