Wednesday, June 20, 2018

മാതൃവിലാപം


എങ്ങു പോയെന്നുണ്ണി-
യെന്നേവം തപിച്ചുകൊ-
ണ്ടമ്മ മരുവുന്നു വീടിന്‍
ഉള്ളിലും പുറത്തുമായ് .

അല്‍പനേരം മയങ്ങിയ
കുറ്റത്തെ ശപിച്ചുകൊണ്ടാ
നെഞ്ചകം വിങ്ങിയവള്‍
തൊടിയില്‍ അലയുന്നു .

കണ്ടതില്ല പത്തായപ്പുര,
വടക്കിനിയിലും പിന്നെ
അടുക്കളപ്പുറത്തും ചാരെ
കുളിമുറി തന്നിരുളിലും .

കിണറിന്‍ വലയൊന്നു
മാറിയിട്ടില്ല ഭാഗ്യം
കോഴിക്കൂടിന്നകമത്
ശൂന്യമായി തന്നെയുണ്ട്‌ .

അടഞ്ഞപടിവാതിലില്‍
തടഞ്ഞ കണ്ണുകള്‍ പിന്നെ  
തികഞ്ഞ വേഗത്തോടെ
തുറന്നു നോക്കീ ചുറ്റും .

പകല്‍ തെളിഞ്ഞ ഭാവ-
മോടെ ചുറ്റിലും നിറഞ്ഞിട്ടും
അകലെ മിഴികള്‍ ഉഴറി,
തെളിയാ മനമോടവള്‍ നിന്നു.

കനലില്‍ ചവിട്ടും പോൽ
തിരികെ നടന്നവള്‍
കണവനെ തന്നെ ഫോണില്‍
വിളിക്കാനുറച്ചുടന്‍.

ഫോണെന്നെടുക്കുവാന്‍
മുന്നോട്ടു നടക്കുമ്പോള്‍
കാണുവാനായി കോണില്‍
കളിവണ്ടിയതൊന്നു  വേഗം.

ഓടിയങ്ങടുത്തെത്തും നേര
മാ മൂലതൻ മറവിലായി
മയങ്ങിക്കിടക്കുന്നോ-
രുണ്ണിയെ കണ്ടാനവള്‍

ധൃതിയില്‍ വാരിയെടുത്തു
മ്മകള്‍ നല്‍കും നേരം
ത്രസിക്കും മുലഞ്ഞെട്ടു
നനച്ചാ വസ്ത്രത്തെയും.  
..... ബി.ജി.എൻ വർക്കല

No comments:

Post a Comment