Sunday, June 17, 2018

ദൈവ ദശകവും മത ഗ്രന്ഥങ്ങളും കൈകോര്‍ക്കുമ്പോള്‍


നാമോരുരുത്തരും ഓരോ വായനയെയും സമീപിക്കുക നമ്മുടേതായ കാഴ്ചപ്പാടുകളില്‍ കൂടിയാണ് . മുന്‍വിധികള്‍ വച്ചുകൊണ്ടും അതില്ലാതെയും ഓരോ വായനയേയും നാമെടുക്കുക . അത് നമ്മുടെ മാത്രം വായനയാണ് . ഒരു ചുവന്ന പൂവിനെ നാം കാണുന്നത് നമുക്കത് ചുവപ്പായി തോന്നുന്നത് കൊണ്ടാണ് . അതെ ചുവപ്പ് നാം കാണുന്ന ചുവപ്പായി മറ്റൊരാള്‍ കാണുന്നു എന്നത് നമ്മുടെ ചിന്തയാണ് . അവര്‍ കാണുന്ന ചുവപ്പ് നമ്മുടെ ചുവപ്പാകണം എന്നില്ല . പേരില്‍ ചുവപ്പ് ആകുമെങ്കിലും നമ്മുടെ കാഴ്ച സ്ഥിരീകരിക്കുന്ന നിറത്തെ നാം ചുവപ്പായി കരുതുന്നു . അതുപോലെ ആണ് ഓരോ വായനയും. പറഞ്ഞു വരുന്നത് പ്രശസ്തമായ പല പഴയകാല രചനകളും വെറും കവിത എന്ന നിലയില്‍ മാത്രം വായിക്കപ്പെടേണ്ടത് ആയിരുന്നിട്ടു കൂടി അവ എഴുതപ്പെടുന്ന വ്യക്തിയെയും അത് ഉപയോഗിക്കപ്പെടുന്ന തലത്തെയും വച്ച് അതിനെ വായിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കാഴ്ചകള്‍ എത്ര കേവലതയാണ് എന്നതിലാണ് . പൂന്താനം എഴുതിയ കവിത വിശ്വോത്തരം ആയ കവിതയായി ആരെങ്കിലും വാഴ്ത്തപ്പെടുന്നു എങ്കില്‍ അതിനു കാരണം അതിലെ ദൈവ സ്തുതിയാണ് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ് . കാലകാലമായി ദൈവങ്ങളെ (ഓരോരുത്തര്‍ക്കും ഓരോ ദൈവങ്ങള്‍ എന്ന ചുറ്റുപാടുകള്‍ കണ്ടുകൊണ്ടു)സ്തുതിക്കാന്‍ കവികള്‍ മത്സരങ്ങള്‍ ആയിരുന്നു എന്ന് കാണാം. പച്ചയായ ലൈംഗികാവയവ വർണ്ണന , ഭോഗരസങ്ങൾ എന്നിവ പ്രധാനങ്ങള്‍ ആയ കവിതകളെ ഭക്തിയോടെ കുഞ്ഞുങ്ങള്‍ അടക്കം ദിനവും പാരായണം ചെയ്യപ്പെടുന്ന ഒരു നാടാണ് നമ്മുടേത്. ബൈബിള്‍ അടക്കമുള്ള മത ഗ്രന്ഥങ്ങളും ഇതില്‍ നിന്നും വ്യത്യസ്തമല്ല . പഴയനിയമം എഡിറ്റ്‌ ചെയ്ത് എഡിറ്റ്‌ ചെയ്തു ജാള്യത മാറ്റാന്‍ ഒടുക്കം പുതിയ നിയമം കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്ന സമൂഹവും നമ്മുടെയാണല്ലോ. ഇവയില്‍ നിന്നും ഒട്ടും പിന്നില്‍ അല്ല കേരളത്തിലെ നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുവും . ഈഴവാദികളുടെ വീടുകളില്‍ നിത്യവും പാരായണം ചെയ്യുവാന്‍ ഗുരു തയ്യാറാക്കിയ പദ്യം ദൈവ ദശകം, ഇന്ന് സമൃദ്ധമായി ഉപയോഗിച്ച് വരുന്നുണ്ട് . അതിനെ നിത്യ ചൈതന്യ യതി അടക്കമുള്ള പണ്ഡിതര്‍ വ്യാഖ്യാനിച്ചു കൊമ്പത്ത് വച്ചിട്ടുമുണ്ട് . ഇനി ഇതുപോലൊന്ന് രചിച്ചു കാട്ടിന്‍ നിങ്ങള്‍ , പറ്റുമെങ്കില്‍ നിങ്ങളുടെ ദൈവങ്ങളെയും കൂടെ കൂട്ടിന്‍ എന്ന് ഖുറാന്‍ പോലെ ദൈവ ദശകത്തിന്റെ പിന്നിലും ഒരു വെല്ലുവിളി വരും കാലം കല്‍പ്പിച്ചു കൊടുക്കുന്ന സ്ഥിതിയിലേക്കാണ് ഇന്ന് നാരായണീയര്‍ എന്ന പുതിയ മത വിഭാഗം വളര്‍ന്നു തുടങ്ങിയിരിക്കുന്നത് . എതിര്‍ക്കുന്നവരെ സംഘം ചേര്‍ന്ന് ആക്രമിക്കുക എന്നതും ഭീക്ഷണിപ്പെടുത്തുക എന്നതും ഒക്കെ പുതിയ നയങ്ങളായി കേരളത്തില്‍ നിന്നും ഉയരുന്ന വാര്‍ത്തകള്‍ ആണ് . നമുക്ക് (ഈഴവര്‍ക്ക്) നാരായണ ഗുരു , ദൈവം ആണ് . നമ്മള്‍ അദ്ദേഹത്തിനെ പിന്തുടരുന്നവര്‍ ആണ് എന്ന് നേതാക്കൾ പറഞ്ഞു വയ്ക്കുന്നുണ്ട്. ഇതൊരു പുതിയ മതവും ദൈവവും ഉടലെടുക്കുന്ന തലത്തിലേക്ക് വളര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുകയാണ് . ഇനി നാരായണ ഗുരുവിനെ വിമര്‍ശിക്കുന്നതും ദൈവനിന്ദ ആകുകയും കൈകാലുകള്‍ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥകള്‍ ഉണ്ടാകുകയും ചെയ്യുന്ന കാലം വിദൂരമല്ല എന്നും മനസ്സിലാക്കുന്നു .

ദൈവമേ കാത്തുകൊൾകങ്ങ് കൈവിടാതിങ്ങു ഞങ്ങളെ എന്ന് ഭക്തിയോടെ നാരായണ ഗുരുവിന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥന നടത്തുന്ന ഒരു ശരാശരി വിശ്വാസിക്ക് ഗുരു ദൈവവും ആപത്ബാന്ധവനും ആകുന്നത് അത്ഭുതവാര്‍ത്തയല്ല . അസുഖം വന്നാല്‍ ചികിത്സിക്കാന്‍ ഗുരുവിന്റെ പേരില്‍ ആശുപത്രി ഉണ്ട് അല്ലെങ്കില്‍ മറ്റു ആശുപത്രികളും . മരിച്ചു പോയാല്‍ ദൈവ വിധിയും , കൈ കാലുകള്‍ ഒടിഞ്ഞാല്‍ ദൈവ നിശ്ചയവും അപകടത്തില്‍ നിന്നും പത്തുപേരില്‍ ഒരാള്‍ രക്ഷപ്പെട്ടാല്‍ ദൈവ ഭാഗ്യവും എന്ന് വിലയിരുത്തുന്ന ഭക്തര്‍ക്ക് മുടങ്ങാതെ ചൊല്ലാന്‍ ഈ ഭക്തിഗാനം നല്ലതാണ് . ഉറങ്ങാനും പറ്റും നല്ലൊരു താരാട്ടിന്റെ ഈണം അടങ്ങിയ കവിതയാണ് . ആകാശത്തു എങ്ങോ ഇരിക്കുന്ന ഒരു മാമന്‍ നമ്മെയെല്ലാം രക്ഷിച്ചു പണ്ടാരമടങ്ങുകയാണ് എന്ന പ്രാകൃതവിശ്വാസത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ്  നാരായണ ഗുരുവിന്റെ ഈ ഭക്തി കവിതയും . ഇതില്‍ അതിനപ്പുറം എന്ത് ദ്വൈത അദ്വൈത വേദാന്തങ്ങള്‍ ആണ് കല്‍പ്പിക്കപ്പെടുന്നത്? . നീയല്ലോ സൃഷ്ടിയും സൃഷ്ടിക്ക് കാരണവും എന്നൊക്കെ ഗുരുവിന്റെ തള്ളലുകള്‍ കേള്‍ക്കുമ്പോള്‍ (ഗുരു ഒരു യുക്തിവാദിയാണ് എന്ന പ്രസ്താവനയെ കൊഞ്ഞനംകുത്തുന്നുണ്ട് ഈ വരികള്‍ ഒക്കെ) പരമ്പരാഗത മത ദൈവ വിശ്വാസത്തെ പിന്‍പറ്റി ജീവിക്കുന്ന കേരളത്തിലെ അധഃകൃതരായ ജനങ്ങള്‍ക്ക് അപ്രാപ്യമായ അറിയാത്ത ഭാഷയായ സംസ്കൃത ശ്ലോകങ്ങള്‍ ചൊല്ലി അവര്‍ അന്ധരായി പോകുന്നത് മാറ്റാന്‍ അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഗുരു നിങ്ങള്‍ ഇതാണ് ചൊല്ലുന്നത് ഇനി നിങ്ങളുടെ ഭാഷയില്‍ ഇതങ്ങു ചൊല്ലുക എന്ന് കല്‍പ്പിക്കും പോലെയാണ് ഈ കവിത പ്രചരിക്കപ്പെട്ടത്‌ നിഗൂഡമായെങ്കിലും എന്നത് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും .

ഒരു ദൈവ വിശ്വാസിയായ ഗുരുവില്‍ നിന്നും മറ്റൊന്നും തന്നെ പ്രതീക്ഷിക്കേണ്ടത് ഇല്ലതന്നെ . ശാസ്ത്രവും മതവും തമ്മില്‍ കാലങ്ങള്‍ ആയി നടക്കുന്ന ആശയ സംഘട്ടനങ്ങളില്‍ മതത്തിന് ശാസ്ത്രത്തെ പ്രതിരോധിക്കാന്‍ ശാസ്ത്രം കണ്ടെത്തുന്ന ആയുധങ്ങള്‍ തന്നെ വേണ്ടി വരുന്നുണ്ട് എന്നത് തമാശയാണ് . ഓരോ വരിയായി എടുത്തു പറഞ്ഞു വ്യാഖ്യാനിക്കാന്‍ വേണ്ടി ഉള്ള വിലപ്പെട്ട ഒരു അറിവും ഒരു ചിന്തിക്കുന്ന മനുഷ്യന് ഇതില്‍ നിന്നും ലഭിക്കുകയില്ല എന്നാല്‍ ഭക്തിയോടെ അന്ധതയോടെ ഇതിനെ സമീപിക്കുന്നവര്‍ക്ക് നാസ പോലും ഇതിന്റെ മുന്നില്‍ മുട്ടുമടക്കുകയും അനന്ത വിസ്മയങ്ങളായ പ്രപഞ്ചം ഏതോ ഒരു മാമന്റെ പിതൃത്വം ആഘോഷിക്കുന്ന കഥകള്‍ക്ക് കൂടുതല്‍ ശക്തി പകരുകയും ചെയ്യും .

ഒരു മണ്ടത്തരത്തെ എത്ര തന്നെ വെള്ള പൂശിയാലും അത് മണ്ടത്തരം തന്നെയാകും ചിന്തിക്കുന്നവര്‍ക്ക് . കവിത എന്ന നിലയില്‍ ഒരാള്‍ക്ക് ഒറ്റ വായനയ്ക്ക് മാത്രമുതകുന്ന ഒരു ഭക്തി ഗാനത്തിനു ലോകത്തില്ലാത്ത വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നവര്‍ മിഥ്യാലോകത്തിലിരുന്നു ആടിനെ പട്ടിയാക്കുന്നവര്‍ ആണ് . വീണ്ടും വീണ്ടും വായിക്കൂ ഉള്ളിലെ സത്ത തിരയൂ എന്നൊക്കെ തള്ളുന്നവര്‍ ഇരുട്ടുമുറിയിൽ കൊക്കാച്ചിയെ തേടുന്നവര്‍ ആണ് . മറ്റു മതഗ്രന്ഥങ്ങളില്‍ അതിന്റെ വിശ്വാസികള്‍ വിമര്‍ശകരോട് പറയുന്നതിന് അപ്പുറം ഒന്നും ശ്രീനാരായണീയര്‍ക്കും ഈ കവിതയെ വിമർശിക്കുന്നവരോടും പറയാന്‍ ഇല്ല എന്നതാണ് വാസ്തവം . അവരോടു തര്‍ക്കിക്കുന്നവരെ പോലെ മൂഢന്മാര്‍ മറ്റൊരാള്‍ ഇല്ല തന്നെ . സസ്നേഹം ബി.ജി.എന്‍ വര്‍ക്കല


No comments:

Post a Comment