Friday, June 8, 2018

പുള്ളിക്കണക്കന്റെ കവിതകള്‍ ..........റോയ് കെ ഗോപാല്‍

പുള്ളിക്കണക്കന്റെ കവിതകള്‍ (കവിതകള്‍)
റോയ് കെ ഗോപാല്‍
വായനപ്പുര പബ്ലിക്കേഷന്‍സ്
വില: 100 രൂപ


“വെണ്ണീറു തൂവിയെന്‍ കണ്ണിനെ നീറ്റി -
ക്കഴുത്തറുക്കുന്ന ചിന്തയില്‍
പക്ഷേ നീ മനുജനും
ഞാന്‍ പിടയ്ക്കുന്നവനുമാകുന്നു...!” (ചൂണ്ട)


കവിതകളുടെ ലോകത്തില്‍ ഇന്ന് വല്ലാത്തൊരു ശൂന്യത അനുഭവപ്പെടുന്ന കാലമാണ് നാം അനുഭവിക്കുന്നത് . ഇതിനു കാരണം കവിതയില്ലായ്മ അല്ല കവിതയില്‍ ‘വിത’യില്ലായ്മയാണ് . കവിത്വം തേടി കവികള്‍ പരക്കം പായുമ്പോള്‍ വൃത്തവും അലങ്കാരവും തേടി ഒരു കൂട്ടര്‍ തപസ്സു ചെയ്യുന്നു മറുകൂട്ടര്‍ നിയോ ക്ലാസിക്കല്‍ കവിതാലോകം സ്വപ്നം കണ്ടു കവിതകള്‍ എഴുതുന്നു . എന്ത് തന്നെയായാലും കവിതയ്ക്ക് വിത നഷ്ടപ്പെടുന്ന ഒരു കാലത്ത് നാം കവിതയെക്കുറിച്ച് ചിന്തിക്കുന്നതാണ് ഒരു തമാശയായി അനുഭവപ്പെടുന്നത് . പേരെടുത്ത കവികള്‍ എന്ന് സ്വയം കരുതുന്നവര്‍ പോലും ഇന്ന് ശ്രമിക്കുന്നത് വൈറല്‍ ആകുന്ന കവിതകള്‍ രചിക്കാന്‍ ആണ് . ഓണ്‍ ലൈന്‍ പോര്‍ട്ടലുകളില്‍ അവര്‍ക്ക് ഒരു റീച് കിട്ടാന്‍ സമകാലിക വിഷയങ്ങളെ അവര്‍ നന്നായി ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് . അതില്‍ കവിതയുണ്ടോ , ആ കവിത എന്തെങ്കിലും സന്ദേശങ്ങള്‍ നല്‍കുന്നുണ്ടോ , അത് വായനക്കാരെ സ്വാധീനിക്കുന്ന എന്തെങ്കിലും നല്‍കുന്നുണ്ടോ എന്നതൊന്നും അവരെ ബാധിക്കുന്ന വിഷയമല്ല . സീരിയല്‍ കഥകള്‍ പോലെ വായനക്കാരെ പുറമേ തൊടാന്‍ കഴിയുന്ന ഒന്നോ രണ്ടോ വാക്കുകള്‍ , വരികള്‍ , വിഷയങ്ങള്‍ എടുത്തു സദാചാര ലോകത്തിന്റെ ലെന്‍സ്‌ മിഴികളിലൂടെ അവര്‍ അവയെ അവതരിപ്പിക്കുമ്പോള്‍ വാസ്തവികത എന്തെന്ന് അറിയാത്ത ജനം ഇതാണ് സത്യം എന്ന് കരുതുകയോ നമ്മള്‍ കരുതുന്നത് തന്നെ അയാളും പറയുന്നുണ്ട് അതിനാല്‍ നമ്മള്‍ ശരിയെന്നു ധരിക്കുകയോ ചെയ്യുന്ന ഒരു അവസ്ഥയില്‍ എത്തിച്ചേരുന്നു .
ഇത്തരം അബദ്ധ പഞ്ചാംഗങ്ങള്‍ വാഴുന്ന ഓണ്‍ ലൈന്‍ മീഡിയയില്‍ ആണ് എഴുത്തിന്റെ കനല്‍ തെളിയിച്ചു കൊണ്ട് ചില കവികള്‍ തങ്ങളെ അടയാളപ്പെടുത്തുന്നത് . പലപ്പോഴും അത് കാലത്തിന്റെ മുന്നില്‍ തമാശകള്‍ ആകാറുണ്ട് . ഒരു കാലത്ത് തീവ്രഇടതു പക്ഷ ചിന്താഗതികള്‍ പുലര്‍ത്തിയിരുന്ന നക്സല്‍ നേതാക്കള്‍ പിന്നീട് ആത്മീയതയിലേക്ക് ചാഞ്ഞു വീണത്‌ പോലെ ചില കവികളും കാലത്തിനു അനുസരിച്ച് , സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തങ്ങളുടെ ഉടുപ്പുകള്‍ മാറുകയും ചിന്തകള്‍ മാറ്റുകയും ചെയ്തിട്ടുണ്ട് .
കവിതയിലെ ക്ഷുഭിതയൗവ്വനമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനു ശേഷം ആ ശ്രേണിയിലേക്ക് കടന്നു വരാന്‍ ശ്രമിച്ചു കവികള്‍ എന്ന് സ്വയം പറഞ്ഞ പലരും പിന്നീട് കാലത്തിന്റെ തമാശകള്‍ ആയി മാറുന്ന കാഴ്ച നാം കാണുന്നുണ്ട് . “റോയ് കെ ഗോപാല്‍” എന്ന കവിയുടെ കവിതകളെ “പുള്ളിക്കണക്കന്റെ കവിതകള്‍” എന്ന കവിതാസമാഹാരത്തില്‍ വായിക്കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് ചുള്ളിക്കാടിന്റെ ക്ഷുഭിതയൗവ്വനം തന്നെയാണ് . ഇടതു പക്ഷമായാലും വലതു പക്ഷമായാലും സംഘ പരിവാര്‍ പ്രസ്ഥാനത്തെ ആയാലും കവി ശക്തമായി തന്നെ വിമര്‍ശിക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട് .
“സാക്ഷികള്‍ രക്തങ്ങള്‍ മാത്രം ....
അല്ലെങ്കിലും ഓര്‍ക്കാന്‍ വേണ്ടി
മരിച്ചവര്‍ ആയിരുന്നില്ലല്ലോ, അവര്‍” (മരിക്കാത്തവര്‍) എന്ന് കവി പറയുമ്പോള്‍ രക്തസാക്ഷികളെ സൃഷ്ടിക്കുന്ന കേരളത്തിലെ കപട രാഷ്ട്രീയത്തിന് നേരെ ചൂണ്ടുന്ന ചില ചോദ്യങ്ങള്‍ അതില്‍ കാണാന്‍ കഴിയുന്നത് മേല്‍ പറഞ്ഞ വിമരശനത്തിന്റെ വിരല്‍ കത്തി മുന ആകുന്ന കവി ചിന്തയില്‍ നിന്നും മാത്രമാണു . അവതാരികയില്‍ കവി കൂടിയായ വയലാര്‍ മാധവന്‍ കുട്ടി പറയുന്ന വിമര്‍ശകരെ ഇഷ്ടമല്ല എന്ന വാക്കിനെ പ്രതിരോധിച്ചുകൊണ്ട്  ഒരു കവിയുടെ വിരല്‍ മുനയില്‍ നടുങ്ങുന്ന ഭരണകൂടത്തിനും തെറ്റിന്റെ പുസ്തകങ്ങളെ വിമര്‍ശിക്കുന്ന ഭാഷാവിദഗ്ദ്ധന്മാരും ഒരുപോലെ എന്ന് നമുക്ക് മനസിലാക്കി തരുന്നുണ്ട് റോയ് തന്റെ കവിതകളില്‍ കൂടി. ഭരണകൂടത്തെയും വ്യവസ്ഥിതെയെയും മതത്തെയും വിമര്‍ശിക്കുന്നത് .
“പക്ഷ രാഷ്ട്രീയത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍
ജീവശ്വാസം കിട്ടാതെ പിടയുന്നുണ്ട്‌
ഉടഞ്ഞ പിഞ്ഞാണ വാക്കുമായൊരു കവിത” (കവിത) എന്ന കവി വാക്യം എഴുത്തിലെ കവിയുടെ നിലപാടിനുള്ള ഒരു തെളിവ് കൂടിയാകുന്നുണ്ട് പലപ്പോഴും.
“മരിക്കരുത്‌ നീ ,
ഈ ലോകത്തുടല്‍ കാട്ടി
ഗര്ജ്ജിക്കണം” (യാസ്മിന്‍ ) എന്ന കവിതയിലൂടെ യസീദി പെണ്‍കുട്ടിയുടെ കദനജീവിതം ആവിഷ്കരിക്കുമ്പോള്‍ അതിനു ആസിഫയുടെ സമകാലിക ദുഖത്തിന്റെ കൂടി നിറം കലരുന്നുണ്ട് . പൂവുടലുകളുടെ സ്നിഗ്ധതയില്‍ വെറി പൂണ്ട് ലോകത്തെ മതം , രാഷ്ട്രമിവയൊന്നും തടസ്സമാകുന്നില്ല എന്നത് കൊണ്ട് കൂടിയാണ് പലപ്പോഴും കവിതകള്‍ കാലാനുവര്തിയാകുന്നത്.
“ഹൃദയത്തിന്റെ അടഞ്ഞ
കൂട്ടിന്‍ നിന്നല്ല കിളിയെ
നീ സംസാരിക്കേണ്ടത്” (പറയാനുള്ളത് ) എന്ന ആഹ്വാനം ഓരോ ഇരകള്‍ക്കും വേണ്ടിയുള്ളത് ആകുന്നു .
”ബോധ തലങ്ങളിലേക്ക്
മതാന്ധതയുടെ ഉടഞ്ഞ നിയമങ്ങള്‍
കുത്തിവേക്കുന്നവര്‍”(ഭയം) ആണ് മതവും രാഷ്ട്രീയവും എന്ന ഉള്‍ക്കാഴ്ച ഉള്ള കവി
“മനുഷ്യനെ കൊന്നു കെട്ടിത്തൂക്കുന്ന നാട്ടില്‍
മനുഷ്യത്വ ബോധം ഭരണ സിംഹാസനങ്ങളില്‍ നിന്നും
പശു ദൈവങ്ങള്‍ക്കടിപ്പെട്ട്
വിദേശ പര്യടനം നടത്തുമ്പോള്‍
ചുവന്ന അസഹിഷ്ണുതയ്ക്ക് പകരമായി
പാന്റിട്ട ദൈവത്തിന്റെ തലയറുക്കുന്നിടം വരെ
അധികാര ഫാസിസം ഗര്ജ്ജിച്ചുകൊണ്ടേയിരിക്കും“ (പശു നഗ്നയാണ്‌ ) എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട് . തീവ്രവേദനയുടെ , കനല്‍ ജ്വാലകളില്‍ പടര്‍ന്നു കത്തുന്ന കവിയില്‍ പക്ഷെ പ്രണയവും ഭദ്രമാണ് സാന്ദ്രവും .
“പറയാതെ പിറിയുവാനാകണം
നമുക്കറിയാം പരസ്പരമോമലെ...
കഥയില്ലാതോരാകദനം വിളംബുമീ തീരത്ത്‌ ,
ചുട്ടുപൊള്ളുന്ന സൂര്യന്റെ നിഴല് ഞാന്‍” (നിഴല്‍) എന്ന് കവി പ്രണയത്തിന്റെ തീയില്‍ നോവുന്നുണ്ട് . “മറന്നോ നീയെന്റെ പെണ്ണാളെ ,
നമ്മള്‍ ഒരുമിച്ചൊരു
കരളിന്നിരുവശത്തു നിന്നത് ?
കിതപ്പോതുക്കിയീയോര്‍മ്മകള്‍ കുടയുമ്പോള്‍
ഇരുകരകളില്‍ നമ്മെ മാറ്റുന്നു ജീവിതം”(ഇരകള്‍) എന്ന് കവി ചിലപ്പോഴൊക്കെ തന്റെ ജീവിതത്തെ ഓര്‍ത്ത്‌ വേദനിക്കുന്നുണ്ട്‌ . പ്രണയം ഒന്നും തന്നെ സ്നേഹത്തിന്റെ ഉന്നതിയിലെ പൂര്‍ണ്ണത അല്ല വിരഹത്തിന്റെ വേദനയുടെ നോവുകള്‍ ആണ് സമ്മാനിക്കുന്നത് . പ്രവാസിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ “കുടുംബത്തെയോര്‍ക്കും
കുടക്കൂലി നല്കുവാനോര്‍ക്കും
കുടീരമിനിയെന്നോന്നു ചിന്തിക്കും
കുടുംബസ്ഥനാകതിങ്ങു മെല്ലിച്ചുണങ്ങും”(പ്രവാസി) എന്ന വാക്കില്‍ ഒരു വലിയൊരു സമുദ്രം കവി ഒളിപ്പിച്ചു വയ്ക്കുന്നുണ്ട്‌ . അനുഭവത്തിന്റെ തീച്ചൂള മാത്രമല്ല ഓര്‍മ്മകളുടെഭാണ്ഡം കൂടിയാണ് എഴുത്തുകാരന് കവിത . കവിതയുടെ ഈ പുളിരസങ്ങളെ നന്നായി മനസ്സിലാക്കാനും പ്രയോഗിക്കാനും റോയ് എന്ന കവിക്ക്‌ അനായാസം കഴിയുന്നു .  മികച്ച ഭാഷാ ബോധവും അക്ഷരപ്രയോഗവും കവിയുടെ കഴിവിന് ഉദാഹരണം ആയി കാണാം . നല്ല പ്രിന്റിംഗ് ആണ് . അക്ഷരത്തെറ്റുകള്‍ വളരെ നിയന്ത്രിച്ചു നല്ല ഒരു വായന പങ്കു വച്ച് എന്ന് കാണാം . കവിത മരിക്കുന്ന ഈ കാലത്ത് കവിതകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു വിരുന്നാണ് ഈ കവിതാസമാഹാരം . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment