Saturday, May 12, 2018

പുസ്തകം കാത്തിരിക്കുന്നു വായനയറിയാൻ.

പുസ്തകം കാത്തിരിക്കുന്നു വായനയറിയാൻ.
.........................................................................
വായിച്ചു തീർന്നൊരു
പുസ്തകത്താളിൽ നിന്നും
കേവല കുതൂഹലം ചോദിപ്പൂ
നായികയേവം:
എഴുതാൻ മറന്നുവോ
നീയെന്നെയിനിയും ?
എഴുതുക  നീ, വായിച്ച
പുറങ്ങളിൽ എങ്ങെല്ലാമോ
മറക്കാതെന്നെ, കണ്ട കാഴ്ചകൾ..
എഴുതാൻ മടിക്കരുതെന്നിലെ
മടക്കുകൾ തൻ കാഴ്ചയും .
ഇടിഞ്ഞുവെന്നോ ,
കുത്തിയുയർന്നതെന്നോ
വേണ്ട, തുറന്നു തന്നെ പറയുകെന്നെയെത്രയും വേഗം.
പരന്നതെന്നോ
ഞൊറികൾ വീണതെന്നോ
മുറിഞ്ഞുപോകാവാക്കിൽ എഴുതീടുക.
മറുകുകൾ കണ്ടോ,
അടയാളങ്ങൾ കണ്ടോ
വായന നിന്നിട്ടുണ്ടേൽ പറയുകതും നേരെ.
എനിക്കു നന്നായറിയും ..
കഴിയില്ലൊരിക്കലും
ഒരുത്തരും കാണാ മനസ്സ് നീ, കണ്ടെന്നുള്ള
പരമാർത്ഥം എന്നുള്ളതും.
എഴുതുക നീ പക്ഷേ
നിറമുള്ള ചായങ്ങളാൽ.
പറഞ്ഞീടല്ലേ എന്നെ
നഗ്നയായി കാട്ടീടല്ലേ.
എഴുതാൻ അറിയുന്നോൻ
നീയെന്ന വായനക്കാരൻ.
എഴുതും വരികളിൽ
ചേർക്കില്ല കളവെന്നും.
ഭയമുണ്ടെന്നാലും വായിക്കാനിഷ്ടംതന്നെ ...
വായിച്ച നിന്നിൽ പൂക്കും ഞാനെന്ന പുസ്തകത്തെ .
അതിനാൽ ഞാനിന്നേവം
കാത്തിരിപ്പുണ്ടു നിന്നെ,
എഴുതും വരികളിൽ
ഞാനുണ്ടോയെന്നും നോക്കി.
.... ബി.ജി.എൻ വർക്കല

No comments:

Post a Comment