Wednesday, May 2, 2018

യക്ഷി .................. മലയാറ്റൂര്‍ രാമകൃഷ്ണന്‍


യക്ഷി (നോവല്‍)
മലയാറ്റൂര്‍ രാമകൃഷ്ണന്‍
ഡി സി ബുക്സ്




മനുഷ്യന്‍ എന്നും സങ്കല്‍പങ്ങളിലും  സ്വപ്നങ്ങളിലും അഭിരമിക്കുവാനാഗ്രഹിക്കുന്നവര്‍ ആണ് . അവന്റെ ജീവിതം കുറെയേറെ കല്പനകളും കഥകളും കൊണ്ട് നിറഞ്ഞതാണ്‌ ശൈശവവും കൗമാരവും ഏറെക്കൂറെ പിന്നീടുള്ള കാലഘട്ടങ്ങളും എന്നത് നിഷേധിക്കാനാവാത്ത ഒരു സത്യമാണ് . കുട്ടിക്കാലത്ത് തന്നെ ഒരുപാട് കഥകള്‍, പ്രത്യേകിച്ചും ഭ്രമകല്പന കഥകള്‍ കേട്ട് വളരുന്നവര്‍ ആയിരുന്നു അടുത്ത കാലംവരെയുമുള്ള കുട്ടികള്‍ എന്ന് നമുക്കറിയാം . നഗരവത്കരണകാലത്ത് അവ അപ്രത്യക്ഷമായിത്തുടങ്ങി എന്നതും നമുക്കറിയാം . എവിടെയോ വായിച്ച ഒരു ഫലിതം ഓര്‍മ്മവരുന്നു. കെ എസ് ഇ ബി വന്നതോടെ വംശനാശം സംഭവിച്ച ഒരു കൂട്ടമാണ് യക്ഷിഗന്ധര്‍വ്വാദികള്‍ എന്ന് .
നമുക്ക് സാഹിത്യത്തില്‍ ഒരുപാട് കഥകള്‍ വായിക്കാന്‍ കിട്ടും യക്ഷി ഗന്ധര്‍വ്വ വിഷയസംബന്ധിയായി . സിനിമകളും മറ്റും അതിലുമേറെ നമ്മെ ആകര്‍ഷിച്ചും, സന്തോഷിപ്പിച്ചും ഭയപ്പെടുത്തിയും ജീവിതത്തില്‍ കൂടെയുണ്ട്. എന്നാല്‍ മനുഷ്യ മനസ്സിന്റെ വേലിയേറ്റങ്ങള്‍ ചുഴിമലരികള്‍ തുടങ്ങിയവയെ  തുറന്ന കണ്ണോടെ കണ്ടു വിലയിരുത്തുന്ന ഒരു നോവല്‍ നമുക്കിടയില്‍ ഉണ്ടോ എന്ന് തിരക്കുമ്പോള്‍ പ്രത്യേകിച്ചും മലയാളത്തില്‍ തിരയുമ്പോള്‍ എന്നും മുന്നില്‍ വന്നു നില്‍ക്കുന്ന ഒന്നാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയ യക്ഷി എന്ന നോവല്‍. നോവല്‍ ഇറങ്ങിയ കാലത്തു തന്നെ അതിന്റെ സ്വീകാര്യത കണ്ടു അത് അനുഗ്രഹീത നടന്‍ സത്യന്‍ അഭിനയിച്ച ഒരു ചലച്ചിത്രമായും മലയാളി കണ്ടതാണല്ലോ.
അഭ്യസ്തവിദ്യനായ ശ്രീനി എന്ന കോളേജ് പ്രൊഫസ്സര്‍. അയാള്‍ അനാഥനായിരുന്നു . സുന്ദരനും സുമുഖനും ആരോഗ്യദൃഡഗാത്രനും. കോളേജിലെ പെണ്‍കുട്ടികള്‍ക്ക് ഇടയില്‍ അയാള്‍ ഒരു ഗന്ധര്‍വ്വന്‍ തന്നെയായിരുന്നു . അയാളെ സ്നേഹിച്ചവരും അയാള്‍ സ്നേഹിച്ചവളും എല്ലാം പൊടുന്നനെ അയാളെ വിട്ടൊഴിയുന്ന ഒരു അപകടവും അതിലൂടെ അയാള്‍ക്ക് സംഭവിക്കുന്ന ശാരീരികവൈകൃതവും ആണ് കഥയെ മുന്നോട്ടു നടത്തുന്ന തുടക്കം . തന്റെ വൈരൂപ്യത്തിനാല്‍ എല്ലായിടത്തു നിന്നും അപമാനിതനാകുമ്പോള്‍ ആണ് അയാള്‍ തന്റെ ജീവിതത്തെ മാന്ത്രികതയുടെ ലോകത്തെ യക്ഷികളെക്കുറിച്ചുള്ള പഠനത്തിലേക്ക് തിരിച്ചു വിടുന്നത് . അതോടെ ആ ജീവിതം യാഥാര്‍ത്ഥ്യത്തിനും സങ്കല്‍പ്പത്തിനും ഇടയിലൂടെയുള്ള ഒരു നൂല്‍പ്പാലത്തില്‍ സഞ്ചരിക്കുന്ന മനസ്സിന്റെ ഉടമയാക്കി തീര്‍ത്തിരുന്നു അയാളെ. ശാരീരികവൈകൃതം നല്‍കിയ തിരസ്കാരത്തിന്റെ മൂര്‍ദ്ധന്ന്യത്തില്‍ ആണ് അയാള്‍ക്ക് തന്റെ ലൈംഗിക ശേഷിയെക്കൂടി പരിഹാസ്യത്തിന്റെ മുനയില്‍ നിര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതും . ഇതോടെ അയാള്‍ തികച്ചും ഒരു മാനസിക രോഗി ആയി മാറിക്കഴിയുന്നു . ആ സമയത്താണ് രാഗിണി എന്ന യുവതി അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് . രാഗിണിയെന്ന മനുഷ്യസ്ത്രീയെ അയാള്‍ പതിയെ യക്ഷിയിലേക്ക് പരാവര്‍ത്തനം ചെയ്യുകയും അയാള്‍ തികഞ്ഞ ഒരു മാനസികരോഗത്തിന്റെ പിടിയില്‍ അമരുകയും ചെയ്തു . അവളോടൊത്ത് ഒരിക്കലും അയാള്‍ക്ക് ദാമ്പത്യ ബന്ധം സാധ്യമാകാതെ വരുന്നു . തന്റെ കഴിവുകേടിനെ അയാള്‍ സാധൂകരിക്കുന്നതിനു യക്ഷിയെന്ന ബോധത്തിന്റെ പൊലിപ്പിച്ച കഥകള്‍ കൂട്ടിനുണ്ടായിരുന്നു . ക്രമേണ അയാള്‍ കടുത്ത മാനസിക രോഗത്തിന് അടിമപ്പെടുകയും വളരെ ക്രൂരമായ ഒരു അവസ്ഥയിലേക്ക് അയാള്‍ വീഴുകയും ചെയ്യുന്നു . അവയുടെ ആഴങ്ങളോ അവയുടെ വിശദ വിവരങ്ങളോ പങ്കു വയ്ക്കുക എന്നാല്‍ നിങ്ങളുടെ നോവല്‍ വായനയെ തടയുക എന്നാണ് അര്‍ഥം എന്നതിനാല്‍ ഞാന്‍ ആ സാഹസത്തിനു മുതിരുന്നില്ല .
മനശാസ്ത്രപരമായ ഒരു സമീപനം ഈ നോവല്‍ വായനയില്‍ വായനക്കാരന് കൈവരുന്നു എങ്കില്‍ അയാള്‍ യാഥാര്‍ത്ഥ്യത്തിനു ഏറെ അടുത്താണ് എന്നും അതല്ല നോവലിലെ നായകനൊപ്പം നിങ്ങള്‍ സഞ്ചരിക്കുകയും അയാള്‍ ശരിയെന്നു സ്വയം ബോധ്യപ്പെടുകയും  ചെയ്യുന്നുവെങ്കില്‍ നിങ്ങളിലും വിട്ടുപോകാനാവാത്ത മുത്തശ്ശിക്കഥകളുടെ പ്രേതം അവശേഷിക്കുന്നു എന്ന തിരിച്ചറിവ് കൂടിയാകും അതെന്നും ഓര്‍മ്മിപ്പിക്കുന്നു . ഇത്ര മനോഹരമായി ഒരു നോവല്‍ പങ്കുവയ്ക്കാന്‍ മലയാറ്റൂരിന് അല്ലാതെ ആര്‍ക്കാ കഴിയുക എന്ന സംശയം ബാക്കി നില്‍ക്കുന്നു . തീര്‍ച്ചയായും വായനയില്‍ നാം ഒഴിവാക്കരുതാത്ത ഒരു പുസ്തകം തന്നെയാണ് ഇത് . കാരണം കഥാകഥന ശൈലിയില്‍ കഥാപാത്രങ്ങളെ എങ്ങനെ സംസാരിപ്പിക്കണം എന്നും എങ്ങനെ പാത്രസൃഷ്ടി വേറിട്ട ഒന്നായി അനുഭവപ്പെടാതെ വായനക്കാരന് ഒപ്പം സഞ്ചരിക്കുന്നു എന്ന് മനസ്സിലാക്കാനും ഈ നോവല്‍ സഹായിക്കും എഴുത്തുകാരെ. വളരെ സരസമായി , എന്നാല്‍ വളരെ ആധികാരികമായി ശ്രീനി എന്ന മനുഷ്യനിലൂടെ നമ്മുടെ സമൂഹത്തിലെ ചിലരുടെ നേര്‍മുഖങ്ങള്‍ യക്ഷി എന്ന നോവല്‍ പങ്കുവയ്ക്കുന്നുണ്ട് . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


1 comment:

  1. നല്ല അവലോകനം
    ആശംസകള്‍

    ReplyDelete