Wednesday, May 2, 2018

എന്റെ രാജ്യത്ത് ഇപ്പോള്‍ മഴ പെയ്യുകയാണ് .


എന്റെ രാജ്യത്ത് ഇപ്പോള്‍ മഴ പെയ്യുകയാണ് .
സമതലങ്ങള്‍ താണ്ടി
സമുദ്രങ്ങള്‍ കവിഞ്ഞു
മഴ നിറയുകയാണ് .
നിറഞ്ഞൊഴുകുകയാണ്.
നോക്കൂ നിങ്ങള്‍ ഇതിനെ
കണ്ണീര്‍മഴ എന്ന് വിളിച്ചേക്കാം.
സൗകര്യം പോലെ ഇതിനെ നിങ്ങള്‍ക്ക് വ്യാഖ്യാനിക്കാം
കുഞ്ഞുങ്ങളുടെയോ
സ്ത്രീകളുടെയോ
കര്‍ഷകരുടെയോ
ദളിതരുടെയോ
അടിച്ചമര്‍ത്തപ്പെട്ട ജനതയുടെയോ
എന്തും നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാം.
മഴയെ ഇഷ്ടപ്പെടുന്ന കവികളും
മഴയെ ആഗ്രഹിക്കുന്ന അധികാരികളും
ഒരുപോലെ ആനന്ദിക്കുകയാണ്
മഴയുടെ സംഗീതത്തില്‍ ആറാടുകയാണ്‌ .
കവിതകളുടെ ഇടിനാദം ,
മിന്നല്‍ വെളിച്ചം
കൊടുങ്കാറ്റ് .....
കണ്ടോ പ്രകൃതിയെ വരയ്ക്കാന്‍ കവിക്കേ കഴിയൂ.
മഴയെ ആശ്വസിപ്പിക്കാന്‍
മഴത്തുള്ളികള്‍ തുടയ്ക്കാന്‍
അധികാരം മത്സരിക്കുകയാണ് അപ്പുറത്ത്.
ചോര കൊതിക്കുന്ന ചെന്നായ നാവുകള്‍ നീട്ടി
മഴത്തുള്ളികള്‍ ആര്‍ത്തിയോടെ മോന്തിക്കുടിക്കാന്‍
അധികാരം കിടമത്സരത്തിലാണ് .
മഴ നല്‍കുന്ന മണ്ണിന്റെ ഗന്ധത്തിലൂടെ
ഉരഗങ്ങളെ പോലെ ഇണ ചേരാന്‍ കൊതിച്ചു
അധികാരം വസ്ത്രങ്ങള്‍ അഴിച്ചു കാത്തിരിക്കുകയാണ് .
എന്റെ രാജ്യത്ത് ഇപ്പോള്‍ മഴ പെയ്യുകയാണ് .  
 ..........ബി.ജി.എന്‍ വര്‍ക്കല 


2 comments:

  1. മഴ പെയ്യുമ്പോള്‍ , പെയ്യുന്ന മഴയോട് മാപ്പ് പറഞ്ഞു നമുക്ക് കഥകളും കവിതകളും ലേഖനങ്ങളും എഴുതാം.

    ReplyDelete
  2. മുട്ടനാടുകള്‍ ഇടികൂടുമ്പോള്‍ ോോോചോരകൊതിയുമായി...
    ആശംസകള്‍

    ReplyDelete