എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Monday, October 23, 2017
Sunday, October 22, 2017
വിരലുകൾ കഥയെഴുതുമ്പോൾ!
വിരലുകൾ കഥയെഴുതുമ്പോൾ!
...........................................
നിലാവിൽ ഒരു മരം നടണം.!
വേർപാടിന്റെ സംഗീതം പൊഴിയുന്ന
കുളിർക്കാറ്റിൽ തണുത്തു വിറയ്ക്കണം .
നിന്നെത്തേടിയെന്ന ഭാവത്തിൽ
കാടാകെയലയണം.
(ഇപ്പോൾ കാടുകളില്ല നമുക്കത് ഗൂഗിളിൽ കാണാമെന്നവൾ ഗൂഢം)
ഓക്ക് മരങ്ങൾക്കിടയിലൂടെ
യുഗ്മഗാനത്തിനു ചുവടുവയ്ക്കണം.
( റബ്ബർ കാടു മാത്രം കണ്ടു വളർന്നവന്റെ അഹങ്കാരം !)
കരിയിലകൾ മൂടിയ പാത്തിലൂടെ
കടൽ തേടി പോകണം നമുക്ക് .
ഒറ്റയ്ക്കിരിക്കാൻ ഭയന്ന്
തോളിൽ തൂങ്ങി
ഒപ്പം നടക്കുന്ന നിന്നെ
ബഹുരാഷ്ട്രകമ്പനിയുടെ ദാഹനീർ നല്കി
പൊരിവെയിലിൽ നടത്തണം.
ആനവണ്ടിയുടെ സീറ്റിൽ നെഞ്ചോട് ചേർത്തു പിടിച്ചു
ഓടി മറയുന്ന കാഴ്ചകളിലേക്ക് പറത്തിവിടണം.
ചായക്കോപ്പകൾക്ക് ഇരുപുറം
സെൽഫിയെടുത്താനന്ദിക്കുമ്പോൾ
ചുറ്റും നീണ്ടുവരുന്ന
കാകനോട്ടങ്ങളിൽ ഉൾപ്പുളകമേൽക്കണം.
രാത്രിയിൽ കുളിക്കാതെ
നിന്നെ മണത്തുകൊണ്ടുറങ്ങാതെ കിടക്കണം
(വേനലിന്റെ പറുദീസയിൽ ചാവുമണം മാറാത്ത കിടക്കയിൽ നീയുറങ്ങുന്നുണ്ടാകണം )
ആത്മനിന്ദയുടെ ചാരം പുരണ്ടത്
മറ്റേതോ മണം നിന്റെയുള്ളിൽ ഗർഭം ധരിച്ചിട്ടും
സ്നേഹദാനം നല്കിയ മനസ്സു കണ്ടാകണം .
( കോപ്പി പേസ്റ്റുകളുടെ കാലമെന്നു കാകമൊഴി)
നദിയിൽ വെള്ളം വറ്റിക്കഴിഞ്ഞുവെന്നും
അരഞ്ഞാണമണികൾ നിശബ്ദമെന്നും പറയാനിനി
മറ്റൊരു മഴക്കാലം വേണ്ടി വരുമോ ?
......... ബിജു.ജി.നാഥ് വർക്കല
Friday, October 20, 2017
കിളിക്കൂടുകള്‍
Thursday, October 19, 2017
താമസമെന്തേ വരുവാന്‍ !
Tuesday, October 17, 2017
നിഷാദ പർവ്വം
പൂവെല്ലാം ശലഭത്തെ സ്നേഹിക്കുന്നില്ല
ചിലതെങ്കിലും വണ്ടിനെ പ്രണയിക്കുന്നു.
ഇതളുകൾ മുറിവേൽപ്പിച്ച്
ചോര പൊടിക്കുമൊരു വണ്ട്.
തണ്ടുലഞ്ഞ താമര പോൽ
തന്നെ വീഴ്ത്തുന്ന വണ്ട്.
അതേ , എല്ലാ പൂക്കളും
ശലഭത്തെ പ്രണയിക്കുന്നില്ല.
... ബി.ജി.എൻ വർക്കല
Sunday, October 15, 2017
ഓർമ്മമഴയിലൂടെ
അരികിലിത്തിരി നേരം നമ്മൾ
ഇരുന്നതോർമ്മയിൽ വന്നുപോയ്.
കുസൃതിയാമെന്റെ കൺകളാൽ
നിന്നെ കുളിരുകോരിച്ച സന്ധ്യയും!
സുറുമയിട്ടൊരാ മിഴികളാലെന്നെ
ചൂണ്ടക്കൊളുത്തിട്ട് നോക്കിയും
ഉതിർന്നു വീണൊരാ തട്ടത്താൽ നിന്റെ
തുളുമ്പും മാറിടം പുതച്ചതും
വിറയാർന്ന നിൻ കൈവിരലുകൾ
കവർന്നെടുത്തതിവേഗത്തിൽ
കാറ്റുപോലും കാണുംമുന്നതിൽ
മുത്തമിട്ടതുമോർത്തു പോയ്.
രാവു വരുന്നെന്നു ചൊല്ലി നീയന്നു
കരയും പോലെന്നെ നോക്കവേ
ഞാനില്ലേയെൻ മുത്തിനെന്നതി
മധുരമോടെ ഞാൻ മൊഴിഞ്ഞതും
വേറെയില്ലൊരു മുഖവുമെന്നുടെ
ചങ്കിതിലെന്നു ചൊല്ലി നീ
തിരിഞ്ഞു നോക്കി നടന്നകന്ന
വഴിയിൽ ഞാൻ നോക്കിനിന്നതും
ഓർത്തിരിക്കുമ്പോൾ എന്നകതാരിൽ
വിരിയുന്നൂ നറുപുഞ്ചിരി.
കാലമിത്ര കടന്നു പോയിട്ടും
മാഞ്ഞു പോകാത്തൊരോർമ്മ നീ.
...... ബി.ജി.എൻ വർക്കല ......
Saturday, October 14, 2017
ഏകാന്തതയുടെ മടുപ്പ് ..
ഏകാന്തതയുടെ മടുപ്പ്
......................................
ഞാനിന്നലെ നിന്നെ കനവു കണ്ടു.
മാലാഖചിറകുകൾ വിടർത്തി
നീയെന്റെ കിടക്കയിൽ വന്നിരുന്നു.
നിന്റെ മേൽച്ചുണ്ടിലെ മറുകിൽ
ഞാനുമ്മ വയ്ക്കുമ്പോൾ
ചുരുളൻ മുടിയഴിച്ചെന്റെ
മുഖമാകെ നീ കുളിരു പകർന്നു.
നിന്റെ മുലക്കണ്ണിലെ കറുത്തു നീണ്ട
രോമങ്ങളിൽ ചുണ്ടുകൾ പരതുമ്പോൾ
മാടപ്രാവിന്റെ കുറുകൽ നിന്റെ നെഞ്ചിൽ കേട്ടു
മഞ്ഞൾ മണക്കുന്ന നിന്റെ മടിയിൽ കിടക്കവേ
എന്തിനോ ഞാൻ കരഞ്ഞു.
സങ്കടത്തിന്റെ ആഴം
നമുക്കിടയിലെ അകലത്തോളമെന്നറിഞ്ഞപ്പോൾ
ഞാൻ സ്വപ്നത്തിൽ നിന്നിറങ്ങിയോടി.
എന്റെ നിദ്രയകന്നു പോയി
രാവ് ഇരുട്ടിനാലെന്നെ
ഗാഢമായി പുണരുന്നുണ്ടായിരുന്നു .
...... ബി.ജി.എൻ വർക്കല
Thursday, October 12, 2017
സ്നേഹധാര .......രാംദാസ് തളിക്കുളം
രാംദാസ് തളിക്കുളം
മെസ്സേജ് പബ്ലിക്കേഷന്‍സ്
വില: 35 രൂപ
കവിതകള്‍ മനസ്സില്‍ പടരുന്ന ഇമ്പവും മോദവും എഴുത്തിന്റെയും ഭാഷയുടെ സമ്മോഹനമായ ഒരു സമ്മേളനം കൊണ്ട് മാത്രം സാധ്യമാകുന്ന ഘടകങ്ങള്‍ ആണ് . പുതിയ കാലത്തിന്റെ കവിതകളില്‍ ഇവ രണ്ടും തിരയുന്നത് മൌഡ്യമാണ് . പുതിയ കാലം പരീക്ഷണങ്ങളില്‍ അഭിരമിക്കുന്ന പുതുമയുടെ സുഗന്ധമാണ്. അവിടെ കഥയും കവിതയും ഒരിക്കലും ആരെയും കാത്തു നില്‍ക്കുന്നില്ല . അവ സംവദിക്കുന്നത് സമകാലിക സംഭവങ്ങളോടാണ്. അതിനാല്‍ തന്നെ അവയ്ക്ക് ആരോടും പ്രതിപത്തി ഇല്ല തന്നെ . അവ ആവശ്യപ്പെടുന്നത് സന്ദേശങ്ങള്‍ എത്തേണ്ടിടത്ത് എത്തുക , പ്രതികരിക്കുക എന്നാണു . അല്ലാതെ വായിച്ചു ആനന്ദം കൊണ്ട് സപ്രമഞ്ചലില്‍ വിശ്രമിക്കാന്‍ അല്ല . ഭക്ഷണം , രതി ഇവയുടെ ഇടയിലെ അല്‍പ സമയം ആനന്ദം കണ്ടെത്താന്‍ കുറച്ചു സമയം പോക്കാന്‍ വായന. അത് ആനന്ദകരം ആയില്ലെങ്കില്‍ എന്തിനു വായിക്കണം എന്ന പഴയ കാല രീതിയോട് അതിനാല്‍ തന്നെ പുതുകവിതകള്‍ കലഹിച്ചുകൊണ്ടേയിരിക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ക്ഷിപ്രസാധ്യമായ കവിതകള്‍ കൂടിയാണവ. അന്നന്നത്തെക്കുള്ള വിഭവങ്ങളെ സമാഹരിച്ചു അവയില്‍ നിന്നൂര്‍ജ്ജം കൊണ്ട് അന്നേരത്തെ വികാരത്തെ പ്രതിഫലിപ്പിക്കുക . ഇതില്‍ പ്രചോദനം കൊണ്ട് യുവതയുടെ ചോര തിളയ്ക്കുക . പക്ഷെ അതിനു നൈമിഷികമായ ഒരു കാലം മാത്രമേ കവിയും വായനക്കാരും കല്‍പ്പിച്ചു നല്കുന്നുമുള്ളൂ .
എന്തുകൊണ്ടാണ് ഇന്നത്തെ കവിതകള്‍ വായിച്ചു മടക്കി വയ്ക്കുകയും ക്ഷണനേരത്തിന്റെ ശ്രദ്ധ മാത്രം പിടിച്ചുപറ്റി മറവിയിലേക്ക് മറയുകയും ചെയ്യുന്നത് എന്ന് എഴുത്തുകാരോ വായനക്കാരോ ചിന്തിക്കുന്നതുമില്ല . സ്നേഹമാണഖിലസാരമൂഴിയില്‍ . എന്ന് കവി എഴുതുമ്പോള്‍ ആ സന്ദേശത്തിന്റെ ഗരിമ വായനക്കാരന്‍ കാലങ്ങളോളം മനസ്സില്‍ ചുമക്കുന്നത് അത് ക്ഷിപ്രമായ ഒരു വികാരപ്രകടനം ആകാഞ്ഞിട്ടു തന്നെയാണ് . മഞ്ഞ തെച്ചി പൂങ്കുല പോലെ മഞ്ജിമ വിടരും പുലര്‍കാലേ നിന്നൂ ലളിതേ നീയെന്‍ മുന്നില്‍ എന്ന് കവി പറയുമ്പോള്‍ ആ കാഴ്ച എക്കാലത്തേക്കും ഉള്ള ഒന്നാകുന്നതും ഇതേ തലത്തില്‍ ആണ് . ആണ്ടേക്കൊരാഗസ്റ്റ് പതിനഞ്ചിന് അരുമയായി ആഘോഷിക്കുന്ന സ്വാതന്ത്ര്യ ദിനത്തെ അത്രമേല്‍ ആഴത്തില്‍ ഇന്നാര്‍ക്കും പറയാന്‍ കഴിയുന്നുമില്ല . കാഴ്ചകളുടെ പാരാവാരത്തില്‍ ഇത്തരം ചില രാസഘടനകള്‍ എഴുത്തുകാരന്‍ ഉപേക്ഷിക്കുകയോ അവനു അപ്രാപ്യമാകുകയോ ചെയ്യുന്നു എന്നിടത്താണ് കവിത കാലാനുവര്‍ത്തിയായ ഒരു സംഭവം ആകാതെ പോകുന്നത് .
വളരെ നല്ല ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്ന 19 കവിതകള്‍ ആണ് രാം ദാസ് തളിക്കുളത്തിന്റെ സ്നേഹധാരയില്‍ ഉള്ളത് . രണ്ടു ഗദ്യകവിതകളും പിന്നെയുള്ളവ പദ്യങ്ങളും . താളത്തില്‍ ചൊല്ലാന്‍ തക്കവണ്ണം ചിട്ടപ്പെടുത്തിയ മനോഹരമായ കവിതകള്‍ . അവയില്‍ ജീവിതം ഉണ്ട് . പ്രണയവും പ്രകൃതിയും ഉണ്ട് . ദേശവും കാലവും രാഷ്ട്രീയവും ഉണ്ട് . ഇവയ്ക്കെല്ലാമുപരി സ്നേഹമുണ്ട് . പ്രവാസജീവിതത്തിന്റെ ചൂരും ചൂടും നിറഞ്ഞ വരികള്‍ ഉണ്ട് . നഷ്ടമാകുന്ന ഗ്രാമീണതയും സ്നേഹവുമുണ്ട് . സര്‍വ്വോപരി വളരെ മനോഹരം എന്ന് പറയാവുന്ന ഭാഷ . എത്ര ചാരുതയോടും ചിട്ടയോടുമാണ് ഇതില്‍ കവിതകള്‍ അടുക്കിവച്ചിരിക്കുന്നത് എന്ന് കാണുമ്പോഴാണ് കവിതകള്‍ വായിക്കേണ്ടത് ഹൃദയം കൊണ്ടാണ് എന്ന വാക്യം ശരിയാണ് എന്ന് തോന്നുന്നത് .
ശ്രീ രാം ദാസ് തൃശൂര്‍ ജില്ലയിലെ തളിക്കുളമെന്ന ഗ്രാമത്തില്‍ 1938ല്‍ ജനിച്ചു . നാട്ടിലെ സാമൂഹ്യ രാഷ്ട്രീഎയ അന്തരീക്ഷങ്ങളില്‍ സജീവമായ പ്രവര്‍ത്തിച്ച അദ്ദേഹം വളരെക്കാലം ഗള്‍ഫ് നാടുകളിലും ജീവിതം അനുഭവിച്ച ഒരാള്‍ ആണ് . സ്നേഹ ധാര ആദ്യ കൃതിയാണ് . സമകാലീക പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
മലയാളത്തില്‍ ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ള ഒരു പ്രതിഭയായിട്ടാണ് രാം ദാസ് തളിക്കുളത്തെ വായിക്കുന്നവര്‍ക്ക് അനുഭവപ്പെടുക എന്ന സന്തോഷം പങ്കുവയ്ക്കുന്നു . ആശംസകളോടെ ബി. ജി. എന്‍ വര്‍ക്കല
Wednesday, October 11, 2017
എന്റെ പുരുഷന്‍ ..............ഹണി ഭാസ്കരന്‍
എഡിറ്റര്‍ ഹണി ഭാസ്കരന്‍
കൈരളി ബുക്സ്
വില :220 രൂപ
"മാനസികമായ സമനില പാലിക്കാനാവുന്ന സ്ത്രീ പുരുഷബന്ധങ്ങള്‍ കുറവാണ് എന്നതാണ് ഒരു സ്ത്രീയോടു പുരുഷനെക്കുറിച്ചെഴുതുവാന്‍ കാലം ആവശ്യപ്പെടുന്നതിന്റെ കാരണം എന്ന് തോന്നുന്നു" .... (ദേവി നായര്‍, എന്റെ പുരുഷന്‍ )
സമൂഹം പ്രധാനമായും രണ്ട് തട്ടില്‍ നില്‍ക്കുകയാണ് ഇന്ന് . ഒന്ന് പുരുഷ മേല്‍ക്കോയ്മയുടെ അധികാര ഗര്‍വ്വിന്റെ ചിന്തകള്‍ നിറയുന്ന ഒരു വിഭാഗം . മറ്റൊന്ന് സ്ത്രീ ശാക്തീകരണം സ്ത്രീ സുരക്ഷ എന്നിവയുടെ ഉറപ്പും ആവശ്യകതയും ഉറപ്പു വരുത്തുന്ന മറ്റൊരു വിഭാഗം . ഇവയുടെ ഇടയില്‍ പെട്ട് സമൂഹം സ്ത്രീ പുരുഷ സമവാക്യങ്ങള്‍ തേടുകയാണ് . ജീവിതത്തിന്റെ എല്ലാ തുറയിലും സ്ത്രീയും പുരുഷനും സമം എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്ന ആണ്‍കോയ്മയുടെ നിരന്തരമായ ചവിട്ടിത്താഴ്ത്തലുകള്‍ക്ക് വിധേയമായി കാലാകാലമായി സ്ത്രീ സ്വാതന്ത്ര്യം ഇവിടെ ഊര്‍ദ്ദം വലിക്കുകയാണ് . മതവും സമൂഹവും ഒരുപോലെ ഈ ഒരു വിഷയത്തില്‍ കൈകോര്‍ത്തു നില്‍ക്കുന്നു . പുരുഷചിന്തയുടെ അടിമയായി മാറിയ സ്ത്രീ സമൂഹത്തിലെ ഭൂരിഭാഗത്തിന്റെ പിന്തുണ കൂടി ഈ പുരുഷാധിപത്യത്തിന് കൂട്ടായിട്ടുണ്ട് എന്നിടത്താണ് സ്ത്രീയുടെ അസ്ഥിത്വം എന്ത് നിലപാട് വേണം , എവിടെയാണ് തങ്ങള്‍ നില്‍ക്കുന്നത് എന്ന് മനസ്സിലാക്കുന്നതും പൊരുതുന്നതും .
ഇത്തരം ഒരു കാലഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ആണ് "എന്റെ പുരുഷന്‍" എന്ന ലേഖന സമാഹാരം വായനയെ എത്രകണ്ട് സഹായിക്കും ഈ വിഷയത്തില്‍ എന്നൊരു അന്വേഷണം നടക്കുന്നത് . പുരുഷനെക്കുറിച്ചുള്ള പെണ്‍വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന സമാഹാരം എന്ന തലക്കെട്ടില്‍ ആണ് എന്റെ പുരുഷന്‍ വായനയെ ആകര്‍ഷിച്ചത് . അവരുടെ ആകാശങ്ങളില്‍ പുരുഷനെ വരയ്ക്കുമ്പോള്‍ എന്ന തലക്കെട്ടില്‍ എഡിറ്റര്‍ കുറിച്ചിട്ട വാക്കുകളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു വേദന ഉണ്ടായിരുന്നു , കാരണം "വായനയില്‍ പലപ്പോഴും കണ്ണീര്‍ നിറഞ്ഞെന്റെ കാഴ്ച മങ്ങി . മുന്നോട്ടൊരു വരിപോലും വായിക്കാന്‍ കഴിയാതെ എത്രയോ വായനകള്‍ പാതിവഴിയിലായി..." തുടങ്ങി നീണ്ടുപോകുന്ന ആ ആമുഖ കുറിപ്പ് വായനയ്ക്ക് മുന്നേ മനസ്സിന്റെ പാകപ്പെടല്‍ ആവശ്യം ആണെന്ന ചിന്ത ഉറച്ചു നിന്ന് . അകം പേജുകളില്‍ നിറഞ്ഞു കിടക്കുന്നത് നാല്പത്തഞ്ചു സ്ത്രീകള്‍ തങ്ങളുടെ പുരുഷനെ കുറിച്ച് പറയുന്ന വരികള്‍ ആണ് . നാലപത്തഞ്ചോ അതോ നാല്പത്തയ്യായിരമോ പുരുഷമുഖങ്ങളെ അതില്‍ ദര്‍ശിക്കേണ്ടി വരും .
ഓരോ സ്ത്രീയും തങ്ങളുടെ പുരുഷനെക്കുറിച്ച് പറയുന്നതോ അതോ അവളുടെ പുരുഷന്‍ എങ്ങനെ ആയിരിക്കണം എന്ന് പറയുന്നതോ ആകണം അവര്‍ കുറിച്ചിടുന്നത് എന്ന ബോധ്യത്തോടെ തന്നെ വായനയിലേക്ക് കടന്നു കയറുന്നത്. പൂര്‍ണ്ണമായും പുരുഷനെ സ്ത്രീ എങ്ങനെ ആണ് കാണുന്നത് എന്നും അവനെ എങ്ങനെ ആണ് അവള്‍ മനസ്സിലാക്കുന്നത് എന്നും പുരുഷന്‍ അറിയുകയും അവന്‍ അതൊരു ഗൈഡ് ആയി കൊണ്ട് നടക്കേണ്ടതിന്റെ ആവശ്യകതയും ഈ കാലഘട്ടത്തിനുണ്ട് എന്ന ചിന്തയില്‍ നില്‍ക്കുമ്പോള്‍ ഇത്തരം ഒരു പുസ്തകത്തിന്റെ ആവശ്യക്തയ്ക്ക് മറുചോദ്യം ഉണ്ടാകുന്നുമില്ല .
ഉള്‍പേജുകളില്‍ നിറയെ വിടര്‍ന്നു കിടന്നത് കുറച്ചു സ്ത്രീകളുടെ പുരുഷ സങ്കല്പങ്ങള്‍ ആയിരുന്നു . വളരെ കാല്പനികമായ ഒരു അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് തങ്ങളുടെ പ്രണയം പങ്കു വയ്ക്കാന്‍ , ശരീരം പങ്കു വയ്ക്കാന്‍ , വികാരങ്ങളും വിചാരങ്ങളും പങ്കുവയ്ക്കാന്‍ അനുഗുണനും ഉത്തമനുമായ ഒരു പുരുഷനെ തേടുന്ന കാമനകളെയാണ് വായിക്കാന്‍ കഴിഞ്ഞത് .പറഞ്ഞവരില്‍ തൊണ്ണൂറു ശതമാനം പേരും തങ്ങളുടെ പുരുഷ സങ്കല്‍പം തുടങ്ങുന്നതോ അല്ലെങ്കില്‍ ആ സങ്കല്പം തന്നെയോ സ്വന്തം പിതാവു ആണെന്ന് വളരെ വ്യക്തവും ശക്തവുമായി പറഞ്ഞു വച്ച് . ചുരുക്കം ചിലര്‍ മാത്രമാണ് യൌവ്വന തൃഷ്ണകളുടെ പൂര്‍ണ്ണത പകരാന്‍ കഴിയുന്ന ഒരാള്‍ മാത്രമാണ് തന്റെ പുരുഷന്‍ എന്ന് അവകാകാശപ്പെട്ടതു . ഒന്നിലധികം പുരുഷന്മാരിലൂടെ കടന്നുപോയ പലരും തിരഞ്ഞുപോയ പുരുഷകാമനകളെ കണ്ടെത്താന്‍ കഴിയാതെ നിരാശ പങ്കുവയ്ക്കുമ്പോള്‍ മിക്കവാറും എല്ലാവരും തന്നെ തങ്ങളുടെ പുരുഷന്‍ എന്നത് സങ്കല്‍പ്പത്തില്‍ മാത്രമാണ് ഉള്ളത് എന്ന് വേദനയോടെ പറയുന്നു . പൂര്‍ണ്ണതയോടെ ആരും ഇല്ല എന്ന കണ്ടെത്തല്‍ ചിലര്‍ പങ്കു വയ്ക്കുന്നു . ചിലരാകട്ടെ ഗ്രഹണി പിടിച്ച കുട്ടിക്ക് ചക്കപ്പുഴുക്ക് കിട്ടിയപോലെ വിഷയത്തെ സ്ത്രീ സ്വാതന്ത്ര്യവും സത്വ വാദവും ഫെമിനിസവും ഒക്കെ കൂട്ടിക്കലര്‍ത്തി നീളത്തില്‍ ലേഖനങ്ങള്‍ എഴുതി കടന്നു പോയി . എഴുത്തിന്റെ മാസ്മരികമായ ശൈലി കൈവശമുള്ള ചിലര്‍ കഥകള്‍ എഴുതി പ്രതീകവത്കരിച്ചു കൊണ്ട് മൌനം പാലിച്ചു . കവിതയിലൂടെയും കഥയിലൂടെയും തങ്ങളുടെ ജീവിതത്തിലെ പുരുഷനെ തേടുന്നവരെ കണ്ടു . രതിയുടെ അപാരതയില്‍ എവിടെയോ തന്നെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരാളെ തിരയുന്നവരും ശരീരമല്ല മനസ്സുകള്‍ ആണ് പൂര്‍ണ്ണമാകേണ്ടതും വിലയിക്കേണ്ടതും അതിനു കഴിയുന്ന ഒരു പുരുഷനാണ് യഥാര്‍ത്ഥ പുരുഷന്‍ എന്നും ഇടയില്‍ വായനയില്‍ കടന്നുപോയി . എത്രയൊക്കെ സ്നേഹം ഇല്ലാത്തവന്‍ ആണെങ്കിലും തന്റെ പോരായ്മകളെ കണ്ടറിഞ്ഞു തന്നെ സ്നേഹിക്കുന്ന പുരുഷന്‍, അവനെ വിട്ടുപോകാന്‍ കഴിയാത്ത വ്യെഥ പങ്കുവച്ചവരും , അവഗണനയുടെ പ്രണയമില്ലായ്മയുടെ നടുവിലും സ്വന്തം പുരുഷനെ കനവില്‍ കണ്ടുകൊണ്ടു നിശബ്ദം ജീവിക്കുന്നവരും അവര്‍ക്കിടയിലുണ്ടായിരുന്നു . ഏറ്റവും വ്യത്യസ്തമായ ഒരു പുരുഷനെ പരിചയപ്പെടുത്തിയ ഒരു ലേഖനം മാത്രം കൂട്ടത്തില്‍ എടുത്തു പറയേണ്ടതുണ്ട് എന്ന് തോന്നി . ട്രെയിന്‍ യാത്രയില്‍ തിരക്കില്‍ രണ്ടുകുട്ടികളുമായി കയറിയ ലേഖികയ്ക്ക് തന്റെ സീറ്റ് ഒഴിഞ്ഞു കൊടുക്കുകയും കുട്ടിക്ക് വെള്ളം വാങ്ങിക്കൊടുക്കുകയും അതിനെ പണം കൊടുത്തപ്പോള്‍ അത് സ്വീകരിക്കുകയും കൈക്കുഞ്ഞിനു മുല കൊടുത്ത് മയങ്ങിപ്പോയപ്പോള്‍ ഷാള്‍ പിടിച്ചിട്ടു മാറ് മറച്ചു കൊടുക്കുകയും എവിടേക്ക് പോകുന്നു എന്ന് മാത്രം ചോദിക്കുകയും യാത്രയ്ക്കിടയില്‍ ഇറങ്ങിപ്പോകുകയും ചെയ്ത ഒരു പുരുഷനെ ഇന്നും പുരുഷ സങ്കല്‍പ്പത്തിന്റെ ഉന്നതിയില്‍ കണ്ടു നില്‍ക്കുന്ന ഒരു ലേഖനം .
സമൂഹത്തില്‍ എല്ലാ തരത്തില്‍ ഉള്ള ആളുകളും ഉണ്ട് . നമുക്ക് വേണ്ടത് നാം തിരഞ്ഞെടുക്കുന്നു . നമ്മെ തേടി എത്തുന്നവയില്‍ നിന്നവയെ തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം നമ്മുടേത് ആണ് . ഈ ലേഖനങ്ങള്‍ മുഴുവനും സമൂഹത്തിലെ എഴുത്തുകാരികളും ആതുര സേവന രംഗത്തെ പ്രവര്‍ത്തകരും ആണ് കൈയ്യടക്കിയിട്ടുള്ളത് എന്നത് ഇതിനു ഒരു പോരായ്മയായി തോന്നി . സമൂഹത്തിലെ താഴെക്കിടയില്‍ നിന്നും , മധ്യവര്‍ഗ്ഗത്തില്‍ നിന്നും ഒരു സ്ത്രീ പോലും ഇതിലേക്ക് വന്നില്ല . കുടുംബിനിയായ , തൊഴിലാളിയായ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അഹോരാത്രം പാടുപെടുന്ന ആ ജീവിതങ്ങളില്‍ അക്ഷരങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നവരോ പ്രണയത്തെക്കുറിച്ചും രതിയെക്കുറിച്ചും വാതോരാതെ പറയാന്‍ കഴിയുന്നവര്‍ ഉണ്ടാകുകയില്ല എന്നതാകില്ല കാരണം മറിച്ചു തിരഞ്ഞെടുപ്പിലെ സാധാരണത്വം ആകാം അത്തരം ഒരു വിടുതല്‍ സംഭവിക്കാന്‍ കാരണം എന്ന് കരുതുന്നു . കൂട്ടത്തില്‍ ഒരു ട്രാന്‍സ്ജെണ്ടര്‍ തന്റെ പുരുഷ അനുഭവം രേഖപ്പെടുത്തി എന്നതു ഒരു പ്രത്യേകതയായിരുന്നു .
സമ്പാദനം ഒരു കലയാണ് . അവയെ എഡിറ്റ് ചെയ്യുന്നത് ഒരു വലിയ ഭാരിച്ച ഉത്തരവാദിത്വവും . ആ കഴിവ് പോകെപ്പോകെ തിളക്കമാര്‍ന്നു വരും എന്ന ശുഭാപ്തി വിശ്വാസം ഉണ്ട് . കാരണം ആംഗലേയത്തിലും മലയാളത്തിലും ഒരു പിടി നോവല്‍ , കവിത , കഥകള്‍ , ലേഖനങ്ങള്‍ സംഭാവന ചെയ്ത ഹണി ഭാസ്കരന്‍ നാളെയുടെ സാഹിത്യചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട ഒരു വ്യക്തിയാണ് താനെന്നു സ്വയം സാക്ഷ്യപ്പെടുത്തുന്നുണ്ട് തന്റെ രചനകളിലൂടെയും പ്രതികരണങ്ങളിലൂടെയും . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
Tuesday, October 10, 2017
അടയാളങ്ങള്‍ .............സേതു
സേതു
ഡി സി ബുക്സ്
വില :160 രൂപ
പാണ്ഡവപുരം എന്നൊരു നോവല്‍ മലയാളത്തില്‍ സംഭവിച്ച വലിയൊരത്ഭുതമായി വായനയില്‍ അനുഭവപ്പെട്ടിട്ടുണ്ട് . അതുകൊണ്ട് തന്നെ സേതു എന്ന എഴുത്തുകാരന്റെ കൃതികളെ സമീപിക്കുമ്പോള്‍ ആ ഒരു ആദരവും പ്രതീക്ഷയും വായനക്കാരനില്‍ ഉണ്ടാകുക സ്വാഭാവികമാണ് . ബിംബവത്കരണം കൊണ്ട് മാജിക്കല്‍ റിയലിസം കൊണ്ടും മലയാളത്തിലെ അക്ഷര സംഭാവനകളില്‍ മുന്നില്‍ നില്‍ക്കാന്‍ സേതു എന്ന എഴുത്തുകാരന് കഴിയുന്നത് തന്റെ രചനകളിലെ വൈവിധ്യങ്ങള്‍ കൊണ്ടുതന്നെയാണ് . കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ചുറ്റുപാടുകള്‍ തിരഞ്ഞെടുക്കുമ്പോഴും സേതു എപ്പോഴും ശ്രദ്ധിക്കുന്നത് അതിന്റെ മാനങ്ങള്‍ വേറിട്ടത് ആയിരിക്കണം എന്നത് തന്നെയാകണം . സാധാരണ എഴുത്തുകാര്‍ക്ക് അപരിചിതമായ ഒരു മേഖലയാണ് പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ക്കും വളരെ പരിചയക്കുറവുള്ള രംഗം ആണ് വ്യവസായിക മേഖല . കേരളം വ്യവസായമേഖലയില്‍ വളരെ ശുഷ്ക്കമായ ഒരു നിലയിലാണ് എന്നതിനാലും മലയാളിക്ക് പ്രത്യേകിച്ച് കേരളത്തില്‍ താമസമാക്കിയവര്‍ക്കും വന്‍ നഗരങ്ങളില്‍ ബിസിനസ് ക്ലാസ്സില്‍ ജീവിച്ചവര്‍ക്കും ഓഫീസ് വര്‍ക്കുകള്‍ മാത്രം ചെയ്തു വന്നിട്ടുള്ളവര്‍ക്കും പൊതുവേ അപ്രാപ്യമായ ഒരു മേഖലയാണ് നിര്‍മ്മാണ ഫാക്ടറികളും അതിന്റെ പരിസരങ്ങളും . കുറച്ചൊക്കെ അതിനോട് അടുത്ത ഒരു ചുറ്റുപാട് ആണ് പാണ്ഡവപുരം കൈകാര്യം ചെയ്ത ഇടങ്ങള്‍ എങ്കിലും "അടയാളങ്ങള്‍" എന്ന ഈ നോവലില്‍ "സേതു" പൂര്‍ണ്ണമായും അത്തരം വ്യവസായരംഗവും ഫാക്ടറി ചുറ്റുപാടുകളും ജീവിതവും ആണ് ഇതിവൃത്തമാക്കിയത് എന്ന് കാണാം .
ജീവിതത്തിന്റെ സങ്കീര്‍ണ്ണമായ വശങ്ങള്‍ മാനുഷികമായ ചിന്തകളും വികാരങ്ങളും അവയുടെ ജയപരാജയങ്ങളും അടയാളപ്പെടുത്തുന്ന ഒരു നല്ല നോവല്‍ ആയി അടയാളങ്ങള്‍ അടയാളപ്പെടുത്താം . പ്രിയംവദ എന്ന എച്ച് ആര്‍ മേധാവിയും നീതു എന്ന മകളും കേന്ദ്ര കഥാപാത്രമായ ഈ നോവല്‍ പറയുന്നത് ഒരു അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെയും അവരുടെ ജീവിതത്തിലെ കുറെ സംഘര്‍ഷഭരിതമായ നിമിഷങ്ങളേയും കുറിച്ചാണ് . ചെറുപ്പത്തില്‍ തന്നെ ഭര്‍ത്താവില്‍ നിന്നും അകന്നു വിധവയെ പോലെ ജീവിക്കുന്ന പ്രിയംവദയുടെ ഏക പ്രതീക്ഷ മകള്‍ നീതുവാണ് . ഇവര്‍ തമ്മിലുള്ള ആത്മ ബന്ധത്തിന്റെ ഇഴകളെ വളരെ നന്നായിത്തന്നെ സേതു ഇതില്‍ വരച്ചിടുന്നുണ്ട് . ഒറ്റപ്പെട്ടുപോകുന്ന സ്ത്രീ മനസ്സുകളുടെ ആകുലതകളും മാനസികവിചാരങ്ങളും ഒക്കെ സേതു സത്യസന്ധമായി ഇതില്‍ രേഖപ്പെടുത്തുന്നു . ഒപ്പം ഒരു കമ്പനിയുടെ പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ കമ്പനികളുടെ ഉള്ളുകള്ളികളിലേക്കും കിടമത്സരങ്ങളിലെക്കും ഒക്കെ വളരെ ഗഹനമായ ഒരു യാത്ര ഈ നോവലില്‍ കാണാന്‍ കഴിയുന്നുണ്ട് . കൌമാരത്തിന്റെ ചുറ്റുപാടുകളെ, സ്വതന്ത്രവും വിശാലവുമായ കാഴ്ചപ്പാടുകളെ എത്ര ഉള്‍ക്കാഴ്ചയോടെ ആണ് കഥാകൃത്ത് ഇതില്‍ വരച്ചിടുന്നത് എന്നത് വായനക്കാരെ സന്തോഷിപ്പിക്കും . നീതുവും ഹരിനാരായണന്‍ എന്ന യുവാവുമായുള്ള ബന്ധത്തെക്കുറിച്ച് അവളുടെ വളരെ അടുത്ത കൂട്ടുകാരിയായ ആലീസ് പറയുന്ന വാക്കുകള്‍ ഇതിനുദാഹരണം ആണ് .
"അവള്‍ക്കൊരു കൂട്ട് വേണമായിരുന്നു . ഒരു ആണ്‍ തുണ
പക്ഷെ, നമ്മളൊക്കെ കരുതുന്ന പോലത്തെ ശരീരം കൊണ്ടുള്ള കൂട്ടല്ല കേട്ടോ."
ആണ്‍ തുണ എന്നാല്‍ ശരീരം പങ്കുവയ്ക്കാന്‍ ഉള്ള ഒരു ഇടം തേടല്‍ മാത്രമല്ല എന്ന ധാരണ പുതിയ കാലത്തിന്റെ ശബ്ദമാണ് . ലിംഗഭേദമില്ലാതെ ഇടപെടാന്‍ കഴിയുന്ന ഒരു ലോകം . തികച്ചും സേതു എന്ന എഴുത്തുകാരന്‍ മുന്നില്‍ വയ്ക്കുന്ന ആ ആശയം ഇന്നത്തെ ചുറ്റുപാടില്‍ വളരെ കാലികപ്രസക്തിയുള്ള ഒരു ചിന്തയാണ് . സേതുവിന്‍റെ കഥാപാത്രങ്ങള്‍ ഒന്നും തന്നെ ചാപല്യം കൊണ്ട് കിടക്കയിലേക്ക് ചരിഞ്ഞു വീഴുന്നവയല്ല ഇതില്‍ . സ്വത്വബോധം കൊണ്ട് ഔന്നത്യം നേടുന്നവയാണ് ഓരോരുത്തരും.
കഥയ്ക്കുള്ളിലെ കഥ പറച്ചില്‍ രസാവഹമായ ഒരു സമ്പ്രദായമാണ് . പാണ്ഡവപുരം പോലെ ഇതില്‍ ഒരു ദേശം ഉണ്ട് . മീനാക്ഷിപുരം എന്ന പാര്‍വ്വതിപുരം . അധിനിവേശത്തിന്റെ അടയാളംപോലെ ആണ് ആ പേര് മാറ്റം എന്ന് കാണാം . ഒപ്പം തന്നെ ഇവിടെ വളരെ വലിയൊരു സമസ്യക്ക് ഉത്തരം തേടാന്‍ കൂടി ശ്രമിക്കുകയാണ് എഴുത്തുകാരന്‍ പ്രിയംവദയിലൂടെ . ആ ദേശവും അവിടെ നിലവില്‍ വന്ന പഞ്ചസാരഫാക്ടറിയും ആ ഫാക്ടറിയിലെ തൊഴിലാളികള്‍ക്കിടയില്‍ സംഭവിക്കുന്ന ചില നിഗൂഡ മരണങ്ങള്‍ക്കും മാനവശേഷി വിഭാഗത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മാനുഷികമായ ഒരു പഠനവും അതിന്റെ ചുവടു പിടിച്ചു വ്യവസായ ലോകത്തിന്റെ ചിന്താഗതികളും നോവലില്‍ ഉപകഥയായി പറയുന്നുണ്ട് .
ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയും മകളും പരസ്പരം എല്ലാം തുറന്നു പറയുകയും നല്ല കൂട്ടുകാരായി കഴിയുകയും ചെയ്യുന്നതും ഇടയില്‍ അമ്മയ്ക്ക് മകളോട് തുറന്നു പറയാന്‍ കഴിയാത്ത വണ്ണം അല്ലെങ്കില്‍ അത് മകള്‍ കേള്‍ക്കാന്‍ കഴിയാത്ത വണ്ണം ചില സംഭവവികാസങ്ങള്‍ ഉണ്ടാകുന്നതും തുടര്‍ന്ന് മകള്‍ അമ്മയില്‍ നിന്നകലുകയും ഒറ്റപ്പെടലിന്റെ ഭ്രാന്തു രണ്ടു പേരും ശരിക്കും അനുഭവിക്കുകയും ചെയ്യുന്നതും ആശ്രയമോ പ്രതികാരമോ പോലെ മകള്‍ അച്ചനിലേക്ക് തിരികെ പോകാന്‍ ശ്രമിക്കുന്നതും പക്ഷെ അത് അവളില്‍ തന്നെ ആശങ്ക ജനിപ്പിക്കുന്ന ഒന്നാകയാല്‍ മറ്റൊരു വിശ്വസ്ത കൂട്ടുകെട്ട് ഉണ്ടാക്കുന്നതും അത് അമ്മയില്‍ നിന്നും മറച്ചു പിടിക്കുന്നതും ഒരു അവസ്ഥയില്‍ ആ കൂട്ട് അതിന്റെ ഭയാനകത പ്രകടമാക്കുമ്പോള്‍ തളര്‍ന്നുപോകുന്ന മകള്‍ അമ്മയുടെ മാറില്‍ തന്നെ തിരികെ അഭയം പ്രാപിക്കുന്നതും ഒരു ചലച്ചിത്രത്തിലെന്നപോലെ വായിച്ചു പോകുവാന്‍ കഴിയും .
ബന്ധങ്ങള്‍ പലപ്പോഴും തെറ്റിദ്ധാരണ ജനിപ്പിക്കാറുണ്ട് അന്യരില്‍ . ചിലപ്പോഴൊക്കെ അത് ബന്ധങ്ങള്‍ക്കിടയില്‍ തന്നെയും സംഭവിക്കും . പ്രതീക്ഷിക്കാത്ത ഒരു നീക്കം മറു വശത്ത് നിന്നുണ്ടാകുമ്പോള്‍ ആകും ആ ബന്ധം രണ്ടുപേരും മുന്നോട്ടു വളര്‍ത്തിയതില്‍ രണ്ടു ഉദ്ദേശ്യം ആണ് ഉണ്ടായിരുന്നത് എന്ന് തിരിച്ചറിയുക . വളരെ പക്വമായ ഒരു ഇടപെടല്‍ ഈ അവസരത്തില്‍ എഴുത്തുകാരന്‍ പ്രിയംവദയില്‍ കൂടി അവതരിപ്പിക്കുന്നുണ്ട് . പ്രിയംവദ തന്റെ ഗുരുവായി കണ്ടു ഇടപെട്ടിരുന്ന മനുഷ്യന്റെ ചപലമായ ഇടപെടലുകളും കുറിമാനങ്ങളും കാണുമ്പോള്‍ അയാളോട് പ്രതികരിക്കുന്ന വാക്കുകള്‍ ഇത്തരുണത്തില്‍ വളരെ പ്രസക്തമായ ഒരു മറുപടിയും ഇന്നിന്റെ ലോകത്തിലെ സ്ത്രീകള്‍ക്കുള്ള ഒരു വഴികാട്ടിയും ആണ് .
താന്‍ സ്ഥിരം വന്ദിക്കാറുണ്ടായിരുന്ന ഒരു ഗണപതി വിഗ്രഹം ഒരു ദിവസം പാല്‍ കുടിക്കാന്‍ തുടങ്ങി . ആ വാര്‍ത്ത കേട്ട് ആ ചുറ്റുപാടും ഉള്ള എല്ലാവരും ഗണപതിക്ക് പാല്‍ നല്‍കാന്‍ തുടങ്ങി .ഒടുവില്‍ പാല്‍ കുടിച്ചു ഗണപതിയുടെ വയര്‍ വീര്‍ത്തു . മാത്രമല്ല ചുറ്റുപാടും ഉള്ള ഗണപതികള്‍ എല്ലാം പാല്‍ കുടിക്കാനും തുടങ്ങി . പക്ഷെ അന്നത്തോടെ ഞാന്‍ ആ ഗണപതിയെ വന്ദിക്കല്‍ നിര്‍ത്തി ." എന്ന പ്രിയം വദയുടെ വാക്കുകളില്‍ വ്യക്തത തേടിയ ഗുരുവിനോട് അവള്‍ ഇങ്ങനെ പറഞ്ഞു നിര്‍ത്തി .
"വിഗ്രഹങ്ങള്‍ വിഗ്രഹങ്ങളായിത്തന്നെ അകലം കാത്താലെ നമുക്ക് ആരാധിക്കാനാവൂ സര്‍. അവയ്ക്ക് മനുഷ്യരൂപം കൈവരുമ്പോള്‍ , അല്ലെങ്കില്‍ മനുഷ്യരെപ്പോലെ പെരുമാറാന്‍ തുടങ്ങുമ്പോള്‍ താനേ വിഗ്രഹങ്ങളല്ലാതായി തീരുന്നു ".
ഇതിലും മനോഹരമായി എങ്ങനെയാണ് മനുഷ്യബന്ധങ്ങളുടെ കാഴ്ചപ്പാടിനെ അവതരിപ്പിക്കാന്‍ കഴിയുക എന്ന് അതിശയപ്പെട്ടുപോകുക ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം വളരെ വലിയ സന്തോഷം തരുന്ന വസ്തുതയാണ് .
ഒരു നോവല്‍ എന്ന തലത്തില്‍ നിന്നുകൊണ്ട് ഇതിനെ കാണുക എന്നതില്‍ നിന്നും മാറി മനുഷ്യരുടെ മാനസികചിന്താഗതികളെ അപഗ്രഥിക്കാനും മനസ്സിലാക്കാനും കഴിയുന്ന ഒരു അടയാളപുസ്തകമായി ഈ കൃതിയെ പരിചയപ്പെടുത്താന്‍ ആണ് കൂടുതല്‍ താത്പര്യം . സ്ത്രീ പക്ഷത്തു നിന്നുകൊണ്ട് അവരെ മനസ്സിലാക്കി അവരുടെ മാനസികതലങ്ങളെ നന്നായി അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു എഴുത്തുകാരന്‍ ആണ് സേതു എന്ന് നിസ്സംശയം പറയാന്‍ കഴിയുന്നവയാണ് അദ്ദേഹത്തിന്റെ ഓരോ കൃതികളും . പക്വമതിയായ ഒരു മനുഷ്യന്‍ തന്റെ അക്ഷരങ്ങളെ അടയാളപ്പെടുത്തുന്ന വിധങ്ങള്‍ വായനക്കാര്‍ അനുഭവിച്ചറിയട്ടെ . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
Wednesday, October 4, 2017
ആകാശത്ത് ഇപ്പോള്‍ ഇരുള്‍ മാത്രം ...!
Monday, October 2, 2017
Sunday, October 1, 2017
കേരളം പീഡനശാലയല്ല
ഓർക്കുക.! ഓരോ വീടിനുള്ളിലും ഓരോ കുട്ടിയുടെ ഉള്ളിലും നിങ്ങൾ അരക്ഷിതാവസ്ഥയുടെ ബീജങ്ങൾ വർഷിക്കുകയാണ്. ഓരോ ബന്ധങ്ങളെയും സംശയ കണ്ണുകളാൽ നോക്കാനവരെ പ്രേരിപ്പിക്കുകയാണ്. വരും തലമുറയുടെ മാനസിക ലോകത്തെ ലൈംഗികതയുടെ ഭയം കൊണ്ടു നിങ്ങൾ മൂടുകയാണ്. കടുത്ത ലൈംഗിക അരാജകത്വം ആകും വരും തലമുറ ഇതുവഴി അനുഭവിക്കേണ്ടി വരിക. ഈ യാത്ര അപകടമാണ്. നമുക്ക് നമ്മുടെ കുട്ടികളോട് സ്പർശനങ്ങളുടെ വ്യതിയാനങ്ങളെക്കുറിച്ചു പഠിപ്പിക്കേണ്ടി വരുന്നത് എത്ര ലജ്ജാവഹമായ കാര്യമാണ്. ഇതിന്റെ ഏറ്റവും വലിയ ദോഷം മനുഷ്യസഹജമായ കൗതുകമാണ്. തൊടലുകളെ ഭയത്തോടെ വീക്ഷിക്കുന്ന ഒരു മാനസികതലം മാത്രമല്ല ഉണ്ടാകുക ,ആ തൊടലുകളെ എന്തെന്നറിയാനുള്ള കൗതുകവും കുഞ്ഞുങ്ങളിൽ ഉണ്ടാകും. വീണ്ടുവിചാരങ്ങളോ തെറ്റുകുറ്റങ്ങളോ അവർക്കറിയണമെന്നില്ല. ഇത് വലിയ വീഴ്ച തന്നെയാണ്. കുട്ടികൾക്ക് മനസ്സു തുറന്നു രക്ഷകർത്താക്കളോട് സംസാരിക്കാൻ എന്തും ചർച്ച ചെയ്യാൻ ഉള്ള സാധ്യതകൾ തുറന്നിടുക എന്നതാണ് ഓരോ രക്ഷകർത്താക്കളും ചെയ്യേണ്ട ആദ്യപാഠം. കുട്ടിയുടെ ചെറുതും നിസാരവുമെന്നു തോന്നുന്ന പല വിഷയങ്ങളെയും രക്ഷകർത്താക്കൾ ചെവികൊടുക്കുകയോ കാര്യമാക്കുകയോ ചെയ്യാറില്ല പലപ്പോഴും. ചിലപ്പോഴാകട്ടെ ശാസിക്കുകയും മർദ്ദിക്കുകയും കൂടി ചെയ്യും. "നിന്നോട് പറഞ്ഞിട്ടില്ലേ" , "നീയെന്തിനു പോയി " തുടങ്ങിയ രീതിയിൽ തുടങ്ങുന്ന ശകാരം പലപ്പോഴും കുട്ടികളിൽ അകാരണമായ ഭയവും , വെറുപ്പും രക്ഷകർത്താക്കളോട് തോന്നിപ്പിക്കുകയും അവർ പതിയെ ഒന്നുകിൽ സ്വയം ഉൾവലിയുകയോ അല്ലെങ്കിൽ നിസ്സഹായമായി ഇരകളാകുകയോ ചെയ്യും. ഇവിടെ അവസാന സംഭവമായ ഏഴു വയസ്സുകാരിയിലുണ്ടായത് എന്ത് എന്ന് ഒന്നു പരിശോധിക്കാം. അമ്മയുടെ അനുജത്തിയുടെ ഭർത്താവായി വന്ന മാനസിക രോഗി അയാളുടെ മൂന്നാമത്തെ ഭാര്യയാണവർ. അയാൾ ആര് എന്ത് എന്നറിയാതെ ആണില്ലാത്ത വീട്ടിന്റെ അധിപനാക്കിയ ആ സ്ത്രീകൾ എങ്ങനെയാണ് ന്യായീകരിക്കപ്പെടുക. ആ ആണധികാരത്തിന്റെ മറവിലാണ് അയാൾ ആ കുഞ്ഞിനെ മരണത്തിലേക്ക് കൂട്ടിക്കൊണ്ട് പോയതും . ആ സംഭവം അടക്കം ഓരോന്നിലും നമുക്ക് കാണാനാവുന്ന ഒരു യാഥാർത്ഥ്യം ഉണ്ട്. അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന കുട്ടികൾ , സുരക്ഷിതമല്ലാത്ത ജീവിത പശ്ചാത്തലങ്ങൾ , രക്ഷകർത്താക്കളുടെ ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ , പിന്നെ സമൂഹത്തിൽ അത്ര വലുതല്ലാത്തതും എന്നാൽ മുഖംമൂടിയണിഞ്ഞതുമായ മാനസിക രോഗികൾ , മയക്കുമരുന്നുകൾ ഇവയാണ് ഇത്തരം സംഭവങ്ങളുടെ പിന്നിലുള്ള പേരക ഘടകങ്ങൾ. ഇവയെ നാം ബോധപൂർവ്വം അവഗണിച്ചു കൊണ്ട് പെൺകുട്ടികളെ ഭ്രൂണഹത്യ ചെയ്യാനും പുരുഷന്മാരെ ഗില്ലറ്റിൻ ചെയ്യാനും ആഹ്വാനം ചെയ്യുകയും രക്ഷപ്പെട്ട ആശ്വാസം പറഞ്ഞു രചനകൾ ചമയ്ക്കാനും സമയം കണ്ടെത്തുന്നു. മുളക്കാത്ത മുലഞെട്ടും തുറക്കാത്ത യോനിയും എഴുതി അതിനെ വിമർശിക്കുന്നവരുടെ സദാചാര ബോധത്തെ പരിഹസിക്കാനും സമയം കണ്ടെത്തുകയാണ് നാം. യാഥാർത്ഥ്യങ്ങളിൽ ജീവിക്കാൻ നമുക്കു കഴിയുന്നില്ല. മാറ്റം നമ്മിൽ നിന്നാണ് വേണ്ടത്. കേരളത്തിൽ വർദ്ധിച്ചു വരുന്ന റോഡപകടങ്ങളെ നാം പത്രത്തിൽ ചെറിയ കോളങ്ങളിൽ അകപ്പേജുകളിൽ ഒതുക്കി പീഡനങ്ങളെ ചർച്ചക്ക് വയ്ക്കുന്ന അജണ്ടകളെ തിരിച്ചറിയണം.
..... ബിജു.ജി.നാഥ് വർക്കല