പെണ്ണുടലൊരു സാമ്രാജ്യമാണ്.!
നിറയെ പൂത്തും തളിർത്തും
പടർന്നു നില്ക്കുന്ന വൻമരം.
തിരക്കിൽ പിടിച്ചു ഞെരിക്കാൻ
മൃദുലമാം നിമ്ന്നോതങ്ങൾ.
വഴിയോരം മിഴികളാൽ
കുടിച്ചുവറ്റിയ്ക്കുവാൻ
ആലിലച്ചുഴികൾ,മലരികൾ...
ഒറ്റയ്ക്കൊരു മറവിൽ കിട്ടിയാൽ
കടിച്ചു കുടഞ്ഞു വലിച്ചു കീറാം.
കല്ലുകൾ പെറുക്കിയിട്ടു കളിക്കാനും
ലാത്തിയുടെ നീളമളക്കാനും
ജന്മഗേഹം വിടർന്നു വരും.
തലകീഴായി തൂക്കിയിട്ടാൽ
മാംസളതകളിൽ
തല്ലിയും തലോടിയും
സത്യങ്ങൾ പറയിക്കാം .
സ്വപ്നം നിറഞ്ഞ ഹൃത്തിനെ
ബുള്ളറ്റുകൾ കൊണ്ടരിപ്പയാക്കാം .
ഭോഗാലസ്യ തൃഷ്ണകൾക്കി -
ടയിലാനന്ദത്തിനു
സിഗററ്റുകുത്തിയണയ്ക്കാം!
ആവശ്യം കഴിഞ്ഞാൽ,
ഒരു കയർത്തുമ്പിനെ അലങ്കരിക്കുകയോ
കുളത്തിലെ സമുദ്രസാധ്യതകളിലേക്ക്
വിമോചിപ്പിക്കുകയോ ചെയ്യാം.
ഗ്യാസടുപ്പുകൾ ചോരാം.
പെണ്ണുടൽ ഒരു സാമ്രാജ്യമാണ്
അനന്തസാധ്യതയുടെ
അപാരതീരം
... ബിജു.ജി.നാഥ് വർക്കല