Sunday, November 9, 2014

ഭൂതകാലം


മനസ്സിനെ പിന്നോട്ട് നയിക്കുവാനോ
പഴമയെ വെറുതെ കൊറിക്കുവാനോ
നമ്മള്‍ പരകായപ്രവേശം പോലെ
പിറകോട്ടു ചരിക്കുന്നു ചില നേരങ്ങളില്‍ .

ഉറവിടമറിയാനും ഉഴുതുമറിക്കാനും
എന്നും നമുക്കൊരു സഹായിയായാണ്
നമ്മള്‍ മറക്കുന്ന ഇരുണ്ട ഭൂതകാലം
നമ്മെ ഓര്‍മ്മിപ്പിക്കാന്‍ വിരുന്നുവരിക .

പുതിയജന്മം കടം കൊള്ളുവാന്‍ ചിലര്‍
ചികഞ്ഞെടുത്തു കുടഞ്ഞിടാറുണ്ട്
ഭൂതകാലത്തിന്റെ പൂക്കളും ശലഭങ്ങളും
തൃഷ്ണ നൃത്തമാടിയ കേളീരംഗങ്ങളും.

പ്രണയത്തിന്റെ , പണയത്തിന്റെ
രതിയുടെ , ആസക്തിയുടെ
പകയുടെ , പ്രതികാരത്തിന്റെ
ഓര്‍മ്മകള്‍ ഒഴുകി വരും പിന്നില്‍ നിന്നും .

കുടഞ്ഞിടുന്നതോടെ പറഞ്ഞ മനസ്സില്‍
ശാന്തി നിറയുന്നത് കണ്‍കളില്‍ വിരിയുമ്പോള്‍
കേട്ട മനസ്സില്‍ അശാന്തി മൊട്ടിട്ടു തുടങ്ങും
മേഘങ്ങള്‍ വന്നടിഞ്ഞു തുടങ്ങും .

ഭൂതകാലം വേദന മാറ്റുന്നതിനൊപ്പം
വേദന നല്‍കുകയും ചെയ്യുമ്പോള്‍
ഓര്‍മ്മകളെ മായ്ച്ചു കളയാന്‍ നമുക്ക്
എന്താണ് നമ്മില്‍ ബാക്കിയാകുന്നത് ?
https://www.youtube.com/watch?v=4PI3_l3VWBw

1 comment: