Monday, September 30, 2013

എന്നിൽ കവിത ജനിക്കുമ്പോൾ


എകാന്തതയുടെ  വാത്മീകങ്ങളെന്‍ ചിന്തയെ
ഞെരിക്കും വരള്‍ച്ചയുടെ  ശിശിരകാലങ്ങളില്‍  
ഒരു പകലിൻ തിരിതാഴുമ്പോൾ നമ്രമുഖിയായെന്‍ 
വിരൽത്തുമ്പിലൂടെ അക്ഷരമുരുകിയൊഴുകി.

നിലാവും വെയിലും പകലിരവുകളും  കടലും
ജീവിതവും പ്രണയവും എന്റെ വിരലുകളിൽ
തളംകെട്ടി നിന്ന കടലായി , കെട്ടഴിഞ്ഞ
കാർകൂന്തലായി  ഒഴുകിപടർന്നു  ചുറ്റിലും .

ചിതൽതിന്ന വിപ്ലവവും , പുഴുവരിക്കും രതിയും
സ്നേഹപരാഗങ്ങളും സൌഹൃദപുഷ്പങ്ങളും ,
മദംപൂണ്ട മതവുമെന്റെ വിരൽത്തുമ്പിലൂടെ
നീലാകാശത്തിലെ മഴമുകിലായി പടരവേ !

വായനതൻ പാരാവാരങ്ങളിൽ ഞാനൊരു 
പാമരനാം അക്ഷരസ്നേഹിയാകവേ, ചുറ്റിലും
കണ്‍തുറക്കുന്ന നക്ഷത്ര വിളക്കുകളിൽ
സാന്ത്വനത്തിന്റെ സൗഹൃദകടലായീ ലോകം .!

ഒരു കവിതയായി ജനിക്കാൻ കൊതിപ്പൂ ഞാൻ
അക്ഷരലോകത്തിൻ നഭോമണ്ഡലത്തിൽ .
ഒരു പൈതലായ് പിച്ചവച്ചീടണം , വരികൾ
തൻ ശരപഞ്ചരങ്ങൾക്കിടയിലൂടെന്നുമെനിക്ക് .
---------------------ബി ജി എൻ വർക്കല ------

4 comments:

  1. കവിതകള്‍ പിറക്കട്ടെ ഇനിയുമനേകം

    ReplyDelete
  2. വാക്കുകള്‍ പൂമരമായി വളര്‍ന്നു പന്തലിക്കട്ടെ..

    ReplyDelete