വേദനയുടെ ഇരുളൾ മുഖങ്ങളിൽ ,
പുഞ്ചിരിയുടെ പൗർണ്ണമിരാവുകളിൽ ,
സ്നേഹത്തിന്റെ മ്രിദുസ്പർശങ്ങളിൽ ,
നിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നെങ്കിൽ !
ഒരു കുഞ്ഞു ചുംബനപൂവാലെൻ മനസ്സിൻ
അരയാലിലകളെ ശാന്തമാക്കൂ .
ഒരു മധുരമൊഴിതൻ മാസ്മരികതയാൽ
എന്നിരുളലയകറ്റുമോ പെണ്കിടാവേ .?
ഒരു തരുലതപോൽ എന്നെ വരിയുന്ന
കരതലമോന്നു ഞാൻ കനവു കാണെ .
അരുതരുത് നീയെൻ വേദനകാടിൻ
അഴിമുഖം അഗ്നിയാൽ എരിച്ചിടൊല്ലേ .
അരണി കടയുന്നതുണ്ട് ഞാനുള്ളിലെ
ശീതചിന്തകൾ ഉരുക്കികളയുവാൻ .
ആവതില്ല നിൻ സാന്നിദ്ധ്യമില്ലാതെ
ആഴിയിൽ വീണുരുകുവാൻ പോലുമേ .
കാണുവാനാകാത്ത സൗന്ദര്യമൂഴിയിൽ
വ്യെർത്ഥം നിഷ്ഫലം മരുജലം പോലെയും .
വിടരുവാൻ സൂനം കൊതിക്കുന്നതെന്നുമേ
ഭ്രമരം നുകരുവാൻ വരുമെന്നോരാശയാൽ .
മാംസപുഷ്പങ്ങളിൽ മധു നുകരുവാനൊരു
കേവലധ്യാനമല്ലിന്നെന്റെ ജീവിതം .
വീണടിയേണം തമസ്സിന്റെ മടിയിലെ
മുഗ്ദ്ധമാം സ്നേഹത്തിൻ സാന്ത്വനവിരൽ തേടി .
വാഴനാരല്ല ഞാൻ തേടൂ സഖീ നിൻ ചാരെ -
ഒരു കൂട് കൂട്ടി വസിക്കുവാൻ ആശിപ്പൂ .
തേടുവതൊരു പുതുജീവിതമല്ലയെൻ, പോയ -
കാലത്തിൻ മധുരമതൊന്നുമാത്രം തരിക .
തരുവാനൊരു മനമില്ലെങ്കിലീ ജീവിത -
മരുഭൂമിയിൽ ഒന്നും കരഗതമല്ലറിവൂ.
അകതാരിൽ സ്നേഹമുണ്ടെങ്കിലെനിക്കേകും
മുടിനാരുപോലും ദിവ്യമെന്നൊമലേ.
കാലം നല്കിയോരീ ചമത്കാരമൊന്നുമെ
കാരണമാകുന്നില്ല എൻ രാഗബിന്ദുവിൽ .
നിഴൽ വീഴ്ത്തി അകലുവാൻ കഴിയില്ലറിയാ-
മെന്നാലും പറയാതകലുന്നതെങ്ങനെ ഞാൻ .
----------------------------ബി ജി എൻ വർക്കല
രാഗവേദന കൊള്ളാം
ReplyDelete