Sunday, September 29, 2013

ധർമ്മ സങ്കടം


ചേട്ടൻ
രാവിലെ ദേഷ്യത്തിലാണ്
ഉറക്കം വിളിച്ചുണർത്തിയ മോൾക്കൊരു
നുള്ള് കൊടുത്തു കൊണ്ടാണ്
ദിവസം തുടങ്ങുന്നത് .

മേശപ്പുറത്തിരിക്കുന്ന
തണുത്ത ചായയെ നോക്കി
ചേട്ടൻ ബാത്രൂമിലേക്ക് .
മൂളിപ്പാട്ട് മറന്ന കാലത്തിന്റെ മുരൾച്ചയോടെ .

ഉടുപ്പ് , സോക്സ്‌
ചീപ്പ് , വാച്ച്
മറുപടികൾ അടുക്കളയിലെ
പത്രങ്ങളിൽ തട്ടി ചിതറിവരുന്നുണ്ട് .

ഇടയിലായി പള്ളിക്കൂടത്തിന്റെ
ധടുതിയുടെ നിലവിളികൾ
പ്രാക്കുകൾ
വാഹനത്തിന്റെ ഹോണ്‍
പ്രജ്ഞയെ ചിതലരിച്ചെങ്കിൽ ....!

ധൃതിയിൽ വലിച്ചു കയറ്റിയ
വസ്ത്രങ്ങളുമായി
ഊണുമേശയിലെ യുദ്ധം പാതി ജയിച്ചു
തിരക്കിട്ടോടുമ്പോൾ
ചേട്ടന്റെ മനസ്സ് വിലപിച്ചു
അവളെന്റെ ബട്ടണ്‍ പോലും .....!

ഇടവേളയോന്നു
തണുപ്പിക്കാൻ
ഒരു ഫോണ്‍കാളിൽ കാത്തിരുപ്പ് .
ഓടിവന്നെടുക്കുന്ന ശബ്ദത്തിൽ
അലക്കുകല്ലിൽ നനഞ്ഞ ധ്രിതി
അണച്ചു വീഴുന്നു .

വൈകുന്നേരത്തിന്റെ ആലസ്യത്തിൽ
വാതിൽക്കലൊരു പുഞ്ചിരി
കാക്കുന്നുണ്ട് ചേട്ടൻ .
പിള്ളേരുടെ പുസ്തകത്തിൽനിന്നും
ഒരന്യഗ്രഹജീവി
വാതില്തുറന്നു കടന്നുപോയ്

എല്ലാം കഴിഞ്ഞൊടുവിൽ
നിദ്രാദേവിയെ ചീത്ത വിളിച്ചു
ഘടികാരം തളരുമ്പോൾ ,
പഴംതുണി കെട്ടുപോലവൾ
അരികിലൊരു കയ്യാൽ ചുറ്റിയണച്ചു
ഉറക്കം തേടുമ്പോൾ
ചേട്ടന്റെ നിശ്വാസവായുവിൻ
നിമ്ന്ന്നോതികളിൽ
ഒരു തളർന്ന സ്വരം വന്നു വീഴും .
എനിക്കൊന്നുറങ്ങണം !.

ചേട്ടൻ ഇരുട്ടിനെ ശപിച്ചു തിരിഞ്ഞു കിടക്കും
ചുവരിലെ ഘടികാരം പോലെ
അവരുടെ ശ്വാസം മുറിയിൽ
ഇരുളിനെ പരിഹസിച്ചുകൊണ്ടേയിരിക്കുന്നുണ്ടാകും .
------------ബി ജി എൻ വർക്കല ------------

2 comments:

  1. എല്ലാത്തിനും സമയം നമ്മള്‍ തന്നെ കണ്ടെത്തേണ്ടതല്ലേ :(

    ReplyDelete
  2. ലോകത്തെല്ലാവര്‍ക്കും ഏറ്റക്കുറച്ചിലില്ലാതെ പങ്കിട്ടത് ഒന്നുമാത്രം
    സമയം, എല്ലാവര്‍ക്കും 24 മണിക്കൂര്‍

    ReplyDelete