Saturday, September 7, 2013

പ്രണയം സുഗന്ധം പരത്തുമ്പോള്‍

നീലവിരിയിട്ട ജാലകപാളിയില്‍
മാരുതന്‍ വന്നു മുട്ടുന്ന രാവിലീ
ശാരിക പൈതലേ മിഴികള്‍ പൂട്ടുക
നിന്‍ ചാരത്ത് ഞാനുണ്ട് മഞ്ഞുമുണ്ട്

മാടിയൊതുക്കിയോരീ അളകങ്ങള്‍ കാറ്റിന്റെ
ചുണ്ടില്‍ പടര്‍ന്നു സുഗന്ധമാകവേ
നിന്നിലെ നിദ്രതന്‍ സംഗീതമാമിരുള്‍
കാറ്റിന്റെ ഈണത്തില്‍ വീണലിഞ്ഞു

ഒരു വാക്കിന്‍ മുനയില്‍ കുരുങ്ങി ഞാന്‍ 
ഒരുവേള മറുവാക്ക് കാണാതെ പോയിതെന്നാല്‍
മഴതോര്‍ന്നിരുളുമീ ഇറയത്തു ഞാനൊരു 
ശരറാന്തലായിനി എരിഞ്ഞു തീരാം .

എന്നില്‍ വിരിയുന്ന പ്രണയത്തിന്‍ പൂവില്‍ 
 നിന്നൊരു തുള്ളി സുഗന്ധം കടമെടുക്കാന്‍
വെയിലേറ്റു വാടുമീ മനതാരില്‍ നിന്നുടെ 
മൃദു മന്ദഹാസം നിലാവായി വിരിയുമെങ്കില്‍ .

ഹൃദയമേ മയങ്ങുകെന്‍ ചാരത്തു നീയിന്നീ 
ഇരുളിന്റെ വേഷം മറന്നുകൊണ്ട്
പുലരി നിന്നെ വിളിച്ചുണര്‍ത്തുമ്പോള്‍ 
പുഞ്ചിരി നിറച്ചു നീ കണ്‍ തുറക്കൂ.

സുഗന്ധമായി നീ എന്നെ പുണരുമെങ്കില്‍
അര്‍ദ്ധനീലിമാമിഴികള്‍ ചേര്‍ത്തൊരു 
മുഗ്ധചുംബനം നല്‍കുന്നു രാവില്‍ . 
ഇനി നീ മയങ്ങൂ
ദാഹ ശരം നീളും അധരങ്ങളെ ഞാന്‍ 
നിന്നെ എങ്ങനെ കണ്ടില്ലെന്നു പറയും

ഞാന്‍ ഉരുകി വീഴും മഞ്ഞു തുള്ളിയാകുന്നു
ഒരു വേനലായി നിന്നില്‍ അലിഞ്ഞിരുന്നെങ്കിലെന്‍ 
പടുജന്മം മറ്റൊന്ന് കൊതിക്കയില്ലോമനെ
------------ബി ജി എന്‍ വര്‍ക്കല -----

1 comment:

  1. ഇനിയൊരു ജന്മം കൂടി
    എന്ന് പാടുന്നു മനം

    ReplyDelete