Monday, September 2, 2013

കാവ്യനർത്തകി


ഉറക്കം നഷ്ടമായ
ഏതോ ഒരു രാവിലാണ്
അവൾ എന്റെ പടിയിറങ്ങി പോയത് .
എന്നും എന്റെ മനസ്സിലെ
കിളിവാതിലുകളിൽ
കൊലുസിന്റെ മണിനാദം
മുഴക്കി വന്നിരുന്ന
എന്റെ പ്രിയ.

ഓർമ്മത്താളുകളിൽ
മഷിത്തണ്ട് കൊണ്ട്
ഞാൻ കോറിയിട്ട
അവളുടെ ചിരിയാണ്
പലപ്പോഴും
സിംഹാസനങ്ങളെ
കടപുഴക്കി എറിഞ്ഞിരുന്നത് .

സാമ്രാജ്യങ്ങളെ
കൈവെള്ളയിൽ വച്ച്
ഞാനമ്മാനമാടിയത്
അവളെന്റെ കൂടെ ഉണ്ടായിരുന്നതിനാൽ
മാത്രം ആയിരുന്നു


പരിഭവമായും
സ്നേഹമായും
രതിയുടെ പരാഗമായും
കയ്ക്കുന്ന ദൃതതാളങ്ങൾ ,
ഇടിയൊച്ചകൾ മുഴക്കും
ചുറ്റുപാടുകൾ ആയി
അവൾ എനിക്ക് ചുറ്റും
ഒരു നിഴൽ  പോലുണ്ടായിരുന്നു .

ഇന്ന്
കിളിയൊഴിഞ്ഞ
ഒറ്റമരച്ചില്ലയിൽ
ഏകനായി
ഒരു പാഴ്ക്കൂടായി
കാറ്റിന്റെ കൈകളിൽ
അവസാന
വിധി കാത്തു കിടക്കുമ്പോൾ
അകലെ മറ്റൊരു
എഴുത്തുകാരന്റെ
തൂലികയിൽ
അവൾ നൃത്തം ചെയ്തു തുടങ്ങുന്നു .
--------ബി ജി എൻ വർക്കല ----

2 comments:

  1. കാലമിനിയുമുരുളും പോയതു പോകട്ടെ...

    ReplyDelete
  2. കാവ്യനര്‍ത്തകി!

    ReplyDelete