ഭാരതത്തിന്റെ ധമനികളില്‍
സ്നേഹത്തിന്റെ ലാവ ഒഴുകി പരക്കുന്നു .
തലപ്പാവിനെ അലങ്കരിച്ചു കൊണ്ട്
ഝലം ചുവന്നൊഴുകുന്നു .
ശത്രുവിന്റെ വെടിയുണ്ടകളെക്കാള്‍ പ്രിയമാണിന്നു
വീരജവാന്റെ ബയണറ്റ് മുനകള്‍ക്കെന്നറിയുന്നു.
ഹൃദയാന്തര്‍ഭാഗത്ത് രാജധാനി
രാവുകള്‍ മൂടിപ്പുതക്കുന്ന മഞ്ഞിന്‍ തണുപ്പില്‍
ഗര്‍ഭപാത്രത്തെ പ്രസവിക്കുന്ന
പെണ്ണുടലുകളില്‍ ഗ്രീഷ്മം തിരയുന്നു .
അമ്മമാര്‍ നഗ്നരായി രക്ഷാകേന്ദ്രങ്ങളില്‍
ആത്മ ബലി നടത്തുന്ന മധുര വീചികളില്‍
ഇറോമിന്റെ മരണകിടക്ക മന്ദഹസിക്കുന്നു .
അണ്ഡങ്ങള്‍ക്ക് പകരം കല്ലുകള്‍
ആര്‍ത്തവത്തുണിയില്‍ മുങ്ങുന്നു
ചുവപ്പിന്റെ രോക്ഷത്തീ കെടാത്ത
തെരുവിന്നിരുള്‍മുഖങ്ങളില്‍ .
അയല്പക്കത്തിന്‍ പരിചിത മുഖങ്ങളില്‍
അഴിഞ്ഞു വീഴുമുടയാടകളില്‍ പിന്നെ
ആഴ്ന്നിറങ്ങുന്ന ശൂലമുനകളില്‍
ഭാവിയുടെ വാഗ്ദാനങ്ങള്‍ നെഞ്ചുകുത്തി നില്‍ക്കുന്നു .
പെണ്ണുടലുകളില്‍ കാക്ഷായം
വില്‍ക്കുന്ന പര്‍ണശാലകളും ,
ഉടുമുണ്ടിനടിയില്‍ ഇരയെ തിരയുന്ന
പടുജന്മങ്ങളും മുഖം കോട്ടി ചിരിക്കുന്നുണ്ടിവിടെ .
താഴികകുടങ്ങളില്‍ തിട്ടൂരമിട്ടുകൊണ്ട്
'പാദുക' പ്രഭുവിന്റെ മന്ദിരമുയരുന്നു .
ശിരസ്സ് നക്ഷ്ടപെടുന്ന കുലവാഴകളും
വാല്മുറിയന്‍ നായ്ക്കളും
തെരുവ് നിറയ്ക്കുന്നുണ്ടിവിടെ .
ഒറ്റക്കയ്യിന്‍ ഊര്‍ജ്ജത്തില്‍ വീണു
മെറ്റല്‍ കൂനകള്‍ ഞരങ്ങുന്നോരിരുളുകള്‍ ,
തച്ചു തകര്‍ത്ത കയ്കാലുകളുമായ്
പിഞ്ചുമൊട്ടുകള്‍ പുഞ്ചിരിക്കുന്നുണ്ടിവിടെ .
ചിതറിത്തെറിക്കും മാംസത്തുണ്ടുകളില്‍
ദൃക്ഷ്ടാന്തം തേടി താടി തടവുന്നോര്‍ ,
ശശികലമൊഴികളില്‍ തുളുനാട് പുളയുമ്പോള്‍
ഒറ്റക്കാലുകള്‍ മേഘനാദമാകുന്നുണ്ട് .
അഭിനവഭാരത യുദ്ധങ്ങളില്‍
അരങ്ങു തകര്‍ക്കുന്ന രണവീരര്‍ക്കിടയില്‍
അഭിമന്യുക്കള്‍ ഓര്‍മ്മയാകുന്നുണ്ടിവിടെ .
ചൂതും വസ്ത്രാക്ഷേപവുമായ്
നിങ്ങളെ കാത്തിരിക്കുന്നു ഭാരതം .
മതേതരഭാവത്തിന്‍ മന്ദസ്മിതവുമായി
കത്തിയെരിയുന്ന മരക്കുരിശുകള്‍!
ഊര്‍ന്നു വീഴും കൊന്തമണികളില്‍
നിണമാര്‍ന്ന ധവളിമ തിളങ്ങുന്നു .
വരിക നിങ്ങളീയൂഷരഭൂവിലേക്കായ്
പടരുക മഴനീര്‍മണികളായ് ചുറ്റിനും .
കിനാവിന്റെ വേരറ്റ ശലഭങ്ങളുണ്ടിവിടെ,
പേടമാന്‍ മിഴികളുടെ മൗനവുമുണ്ട് .
മഞ്ഞിന്‍ തണുപ്പുള്ള മാതാക്കളുണ്ട്
എള്ളിന്‍ കറുപ്പാര്‍ന്ന മേനികളുണ്ട് .
കള്ളം പറയാത്ത മനുഷ്യര്‍ക്ക് കൂട്ടിനായ്
കല്ലില്‍ കൊത്തിയ ശവങ്ങളുണ്ട് .
കള്ളച്ചിരിയുടെ തൂശനിലയില്‍ വിളമ്പിയ
സനാതനധര്‍മ്മ പരിപാലകരുണ്ട് .
നിറങ്ങളില്‍ മൂവര്‍ണ്ണതിമിരം ബാധിച്ച
ഖദറിന്റെ പശമണക്കാറ്റു വീശുന്ന
ഭരണസിരാകേന്ദ്രങ്ങളില്‍ ഉടുമുണ്ട് പൊക്കുന്ന
പടുവാര്‍ദ്ധക്യ കേസരികളുണ്ട് .
ആലിലത്താലി സ്വപ്നം കണ്ടുറങ്ങുന്ന
കരിമെഴുക്കാര്‍ന്ന തലയിണകളുണ്ട് .
അന്നം മുട്ടിയനാഥ ബാല്യങ്ങള്‍ കൈനീട്ടെ
കേശജലത്താല്‍ അധരം നനയ്ക്കുവോരുണ്ട് .
കൊന്തയഴിച്ചിട്ടു കുടിനീര്‍തടാകങ്ങളില്‍
ഊര്‍ദ്ധന്‍ വലിക്കും മിഴിചെപ്പുകളുണ്ട് .
നിങ്ങളില്‍ നിങ്ങളെ തിരഞ്ഞു നടക്കുന്ന
നിങ്ങളും ഞങ്ങളും തെരുവിലലയുന്നുണ്ട്
എന്റെ നാടെന്നുറക്കെ വിലപിക്കുന്ന
നഗ്ന്നബാല്യങ്ങള്‍ പിന്തുടരുന്നുണ്ട് .
ആഥിത്യമരുളുവാന്‍ പരവതാനികള്‍
വിരിച്ചാകാശം നോക്കുന്ന
ദേശമെന്നാകിലും
തമ്മില്‍ ഒരിക്കലും ചേരാത്ത മനസ്സുകള്‍
തിങ്ങി നിറയുന്ന നാടാണ് ഭാരതം .
------------ബി ജി എന്‍ വര്‍ക്കല -----