ഒരു രചനയെ വായിക്കേണ്ടത് രചയിതാവിനെ നോക്കി ആകരുത് . ഓരോ രചനയും രചയിതാവ് എഴുതുമ്പോള്‍ ഉള്ള മാനസിക അവസ്ഥയോ , ആ രചനക്ക് ആസ്പദമായ തലത്തിലോ നിന്നാകും . അതിനെ വായിക്കുമ്പോള്‍ അതെ തലത്തില്‍ നിന്നുകൊണ്ട് വായനക്കാരന്‍ വായിക്കണം എന്നത് ദുശ്ശാഠ്യം ആണ് . വായനക്കാരന്‍ അതില്‍ വിശാലമായ ഒരുപാട് അര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നുണ്ട് . അവ ചിലപ്പോള്‍ രചയിതാവിനെ പോലും അല്ഫുതപെടുത്തിയെക്കം പക്ഷെ രചയിതാവ് അത് സ്വീകരിക്കുന്നതിനു പകരം ആ രചന അയാള്‍ എഴുതിയത പോലെ തന്നെ വേണം വായനക്കാരനും വായിക്കാന്‍ എന്ന് ശടിച്ചാല്‍ അത് അയാളുടെ അപക്വമായ മനസ്സിനെ അല്ലെങ്കില്‍ വിമര്‍ശനഭയം നിറഞ്ഞ അവസ്ഥയെ ആണ് കാണിക്കുക . അതല്ല എങ്കില്‍ രചയിതാവ് രചനയുടെ ആരംഭത്തിലോ അവസാനത്തിലോ സൂചിപ്പിക്കണം ഇത് "ഇങ്ങനെ" ഒരു അവസ്ഥ ആണ് അല്ലെങ്കില്‍ ഇതില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചത് "ഇത് "ആണ് എന്ന് . അപ്പോള്‍ വായനക്കാരന്‍ തന്റെ വായന പരിമിതി പെടുത്തുകയും ആ വൃത്തത്തിനു ഉള്ളില്‍ നിന്ന് മാത്രം വായിച്ചു സായൂജ്യമടയുകയും ചെയ്യും .
വായനക്കാരന്‍ വായിക്കേണ്ടത് രചനയെ ആണ് . അത് രചയിതാവിനെയോ , അയാള്‍ക്ക് സമൂഹത്തില്‍ ഉള്ള നില്നില്പ്പിനെയോ ,സ്ഥാനങ്ങളെയോ അല്ലെങ്കില്‍ അയാള്‍ വായനക്കാരനില്‍ ചെലുത്തുന്ന സ്വാധീനത്തിന് പുറത്തോ ആകരുത് . അങ്ങനെ വരുമ്പോള്‍ വായന ഒരു ചടങ്ങും , വിലയിരുത്തല്‍ ഒരു കുഴലൂത്തും ആകും . ചില വായനകള്‍ കരുതി കൂട്ടി അപഹസിക്കുക അല്ലെങ്കില്‍ ഒരാളിനെ ഇരുത്തുക എന്ന ഉദ്ദേശ്യത്തോടെ ആകും . ഇവിടെ രചന ശക്തം അല്ല എങ്കില്‍ അയാള്‍ അടിപ്പെട്ടു പോകുമെന്നതിന് രണ്ടു വിചാരമില്ല .
ഇന്ന് വായനക്കാരന്‍ ഒരു കൃതി വായിക്കുന്നത് സാന്നര്‍ഭികവശാല്‍ വ്യെക്തിയെ അനുസരിച്ചാണ് . അതുകൊണ്ട് തന്നെ ആണ് ചിലര്‍ വായിക്കപ്പെടാതെ പോകുന്നതും അല്ലെങ്കില്‍ അവഗണിക്കപ്പെടുന്നതും . വായനയുടെ മനശാസ്ത്രത്തെ വായനക്കാരന്റെ സമീപനത്തോട് ചേര്‍ത്തു പിടിക്കാന്‍ കഴിയും .
"മന്നവേന്ദ്ര വിളങ്ങുന്നു നിന്‍ മുഖം
ചന്ദ്രനെ പോല്‍ " എന്ന് കവി പ്രകീര്‍ത്തിക്കുമ്പോള്‍ രാജാവിന് സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാതാകുന്നു . സമ്മാനങ്ങളുടെ പൂമഴ പെയ്യിക്കുന്നു . എന്നാല്‍ ചന്ദ്രന്‍ എന്നത് പൂര്‍ണ്ണമായും സുതാര്യം അല്ല എന്നതും അതിലെ വടുക്കള്‍ ദൃശ്യം ആണെന്നതും മനസ്സില്‍ അടക്കി ഗൂഡമായ ഒരു ആനന്ദം കവി അനുഭവിക്കുന്നുമുണ്ട് അവിടെ .
എണ്‍പതുകളില്‍ കലാലയത്തില്‍ നിറഞ്ഞു നിന്ന ഒരു ആട്ടൊഗ്രാഫ് ഇതിനു മറ്റൊരു ഉദാഹരണം ആണ് .
"അല്ലയോ സുന്ദരാംഗീ പൂ -
വല്ലിയോടോത്ത നിന്‍ ചിറി
രാജപക്ഷമാരിയാതിരിക്കുമോ
തിങ്കളോത്ത മുഖമാര്‍ന്ന കോമളെ " എന്നാ വരികളില്‍ തന്റെ പ്രധിഷേധം ഒരു ആസ്വാദ്യകരമായ രീതിയില്‍ പറഞ്ഞു തീര്‍ക്കുന്നുണ്ട് . ഇതിന്റെ വായന രണ്ടു പേര്‍ വായിക്കുന്നതും രണ്ടു തരത്തില്‍ ആണ് .
ഇതുപോലെ ആണ് ചില രചയിതാക്കളുടെ ബിംബവല്‍ക്കരണവും . കവിതയില്‍ പ്രധാനമായും ബിംബങ്ങളും സംജ്ഞകളും ആണ് കൂടുതല്‍ , സാധാരണ ആയി ഉപയോഗിക്കുന്നതു . അതിനാല്‍ തന്നെ ഗദ്യത്തില്‍ നിന്നും വ്യെത്യേസ്തമായ് കവിത നിലകൊള്ളുന്നു . ആധുനിക സങ്കേതത്തില്‍ ഗദ്യ കവിത എന്നത് ഒരു പ്രധാന സ്ഥാനം വഹിക്കുന്നു എന്നത് മറക്കുന്നില്ല ഇവിടെ .
ഇത്തരം പ്രതീകവല്‍ക്കരങ്ങളില്‍ പലപ്പോഴും പറയാന്‍ ഉള്ളത് പറയാന്‍ രചയിതാവ് പരാജയപ്പെടുകയോ അല്ലെങ്കില്‍ അവ വായനക്കാരനില്‍ എത്തപ്പെടുകയോ ചെയ്യാതെ പോകുന്നുണ്ട് . ലളിതമായ പദങ്ങള്‍ മുതല്‍ സാഹിത്യത്തിലെ അനന്യമായ നിഗൂഡസമസ്യകള്‍ പോലും ഇതിനായി രചയിതാക്കള്‍ ഉപയോഗിച്ച് വരുന്നുണ്ട് . രതിയുടെ അതിപ്രസരം എന്ന് കാണുന്ന ചില രചനകള്‍ രചയിതാക്കളുടെ അസ്തിത്വത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തുന്നത് ഇത്തരം ചില സന്ദര്‍ഭങ്ങളില്‍ ആണ് . തുറന്നെഴുത്തുകള്‍ എത്ര കണ്ടു കവിതയെ നിര്‍വ്വീര്യമാക്കുന്നു എന്നത് ഈ സന്ദര്‍ഭത്തില്‍ അനുസ്മരിക്കവുന്നത് ആണ് . ഇത്തരം ഘട്ടങ്ങളില്‍ രചയിതാവ് ആയുധം നഷ്ടപെട്ട അഭിമന്യുവിന്റെ അവസ്ഥ അനുഭവിക്കുന്നു എന്ന് കാണാം .
കാവ്യത്തിനും ഭാവതലത്തിനും അനുയോജ്യം എങ്കില്‍ മേമ്പൊടിക്ക് അല്പം നര്‍മ്മവും , രതിയും ഒക്കെ ആകാം എന്ന നിലപാട് കവിതകളില്‍ സ്വീകരിക്കുന്നത് സാധാരണമായി കണ്ടു വരുന്ന ഒരു പ്രവണത ആണ് . കവിതയിലെ പോസ്റ്റ് മോടെണിസം ഈ നിലയില്‍ നിന്നും മാറി എന്തും പ്രവചിക്കാന്‍ ഉള്ള ഒരു നിലയിലേക്ക് കവിതയെ കൈ പിടിച്ചു നടത്തുന്നത് ആണ് ഇന്നത്തെ സൈബര്‍ രചനകളില്‍ ദര്‍ശിക്കാന്‍ കഴിയുന്നത് . മുന്‍പ് ഒരു രചന അത് രചിക്കപ്പെട്ടാല്‍ മാത്രം വായനക്കാരനില്‍ എത്തില്ലായിരുന്നു . അത് പത്രാധിപരുടെ കാരുണ്യം കാത്തു കിടക്കുകയും , വരികളെ വെട്ടിമുറിച്ചു , ചിലപ്പോള്‍ നിര്‍ദ്ദയം ചവറ്റു കുട്ടകളില്‍ തള്ളിയും അകാല ചരമം പ്രാപിച്ചിരുന്ന ഘടന മാറി നേരിട്ട് ഉല്‍പാദകന്‍ ഉപഭോക്താവിന്റെ കയ്യിലേക്ക് വിഭവങ്ങള്‍ എത്തിക്കുകയും ചെയ്തപ്പോള്‍ ആണ് ഈ ഒരു പ്രതിഭാസം ഉടലെടുത്തത് അല്ലെങ്കില്‍ ഈ ഒരു സ്വാതന്ത്ര്യം ഉടലെടുത്തത് എന്ന് കാണാം . നേരെ മറിച്ചു രചനയെ സൈബര്‍ ഇടങ്ങളില്‍ തന്നെ ഒരു എഡിറ്റര്‍ ഉണ്ടായിരിക്കുകയും അയാളുടെ കത്രികത്തുമ്പിലൂടെ ആണ് അത് പുറത്തു വരികയും ചെയ്യുന്നത് എങ്കില്‍ ഇന്നിത്രയും രചയിതാക്കളോ രചനകളോ ഉണ്ടാകുമോ എന്നത് സംശയം ആണ് . ഒരുപക്ഷെ ഈ പോസ്റ്റ് മോടെണിസം പോലും വാക്കുകളില്‍ ഒതുങ്ങി പോയെക്കാമായിരുന്നു .
ഈ ഒരു ന്യൂനത അല്ലെങ്കില്‍ സൗകര്യം ആണ് വായനക്കാരന് രചയിതാക്കളെ നേരില്‍ ലഭിക്കുന്നതിനു അവസരം ഒരുക്കിയതും എന്നത് ഒരു വലിയ വസ്തുത ആണ് . രചയിതാവിനെ മുഖദാവില്‍ വിമര്‍ശിക്കാനും , അഭിനന്ദിക്കാനും അത് വഴി അറിയപ്പെടാതെ പോകുമായിരുന ഒരുപാട പേരെ സമൂഹത്തില്‍ ഒരു സ്ഥാനത്ത് എത്തിക്കാനും കഴിഞ്ഞു എന്നത് ഈ സംവിധാനത്തിന്റെ മേന്മ ആയി കാണുകയും ചെയ്യണം .
സാഹിത്യത്തിന്റെ എല്ലാ ശ്രേണിയിലും എന്നത് പോലെ ഇവിടെയും അപചയങ്ങള കൊണ്ട് വന്നതും ഈ സ്ഥിതി വിശേഷം തന്നെ ആണ് . ഒരാളെ ഉയര്‍ത്തി കൊണ്ട് വരാനും അതുപോലെ ഒരാളെ നശിപ്പിക്കാനും ഒരുപോലെ (സൃഷ്ടിയും സംഹാരവും ) കഴിയുന്ന ഒരു കോക്കസ് ആയി സൈബറും മാറിയത് കാണാന്‍ കഴിയുന്നു . ലൈക്കുകള്‍ എന്നൊരു ഗുണവിശേഷം കൊണ്ട് (ചില ഇടങ്ങളില്‍ രചനകളെ വിലയിരുത്താന്‍ ഉള്ള മാനദണ്ഡം ആയി കാണാം ഇതിനെ ), രചനകളെ ഉയര്‍ത്തുവാനും അവഗണന കൊണ്ട് വിസ്മൃതിയില്‍ ആക്കാനും ഇതിനു കഴിയുന്നു . പലപ്പോഴും ഈ ലേഖകന് തന്നെ അനുഭവപ്പെട്ടിട്ടുള്ളതാണ് ചില മല്‍സരങ്ങളില്‍ ഇടംപിടിക്കുന്ന കവിതകളെ ലൈക്കുകള്‍ കൊണ്ട് അനുഗ്രഹിക്കാന്‍ സ്നേഹിതരുടെ അഭ്യര്‍ത്ഥനകള്‍ വരികയും ആ ഒരു അടുപ്പം കൊണ്ട് മാത്രം ലൈക്കുകള്‍ കൊടുത്തു അവയുടെ സഹായത്താല്‍ ഉയര്‍ന്ന സ്കോര്‍ നേടുകയും ചെയ്യുന്നതു . തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ കാണിക്കുന്ന അതെ ഔല്സുക്യം ആണ് ഇതിലും കാണാവുന്നത് . ചിലപ്പോള്‍ ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ എന്ന ഭാഗ്യവും ചിലരെ വിജയിപ്പിക്കാറുണ്ട് .
മനസാക്ഷിക്ക് ചേര്‍ന്ന വിധത്തില്‍ രചനകളെ വിലയിരുത്തുവാനും , അതിനെ വിമര്‍ശിക്കുവാനും കഴിയുന്ന നാമമാത്രരായ സാഹിത്യ പ്രതിഭകള്‍ ആണ് നിര്‍ഭാഗ്യവശാല്‍ സൈബറിടങ്ങളില്‍ ദര്‍ശിക്കുവാന്‍ കഴിയുന്നത് . അവരുടെ വാക്കിനെ ഭയന്ന് അവരില്‍ നിന്നും ഒളിച്ചോടുന്ന അഭിനവവേന്ദ്രന്മാര്‍ അനവധി ആണ് ഇവിടങ്ങളില്‍ കാണപ്പെടുന്നതും . സഹിഷ്ണുതയോടെ വിമര്‍ശനങ്ങളെ നേരിട്ട് തെറ്റ് മനസ്സിലാക്കുന്നവരും , തെറ്റ് എന്ന് പറയുന്ന ഒറ്റ കാരണത്താല്‍ അവഗണിച്ചു കൊണ്ട് മറ്റിടങ്ങള്‍ തേടി പോകുന്നവരും , അനഭിമതങ്ങളായ അഭിപ്രായത്തിലൂടെ ഒറ്റപ്പെടുന്നവരും അനവധി ആണ് ഇന്ന് സൈബര്‍ ഇടങ്ങളില്‍ ഉള്ളത് . എഴുത്തിന്റെ ചില വരികള്‍ (ഇഷ്ടമായ ) മാത്രം പകര്‍ത്തി വച്ച് കൊണ്ട് വായനയെ സ്വീകരിക്കുന്നവര്‍ അല്ലെങ്കില്‍ രചനയെ സമീപിക്കുന്നവരും , രചനകള്‍ നല്‍കിയ അരസികത മൂലം വെറും ലൈക്ക് മാത്രം നല്‍കി കടന്നു പോകുന്നവരും , രചനയെ മുഖം നോക്കാതെ വിലയിരുത്തുന്നവരും , ആക്ഷേപത്തിന്റെ പരമകാഷ്ടയില്‍ നിന്ന് കൊണ്ട് വായനയെ കാണുന്നവരും , വിമര്‍ശനം പുഞ്ചിരികൊണ്ടും , മൃദു വാക്കുകള്‍ കൊണ്ടും തൊട്ടുഴിയുന്നവരും ,സുഹൃത്തുക്കളുടെ സ്വകാര്യ സംഭാഷണങ്ങളില്‍ പരിഹസിച്ചു കൊണ്ട് രചനയെ വളരെ നല്ലത് എന്ന് പറയുന്നവരും അടങ്ങിയ സൈബര്‍ ഇടങ്ങള്‍ വായനയെ സമീപിക്കുന്ന മനസ്ഥിതി മാറണം എന്നാണു ഇക്കണ്ട കാലത്തെ വായനയുടെ അനുഭവം മനസ്സിലാക്കിക്കുന്നത് .
രചന ഒരാളുടെ സ്വകാര്യത ആണ് , അത് അയാളില്‍ ഒതുങ്ങുമ്പോള്‍ . പക്ഷെ അത് വായനക്കാരന് മുന്നില്‍ വച്ചു കഴിഞ്ഞാല്‍ ആ വിഭവത്തെ രുചിച്ചു നോക്കേണ്ടതും , അതിനു ആസ്വാദനം പറയേണ്ടതും വായനക്കാരന്റെ അവകാശം ആണ് . മറുപടി പറയുക എന്നൊരു ദൌത്യം അവന്‍ പ്രതീക്ഷിക്കുന്നില്ല എങ്കിലും രചയിതാവിന്റെ കടമ ആകുന്നുണ്ട് .
തേനില്‍ പുരട്ടിയ വിഷം ആകരുത് വായനയുടെ പ്രതിഫലനം . വളര്‍ത്തുവാന്‍ ആകണം , തളര്‍ത്തുവാന്‍ ആകരുത് ഒരു വായനക്കാരന്‍ ശ്രമിക്കേണ്ടത് . വായന വലിപ്പ ചെറുപ്പം ഇല്ലാത്ത ഒരു സവിശേഷത ആണ് . അക്ഷരം അഗ്നിയും .
----------------ബി ജി എന്‍ വര്‍ക്കല --------------