Monday, September 24, 2012

കുമാരേട്ടന്‍

സായാഹ്നകുട പിടിക്കും
അരയാല്‍ തറയിലൊരു
ബോധിസത്വന്റെ മുഖമാണ്
കുമാരേട്ടന് .

പീഡിപ്പിക്കപെടുന്ന
പെണ്‍കുട്ടികളുടെ മാനത്തിനു
കുമാരേട്ടന്‍ കുരവള്ളി പൊട്ടി
നിലവിളിക്കും

സദാചാരഭ്രംശം വന്ന
പെണ്‍വര്ഗ്ഗത്തിനെ
ഗുണ്ടര്‍ട്ട് പോലും കണ്ടിട്ടില്ലാത്ത
തെറി വിളിക്കും

അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും
മുഷ്ടി ചുരുട്ടി ആകാശത്തിന്റെ
ചങ്ക് നോക്കി പ്രഹരിക്കും
തുറിച്ച കണ്ണുകളാല്‍ .

യുവതയുടെ മൂല്യശോഷണം
അതിനെ കുറിച്ച് കേട്ടാല്‍
കുമാരേട്ടന്‍ വിറയ്ക്കാന്‍ തുടങ്ങും
കോമരം പോലെ

എല്ലാ ബഹളവും കഴിഞ്ഞു
കുമാരേട്ടന്‍ ഒരു യാത്രയുണ്ട്
വീട്ടിലേക്കുള്ള വഴി പക്ഷെ
പലപ്പോഴും ചെന്നെത്തുക
ലീലയുടെ വേലിക്കല്‍ വരെ മാത്രം .
ഒന്ന് കാര്‍ക്കിച്ചു തുപ്പി
ഇടംവലം നോക്കി
ഒന്ന് മുള്ളാനിരിക്കും .

പാല്‍ക്കാരന്‍ അണ്ണാച്ചി
പല ദിനങ്ങളിലും കണ്ടിട്ടുണ്ട്
തലയില്‍ തോര്‍ത്തിട്ട ഒരു രൂപം
ലീലാക്കന്റെ കുടിലില്‍ നിന്നും
ബീഡി പുകച്ചു പുലരിയിലേക്ക്
നടന്നു പോകുന്നത് .

പക്ഷെ വൈകുന്നേരങ്ങളില്‍
കുമാരേട്ടന്റെ രോക്ഷം
ആലിന്റെ ഇലകളെ പോലും
ഇന്നും വിറപ്പിക്കുന്നുണ്ട് ..
---------ബി ജി എന്‍

No comments:

Post a Comment