Tuesday, September 4, 2012

വെളിപാടിന്റെ മൂന്നാം തിരുവില്‍

ഇരുള് കീറി വെളിച്ചം വരയുന്ന
നേര്‍ രേഖ പോലെ പ്രഭാതം
കടല് മാറി കരയില്‍  വീശുന്ന
ഉപ്പുകാറ്റാകുന്നു ജീവിതങ്ങള്‍ .

വെളിച്ചത്തിന്റെ കടലില്‍ നിന്നും
തിമിംഗലങ്ങളും ചെറുമീനുകളും
ഇരതേടിയും ,സ്വയം ഇരയായും
ചൂണ്ടകൊളുത്തുകള്‍ തേടിയലയുന്നു.

നിസ്സംഗതയുടെ മേലാപ്പില്‍ ചത്തു -
മലക്കുന്ന മീന്‍കണ്ണുകളില്‍
ഉരുകിവീഴുന്ന സൂര്യകിരണത്തിന്‍
സൂചിമുനകള്‍ തറയ്ക്കും ഭാവം മാത്രം .

സംശയക്കണ്ണ്കളുടെ ചീനവലകളില്‍
ചെറുമീനുകള്‍ ശ്വാസം കിട്ടാതലയുമ്പോള്‍
കൌശലക്കാരായ കിനാവള്ളികള്‍
ആഴങ്ങളില്‍ ഉറക്കെ ചിരിക്കുന്നു .

ചിപ്പികളുടെ ഉള്ളറകളില്‍
മൌനം പോല്‍ മുത്തുകള്‍ കണ്ണടക്കുമ്പോള്‍
ചായം ധൂമം പടര്‍ത്തും പുറ്റിനുള്ളില്‍
ഇണചേര്‍ന്നുറങ്ങുന്നു കൂന്തലുകള്‍ .

വിരഹം നിറം പിടിപ്പിച്ച മധുരമൊഴികളാല്‍
പ്രണയസാരംഗി മീട്ടി ഡോള്‍ഫിനുകള്‍ 
ജെല്ലിഫിഷ്കളുമായി നിറസല്ലാപങ്ങളില്‍
സുരതമോഹത്തിന്‍ ജലതാളം വരയുന്നു .

വാ പിളര്ന്നടുക്കുന്ന തിമിംഗലങ്ങള്‍ തന്‍
ദ്രംക്ഷ്ടങ്ങളില്‍ നിന്നും ഒഴുകി നീങ്ങാന്‍
കടലുകളില്ലാതെ ദൈന്യം പായുന്നു
ചെറുമീനുകള്‍ തന്‍ പാരാവാരങ്ങള്‍ .

ദിശയറിയാതെ വീശിയടിക്കുന്ന കാറ്റില്‍
തിരമാലകളുടെ യാനമേറി വരുന്നുണ്ട്  
ഇരുളിന്‍ കൂടാരത്തില്‍ ഇരയുടെ മര്‍മം
ഭേദിക്കും ഉടവാളുമായ്  ഞണ്ടുകള്‍ .
------------------ബി ജി എന്‍ ----------




No comments:

Post a Comment