Thursday, September 27, 2012

നപുംസകങ്ങള്‍

നമുക്കിനി തകര്‍ത്ത് കളയാമീ -
ഇരുളിന്‍ കൂടാരം വിജനതയിങ്കല്‍ .
ഉരുകി പരക്കുമീ വെളിച്ചത്തി -
ലലിയട്ടെ മനസ്സുകള്‍ തുഷാരമായ് .

നമുക്കിനി മറക്കാമീ നോവുകള്‍
ഹൃത്തില്‍ നിന്നുതിരുമീ നിണം
നമുക്കത് തുടച്ചുനീക്കാം കണ്ണീരിനാല്‍
വടുക്കളില്ലാത്ത പളുങ്ക്മണികള്‍ പോല്‍ .

നിമിഷങ്ങള്‍ നമുക്കിടയില്‍ കൂട്ടി -
വയ്ക്കുമീ നിമിത്തങ്ങള്‍ പകുത്തെടുക്കാം
ശലഭങ്ങളുറയൂരിയ ചിറകുകളില്‍ നിന്നും
നിറങ്ങള്‍ വാരി വിതറാം നമുക്കിടയിലായ്‌ .

നേര് പറയുന്ന നിശബ്ദയാമങ്ങളില്‍
പുടവത്തുമ്പഴിയും നിമിഷാര്‍ദ്ധംവരെയും
അടക്കിപ്പിടിച്ച പേമാരിയാകാം ,ഒടുവില്‍
നമുക്കൊരിടിമിന്നലായ്‌ പെയ്തിറങ്ങാം.

മുക്കോളം  മുങ്ങി നിന്ന് നമുക്കന്യോന്യം
നഗ്നതയെ പകുത്തു വയ്ക്കാം
ഓര്‍ക്കുക , കണ്ണുകള്‍ തുറന്നു തന്നെയിരിക്കേണം
പായലിന്‍ വഴുവഴുപ്പ് കാണാതെ പോകിലോ ?

അഴുക്കുചാലുകളില്‍ പരതിയുയരുന്ന
വിരലുകള്‍ നമുക്ക് നാവിലുരസാം
ദിഗന്ധംഭേദിക്കും രവങ്ങളില്‍
ബധിരഗായകരായ് മതിമറന്നീടാം .

കണക്ക് പറഞ്ഞു നിവരും മുകുളങ്ങളില്‍
നരച്ചകാഴ്ച്ചതന്‍ ജലച്ചായങ്ങള്‍ വരച്ചിടാം

വിടര്‍ന്ന ചുണ്ടുകള്‍ക്കിടയില്‍ തിരുകിയ
വികൃത സ്വനത്താല്‍ ഹനിച്ചിടാമിനി .

മുറിച്ച താളുകള്‍ പറന്നുപോകുന്ന
നനഞ്ഞ താഴ്വരകള്‍ കനവുകാണാമിനി .
വിരിഞ്ഞ പൂക്കള്‍ തന്‍ സ്നിഗ്ദ്ധസൌന്ദര്യം
വിലയും ലോകത്തില്‍ രമിച്ചിടാം .

ഉറക്കെ ലോകത്തിന്‍ ചെകിട് നോക്കി -
യീ ഉരുക്ക് മുഷ്ടികള്‍ ഉയര്‍ത്തീടാം
നമുക്ക് നാമേ പണിവതു നാകം
നരകവുമതുപോലെന്നു ഉറക്കെമൊഴിഞ്ഞിടാം.
പിന്നെ ഇരുട്ടുമുറിയിലെ ഇരുമ്പുകട്ടിലില്‍
പുതച്ചുമൂടി രമിച്ചുറങ്ങാം നിശബ്ദമായ്‌ നമുക്ക്.
==================ബി ജി എന്‍  

Tuesday, September 25, 2012

ലക്ഷ്മിയേടത്തിയുടെ ഇഷ്ടങ്ങള്‍

ലക്ഷ്മിയേടത്തിക്ക് വല്യ ഇഷ്ടമാ
രാഘവേട്ടനെ.
ഒരു സഞ്ചാരി എന്നതാകാം,
അതോ യാത്രയുടെ സൗകുമാര്യം ?
അതാണ്‌ ഭ്രമം എന്ന് സമ്മതിക്കില്ല പക്ഷെ!

യാത്രക്ക് കൂടെകൊണ്ട് പോകുന്നത്
തൊണ്ടിപഴങ്ങള്‍ കൂടോടയാണ് .
വെണ്‍ശംഖുകള്‍ ആഴിയില്‍ നിന്നും
മുങ്ങിയെടുത്ത് താലോലിക്കുന്നതു,

സഹ്യസാനുവിന്റെ ഉത്തുംഗശൃംഗത്തില്‍
അപൂര്‍വ്വമായ് വിളയുന്ന രുദ്രാക്ഷമണികള്‍
മണിക്കൂറുകള്‍ ചിലവിട്ടു ഏകമുഖമാണോ -
യെന്നു തിട്ടപെടുത്തുന്ന വിരുതും ,

ഭൂമിതന്‍ ആഴങ്ങളിലേക്ക്
ഊളിയിട്ടിറങ്ങുന്ന ഗര്‍ത്തങ്ങളില്‍
കാന്തികവലയം തീര്‍ക്കുന്ന ദിശാ
മാറ്റം പഠിക്കുന്നതും മറക്കാനാവില്ല
ലക്ഷ്മിയേടത്തിക്കൊരിക്കലും .

ഘോരവനങ്ങളില്‍ , പുല്തകിടികളില്‍
ചോലവനങ്ങളില്‍ മുങ്ങിയും പൊങ്ങിയും
തിമിര്‍ക്കുന്ന രാഘവേട്ടന്റെ മുഖം
ആ കണ്ണുകളിലെ നക്ഷത്രങ്ങള്‍
കൗതുകമാണ് ലക്ഷ്മിയേടത്തിക്ക്
അത് ഒപ്പിയെടുക്കാന്‍ മിഴികളാല്‍ .

യാത്ര ചെയ്തു തളര്‍ന്നു വരുന്ന
രാഘവേട്ടന്റെ വിയര്‍ത്ത മാറിലെ
ലവണരസം ചുണ്ടാലൊപ്പിയെടുത്തു
തനെത്ര ഭാഗ്യവതിയാണെന്നു
ലക്ഷ്മിയേടത്തി ഓര്‍ക്കാറുണ്ട് .
-------------ബി ജി എന്‍

Monday, September 24, 2012

കുമാരേട്ടന്‍

സായാഹ്നകുട പിടിക്കും
അരയാല്‍ തറയിലൊരു
ബോധിസത്വന്റെ മുഖമാണ്
കുമാരേട്ടന് .

പീഡിപ്പിക്കപെടുന്ന
പെണ്‍കുട്ടികളുടെ മാനത്തിനു
കുമാരേട്ടന്‍ കുരവള്ളി പൊട്ടി
നിലവിളിക്കും

സദാചാരഭ്രംശം വന്ന
പെണ്‍വര്ഗ്ഗത്തിനെ
ഗുണ്ടര്‍ട്ട് പോലും കണ്ടിട്ടില്ലാത്ത
തെറി വിളിക്കും

അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും
മുഷ്ടി ചുരുട്ടി ആകാശത്തിന്റെ
ചങ്ക് നോക്കി പ്രഹരിക്കും
തുറിച്ച കണ്ണുകളാല്‍ .

യുവതയുടെ മൂല്യശോഷണം
അതിനെ കുറിച്ച് കേട്ടാല്‍
കുമാരേട്ടന്‍ വിറയ്ക്കാന്‍ തുടങ്ങും
കോമരം പോലെ

എല്ലാ ബഹളവും കഴിഞ്ഞു
കുമാരേട്ടന്‍ ഒരു യാത്രയുണ്ട്
വീട്ടിലേക്കുള്ള വഴി പക്ഷെ
പലപ്പോഴും ചെന്നെത്തുക
ലീലയുടെ വേലിക്കല്‍ വരെ മാത്രം .
ഒന്ന് കാര്‍ക്കിച്ചു തുപ്പി
ഇടംവലം നോക്കി
ഒന്ന് മുള്ളാനിരിക്കും .

പാല്‍ക്കാരന്‍ അണ്ണാച്ചി
പല ദിനങ്ങളിലും കണ്ടിട്ടുണ്ട്
തലയില്‍ തോര്‍ത്തിട്ട ഒരു രൂപം
ലീലാക്കന്റെ കുടിലില്‍ നിന്നും
ബീഡി പുകച്ചു പുലരിയിലേക്ക്
നടന്നു പോകുന്നത് .

പക്ഷെ വൈകുന്നേരങ്ങളില്‍
കുമാരേട്ടന്റെ രോക്ഷം
ആലിന്റെ ഇലകളെ പോലും
ഇന്നും വിറപ്പിക്കുന്നുണ്ട് ..
---------ബി ജി എന്‍

Wednesday, September 19, 2012

ലജജ

മരം മഞ്ഞു പെയ്യുന്ന ശിശിര കാല
രാവുകള്‍ അസ്തമിച്ചിരിക്കുന്നു .
വിരഹിണിയുടെ കണ്ണീര്‍ കവിളുകള്‍
ഉണങ്ങി വരണ്ട നെല്‍വയലുകള്‍
പോല്‍ വിണ്ടു കീറിയിരിക്കുന്നു .

മധുനിറച്ച ചുവന്ന അധരങ്ങളെ
ശുഷ്ക്കിച്ച ജൈവധാതുക്കള്‍ നരപിടിപ്പിച്ചിരിക്കുന്നു .
ആഗോളസംസ്കാര കമ്പോളം വെളുത്ത പൂവുടലില്‍
ഇരുണ്ട ചായാപടങ്ങള്‍ തീര്‍ത്തിരിക്കുന്നു .

ഇനി അധിനിവേശം ചെയ്യാന്‍
ഇഞ്ചുകള്‍ മറ പിടിച്ച
സ്നിഗ്ധത മാത്രം ബാക്കിയാകുന്നു ,
കാലത്തിനെ കുരങ്ങു കളിപ്പിക്കും പച്ചച്ചിരിയുമായ് .

ജീവിതം എന്നാല്‍ ഭോഗിച്ചു മരിക്കുക
എന്നതാണ് പുതിയ സുവിശേഷം ...!
ഇലകള്‍ പോലും മറ നല്‍കാത്ത
മരുഭൂമികളില്‍ വരണ്ട രതിയിലാണ്,
പുതുയുഗത്തിന്റെ പനിനീര്‍പൂവുകള്‍ .

നിമിഷങ്ങളുടെ കണക്കു പറഞ്ഞു
ചാപിള്ളകള്‍ ചവറ്റുകുട്ടയില്‍ പുഴുവരിക്കുമ്പോള്‍ ,
ശീതീകരണയന്ത്രത്തിന്‍ മുരള്‍ച്ചയില്‍,
പുരോഗമനത്തിന്റെ കണക്കുകള്‍ നിരത്തി
വെളുത്ത പിശാചുകള്‍ കറുത്ത കോട്ടിന്റെ
കുടുക്കുകളില്‍ വിരലോടിച്ചു ചിരിക്കുന്നു .

ചക്ഷകങ്ങളില്‍ നുരയുന്ന പാനീയങ്ങളുമായ്
കലാലയ കൌമാരം വെളുത്ത വിരിയിട്ട ,
ശയ്യകളെ ചുവന്ന തിട്ടൂരമണിയിക്കുന്നു .
പൊങ്ങച്ചസഞ്ചികളില്‍ ഐപില്ലിന്റെ
സ്റ്റോക്കുറപ്പു വരുത്തി ഷോപ്പിംഗ്‌ മാളിന്റെ
എസ്കലെറ്ററില്‍ ഹയ്ഹീലുകള്‍ താളം ചവിട്ടുന്നു .

ഇരുളില്‍  തലച്ചോര്‍ പുകച്ചുറങ്ങും
പിതാവിന്‍ നിദ്രയുറപ്പു വരുത്തി ,
അയലത്തെ സ്നാനഗ്രിഹത്തന്റെ സ്വകാര്യത
പാംടോപ്പിലാസ്വദിക്കുന്ന കൌമാരം ,
അങ്ങേമുറിയില്‍ ഉറക്കത്തിന്നഗാധതയില്‍
മുങ്ങി താഴും കൂടപ്പിറപ്പിന്നടിവസ്ത്രത്തിന്‍ ഗന്ധം പരതുന്നു .

ക്ലബ്ബിലെ ഇരുണ്ട വെളിച്ചത്തില്‍
കാമുകന്റെ ബലിഷ്ട കരങ്ങള്തന്‍ ഓര്‍മ്മചൂടില്‍
ശയ്യയില്‍  നിതംബമമര്‍ത്തി
ഉറങ്ങാനാകാതെ മച്ചുനോക്കികരയും
സതിലീലവതിമാര്‍ മൂലം രാത്രിഞ്ചരന്മാര്‍
നിരാശരായ് പിന്തിരിഞ്ഞു നടക്കുന്നു .


ജരാനരകള്‍ ബാധിച്ച സമൂഹത്തിന്റെ മാറിലേക്ക്‌
എബോള പോലെ കിനിഞ്ഞിറങ്ങുന്ന രാക്കിളികളില്‍
ലിംഗഭേദം നക്ഷ്ടമായിരിക്കുന്നു.

ഇരുട്ടില്‍ തെരുവോരങ്ങള്‍ പുരുഷശീല്ക്കാരങ്ങളില്‍
ലജ്ജിച്ചു തല കുനിക്കുമ്പോള്‍ കേട്ടുമറന്ന
പെണ്‍കിളി തന്‍ മുദ്രാവാക്യം കല്‍ചുവരില്‍
പല്ലിളിച്ച് കാണിക്കുന്നു .
ഭയമില്ലാതെ തെരുവില്‍ യാത്ര ചെയ്യാന്‍
നമുക്കുംസ്വാതന്ത്ര്യം വേണം .

---------ബി ജി എന്‍



Saturday, September 15, 2012

അപ്പോസ്തലന്റെ പതനം

അത്യുന്നതങ്ങളില്‍ പൊട്ടിമുളയ്ക്കുന്ന
ആകാശവാണികളില്‍ മയങ്ങും
പുത്തനാകാശത്തിലെ കൊച്ചുറുമ്പിന്‍
കാറ്റു വീഴ്ചപോലെ ആയിരുന്നു
നാലുകാലില്‍ പറന്നിറങ്ങിയ
മഹാകവിയുടെ പതനം .!
ചുറ്റും കാറ്റില്‍ പറന്നു ചിതറുന്ന
കരിയിലകളെ ശത്രുവാക്കി
ഖഡ്ഗമുയര്‍ത്തി വീശിത്തിരിഞ്ഞപ്പോള്‍
അറ്റുവീണത് പെരുവിരലാണെന്നറിഞ്ഞില്ല .
കാറ്റ് വീശിക്കൊണ്ടേയിരുന്നു പിന്നെയും
കരിയിലകളും തിരയിളക്കവുമായ്  .
പുതുമണ്ണില്‍ പിടഞ്ഞു കൊണ്ടേ ഇരുന്നു
ഒരിറ്റു ചോരയില്‍ പൊതിഞ്ഞ
പെരുവിരല്‍ അനാഥമായ് .
-----------ബി ജി എന്‍

 

Thursday, September 13, 2012

സൌന്ദര്യ പിണക്കങ്ങള്‍

ശാരികേ
എനിക്ക് അറിയാം
നീ പിണങ്ങിപോകുകയാണെന്ന് .
എനിക്ക് ഇതുമറിയാം
നീ എവിടെ വരെ പോകുമെന്ന്
അതിനാല്‍ ഞാന്‍ നിന്നെ തടയുകയില്ല .

പടിവാതിലോളം പോകും നിന്‍
മിഴികള്‍ തൂവുന്നതും
കപോലങ്ങള്‍ വാടുന്നതും
മനക്കണ്ണാല്‍ ഞാന്‍ കാണുന്നു.

ഇപ്പോള്‍ നീ നില്‍ക്കും
തിരിഞ്ഞോടി വരുന്ന നിന്റെ കണ്ണുകളില്‍
പരിഭവത്തിന്റെ രേണുക്കള്‍ ഉണ്ടാകും
ചുണ്ടില്‍ സങ്കടത്തിന്റെ പിറ് പിറുക്കലുകളും .

കിതപ്പോടെന്മുന്നില്‍ നില്‍ക്കും നിന്‍
മിഴിയില്‍ നിലാവെനിക്കു കാണാം 
നിന്റെ നീളന്‍ നഖമുനകള്‍ എന്റെ
കൈത്തണ്ടയില്‍ ചന്ദ്രക്കലയാകുമിപ്പോ
നിന്റെ കീരിപ്പല്ലുകള്‍ എന്റെ തോളില്‍
ത്വക്കിനെഭേദിച്ചിട്ടുണ്ടാകുമിപ്പോള്‍ .

ഇനി വേലിയിറക്കമാണ്
എന്റെ നെഞ്ചില്‍ മുഖമമര്‍ത്തി തേങ്ങും നീ
നിന്നെ എന്റെ കയ്യുകള്‍ മെല്ല മുറുക്കെ പുണരും .
പിന്നെ വേലിയെറ്റമാണ്  .
തിരകള്‍ തീരത്ത്‌ വന്നാഞ്ഞലച്ചു വീഴും
പിന്നെ വലിച്ചെടുത്തു അഗാധതയിലേക്ക്‌ ....
-------------------ബി ജി എന്‍

 

മാതൃ വിലാപം

പ്രിയ സഹൃദയരെ  എഴുത്തിന്റെ ലോകത്തില്‍ വിഷയങ്ങള്‍ക്കുള്ള പഞ്ഞം  ഉണ്ടായിട്ട്ടില്ല ഒരു എഴുത്തുകാരന് ഒരിക്കലും . വിഷയങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ എന്നും  ചിന്തിപ്പിച്ചിട്ടുള്ളത് എന്ത് , എങ്ങനെ പറയും എന്നല്ല ആരോട് പറയും എന്നതാണ് . എമാര്‍ജിംഗ് കേരള വിവാദം സര്‍ഗ്ഗ ശേഷി ഉള്ളവരെയും ഇല്ലാത്തവരെയും ഒരുപോലെ എഴുത്താണി എടുക്കാന്‍  പ്രേരിപ്പിച്ചതും ഇതൊക്കെ  കൊണ്ട് തന്നെ ആകാം . ഞാന്‍ വികസന വിരോധി അല്ല , സാമ്പത്തികമോ രാക്ഷ്ട്രീയമോ ആയ ഒരു വികാരവും എന്നെ ഭരിക്കുന്നുമില്ല . സാധാരണക്കാരന്റെ മനസ്സുമായ് അവരിലൊരാള്‍ ആയി നിന്ന് ഞാന്‍ എന്റെ ആകുലത പങ്കു വയ്ക്കാട്ടെ  ഇവിടെ എന്റേതായ രീതിയില്‍ . സദയം സ്വീകരിക്കുക വിമര്‍ശനത്തിന്റെ മുള്ളുകള്‍ കൊണ്ടെന്റെ കിരീടം ചമയ്ക്കുക .


മക്കളെ
നിര്‍വൃതിയുടെ നിറവില്‍
എനിക്കുള്ളതെല്ലാം പകുത്തു തന്നെ-
ന്നെഞ്ഞാന്‍ സമര്‍പ്പിച്ചതും
ഉപാധികളില്ലാതെ എന്നെ
സ്നേഹിക്കാന്‍ പഠിപ്പിച്ചതും
നിങ്ങളെന്നില്‍ നിന്നും ഉരുവായതിനാല്‍ .

ചുവന്ന പരവതാനി വിരിച്ചു
ആദിത്യമരുളുന്ന
നിങ്ങളുടെ മനസ്സിനെ ഞാന്‍
സന്തോഷപൂര്‍വ്വം നമിക്കുന്നു .

അതിഥികളെ ഉള്ളറിഞ്ഞ് സ്വീകരിക്കുമ്പോള്‍
എന്റെ പഴമനം ചോദിക്കുന്നു ചിലത് .
നിങ്ങളുടെ മനമറിയാനീ യമ്മക്ക്
കൊതിയായി മക്കളെ .

നിങ്ങളെനിക്കൊരു ഉറപ്പു തരണം
വൃദ്ധയാമെന്നെ പകുത്തു കൊടുക്കില്ലന്നു
ശുഷ്ക്കിച്ച എന്റെ മുലകളെ
കരുണയില്ലാതെ കുടിച്ചുവറ്റിക്കരുതെന്നു
ബലമില്ലാത്ത എന്റെ ദേഹത്തില്‍
ആഗോളബലവാന്മാര്‍
മെയ്ക്കരുത്തു കാട്ടില്ലെന്നു
നാളെ നിങ്ങളുടെ മക്കള്‍ക്ക്‌
ഞാന്‍ ഒരു പഴംകഥയാകില്ലെന്നു .

ഹരിത കഞ്ചുകം നീക്കി
ഞാന്‍ നിങ്ങള്ക്ക് നല്‍കിയ
മുലപ്പാലില്‍ വിഷം
കലര്ത്തില്ലെന്നു
എന്റെ ഉടയാടകള്‍
ചീന്തിയെരിഞ്ഞെന്നെ
അവഹെളിക്കില്ലെന്നു
എന്റെ മുലകള്‍ ചെത്തിനീക്കി
വിരൂപയാക്കില്ലെന്നു .

ഈ അമ്മയ്ക്ക് പകരം
ചോദിയ്ക്കാന്‍
നിങ്ങളെ യുള്ളൂ
നിങ്ങള്‍ മാത്രം .
എന്റെ കണ്ണീരില്‍ നിങ്ങള്‍
കാണുന്നത്
ആനന്ദമാണെങ്കില്‍
എന്റെ നഗ്നത നിങ്ങള്ക്ക്
നല്‍കുന്നത്  സമൃദ്ധിയാണെങ്കില്‍
നാളെ നിങ്ങള്ക്ക് പിറകെ വരുന്നവര്‍
നിങ്ങളെ ജീവനോടെ ചുട്ടെരിക്കാതിരിക്കാന്‍
ഇന്നുനിങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കൂ
നിങ്ങള്ക്ക് വേണ്ടി
ഈ അമ്മക്ക് വേണ്ടി .
 ---------ബി ജി എന്‍ 



Tuesday, September 11, 2012

ഒരു ചതിയുടെ ബാക്കിപത്രം .......................മിനിക്കഥ

ലങ്കയില്‍ നിന്നും കേരളത്തിന്റെ  വനഭൂമിയിലേക്ക് തിരിക്കുമ്പോള്‍  ശൂര്‍പ്പണഖയുടെ ഉള്ളില്‍  ആകാംഷ ആയിരുന്നു . ചേട്ടന്‍ രാവണന്റെ വര്‍ണ്ണന മനസ്സില്‍ നിന്നും മായാതെ ഒരു ലഹരി ആയപ്പോള്‍ ഇറങ്ങി  പുറപ്പെട്ടു ചേട്ടന്റെ മൗനാനുവാദത്തോടെ. വാഴപ്പിണ്ടി കൂട്ടികെട്ടിയ  ചങ്ങാടത്തില്‍ കടലിന്റെ സംഗീതം കേട്ട് ഒരു ഉല്ലാസ യാത്ര . ഒടുവില്‍ ഇവിടെ എത്തിയപ്പോള്‍ ചേട്ടന്‍ പറഞ്ഞതില്‍ നിന്നും ഉപരിയായ് സൗന്ദര്യത്തിന്റെ മരതകപച്ചയില്‍ ലങ്കയെ പോലും നിഷ് പ്രഭമാക്കുന്ന ഭൂമി കണ്ടു അവള്‍ക്കു ഒന്ന് തുള്ളിച്ചാടണം  എന്ന്  തോന്നിപ്പോയി .
കാട്ടുമൃഗങ്ങള്‍  അധികം ഇല്ലാത്ത ശാന്തമായ തീരം . ശാന്തരും സൗമ്യരും ആയ ജനങ്ങള്‍.... എല്ലാം കൊണ്ടും  ഒരു  മായികലോകം .!
ഭീതികള്‍ ഇല്ലാതെ അവള്‍ ആ വനഭൂമിയില്‍ ഫലമൂലാദികള്‍  ഭക്ഷിച്ചും കാട്ടുചോലകളില്‍ നീന്തിത്തുടിച്ചും ദിവസങ്ങള്‍ തള്ളി നീക്കി .അവള്‍ അറിയാതെ വിധി അവള്‍ക്കായ് ഒരുക്കി വച്ചിരുന്ന ഒരു വലിയ ദുരന്തം അവളെ തേടി വരും വരെ .
വനവാസത്തിന്റെ അലച്ചിലില്‍ കാട്ടുചോലകളും പച്ചമരക്കാടുകളും നിറഞ്ഞ ആ വനത്തില്‍ രാമനും സീതയും ലക്ഷ്മണനും എത്തിച്ചേര്‍ന്നതും ഇതേ കാലത്ത് തന്നെ ആയിരുന്നു .
ഒരു നാള്‍ രാമനും സീതയും പ്രണയകേളികളില്‍ മുഴുകിയ വാസന്തയാമത്തില്‍ ഊര്‍മ്മിള ഉണര്‍ത്തിയ ചിന്തകളും ആയി ലക്ഷ്മണന്‍ അകലെ കളകളം  ഒഴുകുന്ന കാട്ടുചോലയുടെ തീരം നോക്കി നടന്നു .
നിലാവും പുഷ്പങ്ങളുടെ ഉന്മാദഗന്ധവും ലക്ഷ്മണനെ വല്ലാതെ ഒരു മായിക പ്രപഞ്ചത്തില്‍ എത്തിച്ചു . നിലാവില്‍ കുളിച്ചു നിന്ന കാട്ടുപൊയ്കയില്‍ നീന്തി തുടിക്കുന്ന വനകന്യകയെ കണ്ടപ്പോള്‍ ലക്ഷ്മണന്റെ പാദങ്ങള്‍ നിലച്ചു . നിലാവില്‍ ഇരുളിന്‍ കട്ടപിടിച്ച നിഴല്‍ പോലെ ഒരു സുന്ദരി . ഉടവ് തട്ടാത്ത അവളുടെ മാറിടങ്ങള്‍ കണ്ടു ലക്ഷ്മണന്റെ മനസ്സില്‍ നീലകടമ്പു പൂത്തുലഞ്ഞു. വെള്ളിമുത്തുകള്‍ പോലെ വെള്ളത്തുള്ളികള്‍ നിലാവില്‍ തട്ടി തിളങ്ങുന്ന അവളുടെ കറുത്ത മുലക്കണ്ണുകള്‍  അയാളുടെ മുന്നില്‍ ഒരു യുദ്ധത്തിനു സജ്ജമായ് തിളങ്ങി നില്‍ക്കുന്നത് കണ്ട ലക്ഷ്മണന്‍ സകല നിയന്ത്രണങ്ങളും തെറ്റി മുന്നോട്ടു പാഞ്ഞു .
പൊയ്കയില്‍ എടുത്തു ചാടിയ ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ മുലകളെ ഒരു ദയയുമില്ലാതെ പിടിച്ചു ഞെരിച്ചു. ഒരു നിമിഷം "പടെ "എന്നൊരു ശബ്ദം കേട്ട് പൊയ്കയുടെ കരയിലെ കടമ്പ് മരത്തിലെ കിളികള്‍ ഉറക്കെ കരഞ്ഞുകൊണ്ട്‌ പറന്നകന്നു. അല്പനേരത്തെ മരവിപ്പിന് ശേഷം കണ്ണ് തുടച്ചു നോക്കിയ ലക്ഷ്മണന്‍ കണ്ടത് ആ പെണ്ണ് കരയില്‍ തന്നെ തന്നെ നോക്കി ക്രൂദ്ധയായ് നില്‍ക്കുന്നതാണ് .
മരവിച്ച കവിളില്‍ അമര്‍ത്തിതടവിക്കൊണ്ട് വന്യമായ വൈരത്തോടെ ലക്ഷ്മണന്‍ കരയിലേക്ക് കയറി .അന്തപ്പുരത്തിലെ പൂവുടലുകളെ ഇഷ്ടംപോലെ തട്ടിക്കളിച്ചിരുന്ന രാജകുമാരന്റെ അഭിമാനം ആണ് ഒരു കാട്ടുപെണ്ണ്‍ തകര്‍ത്തെറിഞ്ഞത് . തന്റെ ഇഷ്ടം ഏതുവിധേനയും പൂര്‍ത്തിയാക്കാന്‍ മുന്നോട്ടു ആഞ്ഞ ലക്ഷ്മണന് കാടിന്റെ ശക്തി മനസ്സിലാക്കി കൊടുത്തു ശൂര്‍പ്പണഖ .
നിരാശയും അപമാനവും ഒരുപോലെ പതഞ്ഞപ്പോള്‍ ലക്ഷ്മണന്‍ അരയില്‍കിടന്ന ഉടവാള്‍ വലിച്ചൂരി ആ പാവം പെണ്ണിന്റെ മുലകള്‍  അരിഞ്ഞിട്ടു .എന്നിട്ടും കലി അടങ്ങാതെ അവളുടെ ഒറ്റക്കല്‍ തിളങ്ങുന്ന മൂക്കും ഛെദിച്ചു  ആ വനത്തില്‍ അവളെ നിര്‍ദ്ദയം ഉപേക്ഷിച്ചു ലക്ഷ്മണന്‍ തിരിഞ്ഞു നടന്നു .
രാജകുമാരന്റെ അഭിമാനം സംരക്ഷിക്കാന്‍ മാമുനിമാര്‍ പറഞ്ഞു പരത്തിയത് വനവാസിയായ ആ ദുര്‍ന്നടത്തക്കാരിയുടെ അപഥസഞ്ചാരണത്തിനു കടിഞ്ഞാണിട്ട പുരുഷോത്തമന്റെയും അനുജന്റെയും വീരഗാഥ .
തികഞ്ഞ അഭിമാനിയായ രാവണന്‍ എന്ന സഹോദരന്‍ പകരത്തിനു പകരമായ് സീതയെ കടത്തികൊണ്ടു വന്നിട്ടും ആ പെണ്ണിനെ ഒന്ന് തൊട്ടു പോലും ആശുദ്ധയാക്കാഞ്ഞത് കാടിന്റെ മക്കളുടെ നീതി . പക്ഷെ പാണന്മാര്‍ പാടി നടന്നതോ അവന്റെ അപദാനങ്ങള്‍ നേരെ തിരിച്ചും.
അവിടെ പുതിയ ഒരു ഇതിഹാസം വിടരുക ആയിരുന്നു . വെളുത്തവന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ പതറാതെ നിന്ന കീഴാളന്റെ പതനത്തിനെ വരേണ്യവര്‍ഗ്ഗത്തിന്റെ ചരിത്രതാളുകളില്‍ ഒരു ദളിതന്റെ മുഖം മൂടി അണിഞ്ഞു കുറിച്ചിട്ട പുണ്യപുരാണം . തെറ്റുചെയ്ത്തവന്‍  പുണ്യവാളന്‍ ആയ ഇതിഹാസം അവിടെ പിറന്നു .. .ചരിത്രം എന്നും കളവിന്റെ കലവറ ആകുന്നതിങ്ങനെ ആകാം.
----------------------------------------------------------------------------- ബി ജി എന്‍ 

Monday, September 10, 2012

മുറിപ്പാടുകള്‍

വരികള്‍ മുറിച്ച്ചുവച്ചെഴുതുവാനായൊരു
കവിതയില്ലിന്നെന്റെ മുന്നില്‍.
കടല് പോല്‍ ഒഴുകി പരക്കുന്ന വാക്കുകള്‍
തിരയില്ലാ തീരങ്ങള്‍ തിരയുന്നു

മൌനമെന്‍ വീണയില്‍ ശ്രുതി പകരുവാനായ്
മൈനയും വന്നണഞ്ഞീല
ഹൃദയം നിറയുന്ന ഭാരത്താല്‍ കുനിയുമീ
മുഖമിത് വാടിത്തളര്‍ന്നോ ?

ഒരു നിലാപുഷ്പമായ് എന്നിലലിയുന്നോരീ
കവിതതന്‍ അലങ്കാര ശോഭയില്‍
കരതലം വിറകൊള്‍വ്വൂ നാരായം
കൊണ്ടെന്‍ വിരല്മുന ചോരതുപ്പുന്നു

മിഴികളില്‍ നിറയുന്ന പൂക്കളില്‍ നിന്ന്ഞാന്‍
മധുവത് മുകരുന്ന നേരം
ഒരു ചെറുകാറ്റായ് തഴുകിയകലുന്നിത
മണിമുഘില്‍ വാനില്‍നിന്നെങ്ങോ

ഉതിരുന്നു  പവിഴമല്ലികള്‍ നിന്നുടെ
മിഴികളില്‍ നിന്നും ചെമ്മേ
അലകടല്‍ പോലെന്റെ മനമുരുകുന്നു
തിരമാല പോല്‍ നിന്നില്‍ അലിയുന്നു

വെറുതെ എന്‍ സ്വപ്നത്തിന്‍ മഞ്ചലില്‍
വന്നൊരു കുറിമാനം തന്നിടുന്നു
അത് കണ്ടു കരളില്‍ പടരുന്ന നോവില്‍ നിന്‍
മിഴികള്‍ വിടര്‍ന്നുല്ലസിക്കുന്നു

ഇടറുന്ന പാദങ്ങള്‍ അകലുന്നു സന്ധ്യയില്‍
പകലിന്‍ രഥച്ചക്ര നിഴല്‍ തേടിയകലെ
അവിടേക്ക് നോക്കുന്ന ഇരുളിന്റെ
കണ്ണുകള്‍ ഭയമോടെ നീറിയടയുന്നു.
-------------------------ബി ജി എന്‍


Sunday, September 9, 2012

നമ്മള്‍ പ്രണയിക്കുക ആണ്

നിശാശലഭങ്ങള്‍
കൂട് കൂട്ടും നീലരാവില്‍
മിഴികളില്‍നിലാവ് പെയ്യുമ്പോള്‍
നിന്‍  മടിത്തട്ടില്‍  കിടന്നു
ഞാന്‍ കണ്ട താരകങ്ങള്‍ തന്‍ തിളക്കം.
അവയ്ക്കൊപ്പം വരില്ല
ഒരു പ്രലോഭനവും വേറെ .

കിനാവുകളില്‍ നീയോരിക്കലും
വിരുന്നുവന്നിരുന്നില്ലതിനാല്‍ 
മിഴികള്‍ പൂട്ടാതിരിക്കാം ഞാന്‍ .
എനിക്ക് കാണണം
നീ എന്നെ സ്നേഹിക്കുന്നത്
മിഴികളാല്‍, മൊഴികളാല്‍,ചുണ്ടുകളാല്‍ .

പാതിരാമയക്കങ്ങളില്‍ ,
രതിപുഷ്പങ്ങള്‍ വിരിഞ്ഞു
സുഗന്ധം പരത്തുന്നതും
പ്രലോഭനത്തിന്റെ പൂക്കള്‍
ഇടവഴികളില്‍ അശ്ലീലത്തിന്റെ
ചിരി വിടര്‍ത്തുന്നതും
കണ്‍നിറയെ  കണ്ടിട്ടുണ്ടെങ്കിലും
നിന്റെ കണ്ണില്‍ വിരിയും നിലാവിന്റെ,
ചുണ്ടില്‍ വിരിയുന്ന മധുവിന്റെ,
നീ തരും സന്തോഷത്തിന്റെ,
ഓരങ്ങളില്‍ പോലുമവ-
യെത്തിനോക്കിയിട്ടില്ല .

നിന്നെ ഞാന്‍ സ്നേഹിച്ചതിലുമപ്പുറം
നമ്മെ നാം സ്നേഹിച്ചു എന്നതാണ് ശരി .
പോളണ്ടിനെയും  , രോഹന്ക്യയെയും
സിറിയയയൂം , ചെച്ച്നിയയും കുറിച്ച്
നീ വാതോരാതെ പറയുമ്പോള്‍,

ഇടയ്ക്കു കുസ്രിതി കാണിക്കാന്‍ നോക്കുന്ന
എന്റെ വിരലുകളെ ഞെരിക്കുമ്പോള്‍
നിന്റെ കണ്ണിലെ കുസ്രിതി കാണാന്‍
എനിക്കേന്തിഷ്ടമാണെന്നോ.
------------------ബി ജി എന്‍ 

Friday, September 7, 2012

വിട തരു സഖി നീ ................കുഞ്ഞു കഥ


ജീവിതത്തിന്റെ ഏതോ തിരുവില്‍ വച്ചാണ് നാം തമ്മില്‍ പരിചയം ആയത്?
ഒരു ഹായ്‌  യില്‍  തുടങ്ങി ഒരു നാളും ഒടുങ്ങാത്ത പ്രണയത്തിന്റെ ഭാഷ നമുക്കിടയില്‍ വളര്‍ന്നത്‌ വളരെ പെട്ടെന്നാണ് .
സന്ദേശങ്ങളും , ഫോണ്‍ വിളികളും പിന്നെ പ്രണയം വഴിയുന്ന പോസ്റ്റുകളും ആയി നമ്മള്‍ പരസ്പരം അടുക്കുക ആയിരുന്നു ഒരുപാട് .
തമ്മില്‍ ഒരിക്കലും നേരില്‍ കാണരുതെന്ന് നാം ഒരുപോലെ ആഗ്രഹിച്ചിരുന്നു . അത് പക്ഷെ നമുക്ക് നമ്മോടുള്ള സ്നേഹമോ , നമ്മുടെ പ്രിയരോടുള്ള കടപ്പാടോ ആകാം .
എന്നിട്ടും ദീര്‍ഘനാളത്തെ നമ്മുടെ വാക്കുകളും വരികളും കുസ്രിതികളും , സ്വപ്നങ്ങളും നമ്മെ ഒരു സമാഗമത്തിനു പ്രേരിപ്പിച്ച്കൊണ്ടേ ഇരുന്നു നാം അറിയാതെ .
തമ്മില്‍ കാണുമ്പോള്‍ ഉള്ള നിമിഷങ്ങള്‍ പോലും നമ്മള്‍ പരസ്പരം പങ്കു വച്ചിരുന്നു, അത് പാടില്ല എന്ന് പറയുമ്പോഴും .
തിരയുടെ കയ്കളില്‍ കാലവും നമ്മുടെ പ്രണയവും ഒരുപോലെ ആടിയുലഞ്ഞു . ഒരുനാള്‍ അപ്രതീക്ഷിതമായ്‌ നാം കണ്ടു മുട്ടി . നമ്മള്‍ കാണുമ്പോള്‍ നിന്റെ മിഴികളില്‍ നിറഞ്ഞു നിന്നത് കൌതുകത്തിന്റെ നക്ഷത്രങ്ങള്‍ ആയിരുന്നു.എന്റെ നീട്ടിയ കയ്കളില്‍ നീ നിന്റെ കരം വച്ച് തരുമ്പോള്‍ നമ്മുടെ രണ്ടുപേരുടെയും ശരീരങ്ങള്‍ വിറയ്ക്കുന്നുണ്ടായിരുന്നു എന്ന് നാം പരസ്പരം തിരിച്ചറിഞ്ഞു .ദീര്‍ഘ നേരം നീണ്ടു നിന്ന ഒരു ചുംബനത്തില്‍ നമ്മള്‍ പരസ്പരം അലിഞ്ഞു ചേരുമ്പോ കുസൃതി ആയ എന്റെ കണ്ണുകള്‍ നിന്റെ മുഖം കാണുക ആയിരുന്നു അര്‍ദ്ധനീലിമ മിഴികള്‍ എന്തെന്ന് ഞാന്‍ ആദ്യം കാണുക ആയിരുന്നു നിന്നിലൂടെ .
നമ്മള്‍ പരസ്പരം മുഖത്തോട് മുഖം നോക്കി ഒരുപാട നേരം നിന്ന് . ഒടുവില്‍ നീ തന്നെ എന്നെ സല്ക്കരിച്ച്. നിന്റെ കൊച്ചു കൊച്ചു കൌതുക വസ്തുക്കള്‍ നീ എന്റെ മുന്നില്‍ നിരത്തി വച്ച്. നിന്റെ സ്വപ്‌നങ്ങള്‍ നീ എന്നോട് പറഞ്ഞുതന്നിരുന്നു . പക്ഷെ എന്തോ ഒന്ന് നമുക്കിടയില്‍ കുടുങ്ങി നിന്ന് .
എല്ലാ കാഴ്ചകള്‍ക്കും ഒടുവില്‍ നീ നിന്റെ ഗന്ധം പേറുന്ന നിന്റെ ശയ്യമുറി  എന്നെ കാണിച്ചു . നാണത്താല്‍ കൂമ്പിയ നിന്റെ മിഴികളില്‍, കവിളില്‍ ഞാന്‍ വീണ്ടും വീണ്ടും ഉമ്മ വച്ചു ആ നിശബ്ദതയില്‍ . എന്നെ വരിഞ്ഞു മുറുക്കിയ നിന്റെ കൈകള്‍ എന്നോടെന്തോ പറയും പോലെ എനിക്ക് തോന്നി . ഒരു പ്രാവിനെ പോലെ കുറുകി കൊണ്ട് നീ എന്റെ നെഞ്ചിലേക്ക് തല ചയ്ച്ചപ്പോള്‍ , നിന്നെ വാരിപുണര്‍ന്നു ഞാന്‍ .
ഒരിക്കലും അരുതെന്ന് നാം കരുതിയ പലതും അവിടെ തകര്‍ന്നു വീണു .
ഒടുവില്‍ നമ്മള്‍ വേദന ചാലിച്ച കണ്ണുകളും , വിങ്ങുന്ന വാക്കുകളും ആയി പരസ്പരം വിട പറഞ്ഞു .
ഇപ്പോള്‍ ഒരു പാട് നാളുകള്‍ കഴിയുന്നു . ഇന്ന് ഞാന്‍ തേടുന്നു നീ എവിടെ എന്ന് . ഒരു ഒറ്റ ദിവസം കൊണ്ട് ഒരു വാക്ക് പോലും പറയാതെ നീ എന്നില്‍ നിന്നും അകന്നു പോയി . നിന്നെ തേടി ഞാന്‍ അലഞ്ഞ യാത്രകള്‍ , ഒടുവില്‍ ഇന്നലെ നിന്നെ എനിക്ക് കിട്ടി ഒരു ഫോണിന്റെ അങ്ങേ തലക്കല്‍ നിന്റെ വാക്കുകള്‍ എന്റെ നെഞ്ചില്‍ ഒരു തീക്കനല്‍ ആയി പൊള്ളുന്നു . ഇനി നമ്മള്‍ കാണില്ല എന്നല്ല ഇനി എന്നെ വിളിക്കരുതെന്ന് നീ പറയുമ്പോള്‍ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല പ്രിയേ .
ഏതു പ്രണയം ആയിരുന്നോ ? അല്ല നിനക്ക് എന്നോട് തോന്നിയത് പ്രണയം ആയിരുന്നില്ല . ഒരു പക്ഷെ നീ എന്നില്‍ നിന്നും അകലുന്നതിനു വേണ്ടി ആകാം അങ്ങനെ നാം തമ്മില്‍ ഒരു കൂടികാഴ്ച ഉണ്ടായത് . നമ്മുടെ പ്രണയത്തിന് നിന്റെ ശരീരം നല്‍കികൊണ്ട് നീ അകലുക ആണ് . എനിക്ക് വേണ്ടിയിരുന്നത് നിന്റെ ശരീരം അല്ലായിരുന്നു നിന്റെ മനസ്സായിരുന്നു . നിനക്കറിയാമായിരുന്നു അത് എന്ന അറിവ് ആണ് ഇന്നെന്റെ ദുഖവും .
ഒരു വാക്ക് കൊണ്ടോ ഒരു വരി കൊണ്ടോ ഒരിക്കലും ഞാന്‍ വരില്ലിനി നിന്നെ നോവിക്കാന്‍ . നിനക്ക് മംഗളങ്ങള്‍ . എന്റെ ഹൃദയം മുറിഞൊഴുകും ചോരയാല്‍ ഇത് നിനക്ക് വേണ്ടി കുറിക്കുന്ന നിമിഷം വരെ മാത്രം ജീവിച്ചിരിക്കുന്ന ഒരു വെറും മനുഷ്യന്‍ ആയി ഞാന്‍ അകലുന്നു . വാക്കുകള്‍ക്ക് അപ്പുറം സ്നേഹത്തിന്റെ തീക്ഷ്ണത നെഞ്ചിലേറ്റി ഞാന്‍ പോകുന്നു . ഇനിയും മരിക്കാത്ത എന്റെ ഓര്‍മ്മയുടെ വക്കത്തു നിനക്ക് ഞാന്‍ ഇവിടെ മുദ്ര വയ്ക്കുന്നു എന്റെ പ്രണയത്തിന്റെ ചുംബനം . കളങ്കമില്ലാത്ത എന്റെ പ്രണയത്തിന്റെ മുദ്ര ..........
.....................ബി ജി എന്‍

പ്രണയാക്ഷരങ്ങള്‍ .!

നിനക്കായ്‌ ഞാന്‍ കൊരുത്ത സ്നേഹത്തിന്റെ പൂമാല.നീ വലിച്ചെറിഞ്ഞ മോഹത്തിന്‍ മുത്തുകള്‍ ,നിന്റെ നാവു ചൊരിഞ്ഞ അപഹാസ്യത .ഇതൊന്നും തന്നെ നിന്നെ വെറുക്കാന്‍ ഉള്ള കാരണങ്ങള്‍ അല്ല .കടന്നു പോയത് ഒരു ജന്മത്തിന്റെ പുണ്യം .നക്ഷ്ടമായത്‌ ഒരു കാത്തിരിപ്പിന്റെ ഫലം ,എന്നാല്‍ ലഭ്യമായത് ചില നിമിഷങ്ങള്‍ ആണ്  നിനക്കെന്നെയും എനിക്ക് നിന്നെയും അറിയാന്‍ കിട്ടിയ നിമിഷങ്ങള്‍ .
ഒരു പക്ഷെ എല്ലാം നിഷ്ഫലം ആകും എന്നാലും ആ നിമിഷങ്ങള്‍ മാസ്മരം ആണ് .
ഒരു ജീവിതം മുഴുവന്‍ ഓര്‍ത്തിരിക്കാനും , മരിക്കുമ്പോള്‍ ഒരു പക്ഷെ നീ കാണുന്ന എന്റെ
ചുണ്ടിലെ പുഞ്ചിരി പോലും ആ ഓര്‍മ്മയില്‍ വിരിഞ്ഞതാകും .നിനക്ക് മുന്നില്‍ പ്രതിബദ്ധതകളും , പ്രതി ബന്ധങ്ങളും ഉണ്ടായിരുന്നിരിക്കാം .എന്നിലും അതൊക്കെ തന്നെ ഉണ്ടായിരുന്നല്ലോ .
നാം കൊരുത്തതു ജന്മത്തിന്റെ കണക്ക് പുസ്തകത്തിലെ ഇളകിപോയ കടലാസ്സുകള്‍ ആണ് അല്ലാതെ പുതിയ ഒരു പുസ്തകം വാങ്ങി അതിന്റെ കെട്ടു പൊട്ടിക്കുക അല്ല . അതിനാല്‍ നിനക്ക് ഞാന്‍ വിട തരില്ല നീ ചോദിച്ചാല്‍ തന്നെയും . എന്നെ നീ മറക്കാന്‍ ശ്രമിക്കുന്നത് ആകും നിനക്ക് തരാന്‍ കഴിയുന്ന ഏറ്റവും വലിയ മധുരതരമായ പ്രതികാരം, എന്നില്‍ നിന്നും നിനക്ക് ലഭിക്കാവുന്നതിലും മികച്ചത് .ഒരു ജന്മം മുഴുവന്‍ എന്റെ പുഞ്ചിരിയ്ക്ക് പിന്നിലെ കണ്ണീരിനെ ഓര്‍ത്തു നീ വേദനിക്കും , നിനക്ക് നിന്നെയോ നിന്റെ പ്രിയനെയോ മനസ്സ് തുറന്നു സ്നേഹിക്കാന്‍ ആകാതെ നീ എന്നിലേക്ക് തന്നെ നിന്റെ രാവുകളെ ഒരു വലിയ നിശ്വാസമായി അയച്ചു കൊണ്ടേ ഇരിക്കും. കാരണം നാം പ്രണയിക്കുക ആയിരുന്നു, ആകുന്നു ആകുകയും ചെയ്യും . എത്ര തന്നെ നീ അല്ല എന്ന് പറയുമ്പോഴും നീ എന്നെ , ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടേ ഇരിക്കും .
രാത്രി പകലിനോട് പറഞ്ഞത് ,
തിര തീരത്തിനോട് പറഞ്ഞത്
ആകാശം ഭൂമിയോട് പറഞ്ഞത്
എനിക്ക് നിന്നോട് പറയാനുള്ളത്
നിനക്ക് എന്നോട് പറയാനുള്ളത്
അവര്‍ക്ക് അവരോടു പറയാനുള്ളത്
പറയാന്‍ മറന്നു പോയത് . അതാണ്‌ .......പ്രണയാക്ഷരങ്ങള്‍ .!

Tuesday, September 4, 2012

വെളിപാടിന്റെ മൂന്നാം തിരുവില്‍

ഇരുള് കീറി വെളിച്ചം വരയുന്ന
നേര്‍ രേഖ പോലെ പ്രഭാതം
കടല് മാറി കരയില്‍  വീശുന്ന
ഉപ്പുകാറ്റാകുന്നു ജീവിതങ്ങള്‍ .

വെളിച്ചത്തിന്റെ കടലില്‍ നിന്നും
തിമിംഗലങ്ങളും ചെറുമീനുകളും
ഇരതേടിയും ,സ്വയം ഇരയായും
ചൂണ്ടകൊളുത്തുകള്‍ തേടിയലയുന്നു.

നിസ്സംഗതയുടെ മേലാപ്പില്‍ ചത്തു -
മലക്കുന്ന മീന്‍കണ്ണുകളില്‍
ഉരുകിവീഴുന്ന സൂര്യകിരണത്തിന്‍
സൂചിമുനകള്‍ തറയ്ക്കും ഭാവം മാത്രം .

സംശയക്കണ്ണ്കളുടെ ചീനവലകളില്‍
ചെറുമീനുകള്‍ ശ്വാസം കിട്ടാതലയുമ്പോള്‍
കൌശലക്കാരായ കിനാവള്ളികള്‍
ആഴങ്ങളില്‍ ഉറക്കെ ചിരിക്കുന്നു .

ചിപ്പികളുടെ ഉള്ളറകളില്‍
മൌനം പോല്‍ മുത്തുകള്‍ കണ്ണടക്കുമ്പോള്‍
ചായം ധൂമം പടര്‍ത്തും പുറ്റിനുള്ളില്‍
ഇണചേര്‍ന്നുറങ്ങുന്നു കൂന്തലുകള്‍ .

വിരഹം നിറം പിടിപ്പിച്ച മധുരമൊഴികളാല്‍
പ്രണയസാരംഗി മീട്ടി ഡോള്‍ഫിനുകള്‍ 
ജെല്ലിഫിഷ്കളുമായി നിറസല്ലാപങ്ങളില്‍
സുരതമോഹത്തിന്‍ ജലതാളം വരയുന്നു .

വാ പിളര്ന്നടുക്കുന്ന തിമിംഗലങ്ങള്‍ തന്‍
ദ്രംക്ഷ്ടങ്ങളില്‍ നിന്നും ഒഴുകി നീങ്ങാന്‍
കടലുകളില്ലാതെ ദൈന്യം പായുന്നു
ചെറുമീനുകള്‍ തന്‍ പാരാവാരങ്ങള്‍ .

ദിശയറിയാതെ വീശിയടിക്കുന്ന കാറ്റില്‍
തിരമാലകളുടെ യാനമേറി വരുന്നുണ്ട്  
ഇരുളിന്‍ കൂടാരത്തില്‍ ഇരയുടെ മര്‍മം
ഭേദിക്കും ഉടവാളുമായ്  ഞണ്ടുകള്‍ .
------------------ബി ജി എന്‍ ----------