ആറടി മണ്ണിനീർപ്പമറിയാൻ
ആളുന്നൊരഗ്നിതൻ ഉഷ്ണമറിയാൻ
വിട്ടിടാനാവില്ലീ ദേഹിയെ .
നാളെയുടെ പ്രതീക്ഷകൾക്ക്
കീറിമുറിച്ചും തുന്നിക്കെട്ടിയും പഠിക്കുവാൻ എന്നേയുഴിഞ്ഞു വച്ചൊരീ ദേഹി ഞാൻ.
വെളിച്ചം നല്കാൻ
മിടിപ്പുകൾ വീണ്ടെടുക്കാൻ
ആവശ്യമുള്ളതൊക്കെ കൊടുത്ത് യാത്രയാകണമെനിക്ക് .
വിട പറച്ചിലുകൾ അപ്രസക്തമാകുന്ന
വരണ്ട സൗഹൃദത്തിൻ ലോകത്ത്
കേവലം പുഞ്ചിരിയിൽ
ഒരു വെറും വാക്കിന്റെ സുഖാന്വേഷണത്തിൽ
ഒറ്റയ്ക്കാണെന്ന ബോധത്തെ
വീണ്ടും വീണ്ടും മനസ്സിലുറപ്പിച്ചു യാത്ര തുടങ്ങണമിനി.
രണ്ടു നാളിന്റെ ഓർമ്മമരത്തിൽ
ഞാന്നു കിടക്കുന്ന ഫലമാകാതെ ബന്ധങ്ങൾക്കു നടുവിൽ കോമാളി വേഷമായി
ഗൂഢസ്മിതങ്ങൾക്ക് പാത്രമാകാതെ
ഒരിക്കലുമുണരാത്തൊരുറക്കത്തെ സ്വപ്നം
കാണലല്ലാതനുഭവിക്കണമിനി.
കടമകളും കടപ്പാടുകളും
മുൾക്കിരീടമായണിഞ്ഞ ജീവിതത്തെ
കുരിശുമരണത്തിലേക്ക് വലിച്ചെറിയാതെ
അനിവാര്യതയിലേക്ക് മിഴിതുറക്കണം.
ആരുമില്ലായ്മയുടെ ഉപ്പുനീരിറ്റിച്ച്
ഒട്ടും തണുപ്പില്ലാതൊരു വോഡ്കയിൽ
കരളിനെ കുളിപ്പിച്ചു കിടത്തണം.
ആയിരം വിരൽമുനകൾ നീളുന്ന ദേഹിയെ
കല്ലെറിഞ്ഞു കൊല്ലാൻ അനുവദിച്ചുകൊണ്ട്
ആസ്വദിച്ചു തുടങ്ങണം
@ബിജു ജി.നാഥ്
No comments:
Post a Comment