Saturday, August 6, 2022

ഒറ്റത്തുരുത്തിലെ നിര്‍വൃതികള്‍.....................ജീഷ്മ ഷിജു

ഒറ്റത്തുരുത്തിലെ നിര്‍വൃതികള്‍ (കഥകള്‍) 
ജീഷ്മ ഷിജു 
നോര്‍ത്ത് കാര്‍ട്ടര്‍ പബ്ലീഷിംഗ് ഹൌസ് 
വില : 220 രൂപ 


കഥകള്‍ പറയുന്നത് ഒരു കഴിവാണ് . അതെഴുതി സൂക്ഷിക്കപ്പെടുമ്പോളാകട്ടെ ലോകം അതിനെ ആസ്വദിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നു . കാലാനുവര്‍ത്തിയായ കഥകള്‍ എന്നത് ഇന്നത്തെ കാലത്ത് ഒരു മോഹം മാത്രമാണു . കാരണം പകരം വയ്ക്കാന്‍ ഇല്ലാത്ത വിധം ലോകം കഥകള്‍ സമ്മാനിച്ച് കടന്നു പോയിരിക്കുന്നു . അതിനെ വീണ്ടും വീണ്ടും പേരും രൂപവും കാലവും മാറ്റി അവതരിപ്പിക്കാന്‍ മാത്രമാണു കഥാകാര്‍ക്ക് കഴിയുക . മാറുന്ന കാലത്തിന്റെ മാറുന്ന ഭാഷയും പ്രയോഗവും അതിനെ വേറിട്ട് നിര്‍ത്തും എന്നതൊഴിച്ചാല്‍ ഉള്‍ക്കാമ്പിലെല്ലാം ഒന്നുതന്നെയാണല്ലോ . 'ജീഷ്മ ഷിജു' എന്ന എഴുത്തുകാരിയുടെ ഇരുപത്താറ് ചെറുകഥകള്‍ അടങ്ങിയ സമാഹാരമാണ് "ഒറ്റത്തുരുത്തിലെ നിര്‍വൃതികള്‍."  ചെറുകഥകള്‍ ആണെങ്കിലും കഥകള്‍ മിക്കതും വളരെ മനോഹരവും അര്‍ത്ഥസംപുഷ്ടവുമായ ഒരു തലം കൈവരിക്കുന്നവയാണ് . ചെറിയ ചെറിയ വരികളിലൂടെ അര്‍ത്ഥഗര്‍ഭ മൗനങ്ങള്‍ പേറുന്ന വലിയ ലോകത്തിലേക്ക് , ചിന്തകളിലേക്ക് കൊണ്ട് പോകാന്‍ കഴിയുന്ന തരത്തിലുള്ള ലളിത പദങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന കൊച്ചു കഥകള്‍ . വായനയെ ലളിതവും സന്തോഷപ്രദവുമായി കൊണ്ടു പോകാന്‍ കഴിയുന്ന രീതിയില്‍ കഥാകാരി അവതരിപ്പിച്ചിരിക്കുന്നു .

 ബന്ധങ്ങള്‍ , അവയുടെ ഇഴയടുപ്പങ്ങള്‍ , മാനസിക വ്യാപാരങ്ങള്‍ എന്നിവയെ തൊട്ടു കടന്നു പോകുന്ന വായന നല്കിയ കഥകള്‍ ആയിരുന്നു കൂടുതലും . പരത്തിപ്പറഞ്ഞു രസം കളയുന്ന കഥാ രചനാ സങ്കേതങ്ങള്‍ കഥാകാരി ഉപയോഗിക്കുന്നില്ല എന്നതൊരു നല്ല കാര്യമായി കാണാം . മിക്കപ്പോഴും സോഷ്യല്‍ മീഡിയ നല്‍കുന്ന പുതിയ കഥാ രചനാ സങ്കേതമെന്നത് ഒരു ചെറിയ വിഷയത്തെ പറഞ്ഞു പൊലിപ്പിച്ചു കണ്ണീര്‍ സീരിയലുകളുടെ ഒപ്പം മത്സരിക്കുകയോ കൊച്ചു പുസ്തകങ്ങളെ കവച്ചു വയ്ക്കുകയോ അത്യന്താധുനികതയുടെ അപ്പന്‍മാരാകുകയോ ചെയ്യുന്ന കാഴ്ചകള്‍ ആണ് . ഇവയെ പുകഴ്ത്താനും , കൂടുതല്‍ പ്രോത്സാഹനം നല്കാനും ആരാധകരായി ഒരു കൂട്ടം വായനക്കാര്‍ ഉണ്ടാകും . സ്വജീവിതത്തില്‍ , സോഷ്യല്‍ മീഡിയയില്‍ വരും വരെ , വന്ന ശേഷവും ഒരു സാഹിത്യ കൃതിയും , പാഠ്യവിഷയത്തിനപ്പുറം വായിച്ചിട്ടില്ലാത്ത ഇത്തരക്കാരുടെ ബലേഭേഷുകൾ കേട്ട് പുളകിതഗാത്രരാകുന്ന എഴുത്തുകാര്‍ അടുത്തപടി എന്നത് ഇവയൊക്കെ തുന്നിക്കെട്ടി ഒരു പുസ്തകമാക്കി സാഹിത്യമേഖലയ്ക്ക് സംഭാവന കൂടി ചെയ്യുമെന്നതാണ് . ആധുനിക പുസ്തക പ്രസാധക കാപട്യങ്ങള്‍ മൂലം ഇത്തരം കൃതികള്‍ക്ക് ഒന്നും രണ്ടും മൂന്നും ഒക്കെ എഡിഷനുകള്‍ കൂടി ആയിക്കഴിഞ്ഞാല്‍ പിന്നെ എഴുത്തുകാരന്‍ (ലിംഗഭേദം ഇല്ല ) കൊമ്പത്തായിക്കഴിയും . സോഷ്യല്‍ മീഡിയയിലെ ആസ്വാദകരെ മുഴുവന്‍ അങ്ങോട്ട് പറഞ്ഞും നിര്‍ബന്ധിച്ചും തന്നെ വിട്ടാലും അയ്യായിരം ക്ലബ്ബുകളില്‍ അംഗമായി മാറിക്കഴിഞ്ഞ ഇത്തരം എഴുത്തുകാര്‍ക്ക് ഒരു അഞ്ചു എഡിഷന്‍ കണ്ണുമടച്ച് ഇറക്കാം. സാഹിത്യത്തിന്റെ വ്യഭിചാരം നടക്കുന്ന ഇത്തരം ഇടങ്ങളില്‍ , ജീഷ്മ ഷിജുവിനെ പോലുള്ള എഴുത്തുകാരുടെ ഒക്കെ രചനകള്‍ ശ്രദ്ധിക്കപ്പെടാതെ പോയാല്‍ അത്ഭുതമില്ല തന്നെ . ചാരി നില്ക്കാന്‍ ഒരു കോക്കസും , ഉയര്‍ത്തിപ്പിടിക്കാന്‍ ഗോഡ് ഫാദര്‍ മാരും ഇല്ലാത്ത എഴുത്തുകാര്‍ എപ്പോഴും എത്ര മികച്ചവര്‍ ആയാലും ശ്രദ്ധിക്കപ്പെടുകയില്ല എന്നതൊരു പരസ്യമായ രഹസ്യമാണല്ലോ . 

നല്ല എഴുത്തുകള്‍ ആണ് ഈ എഴുത്തുകാരിയുടെ ഈ പുസ്തകത്തില്‍ കാണാന്‍ കഴിഞ്ഞത് . അവയൊക്കെ ഉദാത്തവും അതിമനോഹരവും പകരം വയ്ക്കാനില്ലാത്തവയും ആണെന്നൊന്നും അവകാശപ്പെടുന്നില്ല . ഒറ്റ വായനയുടെ സുഗന്ധവും ഓര്‍ത്തുവയ്ക്കാനോ പിന്തുടരുവാനോ കഴിയുന്ന ചില ഓര്‍മ്മകളും മുഹൂര്‍ത്തങ്ങളും സമ്മാനിക്കുന്ന ചില കഥകളുടെ സൗരഭ്യവും കൂടിച്ചേര്‍ന്ന് നല്ല വായനക്കുതകുന്ന ഒരു കുഞ്ഞ് പുസ്തകം എന്നു മാത്രം വിലയിരുത്തുന്നു ഈ പുസ്തകത്തെ . ആശംസകളോടെ ബിജു ജി നാഥ്

No comments:

Post a Comment