Wednesday, August 3, 2022

സിജ്ജിൻ മലാസ്സ്..........സീമ ജവഹർ

സിജ്ജിൻ മലാസ് (നോവൽ),
സീമ ജവഹർ, 
പ്രഭാത് ബുക്ക് ഹൗസ്, 
വില :₹ 220.00


മനുഷ്യകുലത്തിൽ ചതിയും വഞ്ചനയും കൂടെപ്പിറപ്പുകളാണ്. ഓരോ മനുഷ്യൻ്റെയും ഉയർച്ചതാഴ്ചകളിൽ മറ്റൊരു മനുഷ്യൻ്റെ കൈയ്യൊപ്പ് പതിയുന്നുണ്ട്. സ്വാർത്ഥ താത്പര്യങ്ങൾക്കു വേണ്ടി മനുഷ്യർ സഹജീവികളോട് കാട്ടുന്ന ചതികൾ അതേല്ക്കപ്പെടുന്ന മനുഷ്യരിൽ എത്ര വലിയ ആഘാതമാകും ഉണ്ടാക്കുക എന്ന് മനസ്സിലാക്കാൻ ശ്രമിക്കാറില്ല. "സിജ്ജിൻ മലാസ്" എന്ന നോവൽ യഥാർത്ഥത്തിൽ നോവൽ അല്ല ഓർമ്മകൾ എന്നോ ജീവചരിത്രത്തിൻ്റെ ഒരേട് എന്നോ വിശേഷിപ്പിക്കാവുന്ന ഒരു വായനയാണ്. "സീമ ജവഹർ" എന്ന എഴുത്തുകാരിയിവിടെ ശ്രാേതാവും എഴുത്തുകാരിയും ആകുമ്പോൾ ഈ വായനയിലെ നായക കഥാപാത്രമായ സുൽത്താൻ തൻ്റെ അനുഭവങ്ങളെ ഒരിക്കൽക്കൂടി അയവിറക്കുകയാണ്. തൻ്റെ മേൽ ചാർത്തപ്പെട്ട കളങ്കത്തെ മായ്ക്കുവാൻ , അക്ഷരങ്ങളുടെ ശക്തിയ്ക്കു കഴിയുമെന്ന ശുഭപ്രതീക്ഷയാൽ.  ഒരാൾ തൻ്റെ മണ്ടത്തരങ്ങളും വിവേകമില്ലായ്മയും മൂലം മറ്റൊരാളിൻ്റെ ചതിക്ക് പാത്രമാകുമ്പോൾ ശിക്ഷയേറ്റുവാങ്ങുന്നത് അയാൾ മാത്രമല്ല മറിച്ച് അയാളുടെ ചുറ്റാകെയുള്ള ഉറ്റവർ കൂടിയായിരിക്കും എന്നതിൻ്റെ തെളിവായി ഈ വായന നിർവ്വചിക്കാം.

ബന്യാമിൻ ആടുജീവിതം എഴുതുമ്പോഴും ഇതേ സാഹചര്യമായിരുന്നുവോ? മജീദിൻ്റെ കഥ കേട്ട ബന്യാമിൻ അത് പകർത്തുകയായിരുന്നു. ശേഷം ആ അനുഭവങ്ങൾ വായനക്കാർ ഏറ്റെടുക്കുകയായിരുന്നു. ഇവിടെ സീമയും അതാണ് ചെയ്തിരിക്കുന്നത്. സൗദിയിൽ തൊഴിൽ തേടി പോയ അഭ്യസ്ഥവിദ്യ നായ ഒരു ചെറുപ്പക്കാരൻ, തൻ്റെ മണ്ടത്തരങ്ങൾ മൂലം മറ്റൊരു മലയാളിയുടെ തട്ടിപ്പിൽ പെട്ടു പോകുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുന്നു. അഞ്ചു കൊല്ലത്തോളം സൗദിയിൽ ജീവിക്കുകയും ജീവിതങ്ങൾ കാണുകയും ചെയ്ത ഒരാളാണ് വിശ്വാസ വഞ്ചനയ്ക്ക് അടിപ്പെട്ടത് എന്നോർക്കുമ്പോൾ മനുഷ്യർ വിവേകവും വിചാരവും വേണ്ട ഇടങ്ങളിൽ ,വേണ്ട സമയങ്ങളിൽ ഉപയോഗിക്കാൻ കഴിയാത്തവരാകുന്നതു കൊണ്ടുള്ള ദുരന്തങ്ങൾ മറ്റുള്ളവർക്ക് പാഠമാകട്ടെ എന്നു കരുതുന്നു. സാമ്പത്തിക കുറ്റത്തിന് പത്തു വർഷം തടവിന് ശിക്ഷിക്കപ്പെട്ടകത്ത് കിടക്കേണ്ടയാൾ, സാമൂഹിക സേവകരുടെയും ബന്ധുക്കളുടെയും പരിശ്രമങ്ങൾ കൊണ്ട് പത്തു ലക്ഷം രൂപ നല്കി പത്തു മാസങ്ങളോളം മാത്രം ജയിലിൽ കഴിഞ്ഞു നാട്ടിലേക്ക് വരാൻ കഴിഞ്ഞത് ഒറ്റപ്പെട്ട ഭാഗ്യങ്ങൾ മാത്രമായി വേണം കരുതാൻ. കാരണം സുൽത്താൻ തന്നെ പറയുമ്പോലെ എത്രയോ ജന്മങ്ങൾ സൗദിയിലെ ജയിലുകളിൽ പുറം ലോകത്തിൻ്റെ വെളിച്ചം കാണാതെ കിടക്കുന്നത് മേൽപ്പറഞ്ഞ പണം , സഹായം എന്നിവ ലഭിക്കാത്തതിനാലാണ് ..

ജയിൽ ജീവിതം നല്കിയ അറിവുകളും കാഴ്ചകളും സുൽത്താൻ്റെ ഓർമ്മകളിലൂടെ പുനർജനിക്കുമ്പോൾ മനസ്സിലാകുന്ന ചില യാഥാർത്ഥ്യങ്ങൾ ഉണ്ട്. നിയമം കടുകട്ടിയാണെന്ന് പലയിടങ്ങളിലും പറഞ്ഞു കേൾക്കുന്ന സൗദിയുടെ നിയമത്തിലെ കറുത്ത വശങ്ങൾ ഈ നോവൽ പുറത്തു കൊണ്ടു വരുന്നുണ്ട്. ജയിലിനുള്ളിലെ പല കാര്യങ്ങളും മറ്റേതൊരു രാജ്യത്തെയും വിവരണങ്ങളോട് ചേർന്നു തന്നെ പോകുന്നവയാണ്. സൗദിയിലെ നിയമം ആണിവിടെ വേണ്ടത് എന്ന് സോഷ്യൽ മീഡിയകളിലൊക്കെ ആക്രോശിക്കുന്ന പ്രതിഷേധത്തൊഴിലാളികളെ ചിന്തിപ്പിക്കുന്ന ഒരു വാചകം ഈ നോവലിൽ, സുൽത്താൻ പറയുന്നുണ്ട്. " ഇതിലും ഭേദം ഇന്ത്യയിലെ നിയമമാണ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നിയമം". 

ഈ നോവൽ ഒരു തരത്തിൽ സൗദിയുടെ ആഭ്യന്തര വിഷയം കൂടിയാണ്. വിമർശന വിധേയമായ പല സംഗതികളും പരാമർശിച്ചു കാണുന്നുണ്ട് ജയിലിനുള്ളിലെ കാര്യങ്ങളിൽ. ഇത്തരം ഒരു വിഷയം  നോവലാക്കാൻ മുൻകൈയ്യെടുത്ത സീമയ്ക്കും പ്രഭാതിനും അതിനാൽത്തന്നെ ആശംസകളർപ്പിക്കുന്നു. സസ്നേഹം ബിജു ജി.നാഥ്



No comments:

Post a Comment