നീ സ്വാതന്ത്ര്യം കൊതിക്കുന്ന ഒരു പക്ഷിയാണ് .!
മനസ്സിൻറെ വാതായനങ്ങൾ തുറന്നിട്ട്
നീലാകാശത്തിന് അപാരത തേടുന്ന,
മനസ്സിൽ സ്വപ്നങ്ങൾ മാത്രമുള്ള
നിനക്ക്
വേണ്ടത്
പറക്കാൻ ഒരാകാശം മാത്രമല്ല. കണ്ട് കണ്ണ് നിറയ്ക്കുവാൻ
ഒരു വിശാലമായ പാടശേഖരം കൂടിയാണ്.
തത്തമ്മകൾ കലപിലകൂട്ടുന്ന ,
കൊറ്റികൾ ഒറ്റക്കാലിൽ തപസ്സ് ചെയ്യുന്ന,
മാനത്തുകണ്ണികൾ ഓടിനടക്കുന്ന
ഒരു പാടശേഖരം.
നിന്റെ മനസ്സിൽ യുദ്ധങ്ങളില്ല.
നിൻറെ മനസ്സിൽ ശത്രുക്കളും.
നീ അപരാജിതമാമൊരു ശത്രുവിനെ തേടുകയാണ് .
യുദ്ധം ചെയ്യുവാനല്ല,
നിന്നെ പ്രണയിക്കാൻ മാത്രം.
പ്രണയത്തിലൂടെ നിന്നിലെ ശത്രുവിനെയും,
നിന്നിലെ യുദ്ധത്തെയും
പരാജയപ്പെടുത്തുന്ന ഒരാളെ.
നിനക്ക് വേണ്ടത് പ്രണയമാണ്.
മനസ്സിൻറെ കാമനകളിൽ ,
നിന്നെ ഓരോ നിമിഷവും
ഓരോ ഇതളുകളായി
പടർത്തിയും ഓമനിച്ചും
നിന്നെ, നീയാകുന്ന
നിൻറെ രസനകളെ ഉണർത്തുന്ന ,
നിന്നെ ജീവിതമെന്തെന്ന് ,
ജീവിതത്തിന്റെ മധുരം എന്തെന്ന് പഠിപ്പിക്കുന്ന
മനസ്സിലാക്കിക്കുന്ന ഒരു പ്രണയം!
നിന്റെ മനസ്സിൽ സമാധാനം മാത്രമാണ്.
സ്വാതന്ത്ര്യം കൊതിക്കുന്ന ഒരു പക്ഷിയാണ് നീ.
@ബിജു ജി നാഥ്
No comments:
Post a Comment