ഗ്രീഷ്മം തല്ലിച്ചതച്ചു നിന്നെ പിന്നെ,
വർഷം തഴുകിത്തലോടിയല്ലോ.
വീണതില്ല നീ, ഒരു വൻകാറ്റിലും
വീഴാൻ നിനക്ക് മനസ്സുമില്ല.
ഓർമ്മ തൻ ശിശിരങ്ങളിൽ
പണ്ട്
ഓടി നടന്ന പാദസരക്കിലുക്കങ്ങൾ.
ഓർത്തെടുത്തു നീയെഴുതുന്നു
ബാല്യം ഹൃദയത്തിൻ പൂക്കാലമെന്ന്.
മഞ്ചാടിമണികൾ വിരുന്നു വന്ന
മല്ലീശ്വരന്റെ പ്രണയകാലത്തിലും
ആനന്ദദുഗ്ധം വഴിഞ്ഞൊഴുകും.
ആത്മാവിൽ സംഗീതം പൊഴിഞ്ഞ നാളും
എഴുതുവാൻ മണിച്ചിലങ്ക കെട്ടീ
നടനമാടി നീ,
ഇരുൾമുറികളിൽ ഏകയായ്.
പൂക്കൾ വിടർന്നുല്ലസിച്ചു
മധുനിറഞ്ഞു തുളുമ്പും കാലത്തിൽ
ഒരു ചെറുപുഴുക്കുത്തിൽ
നിൻ
ഇമകൾ നനഞ്ഞു ,
പിടഞ്ഞുപോയ് മനമെങ്കിലും വീണതില്ല നീ,
തെല്ലും തളർന്നിരുന്നുമില്ല.
ചെമ്മേ കാലടികൾ അമർത്തിച്ചവിട്ടി
ചാരുതയാർന്നൊരു പുഞ്ചിരിയേകിയും
നെഞ്ചുവിരിച്ചു നടന്നു നീ കാലത്തിൻ
നെഞ്ചിൽ ചവിട്ടി സുധീരം സുനിശ്ചിതം.
ഓർത്തു വയ്ക്കുവാൻ നല്കിയ നീ
അക്ഷരങ്ങൾ തൻ പൂക്കളും
ഓർമ്മ വറ്റാത്ത ചിരിയും നിറച്ചു
നോക്കി നിൽപ്പൂ ഞാൻ നിശബ്ദമീയുമ്മറം. @ബിജു ജി നാഥ്
No comments:
Post a Comment