Wednesday, August 3, 2022

പാട്ടുകളുടെ പാട്ട് .........റോസി തമ്പി

പാട്ടുകളുടെ പാട്ട് (ആത്മീയത )
റോസി തമ്പി
ബോധി
വില: ₹ 100.00


മതം സാമൂഹിക ജീവിതത്തിന് നല്കിയിട്ടുള്ള സംഭാവനകളെക്കുറിച്ചുള്ള പഠനം പലപ്പോഴും തമാശ രൂപമാർന്ന ചില കാഴ്ചകളുടെ ബാക്കിപത്രമായി തീരാറുണ്ട്. മതത്തിന് പക്ഷേ മനുഷ്യജീവിതത്തിൻ്റെ നവോത്ഥാന കാലത്ത് വലിയ ഒരു പങ്ക് വഹിക്കാനായിട്ടുണ്ട്. അത് നവോത്ഥാനത്തിനെ മുന്നോട്ട് നയിക്കാനായിരുന്നു എന്ന് തെറ്റിദ്ധരിക്കരുത് .കാരണം , എക്കാലവും മനുഷ്യന് ഓർത്ത് ദുഃഖിക്കുവാൻ വേണ്ടി അവൻ ഉണ്ടാക്കി വച്ച വലിയൊരു വിപത്ത് മാത്രമാണ് മതവും വിശ്വാസങ്ങളും.  ഇവിടെ ഇന്നു പരിചയപ്പെടുത്തുന്ന പുസ്തകം ശ്രീമതി റോസി തമ്പി പരിഭാഷപ്പെടുത്തിയ സോളമൻ്റെ ഉത്തമ ഗീതങ്ങൾ ആണ്. പാട്ടിൻ്റെ പാട്ട് എന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്ന എട്ടോളം ഭാഗങ്ങൾ ആയി ട്ടുള്ള ഈ ഗീതങ്ങൾ സോളമൻ രാജാവ് എന്ന് ബൈബിൾ അടയാളപ്പെടുത്തുന്ന പ്രവാചകൻ്റെ പ്രണയ ചിന്തകളാണ്. 60 രാജ്ഞിമാരും 80 വെപ്പാട്ടികളും അസംഖ്യം കന്യകമാർ സഖികളുമായുള്ള സോളമൻ്റെ പ്രണയം ഏൽക്കാൻ ഭാഗ്യം കിട്ടിയ ഒരുവൾ! അവളും സോളമനും സഖിമാരും ചേർന്നുള്ള സംഭാഷണം ആണ് ഗീതങ്ങളിൽ.

ചങ്ങമ്പുഴയുടെ രമണൻ വായിക്കുമ്പോൾ കാണുന്നത് ഇതേ ഉത്തമ ഗീതങ്ങളുടെ കാവ്യ ശൈലിയാണ് എന്ന് തോന്നിപ്പിക്കുന്നുണ്ട്. ഇവിടെ ഈ ഉത്തമ ഗീതം കൈസ്തവരുടെ ആത്മീയമായ ഒരു സംഗതിയായാണ് കണക്കാക്കിപ്പോരുന്നത്. ഹിന്ദു ദേവതകളുടെ പ്രാർത്ഥനകൾ അർത്ഥമറിഞ്ഞോ അറിയാതെയോ വീടുകളിൽ, ക്ഷേത്രങ്ങളിൽ ഒക്കെ കേൾക്കാറുണ്ട്. അംഗവടിവുകളും അവയവ പ്രത്യേക തകളും വാഴ്ത്തലുകളുമാണവ. അതുപോലെ ഉത്തമ ഗീതവും പ്രണയിനിയുടെ ശരീര ഭാഗങ്ങളുടെ ഭംഗി യെ വർണ്ണിക്കലുകൾ മാത്രമാണ്. അതിനെ പക്ഷേ വിശ്വാസികൾ കണക്കുകൂട്ടുന്നത് പ്രണയത്തിൻ്റെ ഭാഷയും ഉദാത്തമായ പ്രണയത്തിൻ്റെ സാക്ഷ്യവും ഒക്കെയായാണ്. അതു കൊണ്ട് തന്നെ ഭക്തിവിട്ടൊരു കളിയുമില്ലല്ലോ വിശ്വാസ സംഹിതകളിൽ. 
സാധാരണക്കാരൻ ഒരു പ്രണയിനിയോട് ഇക്കാലത്ത് നിൻ്റെ മുലകൾ , വയർ, തുടകൾ അരക്കെട്ട് മൂക്ക് നാക്ക് ചെവി ഒക്കെ ഏതേലും മലകളോ, സ്തംഭങ്ങളോ പഴങ്ങളോ ഒക്കെയോട് ഉപമിച്ച് അവളെ വശീകരിച്ച് കിടക്കയിലേക്ക് എത്തിക്കുമോ എന്ന് വായനക്കാർ സ്വയം തീരുമാനിക്കട്ടെ. നിറങ്ങളോടുള്ള വൈജാത്യം അന്നും അവിടെയും നിലനിന്നിരുന്നു എന്നത് പ്രണയിനി ഞാൻ കറുത്തിരിക്കുന്നവളെങ്കിലും അഴകുള്ളവൾ ആണെന്ന ആത്മസംസാരത്തിൽ പറയുമ്പോൾ മനസ്സിലാക്കാൻ കഴിഴുന്നുണ്ട്. 

ഭക്തിയുടെ ലഹരിയിൽ ജീവിക്കുന്നവർക്ക് സന്തോഷപൂർവ്വം വായിക്കാൻ ഒരു പുസ്തകം എന്നതിനപ്പുറം പഴയ നിയമം വായിച്ചിട്ടുള്ളവർക്ക് ഈ പുസ്തകം പുതിയതായി ഒന്നും നല്കുന്നില്ല എന്ന് മനസ്സിലാക്കുന്നു. സ്നേഹപൂർവ്വം ബിജു ജി. നാഥ്

No comments:

Post a Comment